ഒരു സഞ്ചാരത്തിനിടയിലാണ് ആ കൊടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു വീടിന്റെ ഗേറ്റിന് മുന്നില്‍ ഒറ്റക്കമ്പില്‍ കരിങ്കൊടിയും മൂവര്‍ണക്കൊടിയും. ഒരു കോണ്‍ഗ്രസുകാരന്‍ മരിച്ചിരിക്കുന്നു. മരണം ദുഃഖത്തിന്റെ പതാക നിവര്‍ത്തുന്നു. അതേഗേറ്റില്‍ത്തന്നെ മറ്റൊരു കരിങ്കൊടിയും അതേ കമ്പില്‍ത്തന്നെ പളപളാന്നിളകുന്ന മഞ്ഞ സില്‍ക്ക് കൊടിയും. അത് തരുന്നത് മറ്റൊരു സന്ദേശമാണ്. മരിച്ചയാള്‍ കോണ്‍ഗ്രസുകാരന്‍ മാത്രമല്ല, നായര്‍ സമുദായാംഗവുമാണ്.
മറ്റു ചില മരണവീടുകളില്‍ കാണുന്ന മഞ്ഞക്കൊടി സൂചിപ്പിക്കുന്നത് മതം ഉപേക്ഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചിത്രം സൂക്ഷിക്കുന്ന ഒരു വീട്ടിലെ അംഗമാണെന്നും പരേതന്‍ ഈഴവ സമുദായാംഗവുമാണെന്നുമത്രെ.
ഇനിയും ചില മരണവീടുകളില്‍ കരിങ്കൊടിയോടൊപ്പം മഴവില്ലിന്റെ നിറകുബേരത്വമുള്ള കൊടികണ്ട് സഹകരണസംഘക്കാരാരോ ആണ് മരിച്ചതെന്ന് ധരിച്ചാല്‍ തെറ്റി. പരേതന്‍, ആശാരി മൂശാരി കല്ലന്‍ തട്ടാന്‍ കൊല്ലന്‍ തുടങ്ങിയ ഏതോ ജാതിയില്‍പ്പെട്ട ആളാണെന്നാണ് അര്‍ഥം.
നീലപ്പച്ചക്കൊടിയോടൊപ്പമാണ് കരിങ്കൊടി കണ്ടതെങ്കില്‍ അതിന്റെ അര്‍ഥം പരേതന്‍ അപമാനഭാരംകൊണ്ട് അഴിച്ചുകളയാന്‍ ശ്രമിച്ച പുലയ സമുദായാംഗമാണെന്നത്രെ.
ഇനിയുമുണ്ട് നിരവധി വര്‍ഗീയക്കൊടികള്‍. കരിങ്കൊടി മാത്രമാണ് പൊതുവായിട്ടുള്ളത്.
മുന്‍പെങ്ങും മരണവീട്ടുമുറ്റത്ത് ജാതിപ്പിശാചിന്റെ പതാക ഉയര്‍ത്തുന്ന പതിവില്ലായിരുന്നു. ഗണേശോത്സവം പോലെയും അക്ഷയതൃതീയപോലെയും പുതുതായി തുടങ്ങിയ ഒരു ഏര്‍പ്പാടാണിത്. കേരളം നാരായണഗുരുവിനും മുമ്പുള്ള കാലത്തേക്ക് അതിവേഗം സഞ്ചരിക്കുന്നു എന്നതിന് ഈ ജാതിക്കൊടികളാണ് തെളിവ്.
കുറച്ചുകഴിഞ്ഞാല്‍ ജാതീയ മരണഗേഹങ്ങളില്‍ അന്യജാതിക്കാര്‍ക്ക് പ്രവേശനമില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമോ?
മരണത്തിനു ജാതിയുണ്ടോ? ജാതിക്കല്ലാതെ ജാതിക്കാരനു മരണമില്ലെന്നുണ്ടോ? മരണത്തിലേക്ക് നയിക്കുന്ന രോഗങ്ങള്‍ക്ക് ജാതിയുണ്ടോ?
മരിച്ചു എന്നു കരുതിയ ജാതി, മോഹാലസ്യത്തിലായിരുന്നു എന്നും ഇപ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുകയാണെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
മരണവീട്ടിലെ വര്‍ഗീയക്കൊടി കാണുമ്പോള്‍ ചാക്കാലക്കുചെല്ലുന്നയാളിന്റെ മനോഗതി എന്തായിരിക്കും? തൊഴില്‍ വിലങ്ങും അയിത്തവും നിലനിന്നിരുന്ന കാലത്തേക്ക് കാലുകുത്തുന്നു എന്ന തോന്നലുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
മുന്നോട്ടു നടന്ന മലയാളി പിന്നോട്ടു നടക്കുകയാണ്. പോരാട്ട വീരഗാഥകള്‍ നമ്മള്‍ മറക്കുന്നു. ജാതിക്കെതിരെയുള്ള പോരാട്ടമാണ് കേരളം കണ്ട പോരാട്ടങ്ങളില്‍ ഏറ്റവും പ്രധാനം. ആ പോരാട്ടത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ നിരവധി. അപമാനിക്കപ്പെട്ടവര്‍ അനവധി. ബദല്‍ ക്ഷേത്ര പ്രതിഷ്ഠകള്‍, അയിത്തപ്പലക പിഴുതെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങള്‍, മുക്കാലിയില്‍ കെട്ടിയിട്ട് ഏറ്റുവാങ്ങിയ ചാട്ടവാറടികള്‍, ഛേദിച്ചു നിവേദിച്ച മുലകള്‍..... അങ്ങനെ എത്രയോ ചിത്രങ്ങളാണ് ജാതീയതയ്‌ക്കെതിരെയുള്ള സമരഭിത്തിയിലുള്ളത്. ഇതെല്ലാം മറന്നുകൊണ്ടാണ് മരിച്ചവര്‍ക്കും ജാതിയുണ്ടെന്ന് മലയാളി പ്രഖ്യാപിക്കുന്നത്.
ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം പരലോകങ്ങളുണ്ടോ? ജാതി സര്‍ട്ടിഫിക്കറ്റ് കൂടി നോക്കിയാണോ പരലോകത്തെ വാസസ്ഥലം നിശ്ചയിക്കുന്നത്? ഇത്തരം നിരവധി സംശയങ്ങള്‍ ജനിപ്പിക്കാന്‍ മരണവീട്ടിലെ ജാതിക്കൊടികള്‍ക്ക് സാധിക്കും.
കരിങ്കൊടിക്കമ്പില്‍ ചെങ്കൊടി കെട്ടിയിട്ടുള്ള മരണവീടുകളില്‍ ജാതിക്കൊടി കാണാറില്ല. അത്രയുമെങ്കിലും മനുഷ്യഗൃഹങ്ങള്‍ കേരളത്തിലുണ്ടല്ലൊ.
|
Thursday, 31 October 2013
മരണവീട്ടിലെ ജാതിക്കൊടികള്‍
Subscribe to:
Post Comments (Atom)
മരണം ഒരു മതേതര ആഘോഷമാണ് അത് സോഷ്യലിസ്റ്റ് ആണ്
ReplyDeleteസോഷ്യലിസം മർക്സിസതിലും കമ്മുനിസതിലും ഉണ്ടെങ്കിലും അത് മാർക്സിസ്റ്റൊ കമ്മുനിസ്ടോ ആണെന്ന് അഭിപ്രായമില്ല
പക്ഷെ ജീവിച്ചിരിക്കുന്നവർ പലരും മരിച്ചവരാണെന്നു തിരിച്ചറിയുവാൻ ജാതികൊടികൾ നല്ലതാണ് അവരുടെ മരണ അടയാളങ്ങളാണ്
പിന്നെ ഇലയുള്ള മരത്തിന്റെ അടിയിൽ നിൽക്കുമ്പോൾ കരിയിലകൾ വീഴരുത് എന്ന് പറയുന്നത് മർക്സിശസവും കമ്മ്യൂണിസവും മതം പോലെ വളരുന്ന നാട്ടിൽ പ്രായോഗികമാണോ?
ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം പരലോകങ്ങളുണ്ടോ? ജാതി സര്‍ട്ടിഫിക്കറ്റ് കൂടി നോക്കിയാണോ പരലോകത്തെ വാസസ്ഥലം നിശ്ചയിക്കുന്നത്? ഇത്തരം നിരവധി സംശയങ്ങള്‍ ജനിപ്പിക്കാന്‍ മരണവീട്ടിലെ ജാതിക്കൊടികള്‍ക്ക് സാധിക്കും.
ReplyDeleteജാതിനോക്കിയാണ് സര്‍വവും!
ReplyDeleteELLA KOOTTUKAARKKUM NANDI .
ReplyDelete