മണവാട്ടികളുടെ കാര്യത്തിൽ കർത്താവിന് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ? ഇങ്ങനെയൊരു ചിന്ത ഉണർത്തുന്നതാണ് കണ്ണൂർ സ്വദേശിനിയായ സിസ്റ്റർ അനിതയുടെ ജീവിതകഥ.
എറണാകുളത്തുനടന്ന അസാധാരണമായൊരു കൂട്ടായ്മയിലാണ് വൈദികന്റെ ലൈംഗിക ഇംഗിതത്തിന് വഴങ്ങാത്തതിനാൽ ഇറ്റലിയിലേക്ക് നാടുകടത്തപ്പെട്ട കഥ സിസ്റ്റർ അനിത വിവരിച്ചത്.
വിവിധ കാരണങ്ങളാൽ പീഡിതരായി സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന നാനൂറിലധികം വൈദികരും കന്യാസ്ത്രീകളുമാണ് കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് സമ്മേളിച്ചത്. യുക്തിബോധത്തിന്റെ വെളിച്ചമാർജിച്ച മാണി പറമ്പേട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സിസ്റ്റർ ജസ്മി അടക്കം പലരും സഭാവസ്ത്രം തിരിച്ചുകൊടുത്ത് മനുഷ്യാലയത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അവരുടെയെല്ലാം കാരണങ്ങൾക്ക് അപ്പുറമായി സിസ്റ്റർ അനിത പറഞ്ഞത് ലൈംഗികപീഡനകഥയാണ്.
മധ്യപ്രദേശിലെ പാച്ചോർ എന്ന സ്ഥലത്ത് അധ്യാപികയായി ജോലി ചെയ്തിരുന്ന സിസ്റ്റർ അനിതയെ ബ്രഹ്മച
ര്യാദർശത്തിന് വിരുദ്ധമായി ഒരു വൈദികൻ ലൈംഗിക പീഡനത്തിന് ശ്രമിക്കുന്നു. ചെറുത്തുനിന്ന സിസ്റ്ററെ വൈദികൻ സ്വന്തം സ്വാധീനമുപയോഗിച്ച് ഇറ്റലിയിലെ മദർഹൗസിലെത്തിക്കുന്നു. അവിടെ മൂന്നുവർഷം അടിമപ്പണി; വേതനമായി കിട്ടിയത് പട്ടിണി. ഒടുവിൽ അമ്മവീട്ടിൽനിന്നും സിസ്റ്ററെ പുറത്താക്കി. ഒരു സ്ഥാപനത്തിൽ അഭയം തേടിയ സിസ്റ്ററെ കേരളത്തിലേയ്ക്ക് തിരിച്ചയച്ചു. ആലുവയിലെ തോട്ടക്കാട്ടു കരമഠത്തിലെത്തിയ സിസ്റ്റർക്ക് അഭയം നിഷേധിച്ചു. ഇപ്പോൾ അവർ അഗതിയായി ആലുവ ജനസേവ ശിശുഭവനിൽ താമസിക്കുന്നു. ന്യായമായ നഷ്ടപരിഹാരം നൽകാത്തപക്ഷം അടുത്തമാസം മുതൽ തോട്ടയ്ക്കാട്ടുകരയിലെ സിസ്റ്റേഴ്സ് ഓഫ് അഗാത്ത കോൺവെന്റിനുമുന്നിൽ നിരാഹാരസമരം നടത്തുമെന്നും സിസ്റ്റർ അറിയിച്ചു.
വാസ്തവത്തിൽ കർത്താവിന്റെ മേൽനോട്ടത്തിൽത്തന്നെയാണോ സഭകൾ പ്രവർത്തിക്കുന്നത്? അങ്ങനെയെങ്കിൽ സിസ്റ്റർ അഭയയടക്കമുളളവരുടെ ജീവിതം എന്താണ് നമ്മെ പഠിപ്പിക്കുന്നത്? സമ്മേളനം മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ ശ്രദ്ധേയവും പരിഗണനാർഹവുമാണ്.
കത്തോലിക്കാസഭയിലെ പുരോഹിതൻമാർക്ക് മറ്റ് സഭകളിലെപ്പോലെ വൈവാഹികജീവിതം അനുവദിക്കണമെന്നാണ് ഒരു ആവശ്യം. മതം പരിഹരിക്കാത്ത ധാരാളം പ്രശ്നങ്ങൾ സ്നേഹബന്ധിതമായ കുടുംബം പരിഹരിക്കുകതന്നെ ചെയ്യും. ലൈംഗികാക്രമങ്ങൾ ഒഴിവാക്കാനും ഇതുമൂലം സാധിക്കും.
മറ്റൊരാവശ്യം ക്രൈസ്തവ പുരോഹിതൻമാർക്ക് സർക്കാർ ലേബർ നിയമപ്രകാരമുളള വേതനം അനുവദിക്കണമെന്നതാണ്. മനുഷ്യനെ മതിൽകെട്ടിത്തിരിച്ച് ഒറ്റപ്പുസ്തകം മാത്രമാണ് ശരിയെന്നുളള പുരോഹിതവർഗത്തിനപ്പുറം മദർതെരേസയെപ്പോലേ സേവനസന്നദ്ധരായ ആളുകളെയും നമ്മൾ കണ്ടിട്ടുണ്ട്. മാത്രമല്ല, വേതനം കർത്താവ് നൽകുമെന്ന ഫലിതത്തെയും ഈ ആവശ്യം തളളിക്കളയുന്നു. പുരോഹിതർക്ക് മാനുഷിക പരിഗണന നൽകണമെന്നാണ് ഈ ആവശ്യം സൂചിപ്പിക്കുന്നത്.
ഹിന്ദു-ഇസ്ലാം പുരോഹതർക്ക് വേതനവ്യവസ്ഥയും പെൻഷനുമുളള നാടാണിത്. ക്രൈസ്തവ പുരോഹിതരെയും കന്യാസ്ത്രീകളെയും പരിഗണിച്ച് സഭയുടെ അവഗണനയിൽനിന്നും അവരെ രക്ഷിക്കേണ്ടതാണ്. മറ്റൊരു പ്രധാന ആവശ്യം മഠത്തിലോ സെമിനാരിയിലോ ചേർക്കുന്ന പ്രായം കുറഞ്ഞത് ഇരുപത്തൊന്ന് വയസ് എന്ന് നിർണയിക്കണമെന്നതാണ്. ശരിയാണ്; സ്വയം തീരുമാനിക്കാനുളള യോഗ്യത അപ്പോഴേക്കും ഒരു വ്യക്തി നേടിയിരിക്കുമല്ലൊ.