Friday, 19 June 2015

മരങ്ങളും പാവകളും ജോണി മിഖായേലും





ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിന്‌ മറ്റൊരു സവിശേഷത കൂടി ഉണ്ടായിരുന്നു. പുതുസഹസ്രാബ്ദത്തിന്റെ ആരംഭം. ലോക വ്യാപകമായി പുതുസഹസ്രാബ്ദം വരവേൽക്കപ്പെട്ടു. ജോണി മിഖായേൽ എന്ന ചെറുപ്പക്കാരൻ അസാധാരണമായ ഒരു രീതിയിലാണ്‌ പുതു സഹസ്രാബ്ദത്തെ എതിരേറ്റത്‌. കുറെ യുവസുഹൃത്തുക്കളെയും കൂട്ടി കാട്ടിൽക്കയറി. കേരളത്തിന്റെ കിഴക്കൻമേഖലയിലുടനീളമുള്ള കാടുകൾ. തിരിച്ചു കാടിറങ്ങിയപ്പോൾ ജോണിയുടെ കയ്യിൽ ആയിരത്തോളം ചിത്രങ്ങൾ ഉണ്ടായിരുന്നു. മലകളുടെയും പുഴകളുടെയും പാറക്കൂട്ടങ്ങളുടെയും പക്ഷികളുടെയും വന്യമൃഗങ്ങളുടെയും ഒന്നും ചിത്രങ്ങൾ അക്കൂട്ടത്തിലില്ലായിരുന്നു. എല്ലാം മരങ്ങളുടെ ചിത്രങ്ങൾ. രേഖപ്പെടാൻവേണ്ടി ജോണിക്കുമുന്നിൽ മരങ്ങൾ പോസ്ചെയ്തതുപോലെ.

വൃക്ഷ ചിത്രരചന, ജോണി മിഖായേലിന്റെ മാത്രം പ്രത്യേകതയായിരുന്നു. ഇതിനായി ജോണി ഒരു നോട്ടുബുക്ക്‌ എപ്പോഴും കരുതിയിരുന്നു. ഇഷ്ടപ്പെട്ട ഒരു മരം കണ്ടാൽ അതിനെ നോക്കിയിരുന്ന്‌ ജോണി ആ രൂപം ഒപ്പിയെടുക്കുമായിരുന്നു. വൃക്ഷ ചിത്രരചനയിൽ ശ്രദ്ധിച്ചതിനാൽ ജോണിയുടെ മരങ്ങളിൽ ഭാവങ്ങൾ സ്പഷ്ടമായിരുന്നു. ചിന്തിക്കുകയും ചിരിക്കുകയും കരയുകയും ക്ഷോഭിക്കുകയും ചെയ്യുന്ന മരങ്ങൾ.

വനയാത്രയിൽ കിട്ടിയ വൃക്ഷചിത്രങ്ങൾ കേരളത്തിലുടനീളം അദ്ദേഹം പ്രദർശിപ്പിച്ചു. അതിനായി നീണ്ട ക്യാൻവാസും ആനയെ അടക്കം ചെയ്യാവുന്ന പെട്ടിയും സംഘടിപ്പിച്ചു. കേരളം മുഴുവൻ അതും ചുമന്നുനടന്നു. വനത്തിലെ വൃക്ഷരാജകുമാരന്മാരെയും രാജകുമാരിമാരെയും നാട്ടിലുള്ളവർ ഇങ്ങനെയെങ്കിലും കാണട്ടെ എന്നാണ്‌ ജോണി മിഖായേൽ ഈ പ്രദർശനംകൊണ്ട്‌ ഉദ്ദേശിച്ചത്‌. തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റിന്‌ മുന്നിൽ ആയിരത്തിലധികം ആളുകളാണ്‌ വൃക്ഷറാണിമാരെ കാണാനെത്തിയത്‌. കോവളത്ത്‌ നിരവധി വിദേശവിനോദ സഞ്ചാരികളും വനവൃക്ഷങ്ങളെ കണ്ടു.

ഒരുകാര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയാൽ ജോണിയെ അതിൽ നിന്ന്‌ അകറ്റാൻ കഴിയില്ലായിരുന്നു. ഒരു വീണവാദകയെ പ്രണയിച്ചകാലത്ത്‌ വീണയെക്കുറിച്ച്‌ മാത്രമായിരുന്നു ജോണിയുടെ ചിന്ത. തഞ്ചാവൂരിന്‌ വണ്ടികയറി വീണയുമായി തിരിച്ചെത്തി. ദയയുടെ അടയാളമായാണ്‌ ജോണി വീണയെ കണ്ടത്‌. നിർദയത്വത്തിന്റെ ശബ്ദചിഹ്നമായി ചെണ്ടയേയും കണ്ടു. ദയനിർദ്ദയ ജുഗൽബന്ദി ആയാലോ ജോണി തീരുമാനിച്ചാൽ നടപ്പാക്കിയിട്ടേ ഉറങ്ങൂ. അങ്ങനെയാണ്‌ തിരുവനന്തപുരം സിറ്റിയിൽ ആദ്യമായി ചെണ്ടയും വീണയും ഒന്നിച്ചൊരു നാദവിസ്മയം ഉണ്ടാക്കിയത്‌. കാവാലം നാരായണപ്പണിക്കർ അടക്കമുള്ള ഗംഭീരസദസായിരുന്നു സാക്ഷി.

ഹിരോഷിമാദിനം എങ്ങനെ ആചരിക്കണം? ജോണി മിഖായേൽ സെക്രട്ടേറിയറ്റിന്‌ മുന്നിൽ ആ ഘടികാരം പുനഃസൃഷ്ടിച്ചു. പിന്നെ പാവകളിലായി ജോണിയുടെ ശ്രദ്ധ. കളിമണ്ണും ചിരട്ടയും തെങ്ങോലയും പാവകളായി. ഇതിനനുസൃതമായ നാടകപാഠവും അദ്ദേഹം രൂപപ്പെടുത്തി ദൂരദർശനും ഏഷ്യാനെറ്റിനും മറ്റുമായി ഈ ആകർഷകമായ പരിപാടി അദ്ദേഹം അവതരിപ്പിച്ചു. തെങ്ങോലകൊണ്ട്‌ നിരവധി കളിപ്പാട്ടങ്ങളുണ്ടാക്കാൻ ജോണി കുട്ടികളെ പഠിപ്പിച്ചു.
തിരുവല്ലയിൽ നടത്തിയ ടെറാഫെസ്റ്റ്‌ ജോണി മിഖായേലിന്റെ സാന്നിധ്യംകൊണ്ട്‌ ഏറെ ശ്രദ്ധേയമായിരുന്നു. ഒരു തെരുവിലെ ചുമരുമുഴുവൻ ശിൽപങ്ങൾ. വൈകുന്നേരങ്ങളിൽ കവിതയും നാടൻപാട്ടും.

കെപിഎസിയുടെ ചില നാടകങ്ങൾക്കുവേണ്ടി ജോണി മിഖായേൽ ഒരുക്കിയ രംഗ ഉപകരണങ്ങളും ചണം ഉപയോഗിച്ച്‌ രൂപപ്പെടുത്തിയ ചില ദൃശ്യവസ്തുക്കളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചാലക്കുടിയിലെ തൂമ്പാക്കോട്ട്‌, സംഗീത വിദ്യാലയം നടത്തിയും ശബ്ദപ്രകാശ സജ്ജീകരണം നിർവഹിച്ചുമാണ്‌ ജോണി കലാരംഗത്ത്‌ വന്നത്‌. കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച പാവം മനുഷ്യനായിരുന്നു ജോണി മിഖായേൽ.

മറയൂർ വനമേഖലയിൽ അഞ്ചുനാടുകളുടെ ഐക്യശിൽപം നിർമ്മിച്ചു അപൂർണമാക്കേണ്ടിവന്നത്‌ ജോണിയുടെ ദുഃഖമായിരുന്നു.

ജോണിയുടെ ആശ്രയം അമ്മയായിരുന്നു. അമ്മയുടെ മരണം ജോണിയെ തീർത്തും അനാഥനാക്കി. അരാജക ജീവിതത്തിന്റെ മലമുകളിലേയ്ക്ക്‌ വലിഞ്ഞുകയറിയ ജോണി മിഖായേൽ അമ്പതാം വയസിൽ ജീവനൊടുക്കി. പാവങ്ങളും മരങ്ങളും തെങ്ങോലകളും കളിമണ്ണും ജോണിയെ കാത്തിരിക്കുന്നുണ്ടാകാം. ആ സ്നേഹിതന്റെ ഓർമ്മകൾക്ക്‌ മുന്നിൽ തലകുനിക്കുന്നു.

4 comments:

  1. മാഷേ
    മരങ്ങളെ സ്നേഹിച്ച ഈ
    മഹത് വ്യക്തിയെ വളരെ നന്നായി
    മാഷിവിടെ അവതരിപ്പിച്ചു.
    മാഷേ പക്ഷേ പുറം ലോകം അറിയാതെ പോയ ഈ
    മഹാൻറെ ഒരു ചിത്രമോ അല്ലെങ്കിൽ വേണ്ട താനെടുത്ത(വരച്ച)
    മരങ്ങളുടെ ചില ചിത്രങ്ങളോ ചേർക്കാതെ വിട്ട ഈ കുറിപ്പ്
    മനസ്സിൽ ഖേദം മാത്രം നൽകി അവസാനിപ്പിച്ചതിൽ ഖേദം!

    ആശംസകൾ

    ReplyDelete
  2. ഈ വൃക്ഷ സ്നേഹിയായിരുന്ന
    ജോണി ഭായിയുടെ ഒന്ന് രണ്ട് ചിത്ര രചനകൾ
    കൂടി ചേർക്കാമായിരുന്നു കേട്ടൊ ഭായ്

    അദ്ദേഹത്തിന് ആദരാജ്ഞലികൾ....

    ReplyDelete
  3. ജോണി മിഖായെലിനെപ്പറ്റി കഴിഞ്ഞ ആഴ്ച മാധ്യമം സപ്ലിമെന്റില്‍ വായിച്ചിരുന്നു

    ReplyDelete
  4. എഴുത്തിലെ കാവ്യാത്മകത കൊണ്ടാണോ , മിഖായേൽ ജീവിതത്തിന്റെ അസാധാരണത്വം കൊണ്ടാണോ അറിയില്ല , ഇപ്പോഴും സംശയം.. ഇതൊരു ന്യൂജെൻ കഥയല്ലല്ലോ....

    ReplyDelete