കേരളം പൂർണമായും കാർഷിക പ്രദേശമായിരുന്നകാലത്ത് കൃഷിയിടങ്ങളിലായിരുന്ന കലയും കായിക പ്രകടനങ്ങളും എല്ലാം അരങ്ങേറിയിരുന്നത്. പോത്തോട്ടം, കാളയോട്ടം, മരമടി തുടങ്ങി ജനസഹസ്രങ്ങളുടെ സാന്നിധ്യത്തിൽ നടന്ന കായികവിനോദങ്ങൾ അന്യം നിന്നു കഴിഞ്ഞു. കൃഷിയുപേക്ഷിക്കുകയും തരിശിട്ട വയലുകളിൽ രൂപംകൊണ്ട തണ്ണീർത്തടങ്ങൾപോലും മണ്ണിട്ടു നികത്തുകയും ചെയ്തതോടെ ഇത്തരം വിനോദങ്ങളുടെ കൊടിയിറക്കം സംഭവിക്കുകയായി.
കാക്കാരിശ്ശിനാടകം, വെള്ളരിനാടകം തുടങ്ങിയ കലാരൂപങ്ങളും തലപ്പന്ത്, കിളിമാസ്, കുട്ടിയും കോലും തുടങ്ങിയ കായിക വിനോദങ്ങളും അസ്തമിച്ചുകഴിഞ്ഞു. കതിരുകാളയും വണ്ടിക്കുതിരയും കെട്ടുകാളയും നെൽക്കതിരും വയ്ക്കോലും ഇല്ലാതെതന്നെ നിർമിക്കുവാൻ നമ്മൾ പഠിച്ചുകഴിഞ്ഞു. വയലിറമ്പിലെ മരത്തണലുകളിൽ വിശ്രമിച്ചിരുന്ന നാടൻ ദൈവങ്ങളെ കോൺക്രീറ്റുകൂടാരങ്ങളിലെ ഉഷ്ണമുറികളിലേക്ക് മാറ്റിപാർപ്പിച്ചു. ദൈവമുണ്ടായിരുന്നെങ്കിൽ ഈ ചതിക്ക് മനുഷ്യരെ ശപിക്കുമായിരുന്നു.
വയലിലും പുഴയോരങ്ങളിലും നടന്ന വലിയ കാളച്ചന്തകളും അവയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന വാണിഭമേളകളും വളരെ പ്രധാനപ്പെട്ടതായിരുന്നു. കൊല്ലം ജില്ലയിൽ ഇത്തിക്കരയാറിന്റെ തീരത്തുള്ള ദൃശ്യചാരുതയാർന്ന ഒരു ക്ഷേത്രമാണ് വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം. കഥകളി സംസ്കാരം സമ്പുഷ്ടമായ പ്രദേശമാണ് വെളിനല്ലൂർ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, കലാമണ്ഡലം ഗംഗാധരൻ, കലാമണ്ഡലം രാധാകൃഷ്ണൻ തുടങ്ങിയ വലിയ പ്രതിഭകൾക്കു ജന്മം നൽകിയ പ്രദേശം. എന്നാൽ അന്ധവിശ്വാസത്തിന്റെ ആധിക്യം കാരണം ബാലിവിജയം കഥകളി ഇവിടെ നടത്താറില്ല.
ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരു കാലത്ത് ഓയൂർ, കരിങ്ങന്നൂർ തുടങ്ങിയ വലിയ ഒരു പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രവുമായിരുന്നു. ഇതിന്റെ പരിസരത്താണ് ആയിരക്കണക്കിന് കന്നുകാലികളെ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്ന കാളച്ചന്ത നടന്നിരുന്നത്. പലവിധ കലാപരിപാടികളോടൊപ്പം ദളിതരുടെ ദ്രാവിഡത്തനിമയുള്ള മുടിയാട്ടവും കമ്പടികളിയും മറ്റും ഇവിടെ നടത്തിയിരുന്നു.
കാളച്ചന്ത കഴിഞ്ഞാൽ പിന്നെ ‘മണലിക്കച്ചോടം’ ആണ്. കാർഷികവിഭവങ്ങൾ മാത്രമല്ല ഗൃഹോപകരണങ്ങൾ, കരകൗശലവസ്തുക്കൾ, കൗതുകവസ്തുക്കൾ, മലരും പൊരിയും വളയും റിബണുമടക്കമുള്ള അലങ്കാര വസ്തുക്കൾ, സേമിയപ്പായസം… ഇങ്ങനെ നിരവധി കച്ചവടസാധനങ്ങളാണ് അവിടെ സ്വരുക്കൂട്ടിയിരുന്നത്. ഇതിനോടനുബന്ധിച്ച് കവിയരങ്ങുകളും സംഘടിപ്പിച്ചിരുന്നു. വെളിനല്ലൂരെ മണൽത്തിട്ടയിൽ, ഡി വിനയചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ വരെ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകൾക്ക് മുൻപ് വെളിനല്ലൂരെ ചന്തസ്ഥലത്ത് പാലക്കുറ്റിയിൽ കെട്ടിയിട്ടിരുന്ന ഒരു കാള കുറ്റിയും പിഴുത് കിഴക്കോട്ടോടി. അഴകും ആരോഗ്യവും തികഞ്ഞ ആ കാളക്കൂറ്റനെ പിടിച്ചുനിർത്തുവാൻ ആർക്കും സാധിച്ചില്ല. നാപ്പതോളം കിലോമീറ്റർ ഓടിയ ആ കാളയെ ഓമല്ലൂർ എന്ന പ്രദേശത്തെ ആരോഗ്യവാനായ ഒരു യുവാവ് ബന്ധിച്ചു. കയറിന്റെ അറ്റത്ത് ഉണ്ടായിരുന്ന പാലക്കുറ്റി തന്നെ വയലിൽ തറച്ച് കാളയെ ബന്ധിച്ചു. ആ പാലക്കുറ്റി പൊട്ടിക്കിളിർത്ത് വൻമരമാവുകയും അതിന്റെ തണലിൽ ഓമല്ലൂർ വയൽ വാണിഭം ആരംഭിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
ചിരവ, കലപ്പ, മെതിയടി, അരിപ്പ തുടങ്ങിയ വയസേറെയുള്ള ഉപകരണങ്ങൾ പോലും ഓമല്ലൂർ വയൽ വാണിഭത്തിൽ വിൽക്കാൻ വച്ചിട്ടുണ്ട്. കവിയരങ്ങുകളും ചരിത്ര സെമിനാറുകളും ഓമല്ലൂരിൽ സംഘടിപ്പിക്കാറുണ്ട്. കൃഷിയെല്ലാം നശിച്ചെങ്കിലും ഓർമപ്പെടുത്തലിന്റെ സൗരഭ്യമുള്ള ഈ ഗ്രാമോത്സവങ്ങൾ സന്തോഷകരമാണ്.
ഈ കുറിപ്പും സന്തോഷകരമാണ്
ReplyDelete