ഒരു വാരംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല വായന. വായനയ്ക്ക് മനസും വെളിച്ചവുമാണ് ആവശ്യമായിട്ടുള്ളത്. എന്നാൽ പുസ്തകം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന ആശങ്കയുള്ള ഇക്കാലത്ത് വായനാവാരം ഗുണം ചെയ്യും.
കേരളത്തിൽ വായനയുടെ വസന്തം വിടർത്തിയത് ഗ്രന്ഥശാലാ പ്രസ്ഥാനമാണ്. കേരളത്തിലെ ഗ്രന്ഥശാലകൾക്ക് ജീവനും ദിശാബോധവും നൽകാൻ വേണ്ടി പി എൻ പണിക്കർ ഒരു ജീവിതം മുഴുവൻ സമർപ്പിച്ചു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിക്കപ്പെട്ടത് സ്വാതിതിരുനാളിന്റെ കാലത്തായിരുന്നു. ബ്രിട്ടീഷുകാരാണ് അതിനു മുൻകയ്യെടുത്തത്. സാമാന്യജനങ്ങളെ ഉദ്ദേശിച്ച് സ്ഥാപിക്കപ്പെട്ടതോ സംരക്ഷിക്കപ്പെട്ടതോ അല്ല തിരുവനന്തപുരം പബ്ലിക് ലൈബ്രറി. ജനകീയ ഭരണമുണ്ടായിനുശേഷം മാത്രമാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ എല്ലാ വായനക്കാർക്കും പ്രവേശനമുണ്ടായത്. അതിനാൽ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവായി സ്വാതിതിരുനാളിനെ കണക്കാക്കാൻ പാടില്ല. പി എൻ പണിക്കരുടെ ചിത്രമാണ് അവിടെ തൂക്കേണ്ടത്.
പ്രവർത്തനനിരതമല്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സ്കൂൾ ലൈബ്രറികളെക്കുറിച്ച് ഈ വായനാവാരത്തിലെങ്കിലും ഒരു ചിന്തയുണ്ടാകുന്നത് നല്ലതാണ്.
കഥയും കവിതയും ചെറുലേഖനങ്ങളുമൊക്കെ വായിച്ചു വളരേണ്ടവരാണ് നമ്മുടെ കുഞ്ഞുങ്ങൾ. ബുദ്ധിവികാസത്തിന് പാഠപുസ്തകങ്ങൾ മാത്രമല്ല മറ്റു പുസ്തകങ്ങളുടെ വായനയും അത്യാവശ്യമാണ്.
ഇതിഹാസങ്ങളിലേക്ക് ആകർഷിക്കുന്ന ചെറുകവിതകളും കഥകളും വായനാവാരത്തിലെങ്കിലും കുട്ടികൾക്ക് നൽകേണ്ടതാണ്. പുരാണ കഥാപാത്രങ്ങളെ മതത്തിന്റെ തടവറയിൽ നിന്നും മോചിപ്പിച്ച് കാവ്യഭാവനയുടെ ഫലങ്ങളാണ് എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. വായനാവാരം ഈ ദിശയിലേക്കുള്ള വെളിച്ചമായി മാറുന്നത് നന്നായിരിക്കും.
വിവർത്തനപുസ്തകങ്ങൾ മലയാള സാഹിത്യത്തിന്റെ മുതൽക്കൂട്ടാണ്. മഹാഭാരതവും രാമായണവും ശാകുന്തളവും മേഘസന്ദേശവുമെല്ലാം വിവർത്തനങ്ങളിലൂടെയാണ് മലയാളി വായിച്ചത്. ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ്, ജാപ്പനീസ്, ചൈനീസ് ഭാഷകളിലുള്ള മഹത്തായ കൃതികളെല്ലാം വിവർത്തനങ്ങളിലൂടെയാണ് നമ്മുടെ സ്വന്തമായത്. ടോൾസ്റ്റോയിയുടെയും ബിമൽ മിത്രയുടേയും മറ്റും കഥാപാത്രങ്ങളുടെ പേരുകൾ മലയാളികൾ സ്വന്തം കുട്ടികൾക്ക് ചാർത്തിക്കൊടുത്തു. വായനാവാരം, മറ്റു ഭാഷാകൃതികൾ വായിക്കാൻ വേണ്ടിയും പ്രയോജനപ്പെടുത്താവുന്നതാണ്.
ശാസ്ത്രലേഖനങ്ങൾ, കുട്ടികളെക്കൊണ്ട് വായിപ്പിക്കുവാൻ പി ടി ഭാസ്കരപ്പണിക്കർ നടത്തിയ പരിശ്രമങ്ങൾ ഓർമിക്കപ്പെടേണ്ടതാണ്. ലളിതമായ ഭാഷയിൽ രചിച്ചിട്ടുളള ശാസ്ത്രപുസ്തകങ്ങൾ വായനാവാരത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മറ്റും പുസ്തകങ്ങൾ കുട്ടികളുടെ അന്വേഷണ ബുദ്ധിയെ പ്രചോദിപ്പിക്കുന്നതാണ്. അവയും ഇക്കാലത്ത് പരിചയപ്പെടുത്താവുന്നതാണ്. ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള ലളിതഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്. അവ കുട്ടികളുടെ കൈകളിൽ എത്തിക്കേണ്ടതുണ്ട്.
എല്ലാ സ്കൂൾ ലൈബ്രറികളിലും ലൈബ്രേറിയന്മാരെ നിയമിക്കുകയും ലൈബ്രറി പ്രവർത്തനം പ്രധാനപ്പെട്ട ഒരു കാര്യമായി മാറ്റിയെടുക്കുകയും വേണം. സ്കൂൾ ലൈബ്രറികൾ വിദ്യാർഥികളുടെ വിജ്ഞാന മേഖല വർധിപ്പിക്കും എന്നതുപോലെ അധ്യാപകർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
വിദ്യാർഥികളെ ആകർഷിക്കുന്നതിനുവേണ്ടി വൃത്തിയുള്ള പുസ്തകങ്ങൾ ഗ്രന്ഥശാലകളിൽ എത്തിക്കണം. ഉള്ളടക്കം എത്രമേൽ വിശിഷ്ടമായിരുന്നാലും കൈകഴുകിത്തൊടേണ്ട പുസ്തകങ്ങൾ മാത്രമേ കുഞ്ഞുങ്ങളുടെ ശ്രദ്ധയിൽപ്പെടൂ. പുസ്തകങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനുള്ള പരിശീലനവും വായനാവാരത്തിൽ നൽകാവുന്നതാണ്.