കേരള സാഹിത്യ അക്കാഡമി മഹനീയമായ രീതിയില്‍ സംഘടിപ്പിച്ചുവരുന്ന വൈജ്ഞാനിക മേളയാണ് ദേശീയ പുസത്‌കോത്സവം. അപൂര്‍വ സുന്ദരങ്ങളായ പല പുസ്തകങ്ങളും വന്‍കിട പ്രസാധകരുടെ വില്‍പ്പനച്ചരക്കുകളല്ല. കവിതയിലെ ഏറ്റവും പുതിയ മുഖങ്ങളെ കണ്ടെത്തി അമ്പരപ്പ് അനുഭവിക്കണമെങ്കില്‍ ചെറു പ്രസാധകരുടെ പുസ്തകശാലയിലേക്ക് സഞ്ചരിക്കണം. സജി കല്യാണി, ടി ജി അജിത, സി ഇ സുനില്‍, രമ്യാലക്ഷ്മി, കെ ആര്‍ രഘു തുടങ്ങി അടുത്ത കാലത്ത് കവിതയുടെ മാന്ത്രികാനുഭവങ്ങള്‍ കാഴ്ചവച്ച കവികളുടെ പുസ്തകങ്ങള്‍ കാണണമെങ്കില്‍ ചെറുപ്രസാധകരില്‍ എത്തിയേ കഴിയൂ. അങ്ങനെയുള്ള പുസ്തകശാലകളാല്‍ നിറവുറ്റതാണ് അക്കാഡമിയും പരിസരവും.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാര്‍ ഈ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അതില്‍ ശ്രദ്ധേയമായ ഒരു സെമിനാറിന്റെ വിഷയം ആചാരങ്ങളും സാമൂഹ്യ നീതിയും എന്നതായിരുന്നു.
സ്വാഭാവികമായും ഈ വിഷയം അനാചാരങ്ങളെ സ്പര്‍ശിക്കുന്നതായി. ശബരിമലയെ മുന്‍നിര്‍ത്തി അനാചാരങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്റെ പോരാട്ടങ്ങളെ അനുസ്മരിച്ച തമിഴ് നോവലിസ്റ്റ് സു വെങ്കിടേശന്‍ കേരളം തോറ്റാല്‍ ഇന്ത്യ തോല്‍ക്കുമെന്ന് പറഞ്ഞത് സദസ്യര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് നിലനില്‍ക്കുന്ന അനാചാരങ്ങളെക്കുറിച്ചുള്ള ഡോ.നിഷ എം ദാസിന്റെ പ്രഭാഷണം സദസ്യര്‍ ഞെട്ടലോടെ ശ്രവിച്ചു. വാല്‍മീകിയേയും എഴുത്തച്ഛനേയും വ്യാസനേയും കുമാരനാശാനേയും ഉദ്ധരിച്ചുകൊണ്ടുള്ള ഡോ. രാജാ ഹരിപ്രസാദിന്റെ പ്രഭാഷണവും ശ്രദ്ധേയമായി.
ആചാരങ്ങളെല്ലം തന്നെ അനാചാരങ്ങളാണ്. അധ്യാപകനെ വിദ്യാര്‍ഥി വന്ദിക്കുന്നത് ആചാരമല്ല ബഹുമാനം പ്രകടിപ്പിക്കലാണ്. ആളുകള്‍ പരസ്പരം പിരിയുമ്പോള്‍ റ്റാറ്റാ പറയുന്നതും കാണുമ്പോള്‍ ആശ്ലേഷിക്കുന്നതും ആചാരമല്ല.
എന്നാല്‍ നിരവധി അനാചാരങ്ങളുടെ ശബ്ദതാരാവലിയാണ് കേരളം. എല്ലാംതന്നെ ഒഴിവാക്കപ്പെടേണ്ടവ. പലതും കേരളം ഒഴിവാക്കിക്കഴിഞ്ഞു. ഇനിയും ഒഴിവാക്കേണ്ടതിന്റെ ഒരു വലിയ പട്ടിക തന്നെ നിലവിലുണ്ട്.
മരണാനന്തര ചടങ്ങുകളിലാണ് അനാചാരങ്ങളുടെ മാലിന്യകൂമ്പാരങ്ങള്‍ കാണുന്നത്. മ്യതശരീരം കുളിപ്പിക്കുക എന്നത് ഒരാവശ്യവുമില്ലാത്ത അനാചാരമാണ്. ജീവിച്ചിരുന്ന കാലത്ത് മറ്റാരെയും കാണിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന സ്വകാര്യഭാഗങ്ങള്‍ ബലമായി കാണുന്ന കൊടും ക്രൂരതയാണ് ഈ ചടങ്ങ്.
ശവത്തെ കോടി പുതപ്പിക്കുക, ഉടുമുണ്ടിന്റെ കോന്തലയ്ക്കല്‍ നാണയം കെട്ടിവെയ്ക്കുക, വായ്ക്കരിയിടുക തുടങ്ങിയവയും അര്‍ഥമില്ലാത്ത അനാചാരങ്ങളാണ്. നാരായണഗുരു മുതല്‍ വൈലോപ്പിള്ളി വരെയുള്ളവര്‍ മരണാനന്തര ചടങ്ങുകളിലെ അനാചാരങ്ങളെ തുറന്നു കാട്ടിയിട്ടുണ്ട്.
തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങളെ വിദ്യാരംഭം എന്ന പേരില്‍ പീഡിപ്പിക്കുന്നത് മറ്റൊരു അനാചാരമാണ്. വിദ്യാരംഭത്തിന്റെ പിറ്റേന്നുള്ള പത്രങ്ങളില്‍ അപരിചിതരായ സാംസ്‌കാരിക നായകരുടെ മടിയിലിരുന്ന് അലറിക്കരയുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വരുമായിരുന്നു. പത്രമാഫീസിന്റെ മുറ്റങ്ങളിലും ഈ അനാചാരം ആരംഭിച്ചതോടെയാണ് അത്തരം ചിത്രങ്ങള്‍ മാറ്റിയത്. ശിശുപീഡനത്തിന് കേസെടുക്കാനുള്ള ഒരു കുറ്റകൃത്യമാണ് വിദ്യാരംഭ ദിവസം സമൂഹം നടത്തുന്നത്. പോളിയോ തുള്ളിമരുന്ന് കൊടുക്കുന്നതു പോലെയുള്ള ഒരു കാര്യമല്ല ഇത്.
പുതിയ അനാചാരങ്ങള്‍ക്കും കേരളം വേദിയാകുന്നുണ്ട്. പരീക്ഷാര്‍ഥിയുടെ പേന പൂജിക്കുക എന്നതാണ് അതിലൊന്ന്. അനിയന്ത്രിതമായ മതപ്രചരണമാണ് അന്ധവിശ്വാസങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്ന ഒരു ഘടകം.
ആധുനിക സമൂഹത്തില്‍ വാസ്തുശാസ്ത്രം, ജാതകം തുടങ്ങിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുടിയേറിയിട്ടുണ്ട്. വീടു വയ്ക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് കാറ്റിന്റെയും വെളിച്ചത്തിന്റേയും വെള്ളത്തിന്റെയും ലഭ്യതയാണ്. വാസ്തു ശാസ്ത്രമല്ല.
കേരളത്തില്‍ കൃഷി ചെയ്തവരും കലവും കുടവും ഉണ്ടാക്കിയവരും തുണി നെയ്തവരും വീടുണ്ടാക്കിയവരും മരത്തില്‍ കയറിയവരും അരിയില്‍ ഹരിശ്രീ എഴുതിയല്ല ഈ വിദ്യയൊന്നും നേടിയത് . അടിസ്ഥാന വര്‍ഗത്തിന് ഹരിശ്രീയില്‍ തുടങ്ങുന്ന വിദ്യാഭ്യാസം നിഷിദ്ധവുമായിരുന്നു. സവര്‍ണ്ണ സംസ്‌കാരത്തിന്റെ മുദ്രയായ ഹരിശ്രീയിലുള്ള ആരംഭവും അനാചാരമാണ്.
ഇങ്ങനെയുള്ള നിരവധി ചിന്തകള്‍ക്കാണ് സാഹിത്യ അക്കാഡമിയുടെ ഈ സെമിനാറില്‍ സെക്രട്ടറി കെ പി മോഹനന്‍ വഴിമരുന്നിട്ടത്. രണ്ടു മണിക്കൂറിലധികം നേരം ശ്രദ്ധയോടെയിരുന്ന സദസ്സും ആകര്‍ഷകമായിരുന്നു.
കേരളത്തില്‍ കൃഷി ചെയ്തവരും കലവും കുടവും ഉണ്ടാക്കിയവരും തുണി നെയ്തവരും വീടുണ്ടാക്കിയവരും മരത്തില്‍ കയറിയവരും അരിയില്‍ ഹരിശ്രീ എഴുതിയല്ല ഈ വിദ്യയൊന്നും നേടിയത് . അടിസ്ഥാന വര്‍ഗത്തിന് ഹരിശ്രീയില്‍ തുടങ്ങുന്ന വിദ്യാഭ്യാസം നിഷിദ്ധവുമായിരുന്നു. സവര്‍ണ്ണ സംസ്‌കാരത്തിന്റെ മുദ്രയായ ഹരിശ്രീയിലുള്ള ആരംഭവും അനാചാരമാണ്.
ReplyDelete