Wednesday, 29 September 2021

ജയന്‍ മാങ്ങാടിന്‍റെ തെയ്യാട്ടം


ഉത്തരകേരളത്തിലെ അനുഷ്ഠാനപരമായ ഗ്രാമീണ കലയാണ് തെയ്യവും തിറയും എന്ന ആമുഖവാചകത്തോടെയാണ് ഈ മേഖലയില്‍ വലിയ ഗവേഷണങ്ങള്‍ നടത്തിയ എം.വി.വിഷ്ണു നമ്പൂതിരി ഉത്തരകേരളത്തിലെ തോറ്റംപാട്ടുകള്‍ എന്ന പുസ്തകം ആരംഭിക്കുന്നത്. സാധാരണക്കാരന്‍റെ ആരാധനാ സമ്പ്രദായമാണ് തെയ്യാട്ടവും തിറയാട്ടവും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

തെയ്യവും തിറയും ജാതിയില്‍ അധിഷ്ഠിതമായ കലാരൂപങ്ങളാണ്.കേരളത്തിലെ മിക്ക കലാരൂപങ്ങളും അങ്ങനെയാണ്. ഓണക്കാലത്ത് ഉത്സവപ്പകിട്ടു നല്‍കുന്ന പുലികളി,കരടികളി വള്ളംകളി  തുടങ്ങിയവയൊക്കെയാണ് ജാതിമുക്തമായ കലാരൂപങ്ങള്‍.മിക്കവയും അധ:സ്ഥിതജനതയുടെ കലാഭിരുചിയാണ് പ്രകടമാക്കുന്നത്.
എന്നാല്‍ ഈ അവസ്ഥയില്‍ തന്നെ ചില തെയ്യങ്ങളെ മാറ്റിനിര്‍ത്തുന്നുമുണ്ട്. അതിനെക്കാള്‍ ശ്രദ്ധിക്കേണ്ടത് തോറ്റങ്ങളില്‍ ഉണ്ടായ കലര്‍പ്പുകളാണ്. 

ശങ്കരാചാര്യരും അലങ്കാരന്‍ എന്ന ദലിതനും തമ്മില്‍ നടന്നതായി സങ്കല്‍പ്പിക്കുന്ന സംഭാഷണമാണ് പൊട്ടന്‍തെയ്യത്തെ പ്രസക്തമാക്കുന്നത്.കാഞ്ഞങ്ങാട്ടെ അജാന്നൂരിലുള്ള കൂര്‍മ്മല്‍ തറവാട്ടിലെ ഒരംഗമായിരുന്ന എഴുത്തച്ഛന്‍ നിര്‍മ്മിക്കുകയോ ക്രമപ്പെടുത്തുകയോ ചെയ്തതാണ് പൊട്ടന്‍ തെയ്യത്തിന്‍റെ തോറ്റം.
ജാതിവ്യവസ്ഥയുടെ അപ്രസക്തി വ്യക്തമാക്കുന്ന വരികളാണ് ഈ തോറ്റത്തില്‍ ഉള്ളത്. നാടന്‍ പാട്ടുകാരും ജാതിവിരുദ്ധപ്രവര്‍ത്തകരും നിരന്തരമായി  ഉദ്ധരിക്കുന്നതിനാല്‍ 
കാസര്‍കോട് ജില്ലയില്‍ മാത്രമല്ല, കേരളത്തിലെമ്പാടും പ്രസിദ്ധമാണ് ഇതിലെ വരികള്‍.

നീങ്കളെ  കൊത്ത്യാലും ഒന്നല്ലേ ചോര / നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര എന്നും നാങ്കളെ കുപ്പയില്‍ നട്ടോരു വാഴ / പ്പഴമല്ലേ നീങ്കളെ തേവനു പൂജ എന്നും കേക്കുദിക്കുന്ന തമ്പിരാന് വേറിട്ട വ്യത്യാസമില്ലെന്നും സ്ഥാപിക്കുന്ന തോറ്റം രചിച്ചിട്ടുള്ളത് ദലിതര്‍ തന്നെയാണെന്നും എഴുത്തച്ഛന്‍മാര്‍ അത് വക്രീകരിച്ചു ഭക്തി സാന്ദ്രമാക്കുകയാണ് ചെയ്തതെന്നും പുതിയ തലമുറയിലെ അന്വേഷകനായ ജയന്‍ മാങ്ങാട് അഭിപ്രായപ്പെടുന്നു.

കുറച്ചുകൂടി തീവ്രമാണ് പുതിയ തലമുറയിലെ കവി ബാലഗോപാലന്‍ കാഞ്ഞങ്ങാട് പുലപ്പൊട്ടന്‍ എന്ന കവിതയിലൂടെ സ്ഥാപിക്കുന്ന അഭിപ്രായം. ആദിശങ്കരനെ ഒരു പുലയന്‍ തോല്‍പ്പിച്ചതില്‍ പ്രകോപിതരായ സവര്‍ണര്‍ പുലയനെയും മക്കളെയും കെട്ടിയിട്ട് കുടിലിനു തീവെച്ചു കൊന്നെന്നും പിന്നീട് തെയ്യമാക്കി ശിവനില്‍ ആരോപിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതു സംഭവിച്ചത് പുളിങ്ങോത്തെ അമ്പലവയല്‍ 
പരിസരത്താണെന്നും തോറ്റത്തിലും ഈ തീക്കൊല്ലല്‍ മറച്ചു വെച്ചു എന്നും പൊട്ടന്‍ തെയ്യത്തിന്‍റെ കനലാട്ടം ഈ സംഭവവുമായി കൂട്ടി വായിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ തോറ്റമായതിനാല്‍ ഗവേഷകരുടെ അഭിപ്രായങ്ങള്‍ക്കാണ് ഇനി നമ്മള്‍ ചെവികൊടുക്കേണ്ടത്.

പൊട്ടന്‍ തെയ്യം കനലിലൂടെ നടക്കുകയും ചാരിയിരിക്കുകയും ചെയ്യുന്നത് കണ്ട് ഭക്തിയോടെ കൈകൂപ്പിനില്‍ക്കുന്ന ജനങ്ങളുടെ മുന്നില്‍, ഇതേ വിദ്യ അവതരിപ്പിച്ചുകൊണ്ട് ഇതില്‍ ദൈവീകാത്ഭുതമൊന്നും ഇല്ലെന്നും പരിശീലനം കൊണ്ടു ചെയ്യാവുന്നതാണെന്നും ഗംഗന്‍ അഴിക്കോടും മറ്റും സ്ഥാപിച്ചത് മറ്റൊരു ചരിത്രം.

തെയ്യം കാണാനും അഭ്രപാളികളില്‍ പകര്‍ത്താനുമൊന്നും ജാതിമതവിലക്കില്ല. തെയ്യത്തിന്‍റെ അത്യാകര്‍ഷകമായ രൂപഘടനയും തോറ്റത്തിന്റെ സാഹിത്യഭംഗിയുമൊക്കെ നിരീശ്വരവാദികള്‍ക്ക് പോലും അടുത്തുനിന്ന് ശ്രദ്ധിക്കാം. ഈ പുരോഗമന സ്വഭാവത്തെക്കുറിച്ച് പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനായ ഇ.പി.രാജഗോപാലന്‍ കോറോത്തെ മുച്ചിലോട്ട് ഭഗവതിത്തെയ്യം നടത്തിയ ഇടത്തുവച്ച് പ്രസംഗിച്ചത് ഓര്‍ക്കുന്നു.

ഓരോ തെയ്യത്തിന്റെയും പിന്നിലുള്ള കഥകളില്‍ പോരാട്ടത്തിന്‍റെ വീര്യമുണ്ട്. പലതിലും രക്തസാക്ഷിത്വത്തിന്‍റെ
നിഴലുണ്ട്. വേദനിപ്പിക്കുന്ന ജീവിതരംഗങ്ങളുണ്ട്.പ്രണയം പോലുമുണ്ട്. പോലീസ് തെയ്യവും മാപ്പിളത്തെയ്യവുമൊക്കെയുള്ള ഈ സമഗ്ര കലാരൂപത്തെ സവര്‍ണദേവതാ സങ്കല്‍പ്പവുമായി കൂട്ടിക്കെട്ടുന്നതില്‍ അനൌചിത്യമുണ്ട്.

ഇത്തരം അനൌചിത്യങ്ങളെ പാടേ ഒഴിവാക്കിക്കൊണ്ടാണ് തെയ്യാട്ടമെന്ന പുതിയ ഡോക്കുമെന്‍ററി രൂപപ്പെടുത്തിയിട്ടുള്ളത്.
ജയന്‍ മാങ്ങാടാണ് സംവിധായകന്‍. തെയ്യങ്ങളുടെ കലാപരത, ജനകീയത തുടങ്ങിയവയൊക്കെ ഈ ലഘുചിത്രത്തില്‍ അഭിവാദ്യം ചെയ്യപ്പെടുന്നുണ്ട്.

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ വാക്കുകളോടെയാണ് ഈ ചിത്രം ആരംഭിക്കുന്നത്. ദൈവങ്ങളുടെയും സാധാരണ  മനുഷ്യന്റെയും സൌന്ദര്യപരമായ, ചൂഷണാതീതമായ  ഐക്യത ഇതില്‍ അടയാളപ്പെടുത്തുന്നു  പ്രജകള്‍ തീരാദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ വിയര്‍പ്പുമണികള്‍ കൊയ്തെടുത്ത് നിലവറകളില്‍ പൂട്ടിയിട്ടിരിക്കുന്ന സൂപ്പര്‍ ദൈവങ്ങളുള്ള കേരളത്തിലാണ്, കുംഭഗോപുരങ്ങളില്ലാതെ ഓക്സിജന്‍ കലവറകളായ കാവുകളില്‍ അരങ്ങേറുന്ന പാവപ്പെട്ടവരുടെ തെയ്യങ്ങള്‍ ശ്രദ്ധേയമാകുന്നത്.

സമ്പന്നദൈവമായാലും പട്ടിണിക്കോലമായാലും കോവിഡ് തടയാന്‍ രണ്ടിനും കഴിയില്ലെന്ന വര്‍ത്തമാനകാല  വാസ്തവമുഖം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.. 

പൌരോഹിത്യത്തിന്‍റെ ഇടപെടല്‍ തെയ്യാട്ടം എന്ന ഈ ലഘുചിത്രം ഉറപ്പിച്ച് പറയുന്നുണ്ട്. ചന്ദനഗന്ധവും ഹവിസ്സുമില്ലാത്ത തെയ്യങ്ങളുടെ കീഴാളലാവണ്യം ഈ ചിത്രത്തിന്‍റെ തേജസ്സാണ്

ശൂളിയാര്‍ ഭഗവതി, കുറത്തിയമ്മ, വില്ലാരന്‍, ഒറ്റക്കോലം, മൂവാളംകുഴി ചാമുണ്ഡി, തീക്കുട്ടിച്ചാത്തന്‍, മൂച്ചിലോട്ടു ഭഗവതി, ഗുളികന്‍,കൈതച്ചാമുണ്ഡി,നെടുബാലിയന്‍, കതിവനൂര്‍ വീരന്‍ പുലിമറഞ്ഞ തൊണ്ടച്ചന്‍ തുടങ്ങിയ തെയ്യങ്ങളെ കൂടാതെ  പഞ്ചൂരുളിത്തോറ്റം, പുളിയും ചെമ്പകവും  കത്തിച്ചുകൂട്ടിയ മേലേരി ഇവയും നമ്മുടെ ശ്രദ്ധയിലെത്തിക്കുന്നു. എല്ലാം സമീപദൃശ്യങ്ങളാകയാല്‍ ഓരോ ഫ്രെയിമും ആകര്‍ഷകവും അഴകുറ്റതുമാണ്. ജനങ്ങളുടെ ആവേശവും കസേരയിട്ടു കാണുന്നവരുടെ നിര്‍മ്മമതയും ക്യാമറക്കണ്ണിലൂടെ കടന്നു പോകുന്നുണ്ട്. തെയ്യാവസ്ഥയുടെ ആവാഹനത്തിനായി മുഖത്തെഴുത്തിനു ശേഷം  കണ്ണാടിനോക്കുന്ന തെയ്യക്കാരന്‍ നമ്മുടെ നേരെയും ഒരു കണ്ണാടി പിടിക്കുന്നുണ്ട്.

ലോകത്തെവിടെയുമുള്ള  ഗോത്രജനതയോട് മലയാളികള്‍ക്കുള്ള കലാപരമായ സാഹോദര്യം ഈ ചിത്രം പറയാതെ പറയുന്നുണ്ട്.
ഇതുവരെ കണ്ട തെയ്യം ഡോക്കുമെന്ററികളില്‍ ഏറ്റവും മികച്ചതാണ് തെയ്യാട്ടം.


Friday, 17 September 2021

ഉടല്‍


ഉടലാണ് സത്യം
ഉടലില് നിന്നല്ലോ പറക്കുന്നു
ചിന്തയുടെ കുരുവിയും കഴുകനും
ഫീനിക്സ് പക്ഷിയും
ഉടലാണിരിപ്പിടം
പ്രണയത്തിന്, സ്നേഹമധുരം
പുരട്ടിയ അമ്മനിലാവിന്
ഉടലാണുറവിടം
കരുണയ്ക്ക് സ്മരണയ്ക്ക്
മഴവില്ലുകണ്ടു മദിക്കുമൊഴുക്കിന്
ഉടലാണ് വീട്
കൊടുംകാട്,സാഗര-
ച്ചുഴിയിലെ സ്രാവുവേട്ടക്കായൊരുങ്ങുന്ന
ധിഷണയ്ക്ക്
വിഷമിച്ചു നില്ക്കുമലിവിന്
ഉടലാണ് മാളം
ആത്മീയ സര്പ്പത്തിന്
പിടിമുറുക്കിക്കൊല്ലും
അര്ബ്ബുദ ഞണ്ടിന്
ഉടലാണ് കാമം
ഉടലാണ് കര്മ്മം
ഉടലുകള് ചാലിച്ചതല്ലോ ചരിത്രം

Wednesday, 15 September 2021

സംബോധനയിലെ സാദര സമീപനങ്ങള്‍

 

അങ്ങനെയൊരു കാലം ഉണ്ടായിരുന്നത്രെ. അല്‍പ്പമെങ്കിലും ഉയര്ന്ന വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലീസില്‍ പ്രവേശനം ഇല്ലാതിരുന്ന കാലം.

കായംകുളം കൊച്ചുണ്ണിയേയും ഇത്തിക്കര പക്കിയെയും വെള്ളായണി പരമുവിനെയുമൊക്കെ നേരിടേണ്ടിയിരുന്ന പോലീസുകാര്‍ക്ക് വിവരവും വിവേകവും ഉണ്ടാകാന്‍ പാടില്ലെന്ന് അന്നത്തെ ഭരണാധികാരികള്‍ തീരുമാനിച്ചു കാണും. 

തെറിമലയാളമായിരുന്നു പോലീസിന്‍റെ ഭരണഭാഷ. ഗരുഡന്‍ തൂക്കവും ഉരുട്ടും കാണാക്കസേരയിലെ ഇരുത്തലും  മറ്റുമായിരുന്നു പ്രയോഗഭാഷ. ഇന്നുവരെയുണ്ടായ എല്ലാ ഇടതു മുഖ്യമന്ത്രിമാരും പോലീസിന്‍റെ ഈ ഭാഷയും പ്രയോഗവും അനുഭവിച്ചവരാണ്.

പോലീസ് സേനയുടെ മുഖവാചകം കേട്ടാല്‍ കുബുദ്ധികള്‍ക്കെ ങ്കിലുംചിരി വരും. മൃദു ഭാവേ ദഢ കൃത്യേ എന്നാണത്. പെരുമാറ്റത്തില്‍ സൌമ്യതയും പ്രവൃത്തിയില്‍ ഉറപ്പും എന്നാണ് ആ ദേവഭാഷാ സൂക്തത്തിന്‍റെ ആശയം. പക്ഷേ ദേവഭാഷ ഇപ്പോള്‍ ദേവന്‍മാര്‍ക്കുപോലും അറിയാത്തതിനാല്‍ ഈ വാചകമടി ആരും ശ്രദ്ധിക്കാറില്ല. സര്‍വകലാശാല അടക്കമുള്ള പ്രസ്ഥാനങ്ങളുടെ മുന്‍പലകയില്‍ നിന്നും ഇനിയെങ്കിലും സംസ്കൃത സൂക്തങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ഏതാനും സംസ്കൃത പണ്ഡിതന്മാര്‍ മാത്രമല്ലല്ലോ ഈ പാമരകേരളത്തിലുള്ളത്.

പൊലീസുകാരെ ജനങ്ങള്‍ ഏമാന്‍, ഏട്ടദ്ദേഹം, അങ്ങത്ത, അവിടുന്ന് എന്നൊക്കെയാണ് സംബോധന ചെയ്തിരുന്നത്.നാട്ടുഭാഷയില്‍ ഇടിയന്‍, ഈനാംപേച്ചി, ചങ്കുവരട്ടി,പൂതം എന്നൊക്കെയും വിളിച്ചിരുന്നു. അവരാകട്ടെ ജനങ്ങളെ സ്നേഹപൂര്‍വം ഡാഷ് മോനേ/ളേന്നും വിളിച്ചിരുന്നു. സിനിമാനടന്‍ സത്യനാകുന്നതിന് മുന്‍പ് സബ് ഇന്‍സ്പെക്റ്റര്‍ ആയിരുന്ന സത്യനേശന്‍ നാടാര്‍ പുന്നപ്രവയലാര്‍ സമരസഖാക്കളെ മര്‍ദ്ദിച്ചതിന് സാഹിത്യ നിരൂപകന്‍ കെ.പി.അപ്പന്‍ സാക്ഷ്യം പറഞ്ഞിട്ടുണ്ടല്ലോ.

അതൊക്കെ പണ്ടുകാലം.പുതിയകാലത്ത് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരാളും നമ്മുടെ പോലീസ് സേനയിലില്ല.ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും ഒക്കെയുള്ളവര്‍ ധാരാളമായി പോലീസ് സേനയിലുണ്ട്. സംഘടനാപ്രവര്‍ത്തനം ഉണ്ടായതോടെ സേനയില്‍ സാമൂഹ്യബോധവും സുതാര്യതയും ഉണ്ടായി.അഴിമതിയും കൈക്കൂലിയും അസാധാരണമായി. .പല സ്റ്റേഷനുകളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ലൈബ്രറികളുണ്ടായി.
ഡ്രൈവര്‍മാര്‍ക്ക് കട്ടന്‍കാപ്പിയുമായി അര്‍ദ്ധരാത്രിയില്‍ റോഡില്‍ നില്‍ക്കുന്നപൊലീസുകാരെകാണാമെന്നായി.വനിതാപോലീസിന്‍റെ സാന്നിധ്യം സ്ത്രീകള്‍ക്ക് ആശ്വാസമായി.കവിതയും കഥയുമെഴുതുന്ന, പാട്ട് പാടുന്ന നാടകവും സിനിമയും ഓട്ടന്‍ തുള്ളല്‍ പോലും സ്വായത്തമാക്കിയ  സേനാംഗങ്ങള്‍ ധാരാളമുണ്ടായി. 

എങ്കിലും അപൂര്‍വം ചിലര്‍ പഴയ ഹാംഗ്ഓവറില്‍ ജനങ്ങളോട് പെരുമാറുന്നുണ്ട്. അവരെ ഉദ്ദേശിച്ചാകാം ഡി.ജി.പി യുടെ പുതിയ ഉത്തരവ്.എടാ എടീ നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും പാടില്ലെന്നാണ് ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുള്ളത്. പത്രം, ചാനല്‍, സാമൂഹ്യമാധ്യമങ്ങള്‍ ഇവയിലൂടെ പോലും  ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്യും.

സംബോധന ഒരു പ്രധാന സാംസ്ക്കാരിക മുദ്രയാണ്.പരസ്പര ബഹുമാനത്തോടെയുള്ള സംബോധനയാണ് പൊതുസമൂഹത്തില്‍  ആവശ്യമായിട്ടുള്ളത്.

ജനങ്ങളാണ് യഥാര്‍ത്ഥ ഭരണാധികാരികളെന്ന് തിരിച്ചറിഞ്ഞ പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത്, സര്‍,മേഡം അപേക്ഷിക്കുന്നു,അഭ്യര്‍ഥിക്കുന്നു തുടങ്ങിയ പ്രയോഗരീതിയകള്‍ ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കിയതും അഭിനന്ദനാര്‍ഹമാണ്. പാലക്കാട്ടുനിന്നുതന്നെയുള്ള ജനപ്രതിനിധിയായ നിയമസഭാസ്പീക്കര്‍ സഭയിലെ സര്‍ വിളി ഒഴിവാക്കുന്ന കാര്യം 
ഗൌരവമായി ആലോചിക്കുന്നുവെന്നതും അഭിനന്ദനാര്‍ഹമാണ്.
ചുമടെടുത്തവരുടെ ചരിത്രം സംസാരിക്കുന്ന കല്ലത്താണികളെ
സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ബോബന്‍ മാട്ടുമാന്ത മുന്നോട്ടുവച്ച ആശയമാണ് മാത്തൂര്‍ പഞ്ചായത്തിന്‍റെ കണ്ണില്‍ വിളക്ക് കത്തിച്ചത്.

ഇതിനോടനുബന്ധിച്ചൊരു ശ്രദ്ധേയമായ  പ്രസ്താവനയുണ്ടായത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍റെ ഭാഗത്തുനിന്നാണ്. യു.ഡി.എഫ് അധികാരത്തിലുള്ള പഞ്ചായത്തുകളിലെല്ലാം ഈ ആശയം നടപ്പിലാക്കുമത്രെ, നല്ലത്.. 

കോണ്ഗ്രസ്സുകാരില്‍ സംബോധനാപരമായ തുല്യതയില്ല. അവിടെ സാറും ചേട്ടനും ഇക്കയും മാഷുമൊക്കെയാണുള്ളത്.അതേ സമയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പരസ്പരം സഖാവേയെന്നു വിളിക്കാവുന്ന അസാധാരണവൈകാരികവൈദ്യുതിയുള്ള  സംബോധനാരൂപമുണ്ട്. സംഘടനാപരമായ അടിമത്ത മനോഭാവമാണ് പ്രായവും സ്ഥാനവും ജാതിയും മതവും സമ്പത്തും
നോക്കിയുള്ള സംബോധനകള്‍. സംഘടനയിലാണ് ആദ്യം ഈ ആശയം പ്രാവര്‍ത്തികമാക്കേണ്ടത്.

നിരപരാധിയുടെ മേല്‍ കുറ്റമാരോപിച്ചു മനപ്രയാസം വരുത്തിയ പോലീസുകാരിയെയും പോലീസുകാര്‍  അംഗങ്ങളായുള്ള വാട്ട്സാപ്പ് ഗ്രൂപ്പില്‍, രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ഗോഡ്സെയുടെ പ്രസംഗം പങ്കുവച്ച എ എസ് ഐ യെയും  നടപടിക്കു വിധേയമാക്കിയതിലൂടെ ഉന്നത പോലീസ് അധികാരികളുടെ ശ്രദ്ധ സ്വന്തം സേനാംഗങ്ങളിലും ഉണ്ടെന്ന് തെളിഞ്ഞിരിക്കയാണല്ലോ.

എല്ലാ രംഗത്തും സാംസ്കാരികമായ പരിവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.

Friday, 10 September 2021

മഹാഭാരതം - വ്യാസന്റെ സസ്യശാല - വായനാനുഭവം ----------------------------------------------------- വ്യാസ കഥാപാത്ര കവിതകൾ പൂജപ്പുര ആർ.സാംബൻ

 മഹാഭാരതം - വ്യാസന്റെ സസ്യശാല - വായനാനുഭവം

-----------------------------------------------------
വ്യാസ കഥാപാത്ര കവിതകൾ
പൂജപ്പുര ആർ.സാംബൻ
---------------------------------
കവിതകൾ സാമൂഹികമാറ്റത്തിന്റെ ഊർജ്ജസ്രോതസ്സുകളാണ്.
ആ അർത്ഥത്തിൽ കവികൾ വിപ്ലവകാരികളുമാണ്.
മലയാളഭാഷയുടെ പ്രിയകവിയാണ്
കുരീപ്പുഴശ്രീകുമാർ.

കവിത ഒരു അനുഭവമാക്കാൻ,
ആസ്വദിക്കാൻ, ആരാധനയോടെ സമീപിക്കാൻ നമുക്ക്
കരുത്തും കഴിവും തന്നു എന്നതാണ് കുരീപ്പുഴ ശ്രീകുമാർ
എന്ന കവിയുടെ പ്രസക്തി.

യുക്തിബോധത്തിന്റെ പച്ചമണ്ണിൽ കെട്ടിയുയർത്തിയ
ബിംബകല്പനകൾ ഒരേ സമയം ഉത്ക്കണ്ഠയും
ജാഗ്രതയും ഉയർത്തുന്നു. നിരർഥകമായ പ്രാർത്ഥനകൾക്കല്ല
മറിച്ച് സ്നേഹത്തിനു മാത്രമേ വേദന മുറ്റിത്തഴച്ച
ജീവിത വിസ്മയത്തെ സാർത്ഥകമാക്കാൻ കഴിയൂ
എന്ന് കവി ഉറക്കെയുറക്കെ പാടുന്നു.

മഹാഭാരതം - വ്യാസന്റെ സസ്യശാല എന്ന കൃതിയിൽ
സൂക്ഷ്മവത്ക്കരണവും അതിന്റെ സമഗ്രതയും ഉടനീളം
ദർശിക്കാനാകും. ചിരപരിചിതമായ വ്യാസ കഥാപാത്രങ്ങളെയും
വ്യാസനെയും 2 മുതൽ 8 വരെ വരികളുള്ള ചെറു
കവിതകളിലൂടെയാണ് ഈ കൃതിയിൽ പരിചയപ്പെടുത്തുന്നത്.
പുതിയ കാലത്തിൽ നിന്നുള്ള സൂക്ഷ്മനിരീക്ഷണങ്ങളാണ്
അവയെല്ലാം.

ചില ഉദാഹരണങ്ങളിലൂടെ കടന്നു പോകാം..

ശിഖണ്ഡി
--------------
ഉള്ളിൽ
പകക്കാറ്റടിക്കെ പറഞ്ഞു ഞാൻ
കൊല്ലുകല്ലെങ്കിൽ നീ
വില്ലുപേക്ഷിക്കുക.

യുധിഷ്ഠിരൻ
-------------------
എന്താണ് ധർമ്മം, അധർമ്മം?
എൻ ജീവിതം
സമ്മിശ്രവാദം തിമിർക്കുമകത്തളം
എന്താണ് സത്യം, അസത്യം?
എൻ ചിന്തകൾ
സംശയസേന ചൊടിക്കുമടർക്കളം
എന്താണ് തോൽവി, ജയം?
തോറ്റ കുട്ടി ഞാൻ
എന്നെ നയിക്കാഞ്ഞതെന്തു നീ മൂല്യമേ.

വ്യാസൻ
--------------
മഹാസങ്കടത്തിൻ
ജയം ജീവകാവ്യം
മഹാഭാരതത്തിൻ
നദീരയം ഭാവം
ഇതിൽ മുങ്ങി ഞാനും
നിവർന്നപ്പോഴേകം
മുഖത്തേക്ക് വീഴുന്നു
സൂര്യപ്രമാണം.
ശോകമേ ശ്ലോകം
ലോകമേ താളം
ജീവിതപ്പച്ചയേ വർണ്ണം.

(മിച്ചഭൂമി സമരത്തിൽ ഏ കെ ജിയോടൊപ്പം ജയിൽവാസം
അനുഭവിച്ച ലേഖകൻ പരന്ന വായനയുടെ അനുഭവസ്ഥനാണ്.
ജയശബ്ദം ഓൺലൈൻ പത്രത്തിലാണ് ഈ കുറിപ്പ്
പ്രസിദ്ധീകരിച്ചത്)

Saturday, 4 September 2021

മഹാഭാരതം - വ്യാസന്റെ സസ്യശാല- കവിയും സിനിമാ സംവിധായകനുമായ രാ.പ്രസാദിന്റെ പ്രതികരണം

 മഹാഭാരതം - വ്യാസന്റെ സസ്യശാല

------------------------------------------

കവിയും സിനിമാ സംവിധായകനുമായ രാ.പ്രസാദിന്റെ
പ്രതികരണം
------------
കവിത മുഖ്യധാരായിലില്ലാത്ത, ചൊൽക്കവിതകൾ
കാസറ്റിലേറിയ ഒരു കാലഘട്ടത്തിലും തന്റെ നേരിട്ടുള്ള
ഇടപെടലിലൂടെ ആസ്വാദകനിരയെ കാവ്യോന്മുഖമാക്കി
നിർത്തിയ  കാവ്യസഞ്ചാരം ഏറ്റവും ഒടുവിൽ പിന്നിട്ട
നാഴികക്കല്ലാണ് വ്യാസന്റെ സസ്യശാല.

വ്യാസമനസ്സ് പ്രസരിപ്പിക്കുകയും കൈമാറുകയും ചെയ്യുന്ന
രാഷ്ട്രീയ യുക്തികളുടെ കണ്ടെത്തൽ കൂടിയാണ്
ഈ ബൃഹദ് രചന.

പേര് സൂചിപ്പിക്കുന്ന വിധം, ഒട്ടേറെ ജീവജാലങ്ങളെക്കൂടി
പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ മഹാവനം കുരീപ്പുഴയാൽ
നിറയ്ക്കപ്പെട്ടിരിക്കുന്നത്. വ്യാസന്റെ നാരായം കോറിയിട്ട
ആഖ്യാനങ്ങളെ, ആയുധമുനയാക്കി  പരിവർത്തിക്കുന്ന
ഒരു പാൻ ഇന്ത്യൻ രചനയായി കുരീപ്പുഴയുടെ ഈ ഉദ്യമം
രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.
അതിന്റെ പുരോയാനം തുടങ്ങിയിട്ടേയുള്ളൂ.

Thursday, 2 September 2021

മഹാഭാരതം - ജി.പ്രമോദിന്റെ വായനക്കുറിപ്പ്. (മനോരമ ഓൺ ലൈൻ)

 മഹാഭാരതം - വ്യാസന്റെ സസ്യശാല

ജി.പ്രമോദിന്റെ വായനക്കുറിപ്പ്.
(മനോരമ ഓൺ ലൈൻ)
--------------------------------------------
വ്യാസന്റെ സസ്യശാല - കുരീപ്പുഴ ശ്രീകുമാറിന്റെ ഭാരതപര്യടനം
-------------------------------------------------------------
ആയിരത്തിലധികം കഥാപാത്രങ്ങളുണ്ട് മഹാഭാരതത്തിൽ.
ദൃശ്യവും അദൃശ്യവുമായ വന്മരങ്ങളുടെ മഹാവനമായ
കാവ്യത്തിലെ എണ്ണൂറോളം വ്യാസസസ്യങ്ങളെ അണിനിരത്തി
കുരീപ്പുഴ ശ്രീകുമാർ ഒരുക്കിയ കാവ്യപരമ്പരയാണ്
വ്യാസന്റെ സസ്യശാല എന്ന പുസ്തകം.

ലോക സാഹിത്യത്തിലെ മഹത്തായ കാവ്യപുസ്തകമെന്നു
കീർത്തി കേട്ട മഹാഭാരതത്തെ ആധുനികകാലത്തു
നിന്നുകൊണ്ട് പുനർവായിക്കാനുള്ള ശ്രമം.

ഭാവനയുടെ അനന്ത വിഹായസ്സായ കാവ്യത്തിൽ എന്താണ്
ഇല്ലാത്തതെന്ന ചോദ്യംഈ കാലത്തും പ്രസക്തമാണ്.
യുദ്ധവും സമാധാനവും കുറ്റവും ശിക്ഷയും നിന്ദിതരും
പീഡിതരും, അഗമ്യഗമനം സ്ത്രീ അപഹരണം ബലാൽസംഗം
ശവഭോഗം നരഹത്യ മൃഗഹത്യ  യാഗം സവർണ്ണാധിപത്യം
സ്വയംവരം സ്ത്രീയോടുള്ള ബഹുമാനം ചർവാക ദർശനം
സാംഖ്യം യാഗനിഷേധം പ്രണയം മാതൃകാദാമ്പത്യം
പ്രാണിസ്‌നേഹം ആദിവാസിജീവിതം തുടങ്ങി
എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ. അനന്ത വൈചിത്ര്യമുള്ള
കഥാപാത്രങ്ങൾ.

18 വർഷമായി ഭാരതപര്യടനം നടത്തുകയാണ് കുരീപ്പുഴ.
ചെറുതും വലുതുമായ കഥാപാത്രങ്ങളെക്കുറിച്ച് രണ്ടു
മുതൽ എട്ടു വരിവരെയുള്ള ചെറു കവിതകൾ.
ഒറ്റക്കവിതയായി വായിക്കാവുന്നതാണ് ഓരോ കവിതകളും.
കഥയുടെ തുടർച്ചയല്ല, കഥാപാത്രങ്ങളുടെ മനസ്സാണ് കവി
ഖനനം ചെയ്യുന്നത്.

പ്രശതരല്ലാത്തവരെ കുറിച്ചു മാത്രം ഒറ്റവരിയിൽ കുറിപ്പുകൾ
കൊടുത്തിട്ടുണ്ട്. അവയില്ലാതെ തന്നെ ഉള്ളിൽ ആഴത്തിൽ
കൊള്ളുന്നുണ്ട് കാവ്യശരങ്ങൾ. അക്ഷരമാലാക്രമത്തിൽ
യോജിപ്പിച്ചിട്ടുള്ള സമാഹാരത്തിൽ എവിടെനിന്ന് എങ്ങോട്ടും
വായിക്കാം. ഏതു സസ്യത്തെ അറിയാൻ ശ്രമിച്ചാലും
കവിതയുടെ ഫലം ഉറപ്പ് എന്നതാണ് വ്യാസന്റെ സസ്യശാലയിലൂടെ
കുരീപ്പുഴ ഉറപ്പു നൽകുന്നത്.

സാധാരണക്കാർക്ക് പരിചിതനല്ലാത്ത അകമ്പനൻ എന്ന
കഥാപാത്രത്തിലാണ് തുടക്കം. പുത്രമൃത്യുവാൽ ദുഃഖിതനായ
കൃതയുഗ രാജാവാണദ്ദേഹം. എട്ടുവരിയിൽ അകമ്പനന്റെ
ജീവിതം അനാവൃതമാകുന്നു.

അച്ഛനാമൊരു പർവതം ദൂരെ
പുത്രനാം പുഴ വറ്റുന്ന കണ്ടു
അച്ഛനാം മരം ചില്ല കരിഞ്ഞു
ദുഃഖിതനായ് വിലപിച്ചു കണ്ടു
അച്ഛനാം മണൽക്കാടൊട്ടകങ്ങൾ
നിശ്ചലരായ് കിടക്കുന്ന കണ്ടു
അച്ഛനാം ചന്ദ്രൻ ശീതകിരണം
മൃത്യുമേഘം മറയ്ക്കുന്ന കണ്ടു

അച്ഛനാം ചന്ദ്രന്റെ ശീതകിരണത്തെ മൃത്യുമേഘം മറയ്ക്കുന്ന
കാഴ്‌ച എട്ടുവരിയിൽ അനവദ്യസുന്ദരമായി കവി
അവതരിപ്പിക്കുന്നു.പാണ്ഡവന്മാരിലെ പ്രധാനി പോലെയോ
കർണ്ണൻ പോലെയോ അകമ്പനനും മനസ്സിൽ തറയുകയാണ്.
നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ചതു പോലെ, വെളിച്ചം
കെട്ടുപോയ ജീവിതത്തിൽ എന്നെന്നേക്കും.
തുറന്നിട്ട വാതിലിലേക്ക് ഏകാകിയായി ഉറ്റു നോക്കിരിക്കുന്ന
അച്ഛന്റെ ആലംബമില്ലാത്ത ദുഃഖത്തിൽ കവിത സഫലമാകുന്നു.

പുത്രമൃത്യുവിന്റെ അപരിഹാര്യമായ ശോകം വേട്ടയാടുന്ന
വ്യക്തിയാണ് കുരീപ്പുഴയുടെ അർജ്ജുനൻ. അസ്ത്രങ്ങളെന്തിന്,
ഗാണ്ഡിവമെന്തിനെന്ന് വിലപിക്കുന്ന വില്ലാളിവീരന്റെ
മനുഷ്യമുഖം. ശത്രുവ്യൂഹത്തിൽ പുത്രന്റെ രക്തമുണങ്ങിയോ
എന്ന് അർജ്ജുനൻ ആകുലപ്പെടുമ്പോൾ, നിസ്സഹായത്വമേ
മർത്യന്റെ ജീവിതം എന്നാണ് അഭിമന്യുവിന്റെ
അകം പൊരുൾ. എല്ലാവരുമുണ്ടായിട്ടും ആരും
രക്ഷിക്കാനെത്താത്ത ജീവിതം നിസ്സഹായത്വമല്ലെങ്കിൽ
മറ്റെന്താണ്.

ആരാണ് പുരുഷൻ എന്ന ചോദ്യമാണ് അംബ ഉയർത്തുന്നത്.
നേരറിയാത്ത, നേരെയല്ലാത്ത, കരുണയില്ലാത്ത കശ്മലൻ
എന്ന മറുപേരും അംബ പുരുഷനു നൽകുന്നുണ്ട്.
അവനുമായി ഏറ്റുമുട്ടുവാൻ എന്നിലെ വനിതയെ
വില്ലെടുപ്പിച്ച് നിർത്തുകയാണ് അംബ. ഇത് മഹാഭാരതത്തിന്റെ
ആധുനിക വായനയാണ്. സ്ത്രീപക്ഷ വായന. പെണ്ണെഴുത്ത്.
കാലം ഇതിഹാസ കാവ്യപുസ്തകത്തിനു കാത്തുവച്ച
കുലനീതി.

കൃഷ്ണനൊപ്പം കംസനും അണിനിരക്കുന്നുണ്ട് വ്യാസന്റെ
സസ്യശാലയിൽ. ചെയ്ത ക്രൂരതകളെല്ലാം പ്രാണരക്ഷയ്ക്ക്
വേണ്ടിയായിരുന്നെന്ന ഏറ്റുപറച്ചിലാണ് കംസന്റെ
കുറ്റസമ്മതത്തെ ശ്രദ്ധേയമാക്കുന്നത്.
"സിംഹജാഗ്രതയുള്ളിൽ ഗർജ്ജിക്കവേ
ഹംസമല്ല ഞാൻ പാറിപ്പറക്കുവാൻ"

മഹാഭാരതം ഒരിക്കലെങ്കിലും വായിച്ചവർക്കും ഒന്നിലധികം
തവണ വായിച്ചവർക്കും പുതിയ പൊരുളുകൾ നൽകും
കുരീപ്പുഴയുടെ ഭാരതം. ഇനിയും വായിക്കാത്തവർക്ക്
പുതിയ കാഴ്ചപ്പാടുകളോടു കൂടി ഇനിയെങ്കിലും വായിക്കാം.

ഈ സ്വതന്ത്ര കവിതകൾ സഫലമായ കാവ്യജീവിതത്തിന്റെ
സമ്മോഹനഫലങ്ങളായി മലയാള കാവ്യശാഖയെ
സമ്പന്നമാക്കുന്നു.