കുട്ടികൾ പഠിക്കുന്നു, ശബ്ദമുണ്ടാക്കരുത്
------------------------------
കേരളത്തിലെ കുട്ടികൾ ക്രിസ്തുമസ് പരീക്ഷ അടക്കമുള്ള വിവിധ പരീക്ഷകൾക്ക്
തയ്യാറെടുക്കുന്ന സമയമാണിത്. പകലന്തിയോളം വലിയ ശബ്ദമുണ്ടാക്കി അവരുടെ പഠനം തടസ്സപ്പെടുത്തരുത്. കേരള സർക്കാർ ഇക്കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ട് 2023 നവംബർ 23 നു ആഭ്യന്തര വകുപ്പിലൂടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കുട്ടികൾ നന്നായി വായിച്ചും പഠിച്ചും വിജയിക്കേണ്ടവരാണ്. അവരിലാണ് കേരളത്തിന്റെ നല്ല ഭാവി കുടികൊള്ളുന്നത്. വളരെ ശ്രദ്ധയോടെ തയ്യാറാക്കിയിട്ടുള്ള ഈ ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും പരിസ്ഥിതിവകുപ്പിനും എല്ലാം യഥാസമയം അയച്ചുകൊടുത്തിട്ടുമുണ്ട്. ദേശീയ ബാലാവകാശക്കമ്മീഷന്റെ കത്തും സംസ്ഥാന പോലീസ് മേധാവിയുടെ കത്തുകളും സൂചിപ്പിച്ചിട്ടുള്ള ഈ ഉത്തരവിൽ വളരെ കൃത്യതയോടെ സമൂഹം പാലിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാമൂഹ്യവും മതപരവും രാഷ്ട്രീയവുമായുള്ള ചടങ്ങുകളിലും മറ്റു സന്ദർഭങ്ങളിലും അമിത ശബ്ദത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടുണ്ടാകുന്നു എന്ന് മാത്രമല്ല, പരീക്ഷകളിൽ നന്നായി കഴിവ് പ്രകടിപ്പിക്കാനും സാധിക്കുന്നില്ല. രാവിലെ ആറുമണിക്കും രാത്രിയിൽ പത്തുമണിക്കും ഇടയിൽ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുപോലും വലിയ ശബ്ദമുണ്ടാക്കരുത്. അമിതമായ ശബ്ദം പഠനത്തെ മാത്രമല്ല കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അവർക്ക് ഉറക്കക്കുറവുണ്ടാകും. മാനസികസമ്മർദ്ദം വർധിക്കും.നിരന്തരമായ തലവേദന അനുഭവപ്പെടും.ക്രമേണ കേൾവിനാശം ഉണ്ടാകും. മനസ്സ് അസ്വസ്ഥമാകുന്നതിനാൽ അപകടകരമായ അമിതാകാംക്ഷ വളരെ വർധിക്കും. ഓർമ്മക്കുറവുണ്ടാകും . കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വവും സ്വസ്ഥതയും നൽകുകയെന്നത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്വമാണ്.
ശബ്ദമലിനീകരണ നിയന്ത്രണം സംബന്ധിച്ച് സമൂഹത്തിനു പ്രയോജനപ്രദമായ രീതിയിൽ ഉണ്ടായിട്ടുള്ള കോടതി നിർദ്ദേശങ്ങളും ഉത്തരവുകളുമെല്ലാം നടപ്പിലാവാതെപോകുന്ന ദുരവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. മുന്നൂറ്ററുപത്തഞ്ചു ദിവസവും കൂടുതൽ സമയം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നത് ഹിന്ദുമത സ്ഥാപനങ്ങളാണ്. അഞ്ചു നേരത്തെ നിസ്‌കാര അറിയിപ്പുമായി ഇസ്‌ലാം മതസ്ഥാപനങ്ങൾ ഉയർത്തുന്ന അമിതശബ്ദം ഒരു ദിവസം ആകെക്കൂടി ഇരുപതു മിനിറ്റിൽ കൂടുതൽ വരുന്നില്ല. മതപ്രസംഗങ്ങൾ നടക്കുന്ന ചില ദിവസങ്ങളിൽ രാത്രികാലങ്ങളിൽ കുറേമണിക്കൂറുകൾ അമിത ശബ്ദത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാറുണ്ട്. അടുത്തകാലത്ത് ചില പള്ളികളിൽ ഉച്ചയ്ക്കുള്ള പ്രസംഗത്തിനും
ഉച്ചഭാഷിണി പുറത്തേക്കുവച്ചു ഉപയോഗിക്കുന്നുണ്ട്. കിസ്തുമതത്തിലെ ചില വിഭാഗങ്ങൾ ഞായറാഴ്ചകളിൽ അതി കഠിനമായി ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്ത് മുങ്ങിയതിനു ശേഷം ഇപ്പോൾ പൊങ്ങിവന്നിട്ടുള്ള ദൈവീക രോഗശുശ്രൂഷാ പരിപാടികളിലും അമിതമായ ശബ്ദം ഉണ്ടാകുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിലും നിത്യേന പാട്ടോ പ്രസംഗമോ മൈക്ക് വച്ച് കേൾപ്പിക്കുന്നില്ല. ഉയർന്ന തൂണുകളിലും മറ്റും ഉച്ചഭാഷിണി സ്ഥാപിച്ചിട്ടുള്ള ഒരു പാർട്ടിഓഫീസും കേരളത്തിലില്ല. സാംസ്ക്കാരിക സമ്മേളനങ്ങളെല്ലാം അനുവദനീയമായ രീതിയിലുള്ള ശബ്ദമേ ഉപയോഗിക്കുന്നുള്ളൂ. മിക്ക സമ്മേളനങ്ങളും ഹാളുകൾക്കുള്ളിലാണ് നടക്കാറുള്ളത്. ഞാൻ ഒടുവിൽ പങ്കെടുത്ത സമ്മേളനം പുത്തൂരിൽ നടന്ന ഇപ്റ്റയുടെ സമ്മേളനമാണ്. തീർത്തും മാതൃകാപരമായാണ് അവിടെ ശബ്ദം വിന്യസിച്ചിരുന്നത്. കുഞ്ഞുങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് മതങ്ങളുടെയും ഉത്തരവാദിത്വമാണ്.
എന്തുകൊണ്ടാണ് ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നത്? പ്രധാനമായും മതരാഷ്ട്രീയപ്പാർട്ടികളുടെ സമരഭീഷണിയാണ് തടസ്സം സൃഷ്ടിക്കുന്നത്. നമ്മുടെ പോലീസ് സേനയിലാണെങ്കിൽ അഗ്രം മുതൽ അടിത്തട്ടുവരെ മതസംഘടനകളോട് വിധേയത്വമുള്ളവർ ഉണ്ട്. അവർ കണ്ണടയ്ക്കുന്നതും ഒരു കാരണമാണ്. മതരാഷ്ട്രീയപാർട്ടിയുടെ സമരഭീഷണിക്ക് നല്ലൊരു ഉദാഹരണം കൊല്ലം ജില്ലയിലെ മൺട്രോതുരുത്തിൽ നടന്ന റോഡ് ഉപരോധമാണ്. ഭാരതീയ വെറുപ്പ് ഫാക്റ്ററിയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്.
ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തും ഇതുപോലെയുള്ള ശബ്ദമലിനീകരണമില്ല. ഇന്ത്യയിൽ തന്നെ കേരളത്തിന് പുറത്ത് ഉഗ്രശബ്ദത്തിലുള്ള പുരാണ പാരായണവുമില്ല. നമ്മളെന്നാണ്
പരദ്രോഹം കൂടാതെ ജീവിക്കുന്ന നല്ല ജനതയാകുന്നത്? നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്നാണു സ്വസ്ഥതയോടെ പഠിച്ചു പരീക്ഷയ്ക്കിരിക്കാൻ സാധിക്കുന്നത്?
Tuesday, 3 December 2024
കുട്ടികൾ പഠിക്കുന്നു, ശബ്ദമുണ്ടാക്കരുത്
Subscribe to:
Posts (Atom)