കപ്പയൂരപ്പനും വയലാറും
------------------------------
മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വയലാർ രാമവർമ്മയുടെ പ്രസിദ്ധമായ കവിതയാണ് ഒരു ദൈവം കൂടി. രണ്ടുകാലിലും മലപോലെ മന്തുള്ള കുണ്ടുണ്ണിമേനോന്റെ ഉയർച്ചതാഴ്ചകളുടെ ചിത്രമാണ് ആ കവിതയിലുള്ളത്.
തറവാടിയായ കുണ്ടുണ്ണിമേനോന് ദരിദ്രജീവിതാവസ്ഥ ഉണ്ടാവുകയും തറവാട് പുതുപ്പണക്കാരനായ അത്തിമിറ്റത്തെ ലോനപ്പന് വിൽക്കേണ്ടിവരുകയും ചെയ്യുന്നു. അവിടെ പുതിയൊരു ബംഗ്ളാവ് പണിയിക്കാനായി സർപ്പവിഗ്രഹങ്ങളുള്ള ചിത്രകൂടം വെട്ടിത്തെളിക്കാൻ ലോനപ്പൻ തീരുമാനിക്കുന്നു. ചിത്രകൂടങ്ങളിൽ കാലമർത്തിക്കൊണ്ട് ക്രിസ്ത്യാനികൾ പാലവെട്ടിമറിച്ചപ്പോൾ കോടാലി ഒടിഞ്ഞു തെറിച്ച് ലോനപ്പന്റെ നെഞ്ചത്തുതന്നെ കൊള്ളൂകയും ലോനപ്പൻ പിടഞ്ഞുമരിക്കുകയും ചെയ്യുന്നു. പലമരത്തിന്റെ വേരിന്റെ അടിയിൽ ഒരു നീലക്കരിങ്കൽ പ്രതിമ ചിലർ കാണുന്നു. വളരെ പെട്ടെന്നാണ് അവിടെ പുതിയൊരു ക്ഷേത്രസംസ്ക്കാരം രൂപം കൊള്ളുന്നത്. വെളിച്ചപ്പാടെത്തി തുള്ളിയലറി ഭരദേവതയെന്നു വെളിച്ചപ്പെടുകയും കുണ്ടുണ്ണിമേനോനെ വിളിച്ചുവരുത്തി അനുഗ്രഹിക്കുകയും ചെയ്യുന്നു. ലോനപ്പന്റെ വീട്ടുകാർ വിലക്കുവാങ്ങിയ ഭൂമി സൗജന്യമായി തിരിച്ചുകൊടുക്കുന്നു.ആ പാലയുടെ തൊലിയരച്ചു പുരട്ടിയാൽ സർവ്വരോഗങ്ങളും മാറുമെന്ന പ്രചാരണം ഉണ്ടാകുന്നു. മുടന്തൻ അയ്യന്റെ മുടന്തു മാറിയെന്നും ഉണ്ണിക്കുറുപ്പിന് കാഴ്ച കിട്ടിയെന്നും ഊമനമ്പൂതിരി കീർത്തനം ചൊല്ലിയെന്നും അന്തോണിയുടെ ഭ്രാന്തുമാറിയെന്നും പ്രചാരണമുണ്ടായി.അവിടെ ചായക്കടകളും മുറുക്കാൻ കടകളും കൈത്തറിസ്റ്റാളും അധികം അകലെയല്ലാതെയൊരു ചാരായഷാപ്പും പ്രവർത്തിച്ചു തുടങ്ങി. ഭക്തകവിയൊരാൾ അവിടെവന്നൊരു ഗദ്ഗദ കാവ്യം പോലും രചിച്ചു കളഞ്ഞൂ. ഏഴിലംപാലമരപ്പൊത്തിലിത്രനാൾ ഏതൊന്നിനായി തപസ്സിരുന്നൂ ഭവാൻ! കുണ്ടുണ്ണിമേനോൻ അമ്പലക്കമ്മിറ്റി അധ്യക്ഷനാവുകയും പിന്നെയും പണക്കാരനാവുകയും ചെയ്തു.
ഭാവികാലത്ത് ഈ കവിത പ്രതിലോമകാരികൾ ദൃഷ്ടാന്തമായി ഉദാഹരിച്ചേക്കാൻ സാധ്യതയുണ്ടാകുമെന്നു കരുതിയാകാം, ആ കവിത വയലാർ അവസാനിപ്പിക്കുന്നത് ഒരു കുസൃതിക്കുടുക്കയുടെ വാക്കുകളോടെയാണ്. സാധിക്കുകില്ലേ ഭഗവാനുപോലുമീ സാറിന്റെ കാലിലെ മന്ത് മാറ്റിടുവാൻ!
ഈ കവിതയ്ക്ക് പിന്നിലെ കഥ അടുത്തകാലത് പ്രസിദ്ധ സിനിമാഗാന നിരൂപകനായ ടി.പി.ശാസ്തമംഗലം അനുസ്മരിച്ചിരുന്നു. കുറിച്ചിത്താനത്ത് ഒരു സ്‌കൂളിൽ പ്രസംഗിക്കാൻ പോയ വയലാർ, പാലായ്ക്കടുത്തുള്ള കടപ്പാട്ടൂരിൽ ഒരു വിഗ്രഹം കണ്ടെത്തിയ വാർത്ത കാട്ടുതീപോലെ പടർന്നതറിഞ്ഞ് അത് പോയിക്കാണുന്നു. ഒരു ഷെഡിൽ കാണിക്കപ്പാത്രത്തിനു പിന്നിലായി വച്ചിരിക്കുന്ന വിഗ്രഹത്തെ കാണുകയും ചെയ്തു. 1961 ൽ
ആയിരുന്നു ഈ സംഭവം ഉണ്ടായത്. ഇതിൽ നിന്നും പ്രചോദിതനായ വയലാർ ഒരു ദൈവം
കൂടിയെന്ന കവിതയെഴുതുകയും 1961 ജൂലായിൽ പ്രസിദ്ധീകരിച്ച സർഗ്ഗസംഗീതം എന്ന കാവ്യസമാഹാരത്തിൽ ചേർക്കുകയും ഈ പുസ്തകം കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമാവുകയും ചെയ്തു.
കാലം വളരെ കടന്നുപോയെങ്കിലും ഇത്തരം ദൈവീകാത്ഭുതതന്ത്രങ്ങൾ ഇപ്പോഴും സംഭവിക്കുന്നുണ്ട്. പാലാ ബിഷപ്പിന്റെ അധീനതയിലുള്ള ഭൂമി കപ്പ നടാൻ വേണ്ടി കിളച്ചപ്പോൾ ഒരു വിഗ്രഹം കിട്ടിയിരിക്കുന്നു. പൂജയും തുടങ്ങിയിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ സമാധിക്ക് ശേഷമാണ് ആയിരത്തൊമ്പത് മഹാമണ്ഡലു കമണ്ഡലുവായി ഈ സർവ്വേക്കല്ല് പ്രത്യക്ഷപെട്ടിരിക്കുന്നത്. ഇനി കപ്പയൂരപ്പന്റെ കളികളാണ് കാണാൻ പോകുന്നത്. അവിടെ കിണറാഴത്തിൽ കാണിക്കപ്പെട്ടി വരും. രസീതുബക്കും കിംവദന്തികളും വരും. ഉച്ചഭാഷിണികൾ വൈദ്യുതത്തൂണുകളിൽ കെട്ടും. വിദ്യാർത്ഥികളെയും കിടപ്പുരോഗികളെയും പിഞ്ചുകുഞ്ഞുങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പുരാണപാരായണം വരും. കപ്പയൂരപ്പന്റെ പേരിൽ സ്വാശ്രയ കോളജുകളും ലോഡ്ജുകളും ആശുപത്രികളും വരും. ഒരു ആരാധനാലയം തുറന്നിടുന്ന സാദ്ധ്യതകൾ വളരെ വലുതാണല്ലോ. കപ്പയൂരപ്പൻ ഗുരുവായൂരപ്പനു സമാന്തരമായി പുഷ്ടിപ്രാപിക്കും. പള്ളി പൊളിച്ചു ദുരാഗ്രഹം പോലെ വിഗ്രഹം പ്രതിഷ്ഠിക്കുകയും കുംഭമേളക്കാലത്ത് മലിനഗംഗയിൽ മുങ്ങി മാതൃകയാവുകയും ചെയ്ത ഭരണകൂടം ഇതിനെല്ലാം കവചമൊരുക്കും. മാന്യതയുടെയും സഹിഷ്ണുതയുടെയും ഭയത്തിന്റെയും ആവരണം നമ്മൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
Wednesday, 26 February 2025
കപ്പയൂരപ്പനും വയലാറും
Monday, 10 February 2025
പങ്കാളിത്ത പുരസ്ക്കാരം കോടതിയിൽ
പങ്കാളിത്ത പുരസ്ക്കാരം കോടതിയിൽ
-----------------------------------------------
കോൺട്രിബ്യൂട്ടറി പെൻഷൻ അല്ലെങ്കിൽ പങ്കാളിത്ത പെൻഷൻ എന്ന പ്രയോഗം സർവ്വസാധാരണമായിട്ട് അധികകാലമായിട്ടില്ല. അതിനും വളരെ മുൻപുതന്നെ ഈ സമ്പ്രദായം പുസ്തകപ്രസാധന രംഗത്ത് നടപ്പിലാക്കപ്പെട്ടിരുന്നു. പ്രമുഖ പ്രസാധകർ സന്ദർഭം നല്കുന്നില്ലെന്ന അവസ്ഥ നിലനിന്നകാലത്താണ് ഒരു പ്രതിരോധ പ്രവർത്തനം എന്ന നിലയിൽ ചെറു പ്രസാധകർ ഉദയം ചെയ്തത്. ആദ്യമൊക്കെ ഇവരുടെ പ്രവർത്തനം ആശ്വാസപ്രദവും മാതൃകാപരവും ആയിരുന്നു. പിന്നീട് പല പ്രസാധകരും എഴുത്തുകാരുടെ ചോരയൂറ്റിക്കുടിക്കുന്ന കൊതുകും മൂട്ടയുമായി. വലിയ രീതിയിലുള്ള വിശ്വാസവഞ്ചന ഈ രംഗത്തുണ്ടായി. കവിയശപ്രാർത്ഥികളായ പാവങ്ങളിൽ നിന്നും ഈ മൂട്ടകൾ വലിയ തോതിൽ പണം ഇടാക്കിത്തുടങ്ങി. കരാറൊന്നും ഇല്ലാതെതന്നെ ആയിരവും രണ്ടായിരവും കോപ്പികളുടെ
വില ഈടാക്കുകയും കുറച്ചുകോപ്പികൾ മാത്രം അച്ചടിച്ച് ഇരകളെത്തന്നെ മടക്കിയേൽപ്പിച്ച് സംതൃപ്തരാക്കുകയും ചെയ്തു. അങ്ങനെയാണ് പങ്കാളിത്ത പ്രസാധനം രൂപപ്പെട്ടത്. നന്മയുടെ ചെറു മധുരമെങ്കിലും ആദ്യകാലത്ത് ഈ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്നു.
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പങ്കാളിത്ത പുരസ്ക്കാരം.കുഞ്ചൻ നമ്പ്യാർ മുതൽ കൊങ്ങാണ്ടൂർ വരെയുള്ളവരുടെ പേരിൽ പുരസ്ക്കാരം പ്രഖ്യാപിക്കും.അവാർഡ് തുകമുതൽ അനുമോദനസമ്മേളനം സംഘടിപ്പിക്കുന്ന ചെലവുവരെ അവാർഡിതരാകുന്ന എഴുത്തുകാർ നൽകേണ്ടതുണ്ട്. ആരുടെ പേരിലുള്ള അവാർഡാണ് വേണ്ടതെന്നുപോലും എഴുത്തുകാർക്ക് നിശ്ചയിക്കാം. റേറ്റ് വ്യത്യാസം ഉണ്ടാകുമെന്നുമാത്രം. പ്രശസ്തി പലകയും സാക്ഷ്യപത്രവും കൂടാതെ പൊന്നാട വേണമെങ്കിൽ അതിനുള്ള ചെലവ് പ്രത്യേകമായും നൽകേണ്ടതാണ്.
അവാർഡ് തുക മിക്കവാറും കട്ടിക്കവറിൽ അടക്കം ചെയ്ത ശൂന്യാകാശമോ ഭാഗ്യക്കുറി ടിക്കറ്റോ ആയിരിക്കും.
മുതിർന്ന കമ്മ്യൂണീസ്റ്റ് പന്ന്യൻ രവീന്ദ്രനാണ് വിശിഷ്ടാതിഥിയായി വരുന്നതെങ്കിൽ അവാർഡ് കവർ അദ്ദേഹം പരസ്യമായി പൊട്ടിച്ചു നോക്കുകയും ജനങ്ങളെ സാക്ഷിനിർത്തി സമ്മാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അവാർഡ് തട്ടിപ്പുകളെ കുറിച്ചുള്ള പല പരാതികളും അദ്ദേഹത്തിന് ലഭിച്ചതുകൊണ്ടാകാം ഇങ്ങനെയൊരു രീതി സ്വീകരിച്ചത്.
പങ്കാളിത്ത പുരസ്‌ക്കാരരീതി ആരംഭിച്ചത് ഒരു പ്രവാസി കവിയിൽ നിന്നാണ്. ദീർഘകാലം ദൂരദേശത്ത് ജോലിചെയ്ത അദ്ദേഹം പെൻഷൻ പറ്റിയപ്പോൾ ഒരാഗ്രഹം അറിയിച്ചു. പെൻഷൻ ആനുകൂല്യമായി കിട്ടുന്ന വലിയ തുക ഒരു ചടങ്ങുനടത്തി അവാർഡായി കിട്ടണം. എല്ലാ ചെലവുകളും ഈ തുകയിൽ നിന്ന് കണ്ടെത്താം. സമ്മേളനം ഗംഭീരമായി നടന്നു. പെൻഷൻ ആനുകൂല്യം അവാർഡ് തുകയായി നൽകുകയും ചെയ്തു. ഒരു ഇന്ത്യൻ ദേവതയുടെ പേരിലുള്ള ആ പുരസ്കാരം അതിനുശേഷം മറ്റാർക്കും ലഭിച്ചിട്ടുമില്ല.
പങ്കാളിത്ത പുരസ്ക്കാരം കോടതികയറിയത് കൊല്ലത്താണ്.
കൊല്ലം പശ്ചാത്തലമാക്കിത്തന്നെ കവിതക്കേസ് എന്ന പ്രസിദ്ധമായ ഒരു കൃതി അഭിഭാഷകൻ കൂടിയായിരുന്ന ഫലിതസാഹിത്യ കാരൻ ഇ.വി.കൃഷ്ണപിള്ള രചിച്ചിട്ടുണ്ടല്ലോ. എഴുതിയകവിതകൾ ആളുകളെ ബലമായി വായിച്ചു കേൾപ്പിക്കുന്ന ഒരു കവി. അയാളെ പേടിച്ച് ആളുകൾ മറ്റുവഴികൾ തേടിപ്പോയി. ഭാര്യയാണെങ്കിൽ കവിതയെല്ലാം കൂട്ടിയിട്ടു കത്തിച്ചു. കവിക്ക് എല്ലാം മനഃപാഠം ആയിരുന്നതിനാൽ കവിത അക്ഷരങ്ങളിൽ പുനർജനിച്ചു. ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു. കോടതിയിൽ നടക്കുന്ന രസകരമായ വിചാരണയും ജഡ്ജിയുടെ വിചിത്രമായ വിധിയുമൊക്കെയായിരുന്നു ആ കൃതിയിൽ ഉണ്ടായിരുന്നത്.
ഇപ്പോഴത്തെ കേസ് പുനലൂരിൽ നിന്നും ആരംഭിച്ചതാണ്. ഇരുപത്തയ്യായിരം രൂപയും കീർത്തിഫലകവും സർട്ടിഫിക്കറ്റും വാഗ്ദാനം ചെയ്ത ആ അവാര്ഡിനുവേണ്ടി, കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജിലെ ആദരണീയനായ പ്രൊഫസറും കവിയും വിവർത്തകനും പരിസ്ഥിതി പ്രവർത്തകനും പൗരപ്രമുഖനുമായ വെള്ളിമൺ നെൽസൺ കവിത അയക്കുന്നു. ഭാരവാഹികൾ പല ആവശ്യങ്ങൾ പറഞ്ഞ് അദ്ദേഹത്തിൽ നിന്നും പണം കൈപ്പറ്റുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണ് മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്റെ അസൗകര്യം മൂലം അവാർഡ് ദാനം നടന്നില്ല. ക്ഷണിക്കപ്പെട്ടവർക്കെല്ലാം കോഴിബിരിയാനി നൽകണമെന്ന ആവശ്യവും ഉണ്ടായിരുന്നു. ഇതിൽ ദുഃഖിതനായാണ് നെൽസൺ മാഷ് കോടതിയെ സമീപിച്ചത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ ഡി.സുരേഷ് കുമാറും ഹാജരായി. കവിതക്കേസിനെ ഓർമ്മിപ്പിക്കുന്ന വിചാരണയ്ക്ക് ശേഷം കവിയുടെ ഹർജി തള്ളിക്കൊണ്ട് കോടതി ഇപ്പൊൾ ഉത്തരവായി.
മേൽക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ കവി.
പങ്കാളിത്ത പുരസ്ക്കാരം കളം നിറഞ്ഞാടുന്ന കേരളത്തിൽ ഇത്തരം കവിതക്കേസുകൾ ഇനിയും പ്രതീക്ഷിക്കാവുന്നതാണ്.
Subscribe to:
Posts (Atom)