Tuesday, 10 February 2026
മാമാങ്കവും കുംഭമേളയും
മാമാങ്കവും കുംഭമേളയും
-------------------------------
വളരെ വർഷം മുൻപൊരിക്കൽ തിരുനാവായിലെത്തിയത് നാവാമുകുന്ദനെ നന്ദർശിച്ച് അനുഗ്രഹം വാങ്ങാനായിരുന്നില്ല. തിരുനല്ലൂർ കരുണാകരന്റെ സഹോദരൻ തിരുനല്ലൂർ സമദിനെ കാണാൻ ആയിരുന്നു. മുൻപ് അദ്ദേഹം തിരുനല്ലൂർ വാസുദേവൻ ആയിരുന്നു. സംതൃപ്തനാണു ഞാൻ എന്റെ ദു:ഖങ്ങളാൽ / സമ്പന്നനാണു ഞാൻ എൻ കാവ്യധാരയാൽ എന്നെഴുതിയ പ്രണയി. ധ്യാനരാത്രിയെന്ന പുസ്തകവും നിരവധി നാടകഗാനങ്ങളും മലയാളത്തിന് സമ്മാനിച്ച പ്രതിഭ. തെരഞ്ഞെടുപ്പിൽ മത്സരിച്ച വിപ്ലവകാരി. ഖുർആനെ ആഴത്തിൽ മനസ്സിലാക്കിയ പണ്ഡിതൻ. ആ യാത്രയിൽ മേൽപ്പത്തൂർ സ്മൃതിമണ്ഡപവും സാമൂതിരിയുടെ നിലപാടുതറയും, ഒരു ആശുപത്രിയുടെ മാലിന്യനിക്ഷേപക്കുഴിയായി മാറിയിരുന്ന മണിക്കിണറും ചതിയൻപുഴയെന്നുകൂടി വട്ടപ്പേരുള്ള ഭാരതപ്പുഴയും കണ്ടു.അവിടെയാണ് ഇപ്പോൾ കുംഭമേള നടന്നത്.
എന്താണ് കുംഭമേള? അത് ഹരിദ്വാറിലും അലഹാബാദിലെ പ്രയാഗ് രാജിലും ഉജ്ജയിനിയിലും നാസിക്കിലും നടത്തിയിരുന്ന ഒരു ഹിന്ദുമതമേളയാണ്. മാംസഭുക്കുകളും കഞ്ചാവുപ്രിയരുമായ അഘോരികളാണ് കുംഭമേളയിലെ താരങ്ങൾ. ഉടുതുണിയിൽ വിശ്വസിക്കാത്ത നാഗസന്യാസിമാരാണു ഉപതാരങ്ങൾ. ആറ്,പന്ത്രണ്ട്, നൂറ്റിനാൽപ്പത്തിനാല് വർഷങ്ങൾ കൂടുമ്പോഴാണ് കുംഭമേള നടത്തുന്നത്. ഒരോ മേളയിലും തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരണമടയാറുമുണ്ട്. കെട്ടുകഥയിലെ മോഹിനി, അസുരന്മാരിൽനിന്നും അമൃതുകുടം അടിച്ചുമാറ്റി കൊണ്ടോടിയപ്പോൾ തുള്ളി തുള്ളിയായി തെറിച്ചു വീണ സ്ഥലങ്ങളിലാണത്രെ കുംഭമേള നടത്തുന്നത്. അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽ ഒരു തുള്ളിപോലും കേരളത്തിലെങ്ങും വീണിട്ടില്ല. മോഹിനിയായി മേക്കപ്പിട്ട വിഷ്ണുവിന് ശിവനിൽ പിറന്നതാണ് പുലിവാഹനൻ അയ്യപ്പൻ എന്നൊരു കള്ളക്കഥ നിലവിലുണ്ടെങ്കിലും കുംഭമേളയ്ക്ക് പമ്പാനദി എന്തായാലും തെരഞ്ഞെടുക്കപ്പെട്ടില്ല.അത്രയും മാലിന്യവൽക്കരണം ഒഴിവായിക്കിട്ടി. പകരം, ഭാരതപ്പുഴ മാലിന്യവൽക്കരിക്കപ്പെട്ടു. മുല്ലനേഴി, നിളയെന്നു കൊഞ്ചിച്ച, എഴുത്തച്ഛന്റെയും വൈലോപ്പിള്ളിയുടെയും പി.കുഞ്ഞിരാമൻ നായരുടെയും പ്രിയനദിയാണ് ഭാരതപ്പുഴ. അവിടെ ഒരിക്കലും കുംഭമേള നടന്നിട്ടില്ല. കഥയനുസരിച്ച് അവിടെ നടത്താനും പാടില്ല.
ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്നത് മാമാങ്കമാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിൽ ആവർത്തിച്ച മാമാങ്കം. അതെ, ബിച്ചു തിരുമലയെഴുതി, രവീന്ദ്രൻ ഈണപ്പെടുത്തി യേശുദാസ് പാടിയ പാട്ടിലൂടെ പുതിയ തലമുറ പരിചയപ്പെട്ട അതേ മാമാങ്കം.
കോഴിക്കോട് സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിൽ നടന്ന പൊരിഞ്ഞ യുദ്ധത്തിന്റെയും അധികാര കൈമാറ്റത്തിന്റെയും കഥയാണ് മാമാങ്കത്തിൽ ഉള്ളത്. വള്ളുവക്കോനാതിരിയുടെ പടയാളികളാണ് ചാവേർപ്പടയാളികളായി മരണം ഏറ്റുവാങ്ങിയിരുന്നത്. പന്ത്രണ്ടു വർഷത്തിൽ ഒരിക്കലാണ് ഈ മരണമഹോത്സവം നടത്തിയിരുന്നത്. കുന്തക്കാരും കുതിരക്കാരും പന്തക്കാരും പരിചക്കാരും പരിചയക്കാരും തിരിച്ചുവന്നിട്ടും പടയ്ക്കു പോയ മകനെ കാത്ത്, പടിക്കൽ കുത്തുവിളക്കായി നിൽക്കുന്ന അമ്മയുടെ ചിത്രം മലയാളകവിതയിലുണ്ട്. അശോകമഹാരാജാവ് ബുദ്ധമതത്തിൽ ചേർന്നതിന്റെ ഓർമ്മയ്ക്കായി പണ്ട് കേരളത്തിലേ ബുദ്ധമതക്കാർ മാഘമാസത്തിലെ പൂയംനാളിൽ തിരുനാവയിൽ ഉത്സവം കൊണ്ടാടിയിരുന്നുവെന്നും ഗവേഷകർ പറയുന്നുണ്ട്. ഹൈദരാലിയുടെ പടയോട്ടത്തോടെ മാമാങ്കത്തിനു തിരശീലയും വീണു.
മാമാങ്കം ആ രൂപത്തിൽ ഒരിക്കലും ആവർത്തിക്കാൻ കഴിയില്ല. ഇന്ന് മാമാങ്കത്തിന്റെ അർത്ഥം മാറിയിട്ടുണ്ട്. അമിതമായ സാമ്പത്തികച്ചെലവോടെ നടത്തുന്ന സമ്മേളനങ്ങളെ എതിർ കക്ഷിക്കാർ ആക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്കായി മാമാങ്കം മാറിയിട്ടുണ്ട്.
കുംഭമേള എന്ന പ്രാകൃത ഹിന്ദുമതസമ്മേളനം അടുത്ത വർഷവും നടത്തുമെന്ന ഭീഷണി നിലവിലുണ്ട്. ഇതിന്റെ പിന്നിലുള്ള ഹിന്ദുരാഷ്ട്രം എന്ന രഹസ്യ അജണ്ട നാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും നാട്ടിലെ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
Subscribe to:
Comments (Atom)