തട്ടുമ്പൊറത്തപ്പനും ഭക്തജനങ്ങളുടെ ശ്രദ്ധയും | |||
ആള്‍ദൈവങ്ങള്‍ കേരളത്തില്‍ വ്യാപിക്കുകയാണ്. ഏതെങ്കിലും ഒരു വാക്കിനോടൊപ്പം
ആനന്ദാ എന്നുകൂടി ചേര്‍ത്ത് ഭഗവദ്ഗീതയും അല്‍പസ്വല്‍പം യോഗയും വാലുംതുമ്പുമില്ലാത്ത
വര്‍ത്തമാനങ്ങളും ഒെക്കയായാണ് ചില ലാഭാന്വേഷികര്‍ സ്വത്തുസമ്പാദിക്കുന്നതെങ്കില്‍
മറ്റുചിലര്‍ അത്ഭുതരോഗശാന്തി തുറുപ്പാക്കിയുള്ള കൂട്ടപ്രാര്‍ഥന ചൂതുകളിയും മറുഭാഷാ
മാജിക്കും പിഞ്ഞാണത്തിലെഴുത്തും ഒക്കെയായിട്ടാണ് കെണിയൊരുക്കുന്നത്. ബുദ്ധിജീവികളും
ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും രാഷ്ട്രീയ നേതാക്കളുമടക്കം ഈ അടക്കംകൊല്ലി വലയില്‍
പെട്ടുപോകാറുണ്ട്.
ആള്‍ദൈവങ്ങളെകൂടാതെ ചില പുതുദൈവങ്ങളും കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വേപ്പുമരവും ആല്‍മരവും ഒന്നിച്ചുനില്‍ക്കുന്നിടത്ത് വേപ്പാലും മൂട്ടിലമ്മയും അവിടെ
പൊങ്കാലയും ആവിര്‍ഭവിക്കാറുണ്ട്. ആല്‍മരത്തിന്റെ വിത്തുവിതരണം പക്ഷികളിലൂടെയാകയാല്‍
ഏതു മരത്തിലും ഫഌറ്റിന്റെ കൊമ്പത്തും ആല്‍മരം മുളച്ചുവരാം. അതും ഒരു തണലായിക്കണ്ട്
ദൈവാസനം സ്ഥാപിക്കുകയാണു ചെയ്യുന്നത്. ആലും മാവുമുണ്ടെങ്കില്‍ ആത്മാവായി എന്നൊരു
ഗുണഫലംകൂടി ദൈവവ്യവസായികള്‍ കണ്ടെത്താറുണ്ട്.
പുതിയ ദൈവത്തെയും പുതിയ ആള്‍ദൈവത്തെയും തിരശ്ശീലയിലെത്തിച്ച് അതിന്റെ
ഉള്ളറകള്‍ ബോധ്യപ്പെടുത്തുന്ന രണ്ട് ചലച്ചിത്രങ്ങളാണ് അടുത്ത കാലത്ത്
പുറത്തിറങ്ങിയത്. സുദേവന്‍ സംവിധാനം ചെയ്ത തട്ടുമ്പൊറത്തപ്പനും പ്രിയനന്ദനന്റെ
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കുമാണ് ആ സിനിമകള്‍. സോപ്പുകുട്ടന്‍മാരായ നായക നടന്‍മാരോ
മിന്നലുപോലെ പ്രത്യക്ഷപ്പെട്ട് ഉടലുകുലുക്കുന്ന കൂട്ടനൃത്തക്കാരോ ഈ
സിനിമയിലില്ല.
മലയാളനാട് എന്ന ഓണ്‍ലൈന്‍ മാഗസിന്റെ നാലാംലക്കത്തിലാണ് തട്ടുമ്പൊറത്തപ്പന്‍
എന്ന ഹ്രസ്വചിത്രം ചേര്‍ത്തിട്ടുള്ളത്. സുഖമില്ലാത്ത അമ്മയുമായി വീട്ടിലേക്കുവരുന്ന
മകളുടെയും മകന്റെയും ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മകനാണെങ്കില്‍
എപ്പോഴും പൂജനടത്തുന്ന ബുദ്ധിവികസിച്ചിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനാണ്. ആ
വീട്ടിന്റെ തട്ടിന്‍പുറത്ത് ഒരു യുവാവ് ഗത്യന്തരമില്ലാതെ കടന്നുപറ്റുന്നു. ഒരു
രാഷ്ട്രീയ സംഘട്ടനത്തിലെ പ്രതിയാണയാള്‍. വിശപ്പുസഹിക്കുവാന്‍ കഴിയാതെ ഈ
ഒളിപാര്‍പ്പുകാരന്‍ പൂജനടത്തുന്ന ചെറുപ്പക്കാരനോട് അശരീരിയായി സംസാരിക്കുന്നു. ആ
വീട്ടിലെ ദൈവമാണെന്നും തട്ടിന്‍പുറത്തപ്പനാണെന്നും നിവേദ്യമായി ഉള്ളതെന്തെങ്കിലും
നല്‍കിയിട്ട് കതകടച്ചു പൂജനടത്തണമെന്നുമാണ് നിര്‍ദേശം. പൂജാരി
മുറിക്കുപുറത്തുകടന്നാണ് പൂജ നടത്തേണ്ടത്. അങ്ങനെ ഒളിവിലിരിക്കുന്നയാള്‍ കഞ്ഞിയും
മറ്റും സംഘടിപ്പിക്കുന്നു. പൂജാരിപ്പയ്യനെ കരുവാക്കിത്തന്നെ കൂട്ടുകാരെ
ബന്ധപ്പെട്ട് വളരെ തന്ത്രപരമായി അയാള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഇതിനുശേഷമാണ്
പൊലീസും നാട്ടുകാരും കുത്തുകേസിലെ പ്രതിയെതേടിയെത്തുന്നത്. അപ്രത്യക്ഷമായത്
അത്ഭുതമാകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കാണുന്നത് പ്രതി ഒളിച്ചിരുന്ന വീട് മഠപ്പുര
ആകുന്നതാണ്. തട്ടുപൂജയടക്കം പല വഴിപാടുകളും അവിടെയുണ്ടായി. ചുറ്റുമുള്ള
പെട്ടിക്കടകളില്‍, തട്ടുമ്പൊറത്തപ്പന്‍ ഈ വീടിന്റെ ഐശ്വര്യം എന്ന ബോര്‍ഡുകള്‍
വില്‍ക്കാനായി വച്ചിട്ടുണ്ട്. ആള്‍ത്തിരക്കുള്ള ഒരു അന്ധവിശ്വാസകേന്ദ്രമായി അത്
മാറി. മന്ദബുദ്ധിയായ പൂജാരിപ്പയ്യന്‍ വര്‍ത്തമാനകാല കേരളത്തിന്റെ ഒരു പ്രതീകമായി ഈ
ചിത്രത്തില്‍നിന്ന് കൊഞ്ഞനംകുത്തുന്നുണ്ട്.
അമ്പത്താറു മിനിട്ടുമാത്രമുള്ള ഈ ചിത്രം കലാമേന്മയിലും സംവിധായകന്റെ
കയ്യടക്കത്തിലുമൊക്കെ മികച്ചുനില്‍ക്കുന്നു.
പ്രിയനന്ദനന്റെ സിനിമയാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്. ജീവിതത്തിന്റെ ഒരു
പ്രത്യേകഘട്ടത്തില്‍ ആള്‍ദൈവമായി വേഷമിടേണ്ടിവന്ന ഒരു കുടുംബിനിയാണ് ഈ
ചിത്രത്തിന്റെ കേന്ദ്രബിന്ദു. ആത്മീയ മാഫിയയുടെ പിടിയില്‍പ്പെട്ടുപോയ പാവം
കുടുംബിനി. സുമംഗലാദേവിയമ്മയായി മാറുന്ന അവരുടെ ആശ്രമത്തിലേയ്ക്ക്
ഭക്തജനലക്ഷങ്ങളുടെ പ്രവാഹമാണ്. സുമംഗലാദേവിയെ സ്വര്‍ണസിംഹാസനത്തിലാണ്
ഉപവിഷ്ഠയാക്കുന്നത്. കാലില്‍ പാലഭിഷേകവുമുണ്ട്. മഠത്തില്‍ സംഘടിപ്പിക്കുന്ന
യോഗത്തില്‍ സംസ്ഥാന ഗവര്‍ണറും സാംസ്‌കാരികവകുപ്പ് മന്ത്രിയുമൊക്കെയാണ്
വാഴ്ത്തുപ്രസംഗങ്ങള്‍ നടത്തുന്നത്. ഭര്‍ത്താവിനോടൊപ്പം പര്‍ദയിട്ട് രക്ഷപ്പെടാന്‍
ശ്രമിക്കുന്ന ആ പാവം കുടുംബിനിയെ തീവ്രവാദികളെ തേടിയെത്തുന്ന പൊലീസുദ്യോഗസ്ഥര്‍
തന്നെ അമ്മദൈവമായി തിരിച്ചറിയുന്നുണ്ട്. മാഫിയ കുഴിച്ച കുഴിയില്‍ മാഫിയതന്നെ വീണ്
മഠം കത്തിനശിച്ചിട്ടും സുമംഗലാദേവി ദൈവമായി നിലനില്‍ക്കുന്നത്
വര്‍ഷങ്ങള്‍ക്കുശേഷവും ബോധ്യമാകുന്നുണ്ട്.
ആള്‍ദൈവത്തിന്റെ ചരടുകള്‍ പിടിക്കുന്നവരെക്കുറിച്ചും ആള്‍ദൈവമഹിമപാടുന്ന
കേരളീയ ജീവിതത്തെക്കുറിച്ചും ഈ ചിത്രം നമ്മളോടു പറയുന്നു. ഒരു കുടുംബം നേരിടുന്ന
പ്രതിസന്ധികള്‍ ഈ ചിത്രത്തിന്റെ നാട്ടെല്ലായിനില്‍ക്കുന്നു.
അന്ധവിശ്വാസത്തെ വിശ്വാസമായി മാമ്മോദീസാമുക്കി പവിത്രപ്പെടുത്തുന്ന ഇക്കാലത്ത്
സമൂഹത്തിന്റെ ബുദ്ധിയുടെ നേര്‍ക്കാണ് സുദേവനും പ്രിയനന്ദനനും ക്യാമറവയ്ക്കുന്നത്. ഈ
പ്രമേയം തിരഞ്ഞെടുക്കുകവഴി ബോധ്യപ്പെടുത്തലിന്റെ വെളിച്ചമാണ് ഈ
ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രസരിപ്പിക്കുന്നത്.
|
Friday, 20 April 2012
Subscribe to:
Post Comments (Atom)
താങ്കള്‍ ഈപ്പറഞ്ഞ വസ്തുതകള്‍, സമകാലീന കേരളത്തില്‍ നിര്‍ബാധം മുളച്ചുപൊന്തുകയും, തഴച്ചുവളരുകയും ചെയ്യുന്ന ഒരിനം തട്ടിപ്പു ബിസിനസ്സിനെപ്പറ്റി യഥാതഥമായ അറിവുനല്‍കുന്നു. വിചിത്രവും, രസകരവുമായ കാര്യം, വിദ്യാസമ്പന്നരും, ശാസ്ത്ര- സാങ്കേതിക മേഖലകളില്‍ വളരെ അവഗാഹമുള്ളവരും(ഡോക്ടര്‍മാര്‍ പോലും) സമൂഹത്തിലെ ഉന്നതസ്ഥാനീയരുമൊക്കെയാണ് ഇത്തരം ആള്‍ദൈവങ്ങളുടെ വിശാസികളും പ്രചാരകരുമെന്നുള്ളതാണ്. ഇതില്‍നിന്നറിയാം, ഇവര്‍ക്കൊക്കെ എത്രമാത്രം യുക്തിയും വിവേചനശക്തിയുമുന്ടെന്ന്!
ReplyDelete