എന്‍റെ സ്വന്തം പേരിലും ഇങ്ങളുടെ ഓരോരുത്തരുടെയും.........
കേരളത്തിന്റെ സന്ധ്യകള്‍ സാംസ്‌ക്കാരിക സമ്മേളനങ്ങളോടെയാണ് ആരംഭിക്കുന്നത്. ഇതിനു വേനല്‍ക്കാലമെന്നോ മഴക്കാലമെന്നോ ഉള്ള വ്യത്യാസം ഇല്ല.
മഴക്കാലമാണെങ്കില്‍ പെരുമഴ ക്യാമ്പിനോട് ചേര്‍ന്നും വേനല്‍ക്കാലമോ ഓണക്കാലമോ ആണെങ്കില്‍ ഗ്രന്ഥശാലകളോടു ചേര്‍ന്നും സാംസ്‌ക്കാരിക സമ്മേളനവും കവിയരങ്ങുമൊക്കെ സംഘടിപ്പിക്കപ്പെടുന്നു.
ഇത്രയധികം സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ നടത്തപ്പെടുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ ഇല്ല.
പശ്ചിമബംഗാളിലാണെങ്കില്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് ചില ഓഡിറ്റോറിയങ്ങളിലാണ് സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്. മറ്റ് പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ സാംസ്‌ക്കാരിക സായാഹ്നങ്ങള്‍ സാധാരണമല്ല.
കേരളത്തിലാണെങ്കില്‍ സാംസ്‌ക്കാരിക സായാഹ്നങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങളില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ ഡോ. സുകുമാര്‍ അഴിക്കോട് പ്രസംഗിക്കാത്ത സന്ധ്യകള്‍ വിരളമായിരുന്നല്ലൊ.
കേരളത്തിലെ സാംസ്‌ക്കാരിക സായാഹ്നങ്ങളുടെ പ്രധാന വേദികള്‍ സമ്പന്നമായ ഗ്രന്ഥശാലാ ശൃംഖലയാണ്. അയ്യായിരത്തിലധികം ഗ്രന്ഥശാലകളാണ് കേരളത്തിലുള്ളത്. ഇതിലധികവും പ്രധാന നഗരങ്ങള്‍ക്ക് പുറത്തുമാണ്.
എല്ലാ ഗ്രന്ഥശാലകളും വാര്‍ഷികാഘോഷം നടത്താന്‍ തീരുമാനിച്ചാല്‍ കേരളത്തില്‍ അയ്യായിരത്തിലധികം സാംസ്‌ക്കാരിക യോഗങ്ങള്‍ ഉണ്ടാകുമല്ലൊ. പ്രസംഗകരെ കിട്ടാതെ വിഷമിക്കുക തന്നെ ചെയ്യും. പുസ്തകവായനയില്‍ മാന്ദ്യം സംഭവിച്ചതായി ഗ്രന്ഥശാലകളിലെ രജിസ്റ്ററുകള്‍ പറയുന്നുണ്ടെങ്കിലും അനുബന്ധ കലാസാംസ്‌ക്കാരിക പരിപാടികളില്‍ കുറവൊന്നും ഉണ്ടായിട്ടില്ല.
ഗ്രന്ഥശാലകളെ കൂടാതെ നൂറുകണക്കിനു കലാസാംസ്‌ക്കാരിക സംഘടനകളും കേരളത്തിലുണ്ട്. മണ്‍മറഞ്ഞുപോയ സാഹിത്യകാരന്മാരുടെ സ്മാരകങ്ങളും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും സ്‌കൂളുകളുമൊക്കെ സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ക്ക് വേദികളാണല്ലൊ.
എല്ലാ ദിവസവും കേരളം സാക്ഷ്യം വഹിക്കുന്ന അസംഖ്യം സാംസ്‌ക്കാരിക സമ്മേളനങ്ങള്‍കൊണ്ട് എന്തെങ്കിലും ഗുണം നമ്മള്‍ക്ക് ഉണ്ടായിട്ടുണ്ടോ?
വര്‍ഗീയതയുടെ തോല്‍ക്കുപ്പായമണിഞ്ഞ് പരസ്പരം പോരാടുന്ന വേദിയായി കേരളം മാറാത്തതില്‍ മതേതരമായി സംഘടിപ്പിക്കപ്പെടുന്ന സാംസ്‌ക്കാരിക സംഗമങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്.
സാംസ്‌ക്കാരിക സമ്മേളനങ്ങളുടെ ശോഭ കെടുത്തുന്ന ഏര്‍പ്പാടുകളാണ് ദീര്‍ഘമായ സ്വാഗത പ്രസംഗവും നന്ദിപ്രകടനവും. അതിഥികളെക്കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലാതെ പ്രമുഖ കവിയും വാഗ്മിയും പണ്ഡിതനും എന്നു തുടങ്ങി ഇരുട്ടുകൊണ്ടു ഓട്ടയടച്ചുള്ള സ്വാഗത പ്രസംഗങ്ങള്‍ ചിരിമരുന്നായാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ഥശൂന്യമായ വിശേഷണങ്ങള്‍ വച്ചുകെട്ടി അതിഥികളെ അപമാനിച്ചതിനുശേഷം എന്റെ സ്വന്തം പേരിലും നിങ്ങളുടെ ഓരോരുത്തരുടെയും പേരിലും സ്വാഗതം ആശംസിക്കുന്നു എന്നു പറയുമ്പോള്‍, ആര്‍ക്കു നല്‍കണം പൂച്ചെണ്ട് എന്നറിയാതെ പെണ്‍കുട്ടികള്‍ പകച്ചു നില്‍ക്കുന്നത് സാംസ്‌ക്കാരിക സമ്മേളനവേദികളിലെ ഫലിതക്കാഴ്ചയാണ്.
തിരുനല്ലൂരിനെയും ഒ എന്‍വിയെയും സുഗതകുമാരിയെയും കടമ്മനിട്ടയെയും പദ്യത്തിലാക്കി സ്വാഗതം പറഞ്ഞ ഒരു വിദ്വാന്‍ ഒടുവിലത്തെ വരിയില്‍ 'ചെമ്മനം ചാക്കോ പോലും സ്വാഗതാര്‍ഹനാണത്രെ' എന്നു നിബന്ധിച്ച് കേകവൃത്തം ഭദ്രമാക്കിയ കഥ പ്രസിദ്ധമാണല്ലൊ.
അതിഥികളെ അറിയിക്കാനുള്ളതും അതിഥികളെക്കുറിച്ച് ആളുകളെ അറിയിക്കാനുള്ളതും എത്രയും ചുരുക്കിപ്പറയുന്ന ആമുഖവാക്കുകളാണ് സ്വാഗതപ്രസംഗ കസര്‍ത്തുകള്‍ക്കു പകരം വയ്‌ക്കേണ്ടത്. നന്ദി പ്രകടനം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. നന്ദി, പ്രകടിപ്പിക്കുകയല്ല, അതിഥികള്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ഹൃദയത്തില്‍ വച്ച് ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.
ആവശ്യക്കാരുടെ സ്വകാര്യതയാണ് പ്രാര്‍ഥന എന്നംഗീകരിച്ചുകൊണ്ട് പരസ്യ പ്രാര്‍ഥനകളും സാംസ്‌ക്കാരിക സംഗമങ്ങളില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്.
പ്രസംഗകരുടെ എണ്ണം കുറയ്ക്കുക, പ്രസംഗകര്‍, നോട്ടീസിലച്ചടിച്ചിട്ടുള്ള മുഴുവന്‍ പേരുകളും ആവര്‍ത്തിച്ചു പറയാതിരിക്കുക, മികച്ച ശബ്ദ സംവിധാനം ഏര്‍പ്പെടുത്തുക, അതിഥികളുടെ കണ്ണുകലക്കുന്ന തീക്ഷ്ണ പ്രകാശമുള്ള വിളക്കുകള്‍ ഒഴിവാക്കി ജനങ്ങളെ കാണാനനുവദിക്കുക, ഉപഹാരങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടവയാണ്.
(ജനയുഗം-2012 ജൂണ്‍ 09)
ചില സാംസ്കാരിക നായകരുടെ വാചകമടി,ഇതിലപ്പുറം അരോചകമാണ്.നിവൃത്തിയില്ലാതെയാണ് പലപ്പോഴും ഇരുന്നു കൊടുക്കുന്നത്.
ReplyDeleteസത്യം!
Deleteഎന്തെങ്കിലും പറയണ്ടെ,
ReplyDeleteസംഘാടകർ റിപ്പർമാരായാലും
പുഴ ഇനിയും ഒഴുകട്ടെ..ഒരു വാക്കും മിണ്ടാതെ..പ്രസന്ഗിക്കാതെ...പ്രസംഗം കേള്‍ക്കാതെ..ദൂരെ ദൂരേക്ക് ഇനിയും ഒഴുകിടട്ടെ...\\
ReplyDeleteആശംസകള്‍.