കാവ്യസൗന്ദര്യ സാഗരത്തില്‍ നീന്തിത്തുടിക്കുമ്പോഴും ശാസ്ത്രത്തിന്റെ കാന്തിക
ശക്തികളെ ഉള്ളം കയ്യിലൊതുക്കിവച്ച കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അദ്ദേഹം കവിതകളിലൂടെ ചോദ്യം ചെയ്തു.
കണ്ണീര്‍പ്പാടത്തില്‍ സഹധര്‍മ്മിണിയെക്കൊണ്ട് ആസ്തികനല്ലേ താങ്കള്‍ എന്നു
ചോദിപ്പിക്കുകയും അല്ലെന്നുമാണെന്നും മൊഴിയുകയും ചെയ്യുന്ന കവി അധികം താമസിക്കാതെ
നാസ്തികനല്ലേ താങ്കള്‍ എന്ന ചോദ്യത്തിനെ മറുചോദ്യംകൊണ്ട് അംഗീകരിക്കുകയാണല്ലൊ
ചെയ്തിട്ടുള്ളത്. സഹ്യന്റെ മകന്റെ അവസാനത്തെ അലര്‍ച്ച മണിക്കോവിലില്‍ മയങ്ങുന്ന
മാനവരുടെ ദൈവം കേട്ടില്ലായെന്നകാര്യത്തില്‍ കവിക്ക് ഉറപ്പുണ്ടായതുകൊണ്ടാണല്ലോ,
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍ അതുചെന്നു പ്രതിദ്ധ്വനിച്ചതായി
രേഖപ്പെടുത്തിയിട്ടുള്ളത്.
മഹാകവി വൈലോപ്പിള്ളി ആയിരത്തിത്തൊള്ളായിരത്തി അറുപത്താറില്‍ എഴുതിയ കവിതയാണ്
ശകുനം. നഗരത്തിലേയ്ക്കു പോകാന്‍വേണ്ടി വാതിലടച്ചു കവി ഇറങ്ങുകയാണ്. പാതവക്കില്‍
പാവപ്പെട്ട ഒരാള്‍ വിശപ്പുമൂലമോ രോഗം മൂലമോ മരിച്ചുകിടക്കുന്നു. നാഗരിക ചിത്തനായ
കവി അടുത്തെത്തിനോക്കിയപ്പോള്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടുന്നു. അല്‍പം
പല്ലുന്തിയ ആ മുഖം നാടിന്റെ മുന്നേറ്റത്തെ പരസ്യമായി പുച്ഛിക്കുന്നതായി തോന്നി.
അപ്പോഴാണ് സംതൃപ്തിയുടെ തികട്ടലായ മൂളിപ്പാട്ടുമായി ഒരു സുഹൃത്തുവരുന്നത്. അയാള്‍
ശവത്തെ കണ്ടപ്പോള്‍ സന്തോഷത്തോടെ കവിയെ അഭിനന്ദിക്കുകയാണ്. ശവമല്ലേ, നിങ്ങളുടെ
ശകുനം നന്നായി. പോയകാര്യം കണ്ടേ പോരൂ എന്നായിരുന്നു അയാളുടെ പ്രതികരണം!
ഈ കവിതയിലെ ഒന്നാം വ്യക്തിയെ കവിയായി മാത്രം കാണേണ്ടതില്ല. വായനക്കാരനുമാകാം.
എന്നാല്‍ ഈ കവിതയുടെ പ്രമേയം അന്നത്തെ കേരളത്തിന്റെ വികൃതമുഖം ഉള്‍ക്കൊള്ളുന്നതാണ്.
ശകുനം എന്ന അന്ധവിശ്വാസം വ്യാപകമായിരുന്ന കേരളം. ഇന്നും സ്ഥിതി സമ്പൂര്‍ണമായി
മാറിയെന്നു പറയാന്‍ കഴിയുകയില്ലല്ലോ. യാഗങ്ങള്‍ തിരിച്ചുവരുന്നു എന്നതുമാത്രമല്ല,
കാര്യസിദ്ധിപൂജ, ശത്രുസംഹാരപൂജ, പൊങ്കാല, അക്ഷയതൃതീയ തുടങ്ങിയ കോമാളിത്തരങ്ങളും
കേരളത്തില്‍ പൂമൂടല്‍ ചടങ്ങു നടത്തുകയാണല്ലൊ.
എന്താണ് ശകുനം? ഒരാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ എതിരെ
കാണപ്പെടുന്ന മനുഷ്യനെയോ മൃഗത്തെയോ വസ്തുക്കളെയോ അടിസ്ഥാനപ്പെടുത്തി യാത്രയുടെ
ഫലപ്രാപ്തി നിശ്ചയിക്കുന്ന വിഡ്ഢിത്തരമാണ് ശകുനം. എതുപ്പ്, നിമിത്തം എന്നീ
പേരുകളിലും ഈ അന്ധവിശ്വാസം കേരളത്തില്‍ അറിയപ്പെടുന്നുണ്ട്.
ശുഭലക്ഷണവും അശുഭലക്ഷണവും ഉണ്ടെന്നാണ് പ്രാകൃത സമൂഹം പഠിപ്പിച്ചത്. ഒരാള്‍
പുറത്തേക്കിറങ്ങുമ്പോള്‍ ആദ്യം കാണുന്നത് മദ്യവുമായി വരുന്ന ആളാണെങ്കില്‍
യാത്രോദ്ദേശ്യം സഫലമാകുമത്രെ. മദ്യം മാത്രമല്ല, പച്ചയിറച്ചി, മണ്ണ്, ശവം,
കത്തുന്നപന്തം, നെയ്യ്, ചന്ദനം, വെളുത്തപൂവ്, ഇരട്ട ബ്രാഹ്മണര്‍, വേശ്യ, തൈര്,
തേന്‍, കരിമ്പ്, ആന, കയറിട്ട കാള, പശു ഇവയൊക്കെ ശുഭലക്ഷണങ്ങളാണത്രേ.
അശുഭലക്ഷണങ്ങളാണെങ്കില്‍ ചാരം, വിറക്, എണ്ണ, കഴുത, ചൂല്, മുറം, ദര്‍ഭ, പോത്ത്,
വിധവ, ബലിപുഷ്പം തുടങ്ങിയവയാണ്.
ഇന്നു വായിക്കുമ്പോള്‍ തിരഞ്ഞെടുപ്പു ചിഹ്നങ്ങളുടെ
വിജ്ഞാപനംപോലെ തോന്നുമെങ്കിലും ഈ ദോഷത്തിന്റെ പേരില്‍ ആളുകള്‍ യാത്ര തുടരുകയോ
മുടക്കുകയോ ചെയ്യാറുണ്ടായിരുന്നു. മദ്യവും മദിരാക്ഷിയും നല്ല ലക്ഷണവും ചൂലും
വിധവയുമൊക്കെ ചീത്തലക്ഷണവും ആണെന്നു വിധിച്ചവരുടെ കല്‍പനാവൈഭവം അത്ഭുതകരം
തന്നെ!
ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും കേരളം കൂറുമാറിയത് ദീര്‍ഘമായ
സാംസ്‌ക്കാരിക സമരങ്ങളുടെ ഫലമായിട്ടാണ്. എന്നാല്‍ പുരോഗമന ബോധമുള്ളവരെ
ഞെട്ടിച്ചുകൊണ്ട് അന്ധവിശ്വാസങ്ങള്‍ തിരിച്ചുവരികയാണ്. ജാഗ്രത പാലിക്കേണ്ട ഒരു
കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നര്‍ഥം.
പ്രായോഗികമല്ലെങ്കില്‍ കൂടിയും
കഴിയുന്നത്ര ശകുനരീതികള്‍ പാലിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നും കേരളത്തിലുണ്ട്.
സാധാരണ ജനങ്ങളില്‍ മാത്രമല്ല, ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ള
ചില സാംസ്‌ക്കാരിക നായകരുടെ മനസ്സില്‍പോലും ശകുന സിദ്ധാന്തം പൂത്തുലഞ്ഞു
നില്‍ക്കുന്നുണ്ട്.
|
Tuesday, 29 May 2012
ശകുനത്തെക്കുറിച്ച് ഒരു വൈലോപ്പിള്ളിക്കവിത
Subscribe to:
Post Comments (Atom)
അതെ മാഷേ തികച്ചും അന്ധമായ വിശ്വാസം ആണത് . എനിക്ക് തോന്നുന്നത് മനസ്സിന്‍റെ ഒരവസ്ഥയാണ് എന്നാണ്. തുടര്‍ന്ന് പോരുന്ന ആ അവസ്ഥ അത് കണ്ടു പടിക്കുന്നവരിലും വന്നു ചേരുന്നു . ഈ നല്ല വിശകലനത്തിന് ആശംസകള്‍ മാഷേ
ReplyDelete"തിരഞ്ഞെടുപ്പു ചിഹ്നങ്ങളുടെ വിജ്ഞാപനംപോലെ": സത്യം തന്നെയാണ്! ഇതൊക്കെ നോക്കിമാത്രം യാത്ര പുറപ്പെട്ടിരുന്ന ആ പഴയകാലം ഇപ്പോഴും പലരുടെയും മനസ്സിലുന്ടെന്നുമാത്രമല്ല, ഇന്നും അതെരീതിയില്‍ത്തന്നെ ചിന്തിക്കുന്ന 'ആധുനികരു'മുണ്ട്! ഏതുകാര്യവും തിങ്കളാഴ്ച തുടങ്ങുന്നത് നല്ലതാണെന്നും, വെള്ളിയോ ശനിയോ നല്ലദിവസങ്ങളല്ലെന്നും ഉറച്ചു വിശ്വസിക്കുന്നവരെ നമ്മുടെ കുടുംബത്തില്‍തന്നെ കാണാന്‍കഴിയും. ഇതൊക്കെ മാറണമെങ്കില്‍, ഒരുപക്ഷെ യുഗങ്ങള്‍തന്നെ കഴിഞ്ഞേക്കും. ഏറ്റവും കഷ്ടം, "ആഷ്‌ബൂഷ്" ഇന്ഗ്ലീഷല്ലാതെ, മലയാളത്തില്‍ സംസാരിക്കാന്‍ ഭ്രഷ്ട്കല്‍പ്പിക്കുന്ന, കേരളത്തില്‍ പഠിച്ചിട്ടും, ആശാനെക്കുറിച്ചോ നമ്പ്യാരെക്കുരിച്ചോ ഒരക്ഷരം അറിഞ്ഞുകൂടാത്ത പുതുതലമുറക്ക് ഇതിലൊക്കെ ഇരട്ടിച്ച വിശ്വാസമാണെന്നുള്ളതാണ്!
ReplyDeleteഇതെല്ലാം വല്ലാതെ വിഷമിപ്പിക്കുന്നു.
ReplyDeleteഇതേ വകുപ്പില്‍ പെടുത്താവുന്ന മറ്റൊരു ദുരാചാരമാണു ജ്യോതിഷം. പക്ഷെ എന്തുചെയ്യാം മലയാളിക്ക് അത്രമാത്രം പ്രിയപ്പെട്ട വിഷയമാണു ജ്യോതിഷം. അതാണല്ലൊ ജ്യോതിഷ മാസികകള്‍ പെരുകുന്നത്. വിവാഹ കാര്യത്തിലാണു ജ്യോത്സ്യര്‍ക്ക് ഏറ്റവും വലിയ ഡിമാന്‍ഡ്. നമ്മുടെ ഏത് പുരാണങ്ങള്‍ നോക്കിയാലും ജാതകം നോക്കി വിവാഹം നടന്നതായി കാണാന്‍ കഴിയില്ല. സ്വയംവരമോ, മത്സരവിജയമോ ആയിരിക്കും മാനദണ്ഡം. ചൊവ്വദോഷം തുടങ്ങിയ ദോഷങ്ങളുടെ പേരില്‍ അവിവാഹിതരാകുന്നവര്‍ നമ്മുടെ നാട്ടില്‍ പെരുകുന്നു.
ReplyDeleteകേരളീയ യുവത മാറ്റത്തിനു വേണ്ടി പോരാട്ടം തുടങ്ങേണ്ടിയിരിക്കുന്നു.
Delete