മുതിര്‍ന്നവര്‍ കൃഷി ഉപേക്ഷിക്കുമ്പോള്‍ കുട്ടികള്‍ കൃഷിക്കാരാവുന്ന അത്ഭുതം
കേരളത്തില്‍ സംഭവിക്കുകയാണ്. കൃഷിക്കിറങ്ങിയ വിദ്യാര്‍ഥികളെ ചെളിയില്‍ നിന്നും പിടിച്ചുകയറ്റി പ്രവേശന പരീക്ഷാ പരിശീലനത്തിനു പറഞ്ഞയച്ച് മുതിര്‍ന്നവര്‍ ഈ അത്ഭുതത്തിനു തരിശ്ശീലയിട്ടേക്കാം. അതുവരെയെങ്കിലും വിദ്യാലയ പരിസരത്തെ കൃഷി അവര്‍ തുടരും. പച്ചക്കറി കൃഷിയൊന്നുമല്ല സാക്ഷാല്‍ നെല്‍കൃഷി.
ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം കൃഷിപാഠങ്ങളും കുട്ടികള്‍ പഠിക്കുന്നു.
കൃഷിപാഠത്തിന്റെ ഭാഗമായി കൃഷിപ്പാട്ടുകളും പഠിക്കുന്നു. കൃഷിമറന്നാലും കൃഷിപ്പാട്ടു
മനസ്സില്‍ നില്‍ക്കുന്നു.
കേരളത്തില്‍ അല്‍പമെങ്കിലും കൃഷി വിപുലമായ രീതിയില്‍ തുടരുന്നത് ആലപ്പുഴയിലും
പാലക്കാട്ടുമാണ്. കുട്ടനാട് എന്നുപറയാന്‍ കഴിയില്ല. അപ്പര്‍ കുട്ടനാട് കൃഷിയോട്
ഏതാണ്ട് വിടപറഞ്ഞു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് തകഴിശിവശങ്കരപ്പിള്ള കൃഷിനടത്തിയ
താഴേക്കുട്ടനാട്.
പാലക്കാട് ജില്ലയിലെ മമ്പറത്തെ തരിശിട്ടിരുന്ന മുപ്പത്തിയഞ്ചു സെന്റ് സ്ഥലമാണ്
ബാലവേദി ഏറ്റെടുത്തത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായസഹകരണങ്ങളും
കുട്ടികള്‍ക്കു ലഭിച്ചു.
പുല്ലു വളര്‍ന്നു നിന്ന പാടം ഉഴുതു മറിച്ചു. കട്ട തല്ലിയുടച്ച്
പുല്ലുപെറുക്കിക്കളഞ്ഞു. പാടത്തുവെള്ളം കയറ്റി ചളിയാക്കി. അയലത്തെ കര്‍ഷകസുഹൃത്ത്
നല്‍കിയ സുജാതഞാറ് വരിപിടിച്ചു നട്ടു. ഞാറ് തികയുകില്ലെന്ന സംശയത്താല്‍ കുറച്ചു
വിത്ത് മാറ്റി വിതച്ചു. അങ്ങനെ പായ ഞാറ്റടി സജ്ജീകരിക്കുന്നതും കുട്ടികള്‍
പഠിച്ചു.
പിന്നെ വളപ്രയോഗമായിരുന്നു. കമ്പോസ്റ്റും വേപ്പിന്‍ പിണ്ണാക്കും വളം. പുതു
ചാണകം വെള്ളത്തില്‍ കലക്കി ഒഴിച്ചു. രാസവളപ്രയോഗം കുട്ടികള്‍ നിരോധിച്ചു.
ഇനി വളര്‍ന്ന് നിറയെ നെന്മണികള്‍ കാഴ്ചവച്ച് കുഞ്ഞുങ്ങളെയും സംരക്ഷകരെയും
ആഹ്ലാദിപ്പിക്കേണ്ട ചുമതല നെല്‍ചെടികള്‍ക്കുള്ളതാണ്. അവരതു ഭംഗിയായി നിര്‍വഹിച്ചു.
വയലാകെ, പ്രായപൂര്‍ത്തിയായ സുജാതച്ചെടികള്‍ കനത്ത കതിര്‍ക്കുലകളുമായി ശിരസ്സു
നമിച്ചു നിന്നു. ചില ചെടിസംഘങ്ങള്‍ ആടിക്കുഴഞ്ഞ നടിമാരോ ചെടി കൂടിപ്പുണര്‍ന്നു
കിടപ്പായിയെന്ന ഇടശ്ശേരി കാഴ്ചയെ ഓര്‍മ്മിപ്പിച്ചു.
ഇനി കൊയ്ത്താണ്. കൊയ്ത്തുത്സവം സെപ്തംബറിലെ അവസാന ഞായറാഴ്ച രാവിലെത്തന്നെ
കുട്ടികളും കൂട്ടുകാരെപ്പോലെ പെരുമാറുന്ന മാതാപിതാക്കളും വയല്‍വരമ്പില്‍ ഒത്തുകൂടി.
പുതിയ വയല്‍പ്പാട്ട് നീട്ടിപ്പാടി. കുഞ്ഞുകൈകള്‍ വിത്തെറിഞ്ഞു.... കരിമണ്ണിന്‍
വിരിമാറില്‍.....
അരിവാളുകളുമായി പരിചയ സമ്പന്നരായ ചില കര്‍ഷകത്തൊഴിലാളി അമ്മമാരും
സഹായിക്കാനെത്തി. എല്ലാരും ചേര്‍ത്ത് ഉത്സാഹത്തിമിര്‍പ്പോടെ കൊയത്തുത്സവം കൊണ്ടാടി.
അറുപതു പാലക്കാടന്‍ നിറപറ നെല്ല്. മുത്തുപോലെ, മാണിക്യം പോലെ, കണ്ണുപോലെ,
മഴത്തുള്ളിപോലെ.
സര്‍ക്കാരിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ ഒരു സഹായവും ഈ കുഞ്ഞുകര്‍ഷകര്‍ക്കു
കിട്ടിയിട്ടില്ല. കുട്ടികള്‍ സംതൃപ്തരാണ്. അടുത്ത കൃഷിയിറക്കാനുള്ള
തയ്യാറെടുപ്പിലുമാണ്.
അങ്ങനെ, കൃഷി കുരിശായതുകാരണം തരിശിട്ട നിലം വീണ്ടും ജീവിതത്തിന്റെ
പച്ചപ്പണിഞ്ഞു. വിണ്ടുകീറിയ നിലത്തില്‍ വെള്ളം കെട്ടിക്കിടന്നു. പാലക്കാടന്‍
കാറ്റ്, കുട്ടികള്‍ വളര്‍ത്തിയ നെല്‍ച്ചെടികളെ മുത്തമിട്ടു പറന്നു. പൂമ്പാറ്റകളും
തുമ്പികളും വയലുകാണാനെത്തി. നെല്ലിന്റെ മണം രണ്ടുകിലോ മീറ്റര്‍ അപ്പുറമുള്ള
തസ്രാക്കിലേയ്ക്ക് വായുവിമാനം കയറിപ്പോയി. തസ്രാക്ക് വീണ്ടും ഖസാക്ക് ആയി.
|
Friday, 26 October 2012
ഖസാക്ക് ബാലവേദിയുടെ കൊയ്ത്തുത്സവം
Subscribe to:
Post Comments (Atom)
കാതുകള്‍ക്കിമ്പമായ വാര്‍ത്ത.
ReplyDeleteനന്ദി
നല്ലൊരു ദിവസമായിരുന്നു അത് അജിത്.നിങ്ങളുടെ നാട്ടിലെല്ലാം എന്ത് പണിയാടോ എന്ന കൃഷിപ്പാട്ട് ഞാനും കുട്ടികളോടൊപ്പം ചൊല്ലി.
ReplyDeleteകഴിഞ്ഞമാസം അവധിയ്ക്ക് നാട്ടില്‍ പോയപ്പോള്‍ വോട്ടേര്‍സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കാന്‍ പണ്ടു പഠിച്ച യു.പി സ്കൂളില്‍ പോയി. ഓരോ ക്ലാസ്സിലും ആറോ ഏഴോ കുട്ടികള്‍ മാത്രമേയുള്ളു എന്നറിഞ്ഞു. സ്കൂള്‍ അങ്കണത്തില്‍ പലവിധ പച്ചക്കറികള്‍ പൂവിട്ടും കായായും വിളഞ്ഞുമൊക്കെ നില്‍ക്കുന്നു. അതിന്റെ മുമ്പില്‍ നിന്ന് കുറെ ഫോട്ടോ എടുത്തു. എല്ലാം നല്ല ഓര്‍മ്മകള്‍. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ പച്ചക്കറിത്തോട്ടമാണ് മനസ്സിലേയ്ക്കോടിയെത്തിയത്.
Deleteപ്രിയകവിയ്ക്ക് ആശംസകള്‍
എത്രമാത്രം ആഹ്ലാദകരമാണ്,അഭിനന്ദനീയമാണ് ഈ സംരഭം! കടലാസ്സില്‍ മാത്രമല്ല, മണ്ണിലും തങ്ങളുടെ സര്‍ഗസൃഷ്ടി പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് ഇതിലൂടെ ഈ മിടുമിടുക്കര്‍ തെളിയിച്ചിരിക്കുകയാണ്. ചേറിലിറങ്ങാനും, വസ്ത്രത്തിലഴുക്കുപറ്റിക്കാനും അറയ്ക്കുന്ന, വെറുക്കുന്ന ഇന്നത്തെ 'മോഡേണ്‍' യുവതലമുറ ഇതില്‍നിന്നു പ്രചോദനം കൊണ്ടെങ്കില്‍! ഇനിയും ഈ ഉത്സാഹപ്രതിഭകള്‍ ഉദ്യമവുമായി
ReplyDelete(തടസ്സങ്ങളെന്തുണ്ടായാലും) അക്ഷീണം മുന്നേറും എന്ന് പ്രത്യാശിക്കാം; നമുക്കു കഴിയുന്ന എല്ലാപ്രോത്സാഹനവും നല്‍കാം.
ഒരുതവണയെങ്കിലും ഈ സംഘടിതയഞ്ജത്തില്‍ പങ്കുചേരാന്‍ ആഗ്രഹംതോന്നിപ്പോകുന്നു!
ഇനി കുട്ടികള്‍ തസ്രാക്കിലെ കളപ്പുര നിറയ്ക്കട്ടെ.കുട്ടികളുടെ സന്നദ്ധത മുതിര്‍ന്നവര്‍ക്ക് പാഠം ആകട്ടെ.
Deleteകെടാതെ സൂക്ഷിക്കാം നമുക്കീ നുറുങ്ങു വെട്ടങ്ങള്.ഊഷരമായിക്കഴിഞ്ഞ ക്ളാസ്സു മുറികളില് നിന്ന് പാവം കുട്ടികള് രക്ഷപ്പെടട്ടെ കുറച്ചുനേരത്തേയ്ക്കെങ്കിലും.....കവിക്ക് അഭിവാദ്യങ്ങള്
ReplyDeleteഅത് ശരിയാണ്.മരുഭൂമിയില്‍ നിന്നും മലര്‍ വാടിയിലേക്ക്!
Deleteഎന്ത് സുന്ദരമായ കാഴ്ച ഇത് , ഇങ്ങനെ ഈ വയല്‍പ്പൂവിന്റെ മണം കേരളമാകെ നിറഞ്ഞെങ്കില്‍.
ReplyDeleteഅതെ ഗോപന്‍.നമ്മള്‍ക്ക് കിനാവ് കാണാം.
Delete“സര്‍ക്കാരിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ ഒരു സഹായവും ഈ കുഞ്ഞുകര്‍ഷകര്‍ക്കു കിട്ടിയിട്ടില്ല.”
ReplyDeleteഇത്തരം സഹായങ്ങൾ കിട്ടിയിരുന്നെങ്കിൽ നമ്മുടെ അദ്ധ്വാനശീലരായ കർഷകർ ഒരിക്കലും കൃഷി ഉപേക്ഷിക്കുമായിരുന്നില്ല. അതിന് വലിയ കമ്മീഷനൊന്നും കിട്ടാൻ വഴിയില്ലാത്തതു കൊണ്ട് സർക്കാർ സംവിധാനങ്ങൾക്കും താൽപ്പര്യമുണ്ടാകില്ല.
നമ്മുടെ കുഞ്ഞു കർഷകർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...
വിരസമായ ക്ലാസ്സ് മുറികളിൽ നിന്നുള്ള ചെറിയ ഇടവേളയിലെ മോചനവും അവരുടെ മനസ്സിന് കുളിർമ്മയേകട്ടെ...
കൃഷി അന്യം നിന്ന് പോയതിനു സര്‍ക്കാര്‍ സഹായം ഇല്ലായ്മ മാത്രമല്ല ചാതുര്‍വര്‍ണ്യം നല്‍കിയ അപമാനം കൂടി ഉണ്ട്.അങ്ങനെയാണ് തൊഴിലാളികളെ കിട്ടാതെ പോയത്.തൊഴിലിനു മാന്യത കല്‍പ്പിക്കാത്ത ഒരു നാടായിപ്പോയിനമ്മുടേത്.കേരളം കൃഷിയിലേക്ക് മടങ്ങുമെന്ന് തോന്നുന്നില്ല.ദുഖമുണ്ട് വീ കെ.
Deleteഅതെ.
ReplyDeleteനമ്മുടെ വയല്പ്പൂവും കൃഷിയും പച്ചപ്പും ഇങ്ങനെ തഴക്കട്ടെ. നല്ല അനുഭവം മാഷേ.
കുട്ടികള്‍ക്ക് ഇത് തുടരാന്‍ കഴിയില്ല.മുതിര്‍ന്നവര്‍ കുട്ടികളെ മാത്രുകയാക്കുകയാണ് വേണ്ടത്.
Deleteവളരെ ശരി.ഇതുമാത്രമല്ല മറ്റുപലതിനും കുട്ടികളെ കണ്ടു പഠിക്കണം.
Deleteവേര്ഡ് വേരിഫിക്കേഷന് ഒഴിവാക്കുന്നത് കമന്റിടുന്നവര്ക്ക് സഹായമാകും.
നല്ല വാര്‍ത്ത... കുട്ടികളിലൂടെ കാര്‍ഷിക സംസ്കാരം തിരിച്ചെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം...
Deleteനന്ദി സിന്ധു.
Delete