Friday, 22 November 2013

പുത്തന്‍ യേശുപുരംവഴി കുറുക്കന്‍ചന്ത


    യുക്തിവാദത്തിലും കവിതയിലും അതീവതാല്‍പ്പര്യമുള്ള എന്‍ എം ശശിയാണ് കുറുക്കന്‍ ചന്തയില്‍ കാത്തുനില്‍ക്കാമെന്നു പറഞ്ഞത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടും കഴിഞ്ഞു. കുറുക്കന്‍ ചന്ത കാണാനില്ല. പറഞ്ഞുതന്ന അടയാളങ്ങള്‍ ശ്രദ്ധിച്ച് ഒരു കവലയിലെത്തി. അവിടെയും കുറുക്കന്‍ ചന്തയില്ല. പകരം ഒരു ചെറിയ ആരാധനാലയമുണ്ട്. യേശുപുരം എന്ന് എഴുതിവച്ചിട്ടുമുണ്ട്. കുറുക്കന്‍ ചന്ത പരിണമിച്ചതാണോ യേശുപുരം എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് മറ്റൊരു വന്‍ഫലകം ശ്രദ്ധയില്‍പെട്ടത്. പച്ച അക്ഷരങ്ങളില്‍ - പുത്തന്‍ചന്ത.


ആ സ്ഥലത്തിന്റെ പേര് കുറുക്കന്‍ ചന്തയെന്നായിരുന്നു. ആ സ്ഥലത്ത് ഒരു ക്രൈസ്തവാരാധനാലയം സ്ഥാപിച്ചപ്പോള്‍ ഏകപക്ഷീയമായി കുറുക്കന്‍ ചന്ത യേശുപുരമായി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഹൈന്ദവാഭിമാനം ഉണര്‍ന്നു. കുറുക്കനെ പുത്തനാക്കി. പുത്തന്‍ ചന്തയെന്ന ബോര്‍ഡും വച്ചു. ഇപ്പോള്‍ ബസ്സില്‍ ടിക്കറ്റെടുക്കുമ്പോള്‍ മതപരമായ വേര്‍തിരിവോടെ ആളുകള്‍ സ്ഥലപ്പേരു പറയുന്നു. പഴയവര്‍ കുറുക്കന്‍ ചന്തയെന്നും പറയുന്നു.


നാട്ടുപേരുകള്‍ കൗതുകകരമാണ്. മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ പേരില്‍ കേരളത്തില്‍ നാട്ടുപേരുകള്‍ ഉണ്ട്. ആനക്കയം, കുതിരമുനമ്പ്, മന്തിപ്പാറ, പുലിയൂര്‍, പട്ടിമറ്റം, കടുവാത്തോട്, ഓന്തുപച്ച, കാക്കനാട്, പരുന്തിന്‍പാറ, പോത്തുകല്ല്, എരുമപ്പെട്ടി, കാളകെട്ടി, മയിലാടുംപാറ, തത്തമംഗലം.... ഇങ്ങനെ നിരവധിപേരുകള്‍ ഉണ്ടല്ലൊ. 


ചരിത്രപരമായ കാരണങ്ങളാല്‍ മാറിപ്പോയ ചില പേരുകളുമുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരിയായതാണ് പ്രബലമായ ഒരു ഉദാഹരണം. രാജാകേശവദാസന്റെ ഓര്‍മ്മയ്ക്കുവേണ്ടിയാണ് തിരുവനന്തപുരത്തെ കറ്റചക്കോണം കേശവദാസപുരമായത്.


രാജഭരണത്തെ ഓര്‍മ്മിപ്പിക്കുന്ന ചില നാട്ടുപേരുകളും കേരളത്തിലുണ്ട്. മാര്‍ത്താണ്ഡപുരം, സേതുലക്ഷ്മിപുരമെന്ന എസ് എല്‍ പുരം തുടങ്ങിയവ ഉദാഹരണങ്ങള്‍.


എന്നാല്‍ സമീപകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസം വര്‍ഗീയ ഛായയുള്ള പേരുകളാണ്. മലമുകളില്‍ കുരിശുനാട്ടി കുരിശുമലയാക്കുന്നത് ഒരു ഉദാഹരണം. നഗരങ്ങളില്‍ ഭൂരിപക്ഷ ജനതയുടെ ആധിപത്യപ്രകാരം കൃഷ്ണനഗറും ഹിദായത്തുനഗറുമൊക്കെ രൂപപ്പെടുന്നുണ്ട്. കുഞ്ഞിപ്പള്ളി, കണ്ണപുരം തുടങ്ങിയ പഴയപേരിന്റെ ചാരുത ഈ പുതിയ പേരുകള്‍ക്കില്ല. 


നാട്ടിന്റെ പേരുമാറ്റി വര്‍ഗീയ ഛായയുള്ള പേരിടുന്നത് നിരുത്സാഹപ്പെടുത്തേണ്ട കാര്യമാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് വര്‍ഗീയ സ്ഥലനാമങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത്.


കേരളം കണ്ട ഏക കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, നാട്ടുപേരിന്റെ വര്‍ഗീയവല്‍ക്കരണത്തെ സ്‌നേഹവും ബുദ്ധിയുമുപയോഗിച്ച് ഒഴിവാക്കിയത് ഓര്‍ക്കാവുന്നതാണ്.


ഇന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളജ് നില്‍ക്കുന്ന സ്ഥലത്തിന്റെ പഴയപേര് കുഞ്ഞിമായീന്റടി എന്നായിരുന്നു. കോളജിനു തറക്കല്ലിടാന്‍ വേണ്ടി കാസര്‍കോട് പുലിക്കുന്നിലെ പഴയ ടൂറിസ്റ്റ് ബംഗ്ലാവില്‍ എത്തി വിശ്രമിച്ച മുണ്ടശ്ശേരിയെ കാണാന്‍ അമ്പതുപേരിലധികമുള്ള ഒരു സംഘമെത്തി. കോളജിനായി തെരഞ്ഞെടുത്ത സ്ഥലത്തിന് കൃഷ്ണനഗര്‍ എന്നുപേരിടണമെന്നായിരുന്നു നിവേദനം. ഇതറിഞ്ഞ മാത്രയില്‍ത്തന്നെ മുസ്‌ലിങ്ങള്‍ സംഘടിച്ച് ബദല്‍ജാഥയായി ചെന്ന് തന്‍ബീദാബാദെന്ന് പേരിടണമെന്നാവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി രണ്ടുകൂട്ടരേയും ബോധ്യപ്പെടുത്തി മറ്റൊരുപേര് മുന്നോട്ടുവച്ചു. അതാണ് ഇന്നത്തെ വിദ്യാനഗര്‍. നായന്മാര്‍മൂലയും സക്കറിയാബസാറും ആശാരിപ്പള്ളവും കുറവന്‍കോണവുമൊക്കെയുള്ള കേരളത്തിലാണ്, വിദ്യാഭ്യാസമന്ത്രിയുടെ വിദ്യാനഗര്‍ വേരുറച്ചത്.


പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ഭാവന സാക്ഷാല്‍ക്കരിച്ച വിദ്യാനഗറില്‍ ഇന്ന് കേന്ദ്രീയ വിദ്യാലയവും ചിന്മയാമിഷന്‍ സ്‌കൂളും സര്‍ക്കാര്‍ അന്ധവിദ്യാലയവും വികസനത്തിന്റെ വന്‍ഗോപുരങ്ങള്‍ കയറിയ മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള നായന്മാര്‍മൂല ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു.


ജാതിയും മതവുമൊക്കെയുണ്ടെങ്കിലും കൊല്ലത്തെ മതേതര ജംഗ്ഷനും കൗതുകമുള്ള സ്ഥലനാമമാണ്. നാട്ടുപേരുകളെ മതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സംരക്ഷണം അര്‍ഹിക്കുന്നില്ല.

2 comments:

  1. ഇന്ത്യയിൽ ജനിച്ചു വളർന്നതെന്ന് അവകാശപ്പെടുവാൻ ജനം മാത്രം അത് പക്ഷെ ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്നത് പേരില് മാത്രം ജനാധിപത്യം എന്ന പേരിൽ
    മതം ഏതായാലും തദ്ദേശീയമായി വികസിപ്പിച്ചെടുത്തത് അവകാശ പ്പെടുന്ന മതം പോലും ഇന്ത്യയിലേക്ക്‌ ഇറക്കു മതി ചെയ്യുകയാണ് ഉപയോഗിക്കുവാൻ വേണ്ടി ഒരു ചരക്കായി മാത്രം

    ReplyDelete
  2. ജാതിമതാധിഷ്ഠിതരാജ്യം. നവോത്ഥാനകാലം കഴിഞ്ഞ് ഇപ്പോള്‍ പൂര്‍വാധികം വേഗതയില്‍ പിന്നോട്ട് ഉരുളുകയാണ്!

    ReplyDelete