നോവലിസ്റ്റ് കാക്കനാടന്റെ സഹോദരൻ തമ്പി കാക്കനാടൻ പാടിയാണ് ഈ പഴയ പാട്ട് കേട്ടിട്ടുള്ളത്. `ഭഗവാന് പണമെന്തിനാടീ, നിനയ്ക്കുമ്പം നിനയ്ക്കുമ്പം പണമല്ലിയോടീ, ഭഗവാനു പണമെന്തിനാടീ...`
അമ്പലത്തിലേക്ക് നേർച്ചയിടാനായി കരുതിവച്ച പണം സ്ത്രീയിൽ നിന്നും വാങ്ങുന്ന ഒരു പുരുഷൻ പാടുന്ന പാട്ട്. ശരിയാണല്ലൊ, ദൈവത്തിന് എന്തിനാണ് പണം? നമ്മൾ നൽകുന്ന പണംകൊണ്ട് ദൈവം എന്തെങ്കിലും കാര്യം നടത്തുന്നുണ്ടോ? ദൈവത്തിനു നൽകുന്ന പണം എങ്ങോട്ടാണ് പോകുന്നത്?
ഭണ്ഡാരപ്പെട്ടികളിൽ നിക്ഷേപിക്കുന്ന പണമാണെങ്കിൽ ക്ഷേത്രാധികൃതർ കൈക്കലാക്കുന്നു. കള്ളന്മാരിൽ നിരീശ്വരവാദികൾ ഇല്ലെങ്കിലും ഭണ്ഡാരപ്പെട്ടികൾ പലപ്പോഴും മോഷ്ടിക്കപ്പെടാറുണ്ട്. പൊൻകുരിശു തോമാമാരുടെ ആ പിൻഗാമികൾ പൊലീസ് പിടിയിലാകുമ്പോൾ കഷ്ടപ്പാടും ദാരിദ്ര്യവുമാണ് വിളമ്പുന്നത്.
രണ്ടു തുട്ടേകിയാൽ ചുണ്ടിൽ ചിരിവരും. തെണ്ടിയല്ലേ മതം തീർത്ത ദൈവമെന്ന് ചോദിച്ചത് മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ്. ദൈവത്തോടല്ല, നമ്മളോടാണ് ചങ്ങമ്പുഴ ആ ചോദ്യം ഉന്നയിച്ചിട്ടുള്ളത്. ദൈവം ഒരു സങ്കൽപ്പമായതിനാൽ ഒരു തുട്ടുപോലും ആവശ്യമില്ലെന്നുള്ള തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
നമ്മൾ മനുഷ്യർ കാര്യസാധ്യത്തിനുവേണ്ടി ദൈവത്തിനുപോലും കൈക്കൂലി കൊടുക്കും. യാദൃച്ഛികമായി ചില കാര്യങ്ങൾ സാധിക്കുമ്പോൾ പണം നൽകിയതിൽ സംപ്രീതരായ ദൈവങ്ങൾ നടത്തിത്തന്നതാണെന്ന് വിശ്വസിക്കുകയും ചെയ്യും. സർക്കാർ ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുത്താൽ കാര്യം സാധിക്കാമെന്ന തോന്നൽ ഈ അന്ധവിശ്വാസത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.
അരനൂറ്റാണ്ടുകാലമായി വറ്റിക്കാതിരുന്ന പറവൂർ മൂകാംബികാ ക്ഷേത്രത്തിലെ കുളം ഇപ്പോൾ വറ്റിച്ചപ്പോൾ നാണയങ്ങളുടെ വൻനിക്ഷേപമാണ് കണ്ടെത്തിയത്. ഈ നാണയങ്ങൾ, ഒരു ദിവ്യാത്ഭുതമെന്ന നിലയിൽ ക്ഷേത്രക്കുളത്തിൽ വിളഞ്ഞതല്ല. കഴിഞ്ഞ അമ്പതു വർഷത്തിനുള്ളിൽ ഓരോ കാര്യങ്ങൾ സാധിക്കാനായി ഭക്തർ എറിഞ്ഞുകൊടുത്ത കൈക്കൂലിക്കാശാണ്. ഇപ്പോൾ വിനിമയത്തിലില്ലാത്ത കാശും ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും അഞ്ചിന്റെയും പത്തിന്റെയും ഇരുപതിന്റെയും ഇരുപത്തഞ്ചിന്റെയും പൈസത്തുട്ടുകളും കുളത്തിലുണ്ടായിരുന്നു.
എന്തുകൊണ്ടാണ് കടലാസിൽ അച്ചടിച്ച നോട്ടുകൾ കാര്യസാധ്യത്തിനായി കുളത്തിലേക്കെറിയാതിരുന്നത്? അന്ധവിശ്വാസത്തിനിടയിലും ഒരു യുക്തി പ്രവർത്തിച്ചിരുന്നു എന്നർഥം.
കാര്യം സിദ്ധിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ പഴയ നാണയങ്ങൾ ശേഖരിക്കുന്നവർക്ക് ഈ കുളനിക്ഷേപം സഹായകമായിട്ടുണ്ടാകും. പ്രചാരത്തിലില്ലാത്ത നാണയങ്ങൾ വലിയവിലയ്ക്ക് വാങ്ങാനും ആളുണ്ടാകും. നാണയത്തുട്ടുകൾ മാത്രമല്ല, ചെറിയ മണിവിളക്കുകളും കുടകളും നിലവിളക്കുകളും മണികളും കുളം വറ്റിച്ചപ്പോൾ കിട്ടി. എല്ലാം ലോഹത്തിൽ നിർമ്മിച്ചവ.
പണം ഉപയോഗിച്ച് അപ്പഴപ്പോഴുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം കുളത്തിലേക്ക് എറിഞ്ഞു പാഴാക്കുന്നതിൽ ഒരു അർഥവുമില്ല. വിശ്വാസം എന്ന ഓമനപ്പേരിട്ട് നമ്മൾ പോറ്റുന്ന അന്ധവിശ്വാസം മാത്രമാണത്.
കുളത്തിലേക്കെറിഞ്ഞ ഒരു ചില്ലിക്കാശുപോലും ദൈവം എടുത്തിട്ടില്ല. കഴിഞ്ഞ അമ്പതുവർഷമായി അത് കുളത്തിൽത്തന്നെ കിടക്കുകയായിരുന്നു. ഇവിടെയാണ് തമ്പി കാക്കനാടൻ പാടിയപാട്ട് ചുവന്ന കണ്ണുകളോടെ തിരിച്ചറിവിന്റെ പ്രകാശം പരത്തുന്നത്.
---ജനയുഗം.