ശബരിമല മഹോത്സവകാലം ആരംഭിക്കുകയാണ്. മൈക്ക്സെറ്റ് കടക്കാർ പഴയ കോളാമ്പികൾ പൊടിതട്ടി എടുത്തുകഴിഞ്ഞു.
ശബരിമല യാത്രയെക്കുറിച്ച് പ്രായമുള്ള ഗുരുസ്വാമിമാർ പറയുന്നത് പഴയകാലത്തിന്റെ ആത്മാർഥതയും പവിത്രതയും ഇന്ന് ഇല്ലെന്നാണ്. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യമില്ലാത്തകാലത്ത് കേരളത്തിലെവിടെ നിന്നും ഭക്തന്മാർ കാൽനടയായാണ് സന്നിധാനത്തിൽ എത്തിയിരുന്നത്. ആദികാലത്ത് പലരെയും പുലിപിടിച്ചിട്ടുപോലുമുണ്ടത്രെ. രണ്ടാഴ്ചയിലധികം നീളുന്ന യാത്ര. ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും ഭക്തയാത്രികർ കരുതിയിരുന്നു.
നീലക്കുറിഞ്ഞി പൂക്കുന്നത് കാണണമെങ്കിൽ സഹ്യപർവതത്തിൽ പോകണം. നീലക്കുറിഞ്ഞി തേക്കിൻകാട് മൈതാനത്തോ മാനാഞ്ചിറയിലോ മറൈൻ ഡ്രൈവിലോ നട്ടുവളർത്തി പുഷ്പിണിയാക്കാൻ സാധിക്കില്ല. എന്നാൽ മലനിരകളിലുള്ള അയ്യപ്പവിഗ്രഹത്തിന്റെ പകർപ്പുകൾ മലനാടും ഇടനാടും കടന്ന് തീരപ്രദേശം വരെ എത്തി. മമ്മതിന്റെ അടുത്തേക്ക് മലവന്നതുപോലെ.
അയ്യപ്പക്ഷേത്രങ്ങളിൽ മാത്രമല്ല കാളീക്ഷേത്രങ്ങളിൽ പോലും മണ്ഡലപൂജയും മകരവിളക്കും ആരംഭിച്ചു. ക്ഷേത്രാചാരങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഉച്ചഭാഷിണിയുടെ ഉപയോഗമാണ് ഇക്കാലത്ത് ഒരു പ്രധാന പ്രത്യേകത. ശാന്തതയോടെയും സ്വസ്ഥതയോടെയും പ്രാർഥിക്കണമെന്ന് ഭക്തജനങ്ങൾ അഭിലഷിക്കുന്ന ക്ഷേത്രപരിസരം അമിതശബ്ദത്താൽ അശാന്തി പടർത്തുന്നതാണ് പ്രയോഗരീതി.
അമ്പലക്കമ്മിറ്റിക്കാർ പെടുന്ന ഒരു കെണി രസകരമാണ്. ഓരോ ദിവസവും ചിറപ്പുനടത്താൻ പണം കൊടുക്കുന്നവർക്ക് രാവും പകലും ഭക്തിഗാനങ്ങൾ അവർ നിൽക്കുന്നിടത്ത് കേൾക്കണമെന്നാണ് നിർബന്ധം. കേട്ടില്ലെങ്കിൽ, വാഗ്ദാനത്തുക ലഭിച്ചുവെന്ന് വരില്ല. ഗൾഫുകാരനാണ് ധനദാതാവെങ്കിൽ ഗൾഫുവരെ കോളാമ്പി കെട്ടുന്നതെങ്ങനെയെന്ന ചിന്താക്കുഴപ്പം ഭാരവാഹികളെ കുഴപ്പത്തിലാക്കും.
ഭാരതീയരുടെ ക്ഷേത്രസങ്കൽപ്പത്തിന് ചരിത്രാതീതകാലത്തെ പഴക്കമൊന്നുമില്ല. തട്ടാമല ഒരു മലയല്ലാത്തതുപോലെ കുരുക്ഷേത്രം ക്ഷേത്രവുമല്ല. മഹാഭാരതത്തിലെ കഥാപാത്രങ്ങൾ ക്ഷേത്ര ദർശനത്തിനല്ല, തീർഥാടനത്തിനാണ് പോകുന്നത്. നദിയിലെ സ്നാനഘട്ടങ്ങളാണവ.
നശിപ്പിക്കപ്പെട്ട ബുദ്ധവിഹാരങ്ങളാണ് ക്ഷേത്രങ്ങളായി മാറിയത്. അതിനാൽ നരബലിയും മൃഗബലിയും ഒഴിച്ചുനിർത്തിയാൽ ശാന്തതയുടെ അന്തരീക്ഷം അവിടെ ഉണ്ടായിരുന്നു. ഓച്ചിറയിലെ ഒണ്ടിക്കാവാണ് ഉദാഹരണം. അതാണ് കാലക്രമേണ കോളാമ്പിപ്പാട്ടുള്ള അശാന്തി കേന്ദ്രങ്ങളായി മാറിയത്.
ഒരു നിശ്ചിത ഡസിബലിലധികം ശബ്ദം നിത്യേന ഒരാളിലേക്ക് പ്രവഹിപ്പിച്ചാൽ അയാൾ ക്രമേണ ബധിരനായി മാറും. ചിത്തഭ്രമ സാധ്യതയുമുണ്ട്. രോഗികളെയും വിദ്യാർഥികളെയും ഈ അമിതശബ്ദം അപകടകരമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യൻ പാർലമെന്റ് ശബ്ദമലിനീകരണ നിയന്ത്രണത്തിനുള്ള നിയമനിർമാണം നടത്തിയിട്ടുള്ളത്.
നിയമം നടപ്പിലാക്കാനോ അനുസരിക്കാനോ ആർക്കും താൽപ്പര്യമില്ലെങ്കിലും ശബ്ദായമാനമായ അന്തരീക്ഷത്തിൽ പ്രാർഥന സാധ്യമല്ലെന്ന തിരിച്ചറിവെങ്കിലും ഉണ്ടാകേണ്ടതല്ലേ? കോളാമ്പിപ്പാട്ടിന്റെ ശല്യം സഹിക്കവയ്യാണ്ട് അത്തരം ആരാധനാലയങ്ങളിൽ നിന്നും സങ്കൽപ്പദൈവം പോലും രക്ഷപ്പെട്ടിട്ടുണ്ടാകും. സങ്കൽപ്പമാണെങ്കിൽപ്പോലും ദൈവത്തിനും വേണ്ടേ ലേശം സ്വസ്ഥത!
ചെവികേള്‍ക്കാത്ത പൊട്ടന്മാരാണോ ദേവന്മാര്!!! ആയിരിക്കും
ReplyDeleteസത്യം
Deleteകവിയുടെ ആശങ്കകള്‍ പങ്കുവയ്ക്കുന്നു.സ്വയം ബാധിര്യം ഭാവിക്കുന്നവര്‍ക്ക് എന്താണ് കേള്‍ക്കാനാവുക?
ReplyDeleteഒരു നിശ്ചിത ഡസിബലിലധികം ശബ്ദം നിത്യേന ഒരാളിലേക്ക് പ്രവഹിപ്പിച്ചാൽ അയാൾ ക്രമേണ ബധിരനായി മാറും. ചിത്തഭ്രമ സാധ്യതയുമുണ്ട്. രോഗികളെയും വിദ്യാർഥികളെയും ഈ അമിതശബ്ദം അപകടകരമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യൻ പാർലമെന്റ് ശബ്ദമലിനീകരണ നിയന്ത്രണത്തിനുള്ള നിയമനിർമാണം നടത്തിയിട്ടുള്ളത്.
ReplyDelete