കേരളം കുളങ്ങളുടെ നാടായിരുന്നല്ലോ. അതുകൊണ്ടുതന്നെ കേരളത്തിന്റെ പോരാട്ട ചരിത്രത്തിൽ കുളങ്ങളും സാക്ഷികളാണ്.
കേരളത്തിലെ കുളങ്ങളിൽ തൊണ്ണൂറുശതമാനവും ഇന്ന് നികത്തിക്കഴിഞ്ഞു. കുളവുമായി ബന്ധപ്പെട്ട ചരിത്രവും അങ്ങനെ മണ്ണടിഞ്ഞു.
ഓർമകളുള്ള ചില മനുഷ്യരെങ്കിലും ആ ചരിത്രം രേഖപ്പെടുത്തിവയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് ഇന്ന് സമ്പൂർണമായും അപ്രത്യക്ഷമായ വൈക്കത്തെ ദളവാക്കുളം. ദളിത് ബന്ധു എൻ കെ ജോസാണ് ദളവാക്കുളത്തിന്റെ ചരിത്രം രേഖപ്പെടുത്തിയത്.
സനാതന ഹിന്ദുധർമത്തിന്റെ നിയമപ്രകാരം ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ അല്ലാത്തവരും അഹിന്ദുക്കളുമായ തദ്ദേശവാസികൾക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ലല്ലോ. വൈക്കം ക്ഷേത്രത്തിലേക്ക്, വിലക്കുകൾ ലംഘിച്ച് ഓടിക്കയറിയ ഒരുസംഘം ഈഴവരെ പിടികൂടി കൊന്നുകുഴിച്ചുമൂടിയ സ്ഥലമാണ് ദളവാക്കുളം. വേലുത്തമ്പി ദളവയുടെ നിർദേശമനുസരിച്ചായിരുന്നു ഈ മഹാപാതകം ചെയ്തത്. രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പാണ് ഈ രക്തസാക്ഷികൾ ഉണ്ടായത്. ദളവാക്കുളം പൂർണമായും വൈക്കം പ്രൈവറ്റ് ബസ്സ്റ്റാൻഡിന്റെ അടിയിലായിപ്പോയി.
കീഴാളന്റെ അഭിമാനപ്പോരാട്ടത്തിന്റെ ഭാഗമായി നിർമിക്കപ്പെട്ട മറ്റൊരു കുളമാണ്, ഇന്ന് സിംഹഭാഗവും കൊല്ലം ജില്ലാ പഞ്ചായത്ത് ഭരണകേന്ദ്രനിർമാണത്തിനായി നികത്തപ്പെട്ട കൊല്ലത്തെ കമ്മാൻകുളം.
ഒരു ജനത, മാനക്കേടിൽ നിന്ന് രക്ഷനേടാൻ നടത്തിയ സമരമായിരുന്നു പെരിനാട് സമരം. മാറുമറയ്ക്കുകയെന്ന സ്ത്രീകളുടെ അവകാശം നേടിയെടുക്കാൻ വേണ്ടി നടത്തിയ സമരം.
മേലുടുപ്പിട്ട് പെരിനാട് ചന്തയിലെത്തിയ ഒരു ദളിത് പെങ്ങളെ മേലാള റൗഡികൾ ആക്രമിച്ചു. മേലുടുപ്പ് പകൽവെളിച്ചത്തിൽ പരസ്യമായി കീറിയെറിഞ്ഞ് അപമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഗോപാലദാസ് എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിൽ ദളിത് ജനപക്ഷം സംഘടിച്ചു.
അന്ന്, നാമമാത്രമായെങ്കിലും മാറുമറയ്ക്കാനുപയോഗിച്ചിരുന്നത് കല്ലയും മാലയുമായിരുന്നു. കഴുത്തിറുകി, അടിമത്തത്തിന്റെ അടയാളമായി അണിഞ്ഞിരുന്ന ആഭരണമാണ് കല്ല. മുലകളിൽ മൂടിക്കിടന്നിരുന്ന മറ്റൊരു മാലയും സാധാരണമായിരുന്നു. മാറിടം മറയാത്ത ഈ വിലകുറഞ്ഞ ആഭരണങ്ങൾക്ക് മീതെ റൗക്കയിട്ടതാണ് സവർണ ഹിന്ദുറൗഡികളെ പ്രകോപിപ്പിച്ചത്.
പെരിനാട്ടെ പുലയക്കുടിലുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. വെന്തുവീണ കുമിൾക്കുടിലുകളിൽ നിന്നും അടിമജനത, പ്രാണനും കൊണ്ട് പുറത്തേക്കോടി. ഗോപാലദാസിന്റെ നേതൃത്വത്തിൽ സംഘടിതരായ അവർ നിൽക്കക്കള്ളിയില്ലാതെ ചില തമ്പുരാക്കളുടെ മാളികകളും ആക്രമണത്തിലൂടെ പ്രതിരോധിച്ചു.
മഹാനായ അയ്യൻകാളി പെരിനാട്ടെത്തി, പ്രശ്നങ്ങൾ മനസിലാക്കി അധികൃതശ്രദ്ധയിൽപ്പെടുത്തി. ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ അധ്യക്ഷതയിൽ കൊല്ലം റയിൽവേ മൈതാനത്ത് ചേർന്ന മഹാസമ്മേളനത്തിൽവച്ച് ദളിത് വനിതകൾക്ക് റൗക്ക വിതരണം ചെയ്തു. അവർ, അപമാനത്തിന്റെ അടയാളമായിരുന്ന കല്ലയും മാലയും കൊയ്ത്തരിവാളുകൊണ്ട് മുറിച്ചെറിഞ്ഞു.
പക്ഷേ, തമ്പുരാന്മാരുടെ വീടാക്രമിച്ചു എന്ന പേരിൽ നിരവധി ദളിതർക്കെതിരേ കേസെടുത്തു. ഈ കേസ് വാദിച്ച വക്കീലന്മാർക്ക് കൊടുക്കാൻ അവരുടെ കയ്യിൽ പണമില്ലായിരുന്നു. പ്രമുഖരായ ടി എം വർഗീസും ഇലഞ്ഞിക്കൽ ജോണുമായിരുന്നു അഭിഭാഷകർ. വക്കീൽപ്പണമില്ലെങ്കിൽ അധ്വാനം പ്രതിഫലമായി തന്നാൽ മതി എന്ന നിബന്ധന പ്രകാരം ടി എം വർഗീസിന്റെ വീട്ടുപരിസരത്ത് നിർമിച്ചതാണ് കമ്മാൻകുളം. നാണം മറയ്ക്കാൻ വേണ്ടി നടത്തിയ സമരത്തിൽ പങ്കെടുത്തതിനാൽ കേസിൽ കുരുങ്ങിയ പ്രതികൾ നൽകിയ വക്കീൽ ഫീസ്.
ഇന്ന് ഈ സമരസ്മാരകം ഏറെക്കുറെ നികത്തിക്കഴിഞ്ഞു. അവശേഷിപ്പെങ്കിലും സംരക്ഷിച്ചാൽ, സ്മരണ നിലനിർത്താനും ഒരു ജലനിധി സംരക്ഷിക്കാനും സാധിക്കും.
ഇക്കാലത്തെ സദാചാരമാക്രികളെല്ലാം വായിക്കണം ഈ ചരിത്രമൊക്കെ
ReplyDeleteഈ കുളങ്ങളുടെ ജലശ്രോതസ്സെന്ന മൂല്യത്തേക്കാൾ എത്രയോ വിലപ്പെട്ടതാണ്, അവിസ്മരണീയമാണ് അവയ്ക്കു പിന്നിൽ ഉറങ്ങിക്കിടക്കുന്ന വീരസ്മൃതികൾ; ചരിത്രപാഠങ്ങൾ! പക്ഷെ, കാലത്തിന്റെ കുത്തൊഴുക്കിൽ അവയും വിസ്മൃതിയിൽ, അഗണ്യകോടിയിൽ ആഴുന്നതു ഒരു ജനതതിയുടെ അലംഭാവമാണ് വെളിവാക്കുന്നത്.
ReplyDeleteഒരു ജനത, മാനക്കേടിൽ നിന്ന് രക്ഷനേടാൻ നടത്തിയ സമരമായിരുന്നു പെരിനാട് സമരം. മാറുമറയ്ക്കുകയെന്ന സ്ത്രീകളുടെ അവകാശം നേടിയെടുക്കാൻ വേണ്ടി നടത്തിയ സമരം.
ReplyDelete