Sunday, 7 December 2014

ഓണ്‍ലൈൻ പുൽമേട്ടിലെ ഒളിപ്പോരാളികൾ




ശിവനന്ദയുടെ മഞ്ഞു പൂത്ത വെയിൽമരം എന്ന കഥാസമാഹാരം പ്രകാശനം ചെയ്തത്‌ ഇടപ്പളളിയിലെ ചങ്ങമ്പുഴപ്പാർക്കിൽവച്ചായിരുന്നു. കവിയും ജനനേതാവുമായ ബിനോയ്‌ വിശ്വം ആദ്യപ്രതി ഏറ്റുവാങ്ങി.

പതിനേഴ്‌ കഥകളുളള ഈ പുസ്തകത്തിൽ കഥാകാരിയുടെ ജീവചരിത്രക്കുറിപ്പില്ല, ചിത്രവുമില്ല. നോക്കൂ, ജീവചരിത്രക്കുറിപ്പിനുവേണ്ടി പേജുകൾ ആഗ്രഹിക്കുകയും തരപ്പെടുത്തിയ അവാർഡുകൾ അറിയിക്കാൻ പുസ്തകത്തോടൊപ്പം ഒരു കൊച്ചുപുസ്തകംകൂടി കുത്തിക്കെട്ടാൻ ആലോചിക്കുകയും ചെയ്യുന്ന, വൈറസ്‌ ബാധിച്ചകാലത്താണ്‌ ഫോട്ടോയും ജീവചരിത്രപ്പടപ്പും ഇല്ലാതെ ഒരു പുസ്തകം പ്രകാശിതമാകുന്നത്‌.

പ്രകാശനചടങ്ങിന്റെ ഒരു പ്രധാന മുഹൂർത്തം, ഗ്രന്ഥകർത്താവിനെ മധ്യത്തുനിർത്തി ഫോട്ടോ എടുക്കുന്നതാണ്‌. ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാകട്ടെ കഥാകാരി വന്നതേയില്ല. ഫോണിലൂടെ ആയിരുന്നു മറുപടി പ്രസംഗം. ആർദ്രവും ആകർഷകവുമായ വാക്കുകളിൽ അവർ എല്ലാവർക്കും നന്ദി പറഞ്ഞു.

സ്വന്തം പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാർക്ക്‌ വിവാഹംപോലെ പ്രധാനപ്പെട്ട ജീവിതചടങ്ങാണല്ലോ. എല്ലാവരെയും ക്ഷണിക്കുന്ന ദിവസം. ഈ കഥാകാരി എന്തുകൊണ്ടുവന്നില്ല?

ബഹുഭൂരിപക്ഷം സ്ത്രീകളെയുംപോലെ വിവാഹാനന്തരം വീട്ടുതടങ്കലിലാക്കപ്പെട്ട ഒരു പാവം അക്ഷരസ്നേഹിയാണ്‌ കഥാകാരി. ശിവനന്ദ എന്നത്‌ അവരുടെ യഥാർഥ പേരുമല്ല. ചെറുപ്പത്തിലേ എഴുതിയ കഥകളെല്ലാം ജയിലധികൃതർ കീറിക്കളഞ്ഞു. വായനക്കാർക്ക്‌ കഥാകാരിയെ നേരിട്ടുകാണാൻ കഴിയില്ല.
തടവുമുറിയിൽ കരിക്കട്ടകൊണ്ട്‌ കവിതയെഴുതിയ ചരിത്രമാണല്ലോ സാഹിത്യത്തിനുളളത്‌. കുബേരത്വത്തിന്റെ മതിൽക്കെട്ടിനുളള അസ്വാതന്ത്ര്യപ്പട്ടിണി മാറണമെന്ന കുചേലമോഹവുമായി കഴിഞ്ഞ അവർ വൈദ്യുതവിളക്കുകൾ ഓഫാക്കി, മെഴുകുതിരി കൊളുത്തി. അടുക്കളയിലെ സ്റ്റൂളിൽ പേപ്പർവച്ച്‌ തറയിൽ മുട്ടുകുത്തിയിരുന്ന്‌ കഥകളെഴുതി. പൊൻതരിപോലെ സൂക്ഷിച്ചു.

ഇങ്ങനെയുളള ഒരു വീട്ടമ്മയുടെ പ്രകാശനസാധ്യതയെന്താണ്‌? പണ്ട്‌ ടൈപ്പിനുപോയത്‌ ഇപ്പോൾ സഹായകമാകും. അവർ ഇന്റർനെറ്റ്‌ സാധ്യതയെക്കുറിച്ച്‌ മനസിലാക്കി. കൂട്ടം എന്ന ഓൺലൈൻ കൂട്ടായ്മയിലെ ബ്ലോഗിൽ സ്വന്തം കഥകൾ പോസ്റ്റ്‌ ചെയ്തു. അസാധാരണമായ ആസ്വാദക സ്വീകരണമാണ്‌ കഥകൾക്ക്‌ ലഭിച്ചത്‌. കുറെ കഥകളായപ്പോൾ കൂട്ടം തന്നെ മുൻകൈയെടുത്ത്‌ തളിപ്പറമ്പിലെ സിഎൽഎസ്‌ ബുക്സ്‌ മുഖേന കഥാസമാഹാരം പുറത്തിറക്കി. പ്രസാധക ലീല എം ചന്ദ്രന്‌ പെൺമനസ്‌ നന്നായി ബോധ്യപ്പെട്ടു.

വീട്ടുതടങ്കലിലാക്കപ്പെട്ട എഴുത്തുകാരികളുടെ ഏറ്റവും വലിയ പ്രകാശനസാധ്യതയാണ്‌ ഇന്റർനെറ്റ്‌. അവിടെ എഡിറ്റിംഗിന്‌ ആരുമില്ലാത്തതിനാൽ ലാബും ലിറ്റ്മസ്‌ പേപ്പറും കത്രികയും സ്വന്തമായി കരുതേണ്ടതുണ്ട്‌.

ഓൺലൈൻ മേഖലയിലെ എഴുത്തുകാരികൾ അധികവും സ്വന്തംപേര്‌ ഉപയോഗിക്കാറില്ല. അവരെക്കുറിച്ചുളള വിശദവിവരമൊന്നും നെറ്റിൽ ലഭിക്കുകയുമില്ല. വായനക്കാർക്ക്‌ വിശദവിവരങ്ങളെക്കാൾ പ്രധാനം എഴുത്താണല്ലോ.

എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന പുരുഷൻമാരും ചിലപ്പോൾ പരപേരുപയോഗിച്ച്‌ നെറ്റിൽ വിലസാറുണ്ട്‌. ആത്മവിശ്വാസമില്ലായ്മയോ ദുഷ്ടലാക്കോ ആണ്‌ ഇതിനുകാരണം. ഫേസ്ബുക്കിലൊക്കെ ഒന്നിലധികം ഐഡികൾ ഉണ്ടാക്കി സ്വയം ലൈക്കുകൾ നേടുന്ന തരികിടകളും ഉണ്ട്‌. ഇങ്ങനെയുളളവർ അസംഖ്യം പാസ്‌വേഡുകൾ സൂക്ഷിക്കാൻ പ്രത്യേക രജിസ്റ്ററും ഫയലുമൊക്കെ കരുതേണ്ടതായിവരും.

ഓൺലൈൻ മേഖലയിൽ മതമൗലികവാദികളും തീവ്രവാദികളും സജീവമാണ്‌. അതുപോലെതന്നെ യുക്തിബോധമുളളവരുടെ സൈറ്റുകളും സജീവമാണ്‌.
ഓൺലൈൻ മേഖലയിൽ പെൻപേരുപയോഗിച്ച്‌ സാഹിത്യപ്രവർത്തനം നടത്തുന്ന സ്ത്രീകൾ മലയാള സാഹിത്യത്തിലെ ഗറില്ലകളാണ്‌. സ്വന്തം ആശയങ്ങളെ പ്രകാശിപ്പിക്കുക മാത്രമല്ല അവർ ചെയ്യുന്നത്‌, പുരുഷൻമാർ രൂപപ്പെടുത്തിയെടുത്തിട്ടുളള അശാസ്ത്രീയമായ അച്ചടക്ക വ്യവസ്ഥയെ അതിലംഘിക്കുകകൂടിയാണ്‌. ശിവനന്ദകൾ മലയാളസാഹിത്യത്തിൽ ഉണ്ടാകുന്നത്‌ അങ്ങനെയാണ്‌.

4 comments:

  1. ശിവനന്ദയെപ്പറ്റി വായിച്ച് സന്തോഷിക്കുന്നു

    ReplyDelete
  2. ഓൺലൈൻ മേഖലയിൽ
    മതമൗലികവാദികളും തീവ്രവാദികളും
    സജീവമാണ്‌. അതുപോലെതന്നെ യുക്തിബോധ
    മുളളവരുടെ സൈറ്റുകളും സജീവമാണ്‌.
    ഓൺലൈൻ മേഖലയിൽ പെൺ പേരുപയോഗിച്ച്‌
    സാഹിത്യ പ്രവർത്തനം നടത്തുന്ന സ്ത്രീകൾ മലയാള
    സാഹിത്യത്തിലെ ഗറില്ലകളാണ്‌. സ്വന്തം ആശയങ്ങളെ
    പ്രകാശിപ്പിക്കുക മാത്രമല്ല അവർ ചെയ്യുന്നത്‌, പുരുഷൻമാർ രൂപപ്പെടുത്തിയെടുത്തിട്ടുളള അശാസ്ത്രീയമായ അച്ചടക്ക വ്യവസ്ഥയെ അതിലംഘിക്കുകകൂടിയാണ്‌.

    ശിവനന്ദകൾ മലയാള
    സാഹിത്യത്തിൽ ഉണ്ടാകുന്നത്‌ അങ്ങനെയാണ്‌...!

    ReplyDelete
  3. ആര്‍ എത്ര തളച്ചാലും,കൊട്ടിയടക്കപ്പെട്ട സാധ്യതകളൊക്കെ പുറത്തു വരും കാലം പക്ഷ ഭേദം കാണിച്ചില്ലെങ്കില്‍ ... ആശംസകള്‍ സാര്‍

    ReplyDelete
  4. This comment has been removed by the author.

    ReplyDelete