ആപ്പിൾ മരത്തിന്റെ ചില്ലയിൽ
തൂമഞ്ഞു പൂക്കൾ വിടർത്തിയ രാത്രി.
ശീതപതാകയും പേറി,ഹിമാലയ-
നാഭിയിൽ നിന്നും വരുന്ന കാറ്റ്
സത് ലജിനെ തൊട്ട്
സാനുക്കളെ തൊട്ട്
ദേവദാരുക്കളെ തൊട്ട്
ഹോട്ടൽ മുറിയെ
ചുഴന്നു വിഴുങ്ങുന്ന രാത്രി.
ഹിമക്കരടി ജോഡികൾ
ഭോഗിച്ചുറങ്ങുന്ന രാത്രി.
ഉൾവസ്ത്രവിസ്കി ധരിച്ച്
ഉറങ്ങാനുള്ള വട്ടത്തിലാണ് ഞാൻ.
രാവായനക്കുള്ള പുസ്തകം
മെല്ലെ തുറന്നും അടച്ചും
അപ്പുറത്തുണ്ട് നിശാഗന്ധികൾ.
സ്വയം കത്തിച്ചു തന്നെ
തണുപ്പകറ്റും ചെറു സസ്യങ്ങൾ
മിന്നാമിനുങ്ങിന്റെ ചേച്ചിമാർ.
സൾഫറുടുപ്പിട്ട കുഞ്ഞിച്ച്ചെടികളിൽ
തുപ്പുമിരുട്ടിന്റെ ധാർഷ്ട്യം.
ഹോട്ടൽ മുറി
നെരിപ്പോടുകൾ നെഞ്ചകം
കാട്ടി,യുറങ്ങാതിരിക്കുന്ന പാതിര.
നീ ഉറങ്ങുന്നതേയില്ല.
വസ്ത്രങ്ങളൊന്നിനൊന്നോടു
തൊടുത്തു ഞാൻ
അഗ്നിയുണർത്താൻ
ശ്രമിച്ചു തോൽക്കുമ്പോൾ
പല്ലിളിക്കുന്നു, ഹിമപ്പാത താണ്ടിയ
കല്ലിന്നുറപ്പുള്ള രാത്രി.
തോറ്റു പോകുന്നു കരിമ്പടം,
ലഗ്ഗിൻസ്,കുർത്ത,ദുപ്പട്ട,
രോമത്തൊപ്പി,കയ്യുറ,
സോക്സ്,ഗൌണ്‍,ജീൻസ്,
മുഖംമൂടിയ കമ്പിളി...
നീ ഉറങ്ങുന്നതേയില്ല.
ഏറും തണുപ്പിന്റെ
വൈദ്യുതിയേറ്റു നീ
മാരകമായ് വിറയ്ക്കുന്നു.
ആകെ കുഴങ്ങി ഞാൻ
എന്തു ചെയ്യാൻ,
ചീർത്ത രാവിൻ കരിമലക്കൂട്ടം
ദൂരെയും ചാരെയും മൗനക്കരിങ്കല്ല്
മൂടിത്തുറിച്ചു നിൽപ്പാണ്.
ഒറ്റ ഞൊടി
വസ്ത്രശേഖരം നീക്കി ഞാൻ
പൊത്തിപ്പിടിക്കുന്നു നിന്നെ.
കാൽനഖം തൊട്ടുച്ചിയോളം
തെരുതെരെ
തീയുമ്മ വയ്ക്കുന്നു.
നിന്റെ കോശങ്ങളിൽ
ജ്വാലകൾ
മെല്ലെ, ചുവന്ന സർപ്പങ്ങളായ്
ജീവൻ കൊളുത്തിയുണരുന്നു.
ഞാൻ നിൻ മനുഷ്യപ്പുതപ്പ്
നീയെന്റെ മാംസക്കുതിപ്പ്
ഞാൻ നിൻ ശിശിരയുടുപ്പ്
നീയെന്റെ സ്നേഹപ്പതിപ്പ്
നീ സുഖമായുറങ്ങുന്നു.