Sunday, 20 December 2015

ഉത്തമ വനിതാ വാർത്ത ഉത്തർപ്രദേശിൽ നിന്നും


ചൂഷണത്തിന്റെയും കബളിപ്പിക്കലിന്റെയും കതിർമണ്ഡപമായി പലപ്പോഴും വിവാഹരംഗം മാറാറുണ്ടല്ലോ. ചെക്കന്‌ കഞ്ഞികുടിക്കാനുളള വകയുണ്ടെന്ന്‌ പറഞ്ഞിട്ട്‌ വിവാഹാനന്തരം പ്ലാവ്‌ കാട്ടിക്കൊടുത്തതും ഇരുന്നുണ്ണാനുളള വകയുണ്ടെന്ന്‌ പറഞ്ഞിട്ട്‌ കൊരണ്ടി കാട്ടിക്കൊടുത്തതും പണ്ടേ നമ്മുടെ നാട്ടിലുളള കഥയാണല്ലോ. വഴിയേപോയ ആനയെ ഓല കൊടുക്കാമെന്ന്‌ പറഞ്ഞ്‌ പുരയിടത്തിൽ തളച്ചിട്ട്‌ ആനയുളള വീടാണെന്ന്‌ പറഞ്ഞ്‌ ആളുകളെ പറ്റിച്ച വിരുതന്മാരുമുണ്ട്‌.
ഉത്തർപ്രദേശിലെ മൈൻപൂരിൽ, ഉന്നതവിദ്യാഭ്യാസവും അറുപതേക്കർ സ്ഥലവും ഉണ്ടെന്ന്‌ പറഞ്ഞാണ്‌ ഒരു യുവാവ്‌ കുഷ്ബുസക്സേനയുമായുളള വിവാഹം ഉറപ്പിച്ചത്‌. മാതാപിതാക്കൾ നടത്തുന്ന അന്വേഷണമല്ലാതെ പെൺകുട്ടിക്ക്‌ തന്റെ ഭാവി ഭർത്താവിനെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്താനുളള സന്ദർഭം ഇപ്പോഴുമില്ലല്ലോ. അതിനാൽ കതിർമണ്ഡപത്തിൽവച്ച്‌ പല പെൺകുട്ടികൾക്കും ഈ വരനെ വേണ്ടെന്ന്‌ പറയേണ്ടി വന്നിട്ടുണ്ട്‌. കുഷ്ബുസക്സേനയുടെ കാര്യത്തിലും അങ്ങനെയാണ്‌ സംഭവിച്ചത്‌.

പൂജാരി ചൊല്ലിക്കൊടുത്ത വിവാഹമന്ത്രങ്ങൾ തെറ്റാതെ ഏറ്റുചൊല്ലാൻ വരന്‌ കഴിഞ്ഞില്ല. വിവാഹവസ്ത്രം കൊണ്ട്‌ മുഖം മറച്ചുനിന്ന കുഷ്ബു അത്‌ ശ്രദ്ധിച്ചുവെന്ന്‌ മാത്രമല്ല, കുറച്ച്‌ നാണയങ്ങൾ വരുത്തി വരനോട്‌ എണ്ണാൻ പറഞ്ഞു. വരന്‌ നാണയങ്ങൾ എണ്ണിയെടുക്കാനുളള പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലെന്ന്‌ അപ്പോഴാണ്‌ എല്ലാവർക്കും ബോധ്യപ്പെട്ടത്‌.
തീർന്നില്ല, അറുപത്തൊമ്പതും എഴുപത്തൊമ്പതും തമ്മിലുളള വ്യത്യാസം ചോദിച്ചപ്പോഴും വരന്റെ വിവരമില്ലായ്മ പൊളിഞ്ഞു. വധു, സ്വന്തം മൊബെയിൽ ആ പുരുഷകേസരിയെ ഏൽപിച്ചിട്ട്‌ ഒരു നമ്പർ ഡയൽ ചെയ്യാൻ പറഞ്ഞിട്ടും അയാൾക്കതിന്‌ കഴിഞ്ഞില്ല.

ഇക്കാലത്ത്‌ ഏത്‌ നിരക്ഷരനും ഒരു നമ്പർ ഡയൽ ചെയ്യാൻ കഴിയുമല്ലോ. ഒരു നമ്പർ ഡയൽ ചെയ്യുന്നതിന്‌ അക്കങ്ങൾ കൂട്ടുകയോ കുറയ്ക്കുകയോ ഗുണിക്കുകയോ ഹരിക്കുകയോ വേണ്ടല്ലോ. അതുപോലും അറിയാത്ത ഒരു പുരുഷനെ തനിക്ക്‌ വേണ്ടെന്ന്‌ കുഷ്ബു കല്യാണപ്പന്തലിൽ വച്ച്‌ പരസ്യമായി പറഞ്ഞു.

അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ വരൻ തിരിച്ചു പോയെങ്കിലും വീട്ടുകാർ ഉടൻതന്നെ വിദ്യാഭ്യാസ യോഗ്യതയുളള ഒരു പുരുഷനെ കണ്ടെത്തുകയും വിവാഹം നടത്തുകയും ചെയ്തു.

മരണം വരെ ഒന്നിച്ചു ജീവിക്കേണ്ട പുരുഷനെക്കുറിച്ചുളള എല്ലാ കാര്യങ്ങളും വിവാഹത്തിന്‌ മുമ്പുതന്നെ അറിയാനുളള അവകാശം സ്ത്രീകൾക്കുണ്ട്‌. അതവർക്ക്‌ നിഷേധിക്കുന്നത്‌, സ്വാർഥ താൽപര്യമുളള പുരുഷ മേധാവിത്വ സമൂഹത്തിന്റെ ലക്ഷണമാണ്‌.

മലയാള പത്രങ്ങളിലെ വൈവാഹിക പരസ്യങ്ങളിൽ ജാതിക്കും മതത്തിനും ജാതകത്തിനും പരോക്ഷ സ്ത്രീധന സൂചനയ്ക്കും നൽകുന്ന പ്രാധാന്യം വിദ്യാഭ്യാസ യോഗ്യതയ്ക്കോ രക്തഗ്രൂപ്പിനോ നൽകാറില്ല.

സ്ത്രീ പുരുഷന്മാർ സ്വയം ജീവിത പങ്കാളികളെ കണ്ടെത്തുന്നതാണുചിതം. അപ്പോൾ വിദ്യാഭ്യാസവും വിവേകവും ഒക്കെയുണ്ടോ എന്ന്‌ മനസിലാക്കാം. തന്നോളം വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കിൽപോലും പ്രണയത്താൽ ഹൃദയം ബന്ധിച്ച്‌ തൃപ്തികരമായി ജീവിക്കാൻ കഴിയും. അറിഞ്ഞുകൊണ്ടാണെങ്കിൽ കുറ്റബോധം ഉണ്ടാവുകയുമില്ലല്ലോ. കുഷ്ബു സക്സേന ഒരു മാതൃകയാണ്‌.

2 comments:

  1. പുതിയകാലത്തിന്റെ സ്ത്രീപ്രതീക്ഷകൾ

    ReplyDelete
  2. മരണം വരെ ഒന്നിച്ചു ജീവിക്കേണ്ട
    പുരുഷനെക്കുറിച്ചുളള എല്ലാ കാര്യങ്ങളും
    വിവാഹത്തിന്‌ മുമ്പുതന്നെ അറിയാനുളള അവകാശം
    സ്ത്രീകൾക്കുണ്ട്‌. അതവർക്ക്‌ നിഷേധിക്കുന്നത്‌, സ്വാർഥ
    താൽപര്യമുളള പുരുഷ മേധാവിത്വ സമൂഹത്തിന്റെ ലക്ഷണമാണ്‌.

    ReplyDelete