ഹിന്ദുമതത്തിലെ നാല് ജാതിക്കും പുറത്തുനിൽക്കുന്ന സമൂഹങ്ങളിൽ പ്രധാനപ്പെട്ടതാണ് ഈഴവ സമൂഹവും പുലയസമൂഹവും. ജാതിയും മതവും ഉപേക്ഷിച്ച നാരായണഗുരുവിനെ ഈഴവ സമൂഹവും പുലയ മഹാസഭയുടെ സ്ഥാപകനല്ലാത്ത അയ്യൻകാളിയെ പുലയ സമൂഹവും ഉയർത്തിക്കാണിച്ചു കൊണ്ടാണല്ലോ സാമുദായിക പ്രവർത്തനങ്ങൾ നടത്തുന്നത്.
ഈ സമുദായങ്ങളുടെ സാമ്പത്തികമായ ഉച്ചനീചത്വം ശരിയായി വെളിപ്പെടുത്തുന്നതാണ് കൊല്ലം നഗരത്തിൽ അടുത്തടുത്തു നിൽക്കുന്ന രണ്ടുപ്രതിമകൾ.
കൊല്ലം എസ് എൻ കോളജ് കോമ്പൗണ്ടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ആർ ശങ്കറിന്റെ പടുകൂറ്റൻ പ്രതിമയും തൊട്ടടുത്ത് അയ്യൻകാളിയുടെ തീരെ മെലിഞ്ഞ ഒരു ചെറുപ്രതിമയുമാണുളളത്. ആർ ശങ്കറിന്റെ പ്രതിമയെ സ്വർണച്ചായം പൂശി സമ്പന്നതയുടെ ലക്ഷണമൊത്ത രൂപമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ തൊട്ടടുത്ത പീരങ്കി മൈതാനത്തിന്റെ തെക്കുകിഴക്കേ മൂലയിലുണ്ടായിരുന്ന അയ്യൻകാളിയുടെ തീരെ മെലിഞ്ഞ പ്രതിമയിൽ അലൂമിനിയം പെയിന്റടിച്ച് തിളക്കമുളളതാക്കിയിട്ടുണ്ട്.
ജനയുഗത്തിലെ പത്രപ്രവർത്തകനും ചരിത്രകാരനുമായിരുന്ന കോഴിശേരി ലക്ഷ്മണന്റെ കണ്ടെത്തൽ പ്രകാരം കൊല്ലത്തെ പീരങ്കിമൈതാനം, ആശ്രമം മൈതാനത്തിന്റെ ഭാഗമായിരുന്നു. ഈ വിശാലമായ പ്രദേശത്താണ് റസിഡൻസി മന്ദിരവും കൊല്ലം റയിൽവേ സ്റ്റേഷനും എസ്‌എൻ, ഫാത്തിമ കോളജുകളും കർബലയും ലാൽബഹദൂർ സ്റ്റേഡിയവും ടി കെ ദിവാകരൻ പാർക്കും കോർപറേഷൻ ഓഫീസും പൊലീസ് ക്യാമ്പും ഇംഗ്ലീഷ് പളളിയും ശാരദാമഠവും എല്ലാം നിൽക്കുന്നത്. ശ്രീനാരായണകോളജ് നിൽക്കുന്ന സ്ഥലം സർക്കാരിലേയ്ക്കുളള വരുമാനം ഒഴിവാക്കി കഴിഞ്ഞ ഇടതുപക്ഷ സർക്കാർ വിട്ടുകൊടുക്കുകയായിരുന്നു.
മുൻ എംഎൽഎയും ദീർഘദർശിയുമായിരുന്ന ടി കൃഷ്ണന്റെ ആഗ്രഹപ്രകാരമാണ് വളരെ വർഷങ്ങൾക്ക് മുമ്പ് അയ്യൻകാളിയുടെ പ്രതിമ സ്ഥാപിച്ചത്. അയ്യൻകാളിയുടെ അർധകായ പ്രതിമയുമായി അൽപം സ്ഥലത്തിനുവേണ്ടി അദ്ദേഹം മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു. വളരെക്കാലത്തെ പരിശ്രമത്തിനുശേഷമാണ് ആ നവോഥാന നായകന്റെ പ്രതിമ പീരങ്കി മൈതാനത്ത് ഇറക്കിവയ്ക്കുവാൻ അദ്ദേഹത്തിന് സാധിച്ചത്. പിന്നീട് ആ പ്രതിമ മാറ്റി ചെറിയ ഒരു പൂർണകായ പ്രതിമ സ്ഥാപിക്കുകയായിരുന്നു. ആർ ശങ്കറിന്റെ പ്രതിമയാവട്ടെ എല്ലാവിധ ആർഭാടങ്ങളോടുംകൂടി ഹിന്ദുകാർഡു കാട്ടി അധികാരത്തിലെത്തിയ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയായിരുന്നു. അന്നത്തെ പ്രസംഗത്തിൽ അദ്ദേഹം ആർ ശങ്കറിന് ഹിന്ദുമത വർഗീയ രാഷ്ട്രീയസംഘടനയുമായി ബന്ധമുണ്ടായിരുന്നുവെന്ന കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഫലിതം പൊട്ടിക്കുകയും ചെയ്തു.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കേരള മന്ത്രിസഭയ്ക്ക് ബജറ്റ് തയാറാക്കുവാൻ സഹായിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനായിരുന്ന പ്രൊഫ. മാത്യു തരകനെ ക്ഷണിച്ചുവരുത്തി കൊല്ലം ശ്രീനാരായണ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ ചുമതല ഏൽപിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാരനല്ലാത്ത ആർ ശങ്കർ ചെയ്തത്.
വി കെ കൃഷ്ണമേനോനും പന്ന്യൻ രവീന്ദ്രനും ശശി തരൂരും കെ കരുണാകരനുമടക്കം മലബാറിൽ ജനിച്ചവരെ തിരുവനന്തപുരം പാർലമെന്റ് നിയോജക മണ്ഡലത്തിലെ ജനങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു തിരുവിതാംകൂർ നിവാസിയായിരുന്നു ആർ ശങ്കർ. എല്ലാവരെയും അംഗീകരിക്കുവാൻ ആർ ശങ്കറിന് കഴിഞ്ഞിരുന്നു.
കൊല്ലത്ത് കമ്മ്യൂണിസത്തിന്റെ വിത്ത് വിതച്ചവരിൽ ഒരാളായിരുന്നു വി കാർത്തികേയൻ. കേരള ഹൈക്കോടതിയിലും ഇന്ത്യൻ റയിൽവേയിലും ലഭിച്ച ജോലി കമ്യൂണിസ്റ്റുകാരൻ എന്ന ഒറ്റക്കാരണത്താൽ പൊലീസ് വെരിഫിക്കേഷനിൽ അദ്ദേഹത്തിന് നഷ്ടമായി. കെപിആർ രയരപ്പനോടൊപ്പം വെല്ലൂർ ജയിലിൽ അടയ്ക്കപ്പെട്ട അദ്ദേഹം പിന്നീട് ധനതത്വശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. അദ്ദേഹത്തെ കമ്യൂണിസ്റ്റുകാരൻ എന്നറിഞ്ഞുകൊണ്ടു തന്നെ ഒരു പൈസപോലും വാങ്ങാതെ ആർ ശങ്കർ കൊല്ലം എസ്‌എൻ കോളജിൽ നിയമിച്ചു. ഇക്കാലത്ത് അധ്യാപക നിയമനത്തിന് ലക്ഷങ്ങളുടെ പാട്ടാണല്ലോ കമ്പോളത്തിലുളളത്.ആർ ശങ്കറിന്റെ കാലം കഴിഞ്ഞുപോയല്ലോ.
അധഃസ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന ഈഴവ സമുദായത്തിന്റെ സാമ്പത്തികശേഷിയും പുലയ സമുദായത്തിന്റെ ദാരിദ്ര്യവും ഇന്ന് സ്പഷ്ടമായിത്തന്നെ കാണാം. കേരളത്തിലെ ദളിതരിൽ കുറേയെങ്കിലും മുന്നോട്ടുവന്നിട്ടുളള സമുദായമാണ് പുലയസമുദായം. അവരുടെ സ്ഥിതി അലൂമിനിയം പെയിന്റിലാണ് ഒതുങ്ങുന്നതെങ്കിൽ അതിലും താഴെയുളളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്തായാലും ഈ വർണവ്യത്യാസം ശരിയായ ഒരു സാമൂഹ്യസാമ്പത്തിക പഠനത്തിലേയ്ക്ക് വെളിച്ചം വീശുന്നുണ്ട്
വളരെ ചിന്തിപ്പിക്കുന്ന ഒരു വീക്ഷണം.
ReplyDeleteഞാൻ ഇത് ഷെയർ ചെയ്യുന്നു
നമ്പൂരി മുതല്‍ നായാടി വരെ.... എത്ര മനോഹരമായ മുദ്രാവാക്യം!!!!
ReplyDeletepraasabhamgi. :)
Deleteചിന്തിപ്പിക്കുന്ന ചിന്തകള്‍
ReplyDeleteനല്ല വിലയിരുത്തലുകൾ...
ReplyDeleteഎന്തായാലും ഈ വർണവ്യത്യാസം ശരിയായ ഒരു സാമൂഹ്യസാമ്പത്തിക പഠനത്തിലേയ്ക്ക് വെളിച്ചം വീശുന്നുണ്ട്....
ReplyDeleteപക്ഷെ അത്തരം പഠനങ്ങള്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല
എന്നുള്ളതാണ് പരമമായ സത്യം.