Friday, 22 April 2016

പ്രകൃതിക്കൊരു കൂട്ട്‌; പ്രസാദിന്‌ ഒരു വോട്ട്‌



തെരഞ്ഞെടുപ്പുകാലത്ത്‌ കേരളത്തിലൂടെ സഞ്ചരിക്കുന്നത്‌ കൗതുകകരമാണ്‌. ചുമരായ ചുമരുകളിലെല്ലാം സ്ഥാനാർഥികൾ ചിരിച്ചുല്ലസിച്ച്‌ ഇരിക്കുന്നത്‌ കാണാം. ജീവിതത്തിലൊരിക്കലും ചിരിച്ചിട്ടില്ലാത്തവർ പോലും സ്ഥാനാർഥിയായാൽ ചിരിക്കും. ക്യാമറയ്ക്ക്‌ മുന്നിൽ ഇവരെങ്ങനെയാണ്‌ ചിരി അഭിനയിക്കുന്നത്‌. ഒരുപക്ഷേ ടൂത്ത്‌ ബ്രഷിന്റെ നാരുകൾക്കിടയിൽ ചെറിയ ക്യാമറ ഒളിപ്പിച്ചുവച്ച്‌  പല്ല് തേക്കുമ്പോൾ ക്ലിക്ക്‌ ചെയ്യുന്നതാകാം.

ചില സ്ഥാനാർഥികളുടെ ചുമരെഴുത്തുകൾ കണ്ടാൽ ഇവർ ജനിച്ചതുതന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ എന്നു തോന്നിപ്പോകും. പത്തിലധികം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച്‌ പതിവായി തോറ്റവരും ഇക്കുറി ഭാഗ്യപരീക്ഷണത്തിനുണ്ട്‌.

പുതുമയുള്ള ഒരു കാര്യവും ചുമരുകളിലെങ്ങും എഴുതിക്കാണാറില്ല. കലാഭവൻമണിയുടെ പാട്ടുകൾക്കുവരെ ഇക്കുറി പാരഡികൾ ഇറങ്ങിയിട്ടുണ്ട്‌. അഭ്യർഥിക്കുകയാണ്‌, അപേക്ഷിക്കുകയാണ്‌ എന്ന്‌ ഉച്ചഭാഷിണിയിലൂടെ അലറിവിളിക്കാനും തുടങ്ങിയിട്ടുണ്ട്‌.

ആലപ്പുഴയിൽ ഒരു മതാതീത വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ്‌ വളരെ വ്യത്യസ്തമായ മുദ്രാവാക്യം ശ്രദ്ധയിൽപ്പെട്ടത്‌. മുഖത്തും മുടിയിലും പെയിന്റടിക്കാത്ത സ്ഥാനാർഥി. ചൂണ്ടുവിരൽ ഉയർത്തിനിൽക്കുന്ന ആകർഷകമായ ചിത്രം. അതിനോടൊപ്പം എഴുതിയിട്ടുള്ളതാണ്‌ വളരെ വ്യത്യസ്തമായി തോന്നിയത്‌. പ്രകൃതിക്ക്‌ ഒരു കൂട്ട്‌, പ്രസാദിന്‌ ഒരു വോട്ട്‌. ഹരിപ്പാട്‌ വച്ചാണ്‌ ഈ മനോഹര മുദ്രാവാക്യം ഞാൻ കണ്ടത്‌.

എല്ലാ പ്രസംഗവേദികളിലും കോഴയും സരിതയും വർഗീയതയും അലറിവിളിക്കുമ്പോൾ പാരിസ്ഥിതിക അവബോധം മുന്നോട്ടുവയ്ക്കുകയാണ്‌ ഈ മുദ്രാവാക്യത്തിലൂടെ. പ്രകൃതിക്ക്‌ കൂട്ടായി നിന്ന്‌ അതിനെ സംരക്ഷിച്ചില്ലെങ്കിൽ വരാൻ പോകുന്ന വിപത്ത്‌ വളരെ വലുതായിരിക്കും. ആഗോളതാപനത്തിന്‌ മരംകൊണ്ടു മാത്രമേ മറുപടി പറയാൻ കഴിയൂ എന്ന്‌ കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

പണ്ടെങ്ങുമില്ലാത്തതുപോലെ കേരളം വറചട്ടിയിൽ നിന്നും അടുപ്പിലേക്ക്‌ വീണിരിക്കുകയാണ്‌. പുഴയായ പുഴയെല്ലാം വറ്റിത്തുടങ്ങിയിരിക്കുന്നു. കിളികൾ ചത്തുവീഴുന്നു. പനകൾ തനിയെ കത്താൻ തുടങ്ങുന്നു. മരുവൽക്കരണത്തിന്റെ നാന്ദിയായി കേരളത്തിൽ ഈന്തപ്പനകൾ കുലച്ചുതുടങ്ങിയിരിക്കുന്നു. ഇനിയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ എല്ലാംതന്നെ പ്രകൃതിയെ സംരക്ഷിക്കണം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്‌ ആയിരിക്കണം.

കുടിവെള്ളം ശേഖരിക്കുന്നതിനിടയിലുണ്ടായ സംഘട്ടനത്തെ തുടർന്നാണ്‌ ലാത്തൂരിൽ 144 പ്രഖ്യാപിച്ചത്‌ എന്നത്‌ വരാൻ പോകുന്ന വലിയ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും സൂചനയാണ്‌.

പ്രകൃതി സ്നേഹിയായ സ്ഥാനാർഥി പ്രസാദിന്റെ ചിഹ്നത്തിലേയ്ക്ക്‌ കുറേനേരം ഞാൻ നോക്കി നിന്നു. ചിഹ്നങ്ങളുടെ ചരിത്രത്തിൽ ഏറ്റവും പഴക്കം അവകാശപ്പെടാവുന്നത്‌ അരിവാളും ധാന്യക്കതിരും. ഈ ചിഹ്നത്തോടൊപ്പം ഉണ്ടായിരുന്ന നുകം വച്ച കാള, കുടിൽ, ആൽമരം, ദീപം ഇവയൊന്നും ഇപ്പോഴില്ല. എ കെ ഗോപാലൻ ലോക്സഭയിലെ പ്രതിപക്ഷ നേതാവായതും ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായതും ഈ ചിഹ്നത്തിൽ ജനങ്ങൾ വോട്ടുചെയ്തതുകൊണ്ട്‌ ആയിരുന്നല്ലോ.

3 comments:

  1. കേരലത്തെപ്പറ്റി, രാജ്യത്തെപ്പറ്റി, ജനതയെപ്പറ്റി ചിന്തിക്കുന്ന ഒരു സ്ഥാനാർത്ഥിയെ കാണാൻ കഴിഞ്ഞുവെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്

    ReplyDelete
  2. പണ്ടെങ്ങുമില്ലാത്തതുപോലെ കേരളം
    വറചട്ടിയിൽ നിന്നും അടുപ്പിലേക്ക്‌ വീണിരിക്കുകയാണ്‌.
    പുഴയായ പുഴയെല്ലാം വറ്റിത്തുടങ്ങിയിരിക്കുന്നു. കിളികൾ
    ചത്തുവീഴുന്നു. പനകൾ തനിയെ കത്താൻ തുടങ്ങുന്നു. മരുവൽക്കരണത്തിന്റെ നാന്ദിയായി കേരളത്തിൽ ഈന്തപ്പനകൾ കുലച്ചുതുടങ്ങിയിരിക്കുന്നു. ഇനിയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ എല്ലാംതന്നെ പ്രകൃതിയെ സംരക്ഷിക്കണം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്‌ ആയിരിക്കണം.

    ReplyDelete
  3. കുടിവെള്ളം ശേഖരിക്കുന്നതിനിടയിലുണ്ടായ സംഘട്ടനത്തെ തുടർന്നാണ്‌ ലാത്തൂരിൽ 144 പ്രഖ്യാപിച്ചത്‌ എന്നത്‌ വരാൻ പോകുന്ന വലിയ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും സൂചനയാണ്‌.

    ReplyDelete