കേരള വിദ്യാഭ്യാസ ചട്ടങ്ങൾ സംബന്ധിക്കുന്ന പുസ്തകത്തിൽ ഈശ്വരപ്രാർഥനയെക്കുറിച്ച് പറഞ്ഞിട്ടില്ല. എന്നാൽ എല്ലാ ദിവസവും ഈശ്വരപ്രാർഥനയോടുകൂടിയാണ് നമ്മുടെ വിദ്യാലയങ്ങൾ പ്രവർത്തനം തുടങ്ങുന്നത്.
മഹാകവി കുമാരനാശാന്റെ ചന്തമേറിയ പൂവിലും പന്തളം കെ പി രാമൻപിള്ളയുടെ അഖിലാണ്ഡമണ്ഡലവും ആണ് മുമ്പൊക്കെ ആലപിച്ചിരുന്നതെങ്കിൽ ഇന്ന് പല പാട്ടുകൾ പ്രാർഥനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. പന്തളം കേരളവർമയുടെ ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ഗാനം ഇപ്പോഴും അപൂർവമായിട്ടെങ്കിലും ആലപിക്കുന്നുണ്ട്.
വിവിധ മതങ്ങൾക്ക് വിവിധ ദൈവങ്ങളും വ്യത്യസ്തമായ പ്രാർഥനാരീതികളുമാണുള്ളത്. ഒരു മതവിശ്വാസി അന്യമത ദൈവങ്ങളെയോ ആചാരങ്ങളെയോ ആരാധിക്കുകയോ അനുഷ്ഠിക്കുകയോ ചെയ്യുകയില്ല. ശാസ്ത്രബോധത്തിൽ കെട്ടിപ്പടുത്തിട്ടുള്ള ഒരു പാഠ്യപദ്ധതിയാണ് ലോകത്തെവിടെയുമുള്ളത്. നമ്മുടെ പാഠപുസ്തകത്തിലും പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമല്ല. പ്രകൃതിയെയും മനുഷ്യനെയും സൃഷ്ടിച്ചത് ഈശ്വരനാണെന്ന് കേരളത്തിലെ ഒരു പാഠപുസ്തകത്തിലും പറയുന്നില്ല. അതിനാൽ പാഠങ്ങളുടെ ആമുഖമായി ഒരു അബദ്ധപാഠം ആലപിച്ചുകൊണ്ട് വിദ്യാലയ പ്രവർത്തനം ആരംഭിക്കുന്നത് ശരിയല്ല.
വിദ്യാർഥികളിൽ ദേശാഭിമാനവും ഭാഷാഭിമാനവും പരിസ്ഥിതി സംരക്ഷണ ബോധവും പഠനം ലളിതമാണ് എന്ന ചിന്തയുമൊക്കെയുണ്ടാക്കുവാൻ കഴിയുന്ന രീതിയിലുളള ഒരു ഗീതത്തോടുകൂടി പഠന ദിവസം ആരംഭിക്കുന്നത് നന്നായിരിക്കും.
മദിരാശി കേരള സമാജത്തിന്റെ മലയാളം മാധ്യമമായുള്ള സ്കൂളിൽ വിദ്വാൻ പി കേളുനായരുടെ സ്മരിപ്പിൻ ഭാരതീയരെ എന്ന ദേശഭക്തിഗാനമാണ് പ്രാർഥനയായി ആലപിക്കുന്നത്. കേരളീയ സംസ്കാരത്തിന്റെ മഹനീയത ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഗീതമാണ് നമുക്കാവശ്യം.
മനസുനന്നാവട്ടെ മതമേതെങ്കിലുമാവട്ടെ എന്ന ഗാനം കുട്ടികളിൽ മതാതീതമായ സ്നേഹം വിതയ്ക്കുന്നതാണ്. സ്കൂളുകളിൽ പ്രാർഥനയായി ഈ പാട്ട് പരിഗണിക്കാവുന്നതാണ്. അല്ലെങ്കിൽ മലയാള ഭാഷയെ പ്രകീർത്തിക്കുന്ന ഒഎൻവിക്കവിതയോ പ്രകൃതിയെ പ്രകീർത്തിക്കുന്ന സുഗതകുമാരിക്കവിതയോ പ്രഭാതഗീതമായി ആലപിക്കാവുന്നതാണ്.
വിവിധ മത ഭവനങ്ങളിൽ നിന്നും മതരഹിത ഭവനങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് മനഃപ്രയാസമില്ലാതെ തന്നെ ഈ പ്രഭാതഗീതാലാപനത്തിൽ പങ്കെടുക്കാവുന്നതാണ്.
ഇത്തവണ പ്രവേശനോത്സവത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത് ശ്രദ്ധേയനായ യുവകവിയും മുണ്ടശേരി അവാർഡ് ജേതാവുമായ ശിവദാസ് പുറമേരിയുടെ രചനയാണ്. ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സ്വരസംവിധാനത്തിൽ പി ജയചന്ദ്രൻ ഈ പാട്ട് ഭംഗിയായി പാടിയിട്ടുമുണ്ട്.
അക്ഷരസൂര്യനുദിച്ചു നമുക്കിന്നറിവിൻ ഉത്സവഘോഷം/ പുസ്തകമധുരം നുകരാമിനിയും പൂമ്പാറ്റകളായ് പാറാം/ കളിചിരിനിറയും തിരുമുറ്റങ്ങളിലാടിപ്പാടി രസിക്കാം/ അറിയാക്കഥയുടെ ചെപ്പുതുറക്കാനാവഴിയീവഴിവായോ- ഈ പാട്ടിലെ അടുത്ത രണ്ടു ഖണ്ഡങ്ങൾ ഇതുപോലെ തന്നെ മധുരതരവും ഉത്സാഹഭരിതവുമാണ്. കുട്ടികളിൽ ഭയരഹിതമായ ഒരു പഠനബോധം സൃഷ്ടിക്കാൻ ഈ രചനയ്ക്കു സാധിക്കും. അന്ധവിശ്വാസത്തിന്റെ അണുപോലും പുതിയ പ്രവേശനോത്സവ ഗീതത്തിലില്ല. സ്നേഹത്തെക്കുറിച്ചും നന്മയെക്കുറിച്ചും മനുഷ്യരെല്ലാം ഒന്നാണെന്ന മഹനീയ ചിന്തയെക്കുറിച്ചും ഈ പാട്ടിൽ പരാമർശിക്കുന്നുണ്ട്. കണ്ടു നടന്ന കിനാവുകളെ കൈകൾ കൊണ്ട് വരയ്ക്കാം എന്ന ഇച്ഛാശക്തി സമ്മാനിക്കുന്ന മനുഷ്യപക്ഷ നിലപാടും ഈ ഗീതത്തിലുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച അഞ്ഞൂറോളം രചനകളിൽ നിന്നും ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ എഴുമറ്റൂർ രാജരാജവർമയുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ സമിതിയാണ് ഈ രചനയുടെ മഹത്വം കണ്ടെത്തിയത്.
ഒറ്റ പ്രഭാതം കൊണ്ട് അവസാനിപ്പിക്കാതെ കേരളത്തിലെ എല്ലാ സ്കൂളുകളിലേയും പ്രഭാതഗീതമായി ഈ ഗാനം എല്ലാ പ്രവൃത്തിദിവസവും ആലപിക്കുന്നത് നന്നായിരിക്കും.
മതങ്ങളുടെ മുന്നിൽ പരാജയപ്പെട്ട് മതമില്ലാത്ത ജീവൻ പിൻവലിക്കേണ്ടിവന്നതുപോലെയുള്ള അനുഭവം പുതിയ സർക്കാരിന് ഉണ്ടാകാതെയിരിക്കണമെങ്കിൽ കുട്ടികളിൽ മതാതീത സംസ്കാരത്തിന്റെ വിത്തുകൾ വിതയ്ക്കേണ്ടതുണ്ട്. വിദ്യാലയങ്ങളിൽ നിന്നു മാത്രമേ ഈ മനുഷ്യാവബോധം ലഭിക്കുകയുള്ളു.