Saturday, 3 December 2016

വയനാട്ടിലെ ഡാലിയാപ്പൂക്കൾ



ശ്രീനാരായണ ഗ്ലോബൽ മിഷന്റേയും കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ നമുക്കു ജാതിയില്ല സെമിനാറിൽ പങ്കെടുക്കുവാൻ കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. എൺപതുകളിൽ വന്നപ്പോൾ വയനാട്ടിൽ വ്യാപകമായി കണ്ടിരുന്നു വലിയ ഡാലിയാപ്പൂക്കൾ അപ്രത്യക്ഷമായിരിക്കുന്നു.

എൺപതുകളിലെ വയനാടിന്‌ ഇത്രയും ചൂടില്ലായിരുന്നു. അടിവാരത്തുനിന്നും ചുരം കയറിത്തുടങ്ങുമ്പോഴേ തണുപ്പ്‌ അരിച്ചുകയറുമായിരുന്നു. ചങ്ങലമരത്തിനടുത്തെത്തുമ്പോൾ കൊടും തണുപ്പിന്റെ കാണാപ്പുതപ്പ്‌ നമ്മളെ വന്നു മൂടുമായിരുന്നു. പ്രണയിയുടെ ചുംബനം പോലെ കടുത്തതും ആപത്തില്ലാത്തതുമായ ശീതചുംബനം. ഇന്നാകട്ടെ ഹേമന്തത്തിലും ശിശിരത്തിലും ഒരേപോലെ ചൂട്‌. തണുപ്പ്‌ മനോരോഗിയെപ്പോലെ മെലിഞ്ഞുപോയിരിക്കുന്നു. മാനന്തവാടിയിലും തിരുനെല്ലിയിലും മുച്ചിറകൻ പങ്കകളുടെ വിജയകരമായ വിൽപ്പന. എയർകണ്ടീഷന്റ്‌ ജില്ലയായിരുന്ന വയനാട്ടിൽ തണുപ്പൻ യന്ത്രങ്ങൾക്കും ഡിമാന്റ്‌. വയനാടിന്‌ എന്തു സംഭവിച്ചു?

വയനാട്ടിലെ സ്ഥലനാമങ്ങളിലധികവും വയൽ എന്ന വാക്കിനാൽ പരിഗ്രഹിക്കപ്പെട്ടതാണ്‌. വയനാട്‌ തന്നെ വയൽനാട്‌ ആണല്ലോ. ഗന്ധകശാലയും മറ്റും വിളഞ്ഞുനിന്ന വയൽനാട്‌. പശുക്കൾ മേയുന്നതുപോലെ ശാന്തതയോടെ ആനകൾ മേഞ്ഞിരുന്ന വയനാട്‌. വിപ്ലവബോധമുള്ള കേരളീയർ സ്വന്തം പെൺകുട്ടികൾക്ക്‌ പേരായി തിരഞ്ഞെടുത്ത കബനിയുടെ വയനാട്‌. വെള്ളവും കൃഷിയും ആപൽക്കരമായി കുറഞ്ഞുപോയ വയനാടാണ്‌ ഇപ്പോഴുള്ളത്‌.

ഗദ്ദികയെക്കുറിച്ച്‌ കേരളത്തോടു പറഞ്ഞത്‌ പി കെ കാളൻ ആണെങ്കിലും വളരെ മുമ്പുതന്നെ നാട്ടുഗദ്ദിക എന്ന തെരുവു നാടകത്തിലൂടെ ആ പേര്‌ കേരളത്തിന്‌ സുപരിചിതമാക്കിയ കനവിന്റെ കാലവും അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. സംരക്ഷിക്കപ്പെടാതെപോയ ജനകീയ കലാരൂപങ്ങളുടെ ശ്മശാന ഭൂമിയാണ്‌ വയനാട്‌.

മുത്തങ്ങ, മേപ്പാടി ഭൂസമരങ്ങൾ വയനാടിന്റെ നിലവിളികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. അച്ഛനില്ലാത്ത കുട്ടികളുമായി ലോകശ്രദ്ധയിലേയ്ക്ക്‌ കയറിപ്പറ്റിയ വയനാട്‌ പീഢാനുഭവങ്ങളുടെ തിക്തഭൂമിയാണ്‌. പുൽപ്പള്ളിയിലെ സുരഭി ക്ലബിൽ ഒത്തുചേർന്ന കുട്ടികളോട്‌ അടിയോരുടെ പെരുമൻ ആരാണെന്നു ചോദിച്ചപ്പോൾ മൗനമായിരുന്നു ഉത്തരം.

വയനാടിന്റെ വിളർച്ച സാഹിത്യത്തിന്‌ വളർച്ചയാകുന്നുണ്ട്‌. നെല്ലും കൂമൻകൊല്ലിയും മാവേലി മൻട്രവും ബെസ്‌ പുർക്കാനയും നമുക്കു ലഭിച്ചു. ടി സി ജോണിന്റെ രചനകൾ വയനാടൻ ജീവിതത്തിന്റെ കണ്ണാടികളായി. അർഷാദ്‌ ബത്തേരിയുടെ കഥകൾ മലയാളത്തിന്‌ ഊർജ്ജമായി.
മനോജ്‌ കാനയുടെ ഉറാട്ടി മലയാള നാടകത്തെ മുന്നോട്ടു കൊണ്ടുപോയി. സാദിർ തലപ്പുഴയും സുൽത്താന നസൃനും ജിത്തു തമ്പുരാനും കവിതയുടെ പുതുമുഖങ്ങളായി. മാനന്തവാടിയിൽ ഫീനിക്സ്‌ പുസ്തകശാല മിഴിയടച്ചെങ്കിലും നീർമാതളം ബുക്സ്‌ മുളപൊട്ടിവന്നു.

വലിയ പ്രകൃതിനശീകരണമാണ്‌ വയനാട്ടിൽ സംഭവിച്ചത്‌. മരം മുറിച്ചുമാറ്റിയതടക്കം നിരവധി ദുഷ്കൃത്യങ്ങൾ. മുളകൾ പൂത്തുമറഞ്ഞതും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു ക്ഷതമേൽപ്പിച്ചു. വാഹനപ്പുകയും കീടനാശിനി പ്രയോഗവും വയനാടിന്റെ വിശുദ്ധാന്തരീക്ഷത്തെ മലിനമാക്കി. വളമില്ലാതെ തലയുയർത്തി സന്ദർശകരെ കൗതുകത്തോടെ നോക്കിനിന്ന സൂര്യതേജസുള്ള ഡാലിയപ്പൂക്കളെ നിങ്ങളെന്നാണ്‌ വയനാടൻ വേലിപ്പടർപ്പിലേയ്ക്ക്‌ തിരിച്ചുവരുന്നത്‌?

1 comment:

  1. വയനാടിന്റെ വിളർച്ചയും വളർച്ചയില്ലായ്മയും ...

    ReplyDelete