കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വളരെ ശ്രദ്ധേയമായ ഒരു പൊതുജന സമ്പർക്ക പരിപാടിയിലാണ്. ഉണർവ്വ് എന്ന് പേരിട്ടിട്ടുള്ള ഒരു സാംസ്കാരിക യാത്ര. കാസർകോട് നിന്നും തിരുവനന്തപുരത്തുനിന്നും ഒരുപോലെ ആരംഭിച്ച് തൃശൂരിൽ സംഗമിക്കുന്ന ഈ യാത്ര മതേതരത്വവും മലയാളവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേരളീയരെ ബോധ്യപ്പെടുത്തുന്നു.
മതേതരത്വം, മലയാളം എന്നിവ നമ്മൾ മനഃപൂർവം മറന്ന് ഉറക്കം നടിച്ച് കിടക്കുന്ന ഒരുകാലത്താണ് ലൈബ്രറി കൗൺസിൽ ഉണർവ്വ് യാത്ര നടത്തുന്നത്. മതേതരം എന്നാൽ മതബദ്ധം അല്ലാത്തത്. മതവുമായി ബന്ധിപ്പിക്കാതെ മനുഷ്യരെയെല്ലാം ഒറ്റ സമൂഹമായി കാണുക എന്ന വിശാലമായ അർഥമാണ് ആ വാക്കിനുളളത്. ആ വിശാലമായ അർഥത്തെ അംഗീകരിക്കുകയാണെങ്കിൽ മതതീവ്രവാദത്തേയും മതം മനസിൽ കുത്തിവയ്ക്കുന്ന അബദ്ധധാരണകളെയും ഒഴിവാക്കാൻ കഴിയും. മഹത്തായ ഈ ആശയം പൊലിപ്പിക്കുന്ന നിരവധി പുസ്തകങ്ങൾ നമ്മുടെ ഗ്രന്ഥശാലകളിൽ ഉണ്ട്. മലയാളത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുന്ന പുസ്തകങ്ങളുടെ നിറഞ്ഞ അലമാരകളാണ് എല്ലാ ഗ്രന്ഥശാലകളിലും ഉള്ളത്. അങ്ങോട്ടേക്ക് കടന്നുവരുന്ന വായനക്കാരെ കാത്തിരിക്കുന്നതിനു പകരം ഗ്രന്ഥശാലാ പ്രവർത്തകർ ജനങ്ങളിലേക്ക് ചെന്ന് ഈ ആശയം പ്രചരിപ്പിക്കുകയാണ്. ഞാൻ കവിത ചൊല്ലിയ കൊട്ടാരക്കരയിലേയും പത്തനാപുരത്തേയും യോഗങ്ങൾ ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. അഡ്വ. വേണുഗോപാൽ, ജെ സി അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് ആ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ദീർഘദർശിയായ പി എൻ പണിക്കർ എന്ന അധ്യാപകനാണ് ഗ്രന്ഥശാലകളെ സംഘടിപ്പിച്ചുകൊണ്ട് ഗ്രന്ഥശാലാസംഘം ആരംഭിച്ചത്. തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരാണ് ഗ്രന്ഥശാലാസംഘത്തിന്റെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്തത്. 1989 ൽ കേരള പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാലാ സംഘം) ആക്ട് ഉണ്ടാവുകയും 1991 ൽ കവി കടമ്മനിട്ട രാമകൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി നിലവിൽ വരികയും ചെയ്തു. അന്നു മുതൽ കേരള ഗ്രന്ഥശാലാ സംഘത്തെ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നു പറഞ്ഞുതുടങ്ങി. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള ഒരു ചുവടുമാറ്റമായിരുന്നു അത്. മലയാളത്തെ സംരക്ഷിക്കാനാണ് ലൈബ്രറി കൗൺസിൽ പരിശ്രമിക്കുന്നതെങ്കിൽ കേരള ഗ്രന്ഥശാലാസംഘം എന്ന മലയാളത്തനിമയുള്ള പേരിനേയും സംരക്ഷിക്കേണ്ടതാണ്.
മലയാളികൾക്ക് ഇംഗ്ലീഷിനോടാണ് കമ്പം. നമ്മുടെ രാഷ്ട്രീയപ്പാർട്ടികളുടെ പേരുകളെല്ലാം ഇംഗ്ലീഷിലാണ്. പച്ചമലയാളത്തിലുള്ള ജനാധിപത്യ സംരക്ഷണസമിതിയാവട്ടെ ചുരുക്കപ്പേരായി ജെഎസ്‌എസ് എന്നാണുപയോഗിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കെഎസ്‌എസ്പി എന്ന് ഉപയോഗിക്കാറുണ്ട്. വിശ്വഹിന്ദുപരിഷത്താകട്ടെ വിഎച്ച്പി എന്നാണ് ഉപയോഗിക്കുന്നത്. ചുരുക്കപ്പേര് ഇംഗ്ലീഷിൽ എച്ച്‌ഐവി എന്നാകുന്നതുകൊണ്ടാകാം ഹിന്ദുഐക്യവേദി അതുപയോഗിക്കാറില്ല. യുവകലാസാഹിതി പേരുനീണ്ടതാണെങ്കിലും ചുരുക്കപ്പേരുപയോഗിക്കാറില്ല. മലയാളത്തിൽ ചുരുക്കപ്പേരുപയോഗിക്കുന്ന ഒരു സംഘടന പു ക സ ആണ്.
തമിഴ്‌നാട്ടിലാണെങ്കിൽ പേരിന്റെ ഇനിഷ്യൽപോലും തമിഴിൽത്തന്നെയാണ്. മു കരുണാനിധി കാ നാ സുബ്രഹ്മണ്യം, മീ രാജേന്ദ്രൻ എന്നിങ്ങനെയാണ് പേരുകൾ. പാർട്ടികളുടെ പേരും ചുരുക്കപ്പേരും തമഴിൽത്തന്നെ. ദ്രാവിഡ മുന്നേറ്റ കഴകം (തി മു ക) എന്നാണല്ലോ അവർ എഴതുന്നതും പറയുന്നതും. മദ്രാസ് എന്ന സംസ്ഥാനപ്പേര് അവർ തമിഴ്‌നാട് എന്നാക്കി. മദ്രാസ് എന്ന തലസ്ഥാനപ്പേര് ചെന്നൈ എന്നാക്കി. മൈസൂർ കർണാടക ആയി. ബാംഗ്ലൂർ ബംഗളൂരു ആയി. ഒറീസ ഒഡീഷ ആയി. അവിടെയുള്ള ജനങ്ങൾ ഈ പേരുമാറ്റം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നു. നമ്മുടെ സംസ്ഥാനത്തിന് ഇപ്പോൾ മൂന്നു പേരുകളാണുള്ളത്. കേരളം, കേരള, കേരൾ. ഇതിൽ ഏതാണ് നമ്മുടെ സ്വന്തം മലയാളനാട്.
സ്ഥലപ്പേരുകളെല്ലാം ഔദ്യോഗികമായി മലയാളമാക്കിയിട്ടുണ്ട്. എങ്കിലും നമ്മൾ അത് ഉപയോഗിക്കുന്നതിൽ വിമുഖത കാട്ടുകയാണ്. ക്വയിലോൺ, കൊല്ലമായ കാര്യം ഇതുവരെയും കൊല്ലത്തെ ശ്രീനാരായണ കോളജുകാർ അറിഞ്ഞിട്ടേയില്ല. പ്രവേശന കവാടത്തിൽ ക്വയിലോൺ എന്നുതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സഞ്ചാരികളായ വെള്ളക്കാർപോലും കൊച്ചി എന്നു പറയുവാൻ ശ്രമിക്കുമ്പോൾ നമ്മൾ കൊച്ചിൻ എന്നു പ്രയോഗിക്കുവാൻ താൽപര്യം കാട്ടുകയാണ്. സർവകലാശാലകൾ ഇപ്പോഴും കൊച്ചിനും കാലിക്കട്ടും കേരളായുമായി തുടരുകയാണല്ലോ.
മലയാളവും മതേതരത്വവും സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന ഉണർവ്വ് യാത്രയ്ക്ക് അഭിവാദ്യങ്ങൾ.
മലയാളവും മതേതരത്വവും
ReplyDeleteസംരക്ഷിക്കാൻ വേണ്ടി നടത്തുന്ന
'ഉണർവ്വ് യാത്ര'യ്ക്ക് അഭിവാദ്യങ്ങൾ.