Saturday, 21 January 2017

രക്തസാക്ഷിയുടെ മകള്‍


കരയ്ക്കും വരയ്ക്കും
ഇടയ്ക്കായ് പിടയ്ക്കും
കടല്‍ കണ്ടുനില്‍ക്കെ
പെരുങ്കാറ്റിരമ്പം.

കടല്‍
ചങ്ങലയ്ക്കിട്ടൊരസ്വസ്ഥ ജന്മം
തുടല്‍പ്പാടുരുമ്മുന്നു ദീര്‍ഘനിശ്വാസം.

തിരപ്പത്തി പൊട്ടിത്തെറിപ്പതും നോക്കി
കനല്‍ക്കണ്ണിലാപത്തു കത്തിച്ചു കാട്ടി
കരയ്ക്കുണ്ടൊരുത്തി.

കരിക്കട്ട കാലപ്പെരുക്കങ്ങള്‍ രാകി
കടുംവജ്രമാക്കി ജ്വലിപ്പിച്ച പോലെ
കരയ്ക്കുണ്ടൊരുത്തി.

ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

ചരിത്രം ചവിട്ടിക്കുഴച്ചിട്ട മണ്ണില്‍
പവിത്രാക്ഷരങ്ങള്‍ കടിച്ചും ചവച്ചും
ചിലച്ചും ചലിച്ചും
നിഴല്‍ക്കൂത്തു പോലെ
മനുഷ്യാസ്ഥികൂടം ചിരിക്കുന്ന ചിത്രം
വരച്ചും തെളിച്ചും
കയര്‍ക്കുന്നൊരുത്തി.

ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

ഇവള്‍ക്കില്ല കൂടം
ഉണക്കമീന്‍ പാടം മണക്കുന്ന വേനല്‍
ചലച്ചിത്രഗാനം ത്രസിക്കുന്ന
പെണ്ണുടല്‍ച്ചാനല്‍ പെരുംവല.

ഇവള്‍ക്കില്ല രക്ഷകന്‍ ക്രിസ്തു
പുറമ്പോക്കു വസ്തു
പശു, ചിട്ടി, പാട്ടം, പ്രമാണം.

ഇവള്‍ക്കില്ലുറങ്ങാനുമുണ്ണാനു മല്‍പ്പം
കുടിക്കാനുമില്ലൊന്നുടുക്കാനുമില്ല.
ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

ജനിക്കാന്‍ വിശക്കാന്‍ മരിക്കാന്‍
മനുഷ്യര്‍ക്കിടംകൊണ്ട ഭൂവില്‍
ചുമച്ചും കിതച്ചും വിയര്‍ത്തും കലപ്പ-
ത്തലപ്പില്‍ പിടിച്ചും തിളയ്ക്കുന്ന നേരം
വിയര്‍ക്കാതെയന്നം ഭുജിക്കുന്നവര്‍ക്കായ്
കസേരക്കിടക്ക കൊടുക്കുന്ന രാവില്‍
എതിര്‍ത്തോനെയുന്നം പിഴയ്ക്കാതെ നിര്‍ത്തി
വെടിച്ചില്ലിലെല്ലാം തകര്‍ക്കുന്ന നാളില്‍
മുകില്‍നെറ്റി പൊട്ടിപ്പിളര്‍ന്നേറെ നേരം
കൊഴുക്കും മഴയ്ക്കും തഴയ്ക്കും ചളിക്കും
മനസ്സില്ലയെന്നു മറുത്തുഗ്രവാദ-
ക്കൊടിക്കൂറ കെട്ടിപ്പറത്തുന്നൊരുത്തി.

ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

നെഞ്ചത്തു മുന്നോട്ടു മുന്നോട്ടു പായും
ജനങ്ങള്‍ മനങ്ങള്‍
ജ്വരത്തീവനങ്ങള്‍.
വീഴുന്നതഛന്‍
തലച്ചോറു കീറിത്തെറിക്കുന്നു ചോര
മണല്‍ക്കൂനയില്‍ നിന്നു
ചാലുചാലായിട്ടൊലിക്കു-
ന്നുണങ്ങാത്തൊരാ രക്തധാര.

ആര്‍ത്തലച്ചമ്മ വീണപ്പോള്‍ മുലക്കണ്ണി-
ലാര്‍ത്തിയോടെ ചുണ്ടമര്‍ത്തിക്കരഞ്ഞോള്‍
ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

ഉപ്പും പരിപ്പും ഉഴക്കരിച്ചോറും
കപ്പയും മീനും മരുന്നും പിടിക്കാന്‍
അച്ഛന്‍ പടപ്പെട്ട ചാവേര്‍ ചരിത്രം
പൊട്ടിച്ചിരിച്ചു തിരസ്ക്കരിക്കുമ്പോള്‍
ഉള്ളില്‍ ഇറങ്ങിക്കറങ്ങിപ്പുറത്തേക്ക്
തെന്നി വീഴാറുണ്ട്‌ നൊമ്പരം പമ്പരം.
പമ്പരക്കാലില്‍ കുഴിഞ്ഞന്തി പൊട്ടി-
പ്പനയ്ക്കുന്ന ചോരയ്ക്കു സാക്ഷ്യപ്പെടുത്താന്‍
ഉറയ്ക്കാത്ത മണ്ണ് മറയ്ക്കാത്ത കണ്ണ്
തുലയ്ക്കെന്നു ചീര്‍ക്കുന്ന വാക്കിന്റെ മുള്ള്.

ഇവള്‍ക്കെന്റെ നേരിന്റെ
ജീവല്‍പ്പതാക
കൊടും നോവു പൊട്ടി-
ക്കിളിര്‍ക്കുന്ന ഗാഥ
ഇവള്‍ക്കെന്റെ പ്രാണന്റെ
വീരാഭിവാദ്യം-
തുടിക്കുന്ന ബോധക്കറുപ്പിന്റെ വാദ്യം.

കടല്‍
കുങ്കുമം വിറ്റ വ്യാപാരികള്‍ക്കായ്
ഇരുള്‍ക്കമ്പളങ്ങള്‍ വിരിച്ചലയ്ക്കുമ്പോള്‍
മുടിക്കെട്ടു കാറ്റത്തഴിച്ചിട്ടു ചിക്കി
വെടിക്കെട്ടു നെഞ്ചത്തമര്‍ത്തിച്ചിലമ്പി
കരയ്ക്കുണ്ടൊരുത്തി.

ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

1 comment: