Saturday, 16 December 2017

കുമ്പസാരം


ആര്യവേപ്പിന്നിളം കൊമ്പാൽ
പല്ലുതേയ്ച്ചും താമരപ്പൂ-
മ്പാടചൂടിയ പല്വലക്കുളിർ
നീരുകൊണ്ടു മുഖംതുടച്ചും
നീയുദിക്കുമ്പോൾ-സൂര്യാ
നിന്റെ വട്ടക്കണ്ണിലെന്തെൻ
നെഞ്ചകത്തിന് തുല്യമായി
ചോപ്പുകാണുന്നു! 

പന്തമേന്തി,ക്കാടിളക്കി
തിന്തകത്തക രുദ്രതാള-
ച്ചിന്തുപാടി ചോടുതെറ്റി
ചിന്തതുള്ളുമ്പോൾ-സൂര്യാ
വെൺജഡക്കെട്ടെന്റെ മാന-
ത്തെന്തിനായഴിച്ചുനീർത്തി
ചുണ്ടുകോട്ടുന്നു? 

ചെണ്ടകൊട്ടി,ക്കാറ്റിരമ്പി
തൊണ്ടപൊട്ടിപ്പാട്ടുചിന്തി
കുംഭമാസം കത്തിനിൽക്കെ
ഞാൻ നടുങ്ങുന്നു-സൂര്യാ
നിൻനഖങ്ങളിലെന്റെ മാംസം
നിൻമുഖങ്ങളിലെന്റെ മോഹം
നിൻ ജയാഘോഷം

പണ്ടു വിഷുവിന് കണ്ണുനീർപ്പൂ-
കൊണ്ട് ഞാൻ കണിവെയ്ക്കെ നീയൊരു
തങ്കനാണയമെന്റെ മുന്നി-
ലെറിഞ്ഞതോർക്കുന്നോ-സൂര്യാ
ഇന്ദ്രജാലം പോലെ നീയത്
കൊണ്ടുപോയെന്നാലുമന്നേ
ഞാൻ കടപ്പെട്ടു

പിന്നെ നീയെൻ സുഹൃത്തായി
മിന്നുമെന്നുൾത്തുടിപ്പായി
സംഗരക്കനിയെൻമനസ്സിൽ
കുത്തിവെച്ചില്ലേ-സൂര്യാ
നിൻകണക്കുകൾ നഷ്ടമാക്കി
നന്ദികെട്ടവർ ഞങ്ങളാ നിധി
വിറ്റുതിന്നില്ലേ? 

വീഥിവിട്ടവർ വീഞ്ഞുനൽകിയ
വിറിനുള്ളിലൊളിച്ചിരുന്നവർ
വീണ്ടുമെങ്ങനെ നിൻമുഖത്തെ
ജ്വാല കാണുന്നു - സൂര്യാ
ബോധമേതോ ബോധിവൃക്ഷ-
ച്ചോട്ടിലിന്നു മരിച്ചിരിക്കെ
നീ വിതുമ്പുന്നു. 

ഗ്രീഷ്മനൃത്തം നടത്താതെ

രൂക്ഷമായി പകവീട്ടിടാതെ
തീക്കുടുക്കകൾ മഞ്ഞുനീരിൽ
നീ നനയ്കുമ്പോൾ-സൂര്യാ
പൂത്തനോവിൻ സാനുവിൽവീ-
ണോർമ്മകേടിന്നഗ്നി ചൂടി
ഞാനൊടുങ്ങുന്നു

1 comment:

  1. വീഥിവിട്ടവർ വീഞ്ഞുനൽകിയ
    വിറിനുള്ളിലൊളിച്ചിരുന്നവർ
    വീണ്ടുമെങ്ങനെ നിൻമുഖത്തെ ജ്വാല കാണുന്നു - സൂര്യാ
    ബോധമേതോ ബോധിവൃക്ഷച്ചോട്ടിലിന്നു മരിച്ചിരിക്കെ നീ വിതുമ്പുന്നു.

    ReplyDelete