ഉഗ്രവെളിച്ചം പ്രസരിപ്പിക്കുന്ന വൈദ്യുത വിളക്കുകള്‍ കണ്ണുകള്‍ക്കും അതുവഴി മനുഷ്യജീവിതത്തിനും ആപത്തുണ്ടാക്കുമെന്നത് നേരത്തേതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കാഴ്ചശക്തിക്ക് സാരമായ തകരാറുസംഭവിച്ച 107 വിദ്യാര്‍ഥികളെയും കുറേ അധ്യാപകരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഏര്‍വാടി എലിമെന്ററി സ്‌കൂള്‍ വാര്‍ഷികദിവസമാണ് ഈ ആപത്തുണ്ടായിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കൂട്ടായി വന്ന അച്ഛനമ്മമാരേയും ആശുപത്രിയിലാക്കിയിട്ടുണ്ട്.
സ്റ്റേജ് പ്രോഗ്രാമിന് വേണ്ടിയാണ് ഇത്തരം വൈദ്യുത ദീപങ്ങള്‍ ക്രമീകരിക്കുന്നത്. വേദിയില്‍ അസഹ്യമായ ചൂടും കാഴ്ചശക്തിക്ക് മങ്ങലും ഉണ്ടാകും. ഫോട്ടോയെടുക്കുവാനുള്ള സൗകര്യത്തിനുവേണ്ടി ഇത്തരം പ്രകാശത്തെ ഉപയോഗപ്പെടുത്തുന്നവര്‍ വെള്ളക്കുടകൊണ്ട് മറയ്ക്കണമെന്നുണ്ടെങ്കിലും അതാരും അനുസരിക്കാറില്ല. മുഴുവന്‍ പരിപാടിയും വീഡിയോയിലാക്കി വിദേശത്തുള്ള രക്ഷകര്‍ത്താവിന് അയച്ചുകൊടുക്കാന്‍വേണ്ടി മുഴുവന്‍ സമയവും ഇത്തരം വിളക്കുകള്‍ കത്തിച്ചിടുന്ന സ്‌കൂള്‍ അധികൃതര്‍ കുട്ടികളോട് വലിയ തെറ്റാണ് ചെയ്യുന്നത്.
ഉഗ്രശേഷിയുള്ള വൈദ്യുത ദീപങ്ങള്‍ക്ക് മുന്നില്‍ നിരന്തരം നില്‍ക്കേണ്ടിവന്നതുകൊണ്ട് കാഴ്ചശക്തിതന്നെ നഷ്ടപ്പെടേണ്ടിവന്ന അതുല്യനടനാണ് കൊല്ലം ജി കെ പിള്ള. സിനിമകളിലും നാടകങ്ങളിലുമായി ഈ നടന്‍ പൊട്ടിച്ചിരിപ്പിച്ചിരുന്നത് കേരളീയര്‍ മറന്നിട്ടുണ്ടാവില്ല.
മുന്‍ നിയമസഭാധ്യക്ഷന്‍ കെ രാധാകൃഷ്ണന്‍ അടക്കമുള്ളവരും വൈദ്യുത വെളിച്ചത്തിന്റെ ഉഗ്രപ്രഹരമേറ്റ് ചികിത്സതേടേണ്ടിവന്നിട്ടുണ്ട്. ഇതൊന്നും നമ്മള്‍ പാഠമാക്കുന്നതേയില്ല. ഓരോ സ്‌കൂള്‍ വാര്‍ഷികത്തിനും പല കുട്ടികള്‍ക്കും ഇത്തരം ശാരീരിക വൈകല്യം ഉണ്ടാകാറുണ്ട്.
സദസ്യരെ കണ്ട് അവതരിപ്പിക്കുമ്പോഴാണ് ഏത് പരിപാടിയും വിജയിക്കുന്നത്. ഓട്ടന്‍തുള്ളല്‍, കൂത്ത് തുടങ്ങിയ പഴയ കലാപരിപാടികള്‍ക്ക് സദസുമായുള്ള ഇടപെടല്‍ അത്യാവശ്യമാണ്. അമിത വെളിച്ചം കാരണം തുള്ളല്‍ക്കാരന്‍ വേദിയില്‍ തുള്ളിമറയുന്നതേയുള്ളു, സദസ്യരുമായി സംവദിക്കുന്നില്ല.
സാംസ്‌കാരിക സമ്മേളനങ്ങള്‍ക്ക് ഇത്തരം ദീപങ്ങളുടെ ക്രമീകരണം തീരെ അനിവാര്യമല്ല. മുന്നില്‍ കുറ്റിരുട്ട് മാത്രമായിരിക്കും ഉണ്ടാവുക. അന്ധകാര മഹാസമുദ്രം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ആര്‍ക്കറിയാം. ആരെങ്കിലും കത്തിവലിച്ചെറിഞ്ഞാല്‍ നിന്നുകൊള്ളുകയേ നിര്‍വാഹമുള്ളു.
മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യാമെന്ന കരാര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ക്രൂരവെളിച്ചങ്ങളെ ഞാന്‍ നിര്‍ബന്ധപൂര്‍വം കെടുത്തിക്കാറുണ്ട്. എന്നാല്‍ എല്ലാം മുന്‍കൂട്ടി തയാറാക്കിവച്ചിരിക്കുന്ന ചില സ്ഥലങ്ങളില്‍ നമ്മള്‍ നിസ്സഹായരാകുകയേയുള്ളു.
സമ്മേളനസ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണം നിര്‍ബന്ധമാക്കണം. അത്യുഷ്ണം തരുന്ന ദീപങ്ങള്‍ കെടുത്താനും. അമിതശബ്ദം പ്രസരിപ്പിക്കുന്ന ഉച്ചഭാഷിണികള്‍ നിയന്ത്രിക്കാനും നിയമപാലകര്‍ക്ക് കഴിയണം. ഉത്സവത്തിനും പൊതുയോഗങ്ങള്‍ക്കും മറ്റും അനുമതി നല്‍കുമ്പോള്‍ പൊലീസ് ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും ആരും അനുസരിക്കാറില്ല. നിര്‍ദ്ദേശിച്ച വഴിയേ പോയില്ലെങ്കില്‍ പോയവഴിയേതന്നെ പോകട്ടേ എന്നാണ് അധികാരികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കാറുള്ളത്.
കാഴ്ച നഷ്ടപ്പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍ വീണ്ടെടുക്കുക എളുപ്പമല്ല. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ആമയാടി തേവന്റെ കണ്ണില്‍ കമ്മട്ടിപ്പാലെഴുതിച്ച് പൊട്ടിച്ചു കളഞ്ഞതും മഹാത്മാഗാന്ധി ഉത്തരേന്ത്യയില്‍ നിന്നും വിദഗ്ധ നേത്രചികിത്സകരെ അയച്ചിട്ടും കാഴ്ച തിരിച്ചുകിട്ടിയില്ല എന്നതും ചരിത്രമാണ്. അന്ന് ചുണ്ണാമ്പുപാല്‍ ആയിരുന്നെങ്കില്‍ ഇന്ന് കാഴ്ചശക്തിയെ ഹനിക്കാന്‍ ഉപയോഗിക്കുന്നത് ഉഗ്രശേഷിയുള്ള വൈദ്യുത പ്രകാശത്തെയാണ്.
ഏര്‍വാടിയിലെ കുഞ്ഞുങ്ങളുടെ കണ്ണ് കേടാക്കിയവര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക. അല്ലെങ്കില്‍ ശിക്ഷിച്ചതുകൊണ്ട് കാഴ്ചതിരിച്ചുകിട്ടുകയുമില്ലല്ലോ. വൈദ്യുതിയുടെ കര്‍ശനമായ നിയന്ത്രണം കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.