Thursday, 8 March 2018

മധുവിനെ കൊന്നത് സവര്‍ണ സംസ്‌കാരം




ഒരാളുടെ സംസ്‌ക്കാരം ഏതെന്ന് നിശ്ചയിക്കുന്നത് ജാതി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ല. അയാളുടെ സമൂഹത്തോടുള്ള പെരുമാറ്റവും നിലപാടുകളും വച്ചാണ്. അച്ഛനും അമ്മയും കല്‍പിച്ചരുളിയ ജാതി വാല്‍ മുറിച്ചുകളയാനൊന്നും സമയം കണ്ടെത്താതെ തന്നെ സവര്‍ണസംസ്‌കാരം ഉപേക്ഷിച്ച് മനുഷ്യ സംസ്‌കാരത്തിലെത്തിയവര്‍ കേരളത്തില്‍ ധാരാളമായുണ്ട്.

അവര്‍ണരെ ആക്രമിക്കുക, കൊല്ലുക തുടങ്ങിയവ ഈശ്വരകല്‍പിതമായി തങ്ങളില്‍ നിക്ഷിപ്തമാണെന്ന് സവര്‍ണര്‍ കരുതിയിരുന്നു. ഇവര്‍ ധനികരുമായിരുന്നു. നെല്ലും പണവും കുമിഞ്ഞവര്‍ക്ക് കൊല്ലും കൊലയും കുലാധികാരം എന്ന് ചന്ദനക്കട്ടിലില്‍ മഹാകവി ജി ശങ്കരക്കുറുപ്പ് രേഖപ്പെടുത്തിയത് അതുകൊണ്ടാണ്.

അട്ടപ്പാടി പാലക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയില്‍ നിന്നും ദളിത് പീഡനങ്ങളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് മധുവിന്റെ കൊലപാതകം.

പാലക്കാട് ജില്ലയിലെ നായാടി സമൂഹം അനുഭവിച്ചിരുന്ന വിലക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ സമൂഹത്തിലെ മനുഷ്യര്‍ക്ക് പകല്‍വെളിച്ചത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമില്ലായിരുന്നു. ഇവരെ പുറത്തുകണ്ടാല്‍ അപ്പോള്‍ത്തന്നെ തച്ചുകൊല്ലുമായിരുന്നു. സവര്‍ണ സമൂഹമാണ് മനുഷ്യത്വരഹിതമായ ഈ ക്രൂരത നടപ്പിലാക്കിയത്. ഇതുമൂലം പ്രണയവും വിശപ്പുമൊക്കെയുള്ള നായാടി മനുഷ്യര്‍ പകല്‍ സമയങ്ങളില്‍ ഉള്‍പ്രദേശങ്ങളിലെ മരച്ചില്ലകളിലും പാറയിടുക്കുകളിലും കഴിഞ്ഞുകൂടി. ഇവരെ പുറത്തുകൊണ്ടുവന്നത് സ്വാമി ആനന്ദതീര്‍ഥന്‍ ആണ്.

ആനന്ദതീര്‍ഥന് ഇതിനുവേണ്ടി കോടതിയെപോലും സമീപിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ പരാതിയെത്തുടര്‍ന്ന് അന്നത്തെ കുഴല്‍മന്ദം സബ്കളക്ടര്‍ ഡോ. കാള്‍സ്റ്റണ്‍, നായാടികള്‍ക്ക് പൊതുനിരത്തിലൂടെ സഞ്ചരിക്കുവാനുള്ള അനുമതി നല്‍കി. പൊലീസ് അകമ്പടിയോടുകൂടി നായാടികളേയും കൂട്ടി കയ്യില്‍ തോക്കുമായി സബ്കളക്ടറും നിരത്തിലൂടെ നടന്നു. അങ്ങനെയാണ് നായാടിസമൂഹം പുറംലോകം കണ്ടത്. സവര്‍ണ സംസ്‌കാരത്തിനെതിരേയുള്ള ഒരു വലിയ ചുവടുവയ്പായിരുന്നു അത്.

ആദിവാസിയായ മധു സാമാന്യ വിദ്യാഭ്യാസം നേടിയ ആളായിരുന്നു. തലയ്‌ക്കേറ്റ ഒരു പ്രഹരം ആ മനുഷ്യനെ നാടുവിട്ട് കാട്ടില്‍ പാര്‍ക്കാന്‍ പ്രേരിപ്പിച്ചു. വര്‍ഷങ്ങളായി കാട്ടില്‍ താമസിച്ചുവരുന്ന ഈ മനുഷ്യ സഹോദരനെ കാട്ടുമൃഗങ്ങള്‍ ഉപദ്രവിച്ചില്ല. വിശപ്പടക്കാന്‍ വേണ്ടി ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിച്ച മധു വ്യാപാരസ്ഥാപനങ്ങളില്‍ സൂക്ഷിച്ച പണപ്പെട്ടികളില്‍ തൊട്ടതേയില്ല. മധുവിനെ ആക്രമിച്ചവരില്‍ വിവിധ ജാതിമതസ്ഥര്‍ ഉണ്ട്. അവരെ ഭരിച്ച വികാരം ആണ് നായാടികള്‍ക്കെതിരെ വിജൃംഭിച്ചു നിന്ന സവര്‍ണസംസ്‌കാരം. മുത്തങ്ങാ വനത്തില്‍ നിന്നും പിടികൂടി സി കെ ജാനുവിനെ മര്‍ദിച്ചപ്പോഴും പ്രകടമായത് ഇതേ സവര്‍ണ സംസ്‌കാരമാണ്. സവര്‍ണ സംസ്‌കാരമുള്ളവര്‍ രാജ്യത്തെ നിയമസംഹിതയെ അംഗീകരിക്കുന്നവര്‍ അല്ല.

ആദിവാസി ക്ഷേമത്തിനുവേണ്ടി കോടിക്കണക്കിന് രൂപ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നീക്കിവയ്ക്കാറുണ്ട്. എന്നിട്ടും മധു എന്ന ആദിവാസി യുവാവിന് വിശപ്പടക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവന്നത് എന്തുകൊണ്ട്? ആദിവാസി മേഖലയില്‍ പട്ടിണി മരണങ്ങളും രോഗങ്ങളും ഉണ്ടാകുന്നതെന്തുകൊണ്ട്? ട്രൈബല്‍ സ്‌കൂളുകളില്‍ നിന്നും ആദിവാസിക്കുഞ്ഞുങ്ങള്‍ ഓടി രക്ഷപ്പെടുന്നത് എന്തുകൊണ്ട്? ആദിവാസി ഊരുകളില്‍ അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ കാണപ്പെടുന്നത് എന്തുകൊണ്ട്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടതുണ്ട്.
സവര്‍ണ സംസ്‌കാരത്തെ ഹൃദയത്തില്‍ വച്ചുതന്നെ തൂക്കിലേറ്റേണ്ടതുണ്ട്
(ജനയുഗം)

1 comment:

  1. ആദിവാസി ക്ഷേമത്തിനുവേണ്ടി
    കോടിക്കണക്കിന് രൂപ കേന്ദ്ര- സംസ്ഥാന
    സര്‍ക്കാരുകള്‍ നീക്കിവയ്ക്കാറുണ്ട്. എന്നിട്ടും മധു
    എന്ന ആദിവാസി യുവാവിന് വിശപ്പടക്കാന്‍ മറ്റ്
    മാര്‍ഗങ്ങള്‍ തേടേണ്ടിവന്നത് എന്തുകൊണ്ട്?
    ആദിവാസി മേഖലയില്‍ പട്ടിണി മരണങ്ങളും
    രോഗങ്ങളും ഉണ്ടാകുന്നതെന്തുകൊണ്ട്?
    ട്രൈബല്‍ സ്‌കൂളുകളില്‍ നിന്നും
    ആദിവാസിക്കുഞ്ഞുങ്ങള്‍ ഓടി രക്ഷപ്പെടുന്നത് എന്തുകൊണ്ട്?
    ആദിവാസി ഊരുകളില്‍ അച്ഛനില്ലാത്ത
    കുഞ്ഞുങ്ങള്‍ കാണപ്പെടുന്നത് എന്തുകൊണ്ട്?
    ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടതുണ്ട്...

    ReplyDelete