Sunday, 25 February 2018

പൂജിച്ച പേന തെളിഞ്ഞില്ലെങ്കിൽ?


വിദ്യാര്‍ത്ഥികളുടെ പരീക്ഷപ്പേടി അകറ്റുവാന്‍ പല മാര്‍ഗങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉന്നത വിജയം നേടണമെന്ന രക്ഷകര്‍ത്താക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും നിര്‍ബന്ധം മൂലം പരീക്ഷപ്പേടി അനുദിനം വര്‍ധിച്ചുവരികയാണ്. മകള്‍ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് സ്വയം മരിച്ച അമ്മയും ഫലം വരുന്നതിന് മുമ്പുതന്നെ ജീവിതം അവസാനിപ്പിച്ച കുഞ്ഞുങ്ങളും കേരളത്തിന്റെ ഓര്‍മയിലെ മാറാനോവുകളാണ്.
പരീക്ഷപ്പേടി അകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗം രക്ഷകര്‍ത്താക്കള്‍ ഉദാരസമീപനം സ്വീകരിക്കുക എന്നതാണ്. പരീക്ഷാദിവസം രാവിലെ ആഹാരം കഴിക്കുന്നതിനിടയില്‍ ബാലമാസിക വായിച്ച ഒരു കുട്ടിയെ എനിക്ക് പരിചയമുണ്ട്. മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ അയാള്‍ സ്വയം കണ്ടെത്തിയ ഒരു മാര്‍ഗമായിരിക്കണം അത്. എന്തായാലും ആ കുട്ടി നല്ലനിലയില്‍ത്തന്നെ പരീക്ഷ പാസായി. വീട്ടുകാര്‍ വലിയ നിര്‍ബന്ധം ചെലുത്താതിരിക്കുകയും ഡോക്ടറോ എന്‍ജിനീയറോ ആയില്ലെങ്കില്‍ക്കൂടിയും നന്നായി ജീവിക്കാന്‍ കഴിയുമെന്ന ഒരു അവബോധം കുട്ടികളില്‍ വളര്‍ത്തുകയും വേണം.
ക്ലാസിലെ മറ്റുകുട്ടികളില്‍ പിന്നാക്കം നില്‍ക്കുന്നവരെക്കുറിച്ച് സ്വന്തം കുട്ടിയോട് ചോദിക്കണം. അവനെ സഹായിക്കാനെന്താണ് മാര്‍ഗമെന്ന് മറ്റ് കുട്ടികള്‍ ചിന്തിക്കണമെന്ന് പറയണം. പരീക്ഷ കഴിഞ്ഞ് റിസള്‍ട്ടിനെ കുറിച്ച് ഒരു ആകാംക്ഷയും പ്രകടിപ്പിക്കാതെ. പിന്നാക്കം നില്‍ക്കുന്ന കുട്ടിയുടെ വീട്ടില്‍ മറ്റു കൂട്ടുകാരോടൊപ്പം പോയി പരീക്ഷയൊന്നും വലിയ കാര്യമല്ല എന്ന രീതിയില്‍ പറഞ്ഞ് ലളിതവല്‍ക്കരിക്കണം. മികച്ച വിജയം നേടിയ പട്ടികയില്‍പ്പെടുത്താന്‍ വേണ്ടി സ്‌കൂളുകള്‍ നടത്തുന്ന വിരട്ടല്‍ അവസാനിപ്പിക്കണം. പരീക്ഷയെ ഭയം കൂടാതെ സമീപിക്കണമെന്ന് വിദ്യാര്‍ഥികളെ നിരന്തരം ഓര്‍മിപ്പിക്കണം.
കേരളത്തില്‍ പുതിയതായി പ്രബലമായിക്കൊണ്ടിരിക്കുന്ന ഒരു അന്ധവിശ്വാസമാണ് പേന പൂജ. പരീക്ഷയ്ക്ക് മുമ്പ് എഴുതാനുള്ള പേനകള്‍ ആരാധനാലയങ്ങളില്‍ കൊണ്ടുപോയി പൂജിച്ച് വാങ്ങും. ദേവപ്രീതിക്കുവേണ്ടി പണവും കൊടുക്കേണ്ടിവരും. ഇതില്‍ വലിയൊരു അപകടം പതിയിരിപ്പുണ്ട്. പൂജിച്ച പേന പരീക്ഷാ ഹാളില്‍ വച്ച് തെൡയാതെവന്നാല്‍ കുഞ്ഞുങ്ങളുടെ മാനസിക ബലം മുഴുവന്‍ ചോര്‍ന്നുപോകും.
അതിനേക്കാള്‍ നല്ലത് ആ അന്ധവിശ്വാസം ഒഴിവാക്കുകയും എനിക്ക് നന്നായി എഴുതാന്‍ കഴിയുമെന്ന ഇച്ഛാശക്തി വര്‍ധിപ്പിച്ച് പരീക്ഷ എഴുതുകയുമാണ്. ഇതെങ്ങനെ സാധിക്കും? നിനക്ക് നന്നായി എഴുതാന്‍ കഴിയുമെന്ന് മാതാപിതാക്കളും അധ്യാപകരും കുഞ്ഞിനെ വിശ്വസിപ്പിക്കണം. കുട്ടി ദൃഢമായി വിശ്വസിക്കുകയും വേണം. ദൈവത്തെ ഓര്‍മിക്കുന്നതിനുപകരം പാഠഭാഗങ്ങള്‍ ഓര്‍മയില്‍ നിന്നും വായിച്ചെടുക്കാന്‍ ശ്രമിക്കണം.
കാസര്‍ഗോഡ് ജില്ലയില്‍ എന്‍ ജി കമ്മത്ത് എന്ന കമ്മ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് പാര്‍ട്ടി ലഘുലേഖകള്‍ എത്തിച്ചിരുന്നത് നാരായണന്‍ എന്ന കുട്ടിയായിരുന്നു. പൊലീസിന്റെ കയ്യില്‍പ്പെടാതെ നീ ഇതെങ്ങനെ ചെയ്യുന്നു എന്ന ചോദ്യത്തിന് ദൈവമേ ദൈവമേ എന്ന് വളിച്ചുകൊണ്ട് ചെയ്യുന്നു എന്നാണ് നാരായണന്‍ മറുപടി പറഞ്ഞത്. എന്നാല്‍ ഇന്നു മുതല്‍ എനിക്കിതു ചെയ്യാന്‍ കഴിയും എന്ന് ഉറപ്പിച്ചുകൊണ്ട് ചെയ്തുനോക്കൂ എന്ന് കമ്മത്ത് സഖാവ് പറഞ്ഞു. നാരായണന്‍ അതനുസരിക്കുകയും വിജയകരമായി ആ ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. നാരായണന്‍ എന്ന കുട്ടിയാണ് പില്‍ക്കാലത്ത് കേരളം കണ്ട ബുദ്ധിജീവികളില്‍ ഒരാളിയ മാറിയ പവനന്‍. അന്ധവിശ്വാസത്തില്‍ ആകൃഷ്ടരാക്കുകയല്ല, കുട്ടികളില്‍ ഇച്ഛാശക്തി വര്‍ധിപ്പിക്കുകയാണ് പരീക്ഷയെ മറികടക്കാനുള്ള ഉചിത മാര്‍ഗം.

1 comment:

  1. കേരളത്തില്‍ പുതിയതായി
    പ്രബലമായിക്കൊണ്ടിരിക്കുന്ന
    ഒരു അന്ധവിശ്വാസമാണ് പേന പൂജ.
    പരീക്ഷയ്ക്ക് മുമ്പ് എഴുതാനുള്ള പേനകള്‍
    ആരാധനാലയങ്ങളില്‍ കൊണ്ടുപോയി പൂജിച്ച് വാങ്ങും. ദേവപ്രീതിക്കുവേണ്ടി പണവും കൊടുക്കേണ്ടിവരും.
    ഇതില്‍ വലിയൊരു അപകടം പതിയിരിപ്പുണ്ട്. പൂജിച്ച
    പേന പരീക്ഷാ ഹാളില്‍ വച്ച് തെൡയാതെവന്നാല്‍ കുഞ്ഞുങ്ങളുടെ മാനസിക ബലം മുഴുവന്‍ ചോര്‍ന്നുപോകും.

    ReplyDelete