Friday 11 January 2019

അഗ്രഗാമിയായ സൈമണ്‍ ബ്രിട്ടോ



കേരള നിയമസഭയിലെ അംഗമായിരുന്നവരില്‍ മരണാനന്തരം സ്വന്തം ശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമാക്കി മാറ്റിയ ഏക വ്യക്തിയാണ് സൈമണ്‍ ബ്രിട്ടോ.

ചിതയില്‍ നിന്നും പതുക്കെപതുക്കെ ചിറകുവിരിച്ചു പറന്ന ഫീനിക്‌സ് പക്ഷിയായിരുന്നു സൈമണ്‍ ബ്രിട്ടോ. ഹൃദയപക്ഷ രാഷ്ട്രീയത്തിന്റെ കൈപിടിച്ചു വളര്‍ന്ന ബ്രിട്ടോ ശാരീരികാവശതകളെ ഇച്ഛാശക്തി കൊണ്ടു മറികടക്കുകയും ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയും ചെയ്തു. ബിഹാറും മഹാരാഷ്ട്രയുമെല്ലാം ഹൃദിസ്ഥമാക്കിയ ബ്രിട്ടോ നോവലുകളിലൂടെ ജീവിതത്തിന്റെ നിഴലും വെളിച്ചവും സ്ഥാപിച്ചെടുത്തു. പന്ത്രണ്ടാം നിയമസഭയിലാണ് ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ബ്രിട്ടോ അംഗമായത്. അക്കാലത്ത് അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ച ഒരു ബില്‍ നിയമസഭ ശ്രദ്ധിച്ചില്ലെങ്കിലും കേരളത്തിലെ പുരോഗമനവാദികള്‍ ചര്‍ച്ച ചെയ്തിരുന്നു.

മതനിരപേക്ഷ മൃതദേഹ സംസ്‌കരണ സ്വാതന്ത്ര്യം ഉറപ്പാക്കല്‍ ബില്‍ എന്നായിരുന്നു അതിന്റെ ശീര്‍ഷകം. പുരോഗമനവാദികളായ പലരും സ്വന്തം മൃതശരീരം പഠിക്കാനായി നല്‍കണമെന്ന് ആഗ്രഹമുള്ളവരാണ്. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണം എന്ന് ആഗ്രഹമുള്ളവരുമുണ്ട്. എന്നാല്‍ മരണവീട്ടിലുണ്ടാകുന്ന ചില അഭിപ്രായങ്ങളെത്തുടര്‍ന്ന് മരിച്ചയാളുടെ അഭിപ്രായം കൊല്ലപ്പെടുകയാണ് ചെയ്യുന്നത്. ഇതിനൊരു പരിഹാരമായിരുന്നു സൈമണ്‍ ബ്രിട്ടോ അവതരിപ്പിച്ച ബില്‍. അന്ധവിശ്വാസം നിറഞ്ഞതും പണച്ചെലവേറിയതുമായ സംസ്‌കാര രീതികളെ ഒഴിവാക്കി ഒരു പൗരന് മതാതീത മാനവികതയോടെ സ്വന്തം മൃതശരീരം സംസ്‌കരിക്കപ്പെടാനുള്ള സ്വാതന്ത്ര്യം ലഭ്യമാക്കുക എന്നത് ഈ ബില്ലിന്റെ ലക്ഷ്യങ്ങളില്‍പ്പെട്ടിരുന്നു.

ഈ ബില്‍ അനുസരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ജനന മരണ രജിസ്ട്രാര്‍മാരേയും മതനിരപേക്ഷ മൃതദേഹ സംസ്‌കരണ അധികാരികളായി ചുമതലപ്പെടുത്താമായിരുന്നു. മതനിരപേക്ഷമായി സ്വന്തം മൃതദേഹം സംസ്‌കരിക്കപ്പെടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഈ അധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കാമായിരുന്നു. അവകാശിയെയും നിര്‍ദ്ദേശിക്കാം. സമ്മതപത്രം സമര്‍പ്പിച്ചിട്ടുള്ള വിവരം അവകാശിയെയും സമര്‍പ്പിച്ച ആളെയും രേഖാമൂലം അറിയിക്കണമായിരുന്നു. വ്യക്തിയെ മാത്രമല്ല ഒരു സംഘടനയെപ്പോലും അവകാശിയായി നിര്‍ദേശിക്കുവാന്‍ ഈ ബില്ലില്‍ ഇടമുണ്ടായിരുന്നു.

ഈ ബില്ലനുസരിച്ച് അവയവദാനവും തര്‍ക്കരഹിതമായി നിര്‍വഹിക്കാമായിരുന്നു. മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്നാണ് ആഗ്രഹമെങ്കില്‍ അതും സാധിക്കുമായിരുന്നു.

പത്രികയിലെ വിവരങ്ങള്‍ക്ക് വിരുദ്ധമായി മതപരമായ ചടങ്ങുകളോടെ സംസ്‌കരണം നടത്തിയാല്‍ പതിനായിരം രൂപയില്‍ കുറയാത്ത പിഴയോ മൂന്നുമാസത്തില്‍ കുറയാത്ത തടവോ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടാവുന്ന കാര്യവും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

മൃതദേഹ സംസ്‌കരണത്തിന് മതങ്ങള്‍ പല രീതികളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചിലര്‍ മരണാനന്തരം പ്രാര്‍ഥിക്കാനുള്ള സൗകര്യത്തോടെ വിപുലമായ കുഴിയെടുത്ത് മൃതദേഹം മറവു ചെയ്യും. ചിലരാകട്ടെ, രാത്രിയില്‍ മൃതദേഹം പുറത്തിറങ്ങി സഞ്ചരിക്കാതിരിക്കാനായി കുഴിമാടത്തില്‍ കുരിശുനാട്ടും. ചിലര്‍ മാവോ ചന്ദനമുട്ടികളോ ചാണകവറളികളോ ഉപയോഗിച്ച് അഗ്നിക്കിരയാക്കും. ചിലര്‍ മതപരമായ ചടങ്ങുകള്‍ക്കുശേഷം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും. മറ്റു ചിലര്‍ പകുതി വെന്തശരീരം പുഴയിലൊഴുക്കും. ഇനിയും ചിലര്‍ കഴുകന് കൊത്തിത്തിന്നാനായി ഉപേക്ഷിക്കും.

ഇത്തരം സംസ്‌കാര രീതികള്‍ പുരോഗമനവാദികള്‍ക്ക് അംഗീകരിക്കാനാവില്ല. അതുകൊണ്ടാണ് സൈമണ്‍ ബ്രിട്ടോ അവതരിപ്പിച്ച ബില്‍ പ്രസക്തമാകുന്നത്.

ദുര്‍മന്ത്രവാദ നിരോധന നിയമം കേരളത്തില്‍ ഇനിയും ഉണ്ടായില്ല. മതനിരപേക്ഷ മൃതദേഹ സംസ്‌കരണ ബില്ലാകട്ടെ നിയമസഭയിലെത്തി. സൈമണ്‍ ബ്രിട്ടോയോടുള്ള ഏറ്റവും വലിയ ആദരവ്, ശ്രദ്ധിക്കപ്പെടാതെ പോയ പ്രസ്തുത ബില്ലിലെ ആശയങ്ങള്‍ പുനരാവിഷ്‌കരിച്ചു നിയമ നിര്‍മാണം നടത്തുക എന്നതാണ്.

1 comment:


  1. കേരള നിയമസഭയിലെ അംഗമായിരുന്നവരില്‍ മരണാനന്തരം സ്വന്തം ശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമാക്കി മാറ്റിയ ഏക വ്യക്തിയാണ് സൈമണ്‍ ബ്രിട്ടോ.

    ReplyDelete