Wednesday, 6 March 2019

അമ്പത് വസന്തങ്ങള്‍ ചൂടിയ യക്ഷി


മലമ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വിശാലമായ ഉദ്യാനത്തില്‍ കേരളത്തിന്റെ മഹാശില്‍പി കാനായി കുഞ്ഞിരാമന്‍ സൃഷ്ടിച്ച യക്ഷി അമ്പത് വസന്തങ്ങള്‍ ചൂടിയിരിക്കുന്നു.

യക്ഷികള്‍ക്ക് വാര്‍ധക്യമില്ല. എന്നും കുന്നും യൗവനം. മനുഷ്യസങ്കല്‍പത്തിലെ ഏറ്റവും കാവ്യാത്മകമായ ഒരു രൂപമാണ് യക്ഷി. പടയണിയിലെ സുന്ദരയക്ഷിയോട് മനുഷ്യര്‍ക്കുള്ള അടുപ്പം ആലോചിച്ചാല്‍ വല്ലാത്ത സങ്കടം വരും. യക്ഷി പോവുകയാണ്. പേരാറ്റിന്‍ പെരുമണലിലേക്ക്. അവിടെ തേര് കാണുന്നുണ്ട്. മയിലിളമയോടും കുയിലിളമയോടും കൂട്ടക്കോഴിയോടും യാത്ര പറയുന്നുണ്ട്. ഇട്ടുകളഞ്ഞു പോകുവാന്‍ ഉള്ളില്‍ ഖേദവുമുണ്ട്. എന്നാല്‍ പോകാതെ വയ്യല്ലോ. അപ്പോഴാണ് പോവല്ലേ പോവല്ലേ സുന്ദരയക്ഷീ എന്ന അപേക്ഷയുമായി കണ്ണുനീരോടെ ജനപക്ഷം പ്രത്യക്ഷമാകുന്നത്.

മനുഷ്യന്റെ അറിവനുസരിച്ചാണ് യക്ഷികളുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുള്ളത്. കടമറ്റത്തു കത്തനാരുടെ യക്ഷിക്ക് വെളുത്ത മുലക്കച്ചയും മലയാറ്റൂരിന്റെ യക്ഷിക്ക് വെള്ളസാരിയും പുതിയ സീരിയല്‍ യക്ഷിക്ക് വെള്ള ചുരിദാറുമുണ്ടായത് അങ്ങനെയാണ്. കടമറ്റത്ത് കത്തനാരുടെ കാലത്ത് ചുരിദാറിനെക്കുറിച്ച് ഒരു ധാരണയും മലയാളിക്ക് ഇല്ലായിരുന്നു.

കാനായിയുടെ യക്ഷിക്ക് വസ്ത്രമില്ല. കാലുകള്‍ വിടര്‍ത്തി മുടിയഴിച്ചിട്ട് ശിരസിനിരുവശവും കൈകള്‍ ഉറപ്പിച്ച് അനന്തതയിലേക്ക് മുഖമുയര്‍ത്തിയിരിക്കുന്നതാണ് കാനായിയുടെ യക്ഷി. പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ മുപ്പതടി ഉയരത്തില്‍ അതിഗംഭീരമായ ശില്‍പരചന.

എന്താണ് യക്ഷിയുടെ ഭാവം? മുഖത്ത് അസാധാരണമായ ശാന്തത. ഒരു രതിനിര്‍വൃതിയുടെ പരിസമാപ്തിപോലെ. അല്ലെങ്കില്‍ ആസക്തിയുടെ മൂര്‍ധന്യാവസ്ഥ. അല്ലെങ്കില്‍ ഉണര്‍ന്നെണീക്കുന്ന ഒരു സ്വപ്‌നാടകയുടെ തുടര്‍നിദ്ര. അതുമല്ലെങ്കില്‍ എല്ലാ ഋതുക്കളും ഒന്നിച്ചു പുണരുന്ന ഒരു ശാരീരികാവസ്ഥ. നമ്മള്‍ക്കിഷ്ടമുള്ളതുപോലെ യക്ഷിയുടെ ഭാവം വായിച്ചെടുക്കാം. യക്ഷി എന്ന ശില്‍പകവിതയെ ഒരു കോണില്‍ നിന്നു മാത്രം വീക്ഷിച്ചു പൊയ്ക്കളയരുത്. രണ്ടടി വീതം മാറി മാറി നിന്ന് പ്രദക്ഷിണം ചെയ്ത് സൂക്ഷ്മ ദര്‍ശനം നടത്തണം. അപ്പോള്‍ അസാധാരണമായ ഒരു സൗന്ദര്യ പ്രപഞ്ചത്തിലേക്ക് ആസ്വാദകര്‍ കടക്കും. അതല്ല യക്ഷിയുടെ വിടര്‍ത്തിവച്ച കാലുകള്‍ക്കിടയിലേക്ക് മാത്രമാണ് നിങ്ങളുടെ ശ്രദ്ധയെങ്കില്‍ അതിന്റെ അര്‍ഥം ഉടന്‍തന്നെ ഒരു മാനസിക രോഗ വിദഗ്ധനെ കാണണം എന്നതാണ്. മനുഷ്യന്റെ കപട സദാചാരബോധത്തിനെതിരേയുള്ള ഒരു നിര്‍ഭയ പ്രവര്‍ത്തനം കൂടിയാണ് യക്ഷി.

അഷ്ടമുടിക്കായല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെടും വൃശ്ചികക്കായലല്ല കര്‍ക്കടകക്കായല്‍. ചിങ്ങക്കായലല്ല മേടക്കായല്‍. അമാവാസിക്കായലും പൗര്‍ണമിക്കായലും വ്യത്യസ്തം. അമ്പിളിയും താരാഗണങ്ങളും മുഖം നോക്കുന്ന കായലും വ്യത്യസ്തം. മഴ പെയ്യുന്ന കായലും ഉച്ചക്കായലും വ്യത്യസ്തം.

അമാവാസി രാത്രിയില്‍ യക്ഷിയുടെ അവസ്ഥ എന്തായിരിക്കും. പൗര്‍ണമി രാത്രിയിലോ. ഇത്തരം കാര്യങ്ങളില്‍ താല്‍പര്യമുള്ള ആസ്വാദകര്‍ക്ക് കരുതലോടെ പ്രവേശനാനുമതി നല്‍കാന്‍ അധികൃതര്‍ തയാറാകേണ്ടതാണ്. യക്ഷിയുടെ ഏറ്റവും വലിയ ആകര്‍ഷകത ഏഴഴകുള്ള കറുപ്പിനോട് സൗഹൃദം പുലര്‍ത്തുന്ന ഒരു നിറക്കൂട്ടാണ്. യക്ഷിയുടെ ചെറു മാതൃകകളുണ്ടാക്കി ആവശ്യക്കാര്‍ക്ക് വിലയ്ക്ക് നല്‍കുവാന്‍ തയാറാകേണ്ടതുണ്ട്. താജ് മഹലിന്റെയും പിയാത്തേയുടെയും മാതൃകകള്‍ ലോക വ്യാപകമായിരിക്കുന്നതുപോലെ യക്ഷിയും നമ്മുടെ ചെറുവീടുകളെ കലാസമ്പുഷ്ടമാക്കട്ടെ.

യക്ഷിയെക്കുറിച്ചും ശംഖുംമുഖത്തെ മത്സ്യകന്യകയെക്കുറിച്ചും നിരവധി കവിതകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പല പുസ്തകങ്ങളുടെയും മുഖമലങ്കരിക്കുന്നത് കാനായിയുടെ ഈ ശില്‍പങ്ങളാണ്. അത് കേരളീയ ശില്‍പകലാരംഗത്ത് കാനായി ശില്‍പങ്ങള്‍ക്ക് മാത്രം കിട്ടിയ പുരസ്‌കാരങ്ങളാണ്.

കാനായി എന്നത് കാസര്‍കോട് ജില്ലയിലെ ഒരു ചെറുഗ്രാമത്തിന്റെ പേരല്ലാതായിരിക്കുന്നു. അത് കുഞ്ഞിരാമന്‍ എന്ന പ്രതിഭാധനനായ മകനിലൂടെ ലോകത്തെമ്പാടും എത്തിയിരിക്കുന്ന ശില്‍പനാമം ആയിരിക്കുന്നു. കാനായി കുഞ്ഞിരാമന്‍ കവിയാണ്. അദ്ദേഹത്തിന്റെ കാവ്യപുസ്തകങ്ങള്‍ ലഭ്യവുമാണ്. ഒരു കവിയുടെ ഹൃദയത്തില്‍ ഉരുത്തിരിഞ്ഞ ഉദാത്തമായ കലാസൃഷ്ടിയാണ് അമ്പത് വസന്തത്തിന്റെ ചെറുപ്പമുള്ള മലമ്പുഴയിലെ യക്ഷി.

1 comment:

  1. യക്ഷിയെക്കുറിച്ചും ശംഖുംമുഖത്തെ മത്സ്യകന്യകയെക്കുറിച്ചും നിരവധി കവിതകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പല പുസ്തകങ്ങളുടെയും മുഖമലങ്കരിക്കുന്നത് കാനായിയുടെ ഈ ശില്‍പങ്ങളാണ്. അത് കേരളീയ ശില്‍പകലാരംഗത്ത് കാനായി ശില്‍പങ്ങള്‍ക്ക് മാത്രം കിട്ടിയ പുരസ്‌കാരങ്ങളാണ്...!

    ReplyDelete