Wednesday, 17 April 2019

ആ മധുരം കവി കഴിച്ചില്ല



മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവി ഒഎന്‍വി കുറുപ്പ് തിരുവനന്തപുരത്ത് പഠിക്കുന്ന കാലം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയം. തൈയ്ക്കാട് മൈതാനത്ത് ഹിന്ദു തീവ്രവാദത്തിന്റെ തലതൊട്ടപ്പനായ ഗുരുജി ഗോള്‍വാള്‍ക്കര്‍ പ്രസംഗിച്ച ദിവസം. സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യന്‍ ദേശീയതയെക്കുറിച്ചും അവരുടെ അഭിപ്രായമറിയാന്‍ വേണ്ടി മലയാറ്റൂര്‍ രാമകൃഷ്ണന്‍, കാര്‍ത്തികേയന്‍ സഖാവ് തുടങ്ങിയവരോടൊപ്പം കവിയും അവിടെച്ചെന്നു.

ഇന്ത്യയുടെ ഹൃദയസ്പന്ദനമായ മഹാത്മാഗാന്ധിയെ നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന്നതാണ് അവര്‍ കേട്ടത്. ചെറുപ്പക്കാരായ അവര്‍ക്ക് അത് നീതിയല്ല എന്നു തോന്നി. അവര്‍ ചോദ്യം ചെയ്തു. ഹിന്ദുമത തീവ്രവാദികള്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം ആ ചെറുപ്പക്കാരെ മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. അവരും ചെറുത്തുനിന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഹിന്ദുമത തീവ്രവാദികളുടെ വെടിയുണ്ടയേറ്റ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. ഇന്ത്യ മുഴുവന്‍ പൊട്ടിക്കരഞ്ഞു. അപ്പോഴും ചിരിച്ചവരുണ്ട്. അവരെ കണ്ട കഥയും ഒഎന്‍വി ഒരിക്കല്‍ പറഞ്ഞു.

ഗാന്ധി കൊല്ലപ്പെട്ട ദിവസം. വ്യഥിത ഹൃദയത്തോടെ ഒഎന്‍വിയും കൂട്ടുകാരും പട്ടണത്തിലൂടെ നടക്കുകയായിരുന്നു. അവിടെ ഒരു വീട്ടില്‍ ലഡു വിതരണം ചെയ്യുന്നുണ്ടായിരുന്നു. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിലുള്ള ആഹ്ലാദപ്രകടനമായിരുന്നു ആ മധുരപലഹാര വിതരണം. എല്ലാവര്‍ക്കും കൊടുത്ത കൂട്ടത്തില്‍ ആ ഹിന്ദുമത തീവ്രവാദി ഒഎന്‍വിക്കും കൂട്ടുകാര്‍ക്കും കൂടി മധുരം വച്ചുനീട്ടി. അവര്‍ അത് സ്വീകരിച്ചില്ലെന്നു മാത്രമല്ല ഇന്ത്യ മുഴുവന്‍ കരയുമ്പോള്‍ പ്രകടിപ്പിച്ച ഈ അധമവികാരത്തെ ചോദ്യം ചെയ്യുകകൂടി ചെയ്തു. ഇത് കണ്ടുകൊണ്ടുവന്ന സ്വാതന്ത്ര്യസമര സേനാനി എസ് വരദരാജന്‍ നായര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിക്കുകയും ഒരു വിലാപയാത്ര രൂപപ്പെടുത്തി യാത്രയാക്കുകയും ചെയ്തു.

ഒഎന്‍വിയും സഖാക്കളും നിരസിച്ചത് സംഘപരിവാര്‍ വച്ചുനീട്ടിയ വിഷമധുരമായിരുന്നു.
ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ ഒരു കുറ്റബോധവും ഹിന്ദുമത തീവ്രവാദികള്‍ക്കില്ല. വിശ്വപൗരന്മാരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിനും ബര്‍ണാഡ്ഷായും ഗാന്ധിവധം കേട്ട് ഞെട്ടിയ കാര്യം നമ്മള്‍ മറക്കരുത്. പക്ഷേ ഹിന്ദു വര്‍ഗീയവാദികള്‍ കൊന്നിട്ട് എഴുപത് വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രപിതാവിനോടുള്ള പക തീര്‍ന്നിട്ടില്ല. അവര്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ വെടിവയ്ക്കുകയാണ്.

മഹാത്മാഗാന്ധിയുടെ വിയോഗത്തില്‍ ലോകം മുഴുവന്‍ വേദനിച്ചിട്ടും അവര്‍ ഗാന്ധിവിരോധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സമാധാനത്തിനുവേണ്ടി എപ്പോഴും സമരം ചെയ്ത ആത്മീയ നേതാവായിരുന്നു ഗാന്ധി എന്നാണ് അന്നത്തെ മാര്‍പ്പാപ്പ പോള്‍ പന്ത്രണ്ടാമന്‍ പറഞ്ഞത്. ഗാന്ധി വധത്തെത്തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ആയിരുന്നു ഹിന്ദുമത തീവ്രവാദികളെ നിരോധിക്കുവാന്‍ മുന്‍കൈയെടുത്തത്. പ്രതിമ സ്ഥാപിച്ചതുകൊണ്ട് മാഞ്ഞുപോകാവുന്ന അപരാധമല്ല ഹിന്ദുമത തീവ്രവാദികള്‍ ചെയ്തത്.

പുതിയ ഇന്ത്യയില്‍ അവര്‍ ആട്ടിന്‍തോലണിഞ്ഞ് രാഷ്ട്രീയ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലും ദുരാചാരങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന ആശയവുമായി പരമഭക്തരുടെ പ്രഛന്നവേഷം ധരിച്ച് അവരുണ്ട്. മലയാളിയുടെ മനസായ ഒഎന്‍വി നിരസിച്ച മധുരം എല്ലാ കേരളീയരും നിരസിക്കേണ്ടിയിരിക്കുന്നു.

1 comment:

  1. മലയാളിയുടെ മനസായ ഒഎന്‍വി നിരസിച്ച മധുരം എല്ലാ കേരളീയരും നിരസിക്കേണ്ടിയിരിക്കുന്നു.

    ReplyDelete