Wednesday, 26 June 2019

പഴവിളയോടൊപ്പം മംഗളാദേവിയില്‍

പഴവിള രമേശന്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, കരൂര്‍ ശശി എന്നീ കവികള്‍ പൂര്‍ണ ആരോഗ്യത്തോടെ കേരളത്തിലുടനീളം കവിത ചൊല്ലി സഞ്ചരിച്ച കാലം.
പീരൂമേട്ടില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ തങ്കപ്പന്റെ ഉത്സാഹത്തില്‍ ഒരു കവിയരങ്ങ്. ഈ ജ്യേഷ്ഠ കവികളോടൊപ്പം എനിക്കും ഒരവസരം   
തന്നിട്ടുണ്ട്. വിളിച്ചപ്പോഴേ ഞാന്‍ തങ്കപ്പനോട് പറഞ്ഞു കവികള്‍ക്ക് മംഗളാദേവി കാണുവാനുള്ള ഒരു സന്ദര്‍ഭം ഉണ്ടാക്കണം. അതിമനോഹരമായ ആ സഹ്യാദ്രിക്കൊമ്പില്‍ ഈ മൂന്നു മുതിര്‍ന്ന കവികളും പോയിട്ടുണ്ടായിരുന്നില്ല. പഴവിള രമേശനാണെങ്കില്‍ സഞ്ചാരപ്രിയനുമാണ്. അടിയന്തിരാവസ്ഥക്കാലത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, പാരീസ് വിശ്വനാഥന്‍, ശിവന്‍ എന്നിവരോടൊപ്പം ഇന്ത്യയുടെ തീരപ്രദേശങ്ങളിലൂടെ പഴവിള നടത്തിയ യാത്ര സുവിദതമാണല്ലോ.
മംഗളാദേവിയില്‍ പോവുക എളുപ്പമല്ല. തേക്കടിയിലെ ഫോറസ്റ്റ് ഓഫീസില്‍ നിന്നും അനുമതി വാങ്ങണം. തേക്കടിയില്‍ നിന്നും ഒരു മണിക്കൂറിലധികം മനുഷ്യവാസമില്ലാത്ത വനഭൂമിയിലൂടെ സഞ്ചരിക്കണം. വന്യമൃഗങ്ങളുടെ വിഹാരരംഗം ആയതിനാല്‍ ആയുധധാരികളായ ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് യാത്ര.
കവിതയുടെ ലഹരിയില്‍ മുങ്ങി നാടു ചുറ്റിയിരുന്ന കാലത്ത് ഒരിക്കല്‍ കുമുളിയിലെത്തിയ ഞാന്‍ ഒരു സുഹൃത്തിനോടൊപ്പം മംഗളാദേവിയില്‍ പോകുവാന്‍ ശ്രമിച്ചിരുന്നു. തേക്കടിയില്‍ വച്ച് ഞങ്ങളെ തടഞ്ഞ വനപാലകര്‍ വനത്തിലൂടെയുള്ള കാല്‍നട യാത്ര അനുവദനീയമല്ലെന്നും ഉയര്‍ന്ന വനംവകുപ്പുദ്യോഗസ്ഥരുടെ അനുമതി ആവശ്യമാണെന്നും ബോധ്യപ്പെടുത്തി. ഉത്തര്‍ പ്രദേശുകാരനായ ഒരു ഐഎഫ്എസ്സുകാരനായിരുന്നു അവിടെ മുഖ്യ വനപാലകന്‍. കവിതയുടെ തുറുപ്പുചീട്ടു കാണിച്ചിട്ടും അദ്ദേഹം അനുമതി തന്നില്ല. നിരാശയോടെ തിരിച്ചുപോയ ഞങ്ങള്‍ മുണ്ടിയെരുമയിലെ ഡൊമിനിക് കാട്ടൂരിന്റെ സുഹൃത്തുക്കളായ ചില നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരോടൊപ്പം മംഗളാദേവിയില്‍ പോയി.
മംഗളാദേവി അസാധാരണമായ ഒരു അനുഭവമാണ്. പണ്ടെങ്ങോ സംസ്‌കാരസമ്പന്നരായ മനുഷ്യ സമൂഹം സ്ഥിരമായി പെരുമാറിയതിന്റെ അടയാളങ്ങള്‍ അവിടെ ധാരാളമുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ മംഗളാദേവി ക്ഷേത്രമാണ് പ്രധാന കാഴ്ച. അഴകും തികവുമുള്ള നിരവധി കരിങ്കല്‍ ശില്‍പങ്ങള്‍ ആ കുന്നില്‍ ചിതറിക്കിടപ്പുണ്ട്. ആരുടേയും അനുമതി കൂടാതെ സഹ്യപര്‍വ്വതത്തിന്റെ കിഴക്കന്‍ ചരുവിലൂടെ തമിഴര്‍ അവിടെ വന്ന് പൂജ നടത്താറുണ്ട്. നരബലി പോലും അവിടെ ഉണ്ടായിട്ടുണ്ടത്രേ.
നീലംപേരുരും പഴവിളയും പക്കാ നിരീശ്വരവാദികളാണ്. വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ കമ്മ്യൂണിസത്തില്‍ ആകൃഷ്ടരായ അവര്‍ ദൈവ കേന്ദ്രീകൃതമായ പ്രപഞ്ച ധാരണയെ നിരസിച്ചവരാണ്. നാസ്തികതയുടെ കാര്യത്തില്‍ ഞാന്‍ അവരുടെ വിനീതനായ പിന്‍ഗാമിയും.
ഉച്ചയോടുകൂടി ഞങ്ങള്‍ മംഗളാദേവിയില്‍ എത്തി. അവിടെ ചിതറിക്കിടക്കുന്ന ശില്‍പങ്ങളില്‍ തൊട്ടു. വളരെ നേരം അവിടെ മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ പടവുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഞാന്‍ ജെസ്സി ചൊല്ലി.
മലയിറങ്ങുമ്പോള്‍ മനസ്സു നിറയെ സന്തോഷമായിരുന്നു. മനുഷ്യനിര്‍മ്മിത ശില്‍പങ്ങളുടെ പ്രദര്‍ശനശാല കാണുവാന്‍ കഴിഞ്ഞ സന്തോഷം. ആ ആരാധനാലയത്തെ രക്ഷിക്കുവാന്‍ കാളിക്കുപോലും കഴിഞ്ഞില്ലല്ലോ എന്ന ചിന്ത കൂടുതല്‍ വെളിച്ചം പ്രസരിപ്പിക്കുന്നതായി തോന്നി. മലയാളത്തിന്റെ പ്രിയപ്പെട്ട കവി പഴവിള രമേശന്റെ വേര്‍പാട് ഈ ഓര്‍മകളിലേക്ക് ദുഃഖത്തോടെ സഞ്ചരിപ്പിക്കുന്നു.
image.png

1 comment:

  1. മലയിറങ്ങുമ്പോള്‍ മനസ്സു നിറയെ സന്തോഷമായിരുന്നു. മനുഷ്യനിര്‍മ്മിത ശില്‍പങ്ങളുടെ പ്രദര്‍ശനശാല കാണുവാന്‍ കഴിഞ്ഞ സന്തോഷം. ആ ആരാധനാലയത്തെ രക്ഷിക്കുവാന്‍ കാളിക്കുപോലും കഴിഞ്ഞില്ലല്ലോ എന്ന ചിന്ത കൂടുതല്‍ വെളിച്ചം പ്രസരിപ്പിക്കുന്നതായി തോന്നി. മലയാളത്തിന്റെ പ്രിയപ്പെട്ട കവി പഴവിള രമേശന്റെ വേര്‍പാട് ഈ ഓര്‍മകളിലേക്ക് ദുഃഖത്തോടെ സഞ്ചരിപ്പിക്കുന്നു.

    ReplyDelete