Saturday 10 August 2019

ഓട്ടോവിന്‍ പാട്ടിന്റെ കവി


അര്‍ക്കം, സംക്രമണം, മേഘരൂപന്‍ തുടങ്ങിയ കവിതകളൊക്കെ ബൗദ്ധികതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സാമാന്യജനങ്ങളെ ആകര്‍ഷിച്ച ആറ്റൂര്‍ രവിവര്‍മ്മയുടെ കവിത ഓട്ടോവിന്‍ പാട്ടാണ്.

പഴയ ഇല്ലം പൊളിച്ചുവിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി ജീവിക്കാന്‍ ശ്രമിക്കുന്ന പുളിമനയ്ക്കല്‍ കുഞ്ഞികുട്ടന്റെ ജീവിതരേഖയാണ് ഓട്ടോവിന്‍ പാട്ടിലുള്ളത്. അതീവ ലളിതമായ ഒരു താളവ്യവസ്ഥയും ഈ കവിതയെ ജനകീയമാക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തിലാണ് കേരളത്തില്‍ ഓട്ടോറിക്ഷ എന്ന മുച്ചക്ര വാഹനം പ്രത്യക്ഷപ്പെട്ടത്. ടാക്‌സി കാറുകാരുടേയും മറ്റും എതിര്‍പ്പുണ്ടായെങ്കിലും ഓട്ടോറിക്ഷ വളരെ പെട്ടെന്നുതന്നെ സാധാരണക്കാരുടെ വാഹനമായി. ഒന്നാം ലോക രാജ്യങ്ങളില്‍ തീരെ കാണാത്ത ഒരു വാഹനമാണ് ഓട്ടോ. പുതിയവയെ ആര്‍ത്തിയോടെ സ്വീകരിച്ച എഴുപതുകളിലെ കവിതകള്‍ ഈ മുച്ചക്ര വാഹനത്തേയും കവിതയിലേക്ക് ആനയിച്ചു. ട്രാഫിക് വിളക്കുകളെ അവഗണിച്ച് മുന്നോട്ടുപോകുന്ന ഓട്ടോറിക്ഷയും മറ്റും മലയാള കവിതയില്‍ പ്രത്യക്ഷപ്പെട്ടു. കടമ്മനിട്ട അടക്കമുള്ളവര്‍ ഓട്ടോറിക്ഷയ്ക്ക് കവിതയില്‍ സ്ഥാനം കൊടുത്തു. ഈ ഗണത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കവിതയാണ് ഓട്ടോവിന്‍ പാട്ട്.

പുളിമനയ്ക്കല്‍ കുഞ്ഞികുട്ടന്റെ ഓട്ടോറിക്ഷയുടെ പേര് കെഎല്‍ ഡി 104 എന്നായിരുന്നു. ഗണപതി എന്നൊരു വിളിപ്പേരും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ലാഭകരമായിരുന്നില്ല. പുതിയ ഇല്ലമുണ്ടാക്കാന്‍ കുഞ്ഞുകുട്ടന് കഴിഞ്ഞതുമില്ല. അയാള്‍ ചുവടൊന്നു മാറ്റി. ഇന്നത്തെ ആംബുലന്‍സ് ചെയ്യുന്ന പണി ഓട്ടോറിക്ഷ ചെയ്യാന്‍ തുടങ്ങി. ആശുപത്രിയില്‍ വച്ച് മരണപ്പെടുന്നവരുടെ ശവശരീരം ഓട്ടോറിക്ഷയിലിരുത്തി ബന്ധുക്കളെ കൂട്ടിനിരുത്തി വീടുകളിലെത്തിച്ചു. അങ്ങനെ പുളിമനയ്ക്കല്‍ കുഞ്ഞുകുട്ടന്റെ ഓട്ടോ ജീവിതം ലാഭകരമായിട്ടു മാറി.

മനുഷ്യജീവിതത്തെ നേരിട്ടു സ്പര്‍ശിച്ച കവിതയാണ് ഓട്ടോവിന്‍ പാട്ട്. ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിച്ച കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ. കയ്യൊപ്പിനെക്കുറിച്ചുള്ള കവിതയില്‍ പുതിയ ഒപ്പും പഴയ ഒപ്പും തമ്മില്‍ വ്യത്യാസമുള്ളതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിനെ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന, സ്വത്വഭ്രംശത്തെ അസലായി ആറ്റൂര്‍ വെളിപ്പെടുത്തുന്നുണ്ട്.

പുലിക്കളി എന്ന കവിതയില്‍ പുലിവേഷം കെട്ടുന്ന മനുഷ്യരേയും മനുഷ്യവേഷം കെട്ടിയ പുലികളേയും അവതരിപ്പിക്കുക വഴി ആറ്റൂര്‍ വലിയ സാമൂഹ്യ വിമര്‍ശനമാണ് സാധിച്ചത്.

എം. ഗോവിന്ദനുശേഷം തനി മലയാളത്തെ അച്ചടി മലയാളത്തിലെത്തിച്ച കവിയാണ് ആറ്റൂര്‍ രവിവര്‍മ.

ആറ്റൂരിന്റെ സാഹിത്യ ജീവിതത്തിലെ ഒരു സുപ്രധാന വശം വിവര്‍ത്തനമാണ്. സുന്ദര രാമസ്വാമിയുടെയും മറ്റും തമിഴ് നോവലുകള്‍ അദ്ദേഹം അനായാസം മലയാളപ്പെടുത്തി. പഴയതും പുതിയതുമായ തമിഴ് കവിതകളും അദ്ദേഹം ദ്രാവിഡ മൊഴിയുടെ അഴകോടെയും ആരോഗ്യത്തോടെയും മലയാളപ്പെടുത്തി. ഒഡിയ കവി പ്രതിഭാ സത്പതിയുടെ മാസ്മര ധൂളി എന്ന കാവ്യ സമാഹാരത്തിന്റെ വിവര്‍ത്തനം പ്രതേ്യകം ശ്രദ്ധിക്കേണ്ടതാണ്. ദ്രാവിഡത്തനിമയുമായി ബന്ധമൊന്നുമില്ലാത്ത ഒഡിയ ഭാഷയെ പച്ച മലയാളത്തിന്റെ ഓലത്തണലിലാണ് ആറ്റൂര്‍ ഇരുത്തിയത്. വിളക്കുമാടത്തിനുള്ളില്‍, വലിച്ചെറിയാന്‍ വയ്യ, വാക്കുകളുടെ മാന്ത്രികന്‍, മിന്നല്‍പ്പുണര്‍ തുടങ്ങിയ ശീര്‍ഷകങ്ങള്‍ തന്നെ ഒഡിയയില്‍ നിന്നും മലയാളത്തിലേക്കുള്ള വരവറിയിക്കുന്നതാണ്.

അത്യാവശ്യമില്ലെങ്കില്‍ എഴുതരുത് എന്ന് പഠിപ്പിച്ച കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ.

1 comment:


  1. അത്യാവശ്യമില്ലെങ്കില്‍ എഴുതരുത് എന്ന് പഠിപ്പിച്ച കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ.

    ReplyDelete