Thursday, 28 May 2020

കവിയോടൊപ്പം നവയുഗം

മഹാഭാരതം

ശത്രുപക്ഷത്തു നിന്നെത്തിയ യുയുത്സുവെ
കെട്ടിപ്പുണര്‍ന്നു വരിച്ചു യുധിഷ്ഠിരന്‍
ഒപ്പം വിയര്‍ത്തു സുയോധനന്‍, കര്‍ണ്ണന്‍റെ
രക്തം തിളച്ചു, ചിലച്ചു ദുശ്ശാസനന്‍

കുന്തിയും ഗാന്ധാരിയും നടുക്കങ്ങളാല്‍
നൊന്തുനൊന്തങ്ങനെ ജന്‍മപാപത്തിന്റെ
ശമ്പളം വാങ്ങി.

കുരുക്ഷേത്രഭൂമിയില്‍
ശംഖോടു ശംഖ് മുഴങ്ങീ വിളംബരം.

അച്ഛന്‍ മുറിച്ചു മഹാഭാരതം
പിന്നെയെത്ര സത്രങ്ങളില്‍
രാത്രിക്കു കാവലായ്
ഭിത്തിയില്‍ ചാരി ഞാന്‍ വച്ചു ദുരന്തങ്ങ-
ളുഗ്രാസ്ത്രമെയ്തു തുളച്ച മനസ്സിന്റെ
പ്രശ്നമായ് തീര്‍ന്ന മഹാഭാരതം
രോഷ തൃഷ്ണകള്‍ പൂക്കുന്ന കൃഷ്ണയ്ക്കു വേണ്ടി ഞാന്‍
മുക്കിയ ചോരയ്ക്കിതെന്‍റെ ഷര്‍ട്ടിന്‍ നിറം.

നെഞ്ചിലെ തോണിയില്‍ മഞ്ഞിന്‍ മറയ്ക്കുള്ളില്‍
നിന്നു കിതയ്ക്കും കറുത്ത പെണ്ണില്‍ നിന്നു
കണ്ണെടുക്കുന്നു മഹര്‍ഷി, യൊടുക്കമെന്‍
കണ്ണില്‍ നിന്നൂര്‍ന്നിറങ്ങുന്നു
കനല്‍ക്കട്ടയെന്ന പോല്‍ വ്യാസന്‍
വിഷക്കാറ്റുപോലെന്‍റെ-
യുള്ളില്‍ തറയ്ക്കുന്നു ഭീഷ്മപ്രതിജ്ഞകള്‍

അംബ തന്‍ കണ്ണീരുവീണു കുതിര്‍ന്നെന്റെ
ചിങ്ങപ്പുലര്‍ച്ചകള്‍
പാണ്ഡുവും ദ്രോണരും അന്ധനും ശല്യരും
നെറ്റിയില്‍ തൊട്ടന്നു
സന്ധ്യയാവോളമെന്‍ ചോര നുകര്‍ന്നുപോയ്

അര്‍ജ്ജുനജ്വാല പിറന്നൂ നഖത്തില്‍ നി-
ന്നസ്ഥിയില്‍ ഭീമസേനന്റെയലര്‍ച്ചകള്‍
സ്വപ്നം തൊടുത്തഭിമന്യുവിന്‍ ധീരത
ദു:ഖം ധരിച്ചു വിശുദ്ധയാം ദുശ്ശള.

കത്തുന്നു ജാതുഗൃഹത്തില്‍ അനാഥരാം
മക്കളും അമ്മയും
കള്ളക്കരുക്കളില്‍ കത്തിയും പച്ചയും
യുദ്ധം തുടര്‍ന്നെന്റെ സന്ധിയും ഗ്രന്ഥിയും.

കാതു കീറുന്നുണ്ട് ഗാന്ധാരിയമ്മ തന്‍
പ്രേതാവലോകനം
ഉത്തരം തേടുന്നു മജ്ജയില്‍ ഉത്തര
ഉഷ്ണകാലം പോല്‍ സുഭദ്ര
മോഹത്തിന്റെ ദു:ഖം വിതച്ചു
കൊടും ദു:ഖവും കൊയ്തു
വസ്ത്രമില്ലാതെയകന്ന ജേതാക്കളില്‍
സ്വപ്നവും സ്വത്തും സ്വരാജ്യപ്രതീക്ഷയും
യുദ്ധാവസാനസ്സുഖങ്ങളും പൊള്ളുന്നു.

അച്ഛന്‍ മരിച്ചത് ഓഗസ്റ്റില്‍
പിന്നെത്രയോ സത്രങ്ങളില്‍
രാവുതോറും പുനര്‍ജ്ജനി-
ച്ചൊറ്റക്കിരിക്കുന്നൊറേന്‍റെ ത്രാസങ്ങളില്‍
കൊത്തി വയ്ക്കുന്നു മഹാഭാരതം
ക്രൂരദൂ:ഖങ്ങള്‍ മേയുമിരുട്ടിന്റെ പുസ്തകം
രക്തം പുരണ്ട കാലത്തിന്റെ വല്‍ക്കലം.

Tuesday, 26 May 2020

ഗുരുവായൂരിലേക്ക് ഒരു പൂച്ചെണ്ട്


ഗാനഗന്ധര്‍വന്റെ ക്ഷേത്രപ്രവേശനം അടക്കം നിരവധികാര്യങ്ങള്‍ 
ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഈ പംക്തിയില്‍ വിശകലനം 
ചെയ്തിട്ടുണ്ട്.  എല്ലാം തന്നെ ജാതിമത അന്ധവിശ്വാസ  ന്യായീകരണങ്ങളെ നിരസിക്കുന്നതുമായിരുന്നു. 

എന്നാലിപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തെ അഭിനന്ദിക്കാനുള്ള ഒരു സന്ദര്‍ഭം ഉണ്ടായിരിക്കുന്നു. അത്, കോവിഡ് എന്ന മഹാരോഗത്തില്‍ നിന്നും മലയാളമക്കളെ രക്ഷപ്പെടുത്തുവാന്‍ കേരള സര്ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനവുമായി ഗുരുവായൂര്‍ ദേവസ്വം സഹകരിക്കുന്നു എന്നതാണു. അഞ്ചു കോടി രൂപയാണ് അവര്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവനചെയ്തത്. ഗുരുവായൂര്‍ ദേവസ്വത്തിന് ഒരു പൂച്ചെണ്ട്.

ഞാന്‍ ഗുരുവായൂരപ്പന്റെ ഭക്തനല്ല. പത്തു പൈസ പോലും ഇന്നുവരെ അവിടെ കാണിക്കയിട്ടിട്ടുമില്ല. എന്നാല്‍ ഞാനടക്കമുള്ള ഗുരുവായൂര്‍ ഭക്തരല്ലാത്തവരുടെ നികുതിപ്പണവും ഗുരുവായൂര്‍ വികസനത്തിനു സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.

അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പന്ത്രണ്ടു കോടിയിലധികം രൂപ.
മേല്‍പ്പാലത്തിന് ഇരുപത്തിനാല് കോടി, പ്രസാദ് അമൃതം പദ്ധതികള്‍ക്ക് അന്‍പതോളം കോടി, കോളജ് സ്റ്റാഫിനുള്ള ശമ്പളം വകയില്‍ കോടികള്‍... അങ്ങനെയൊക്കെയാണ് സര്‍ക്കാരിന്റെ കരുതലുകള്‍. ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപമാണെങ്കില്‍ ശതകോടികളാണ്. സ്ഥിരനിക്ഷേപം ആയിരത്തിമുന്നൂറു കോടിയിലധികമാണ്. ഇതിന്റെ പലിശയില്‍ നിന്നും കുന്നിക്കുരുത്തൂക്കം എടുത്താല്‍ പോലും അഞ്ചു കോടിയില്‍ കൂടുതല്‍ വരും. എന്നിട്ടും ഹൈക്കോടതിയില്‍ കേസിനുപോകാന്‍ ജനസേവകരെന്നു നടിക്കുന്നവരുണ്ടായി. കോടതി ആ വ്യാജ ഗുരുവായൂരപ്പഭക്തി തള്ളുകയും ചെയ്തു.

ചരിതം ചൂണ്ടിക്കാട്ടുന്ന ചില രക്താഭമായ ദൃശ്യങ്ങളുണ്ട്. അതിലൊന്ന് ഗുരുവായൂരില്‍ എല്ലാര്‍ക്കും പ്രവേശിക്കാന്‍ വേണ്ടി കേളപ്പന്‍റെ നേതൃത്വത്തില്‍ നടത്തിയ സത്യാഗ്രഹമാണ്. എ,കെ.ജിയും ടി.എസ്.തിരുമുമ്പും കൂടെയുണ്ടായിരുന്നു. ജാതി പരിഗണിച്ചാല്‍ ഹിന്ദുമതത്തിലെ ശൂദ്രവിഭാഗത്തിലാണ് പി. കൃഷ്ണപിള്ളയുടെ സ്ഥാനം. അദ്ദേഹം പോലും അവിടെവച്ചു അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു.

കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന പവനന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സാംസ്ക്കാരിക പ്രവര്‍ത്തകര്‍ രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിക്കൊണ്ട് ആവശ്യപ്പെട്ടത്, ക്ഷേത്രത്തില്‍ സ്വര്‍ണ്ണം പൂശാന്‍ വിനിയോഗിക്കുന്ന പണത്തില്‍ നിന്നും ഒരംശം വീടില്ലാത്തവര്‍ക്ക് തല ചായ്ക്കാനൊരിടം ഉണ്ടാക്കാനുള്ള ലക്ഷം വീട് പദ്ധതിക്കു നല്കണം എന്നായിരുന്നു. സഖാവ് കൃഷ്ണപിള്ളയോട് പെരുമാറിയത് പോലെ തന്നെയാണ് പവനനോടും സഖാക്കളോടും പെരുമാറിയത്. ക്രൂരമായ ശാരീരിക മര്‍ദ്ദനം.

ചരിത്രത്തിലെ ഈ അനുഭവ പരമ്പരകള്‍ വച്ച് നോക്കുമ്പോള്‍ ഗുരുവായൂരപ്പന്റെ സംരക്ഷകര്‍  എത്രമാറിയിരിക്കുന്നു. തിരിച്ചറിവിന്റെ മന്ദമാരുതന്‍ അവിടെ വീശിത്തുടങ്ങിയിരിക്കുന്നു. ജനങ്ങളില്ലെങ്കില്‍ അപ്പനുമില്ല, അമ്പലവുമില്ല.

പ്രധാനമന്ത്രിവന്നു ത്രാസില്‍ തൂങ്ങി അന്ധവിശ്വാസം സംരക്ഷിച്ച ക്ഷേത്രമാണത്. അന്നടച്ച രസീത് തുകയും ഈ അഞ്ചു കോടിയിലുണ്ടോ? കാണുമായിരിക്കും. പ്രധാനമന്ത്രിയുടെ നേര്‍ച്ചക്കാശും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കോ!
കാശിയിലെ നീര്‍ച്ചാലും  കൂടി ചേര്‍ന്നതാണല്ലോ ഗംഗാനദീജലം.

ഗുരുവായൂര്‍ ഭരണസമിതിയുടെ മാതൃകാപരമായ ഈ പ്രവൃത്തി അറിഞ്ഞപ്പോള്‍ ഒരു ചോദ്യം ചോരച്ചുവപ്പായി ഉദിച്ചു വരുന്നുണ്ട്.
സഹസ്രകോടീശ്വരനായ തിരുവനന്തപുരത്തെ പത്മനാഭസ്വാമി പ്രജകളെ രക്ഷിക്കാന്‍ എന്തു സംഭാവന കൊടുത്തു?
 


 

കവിയോടൊപ്പം - പു.ക.സ തൃശൂര്‍

കവിയോടൊപ്പം - പു.ക.സ തൃശൂര്‍

https://www.facebook.com/pukasatsrdc/videos/604132757128276/

Monday, 25 May 2020

ഹരണഫലം



എത്ര ഹരിക്കിലും ജീവിതദു:ഖങ്ങൾ
ശിഷ്ടം വരുന്നൂ കണക്കിന്റെ പല്ലുകൾ
നെറ്റിയിൽ കൊണ്ടു മുറിഞ്ഞു മനസ്സിലെ
പൊട്ടിയ സ്ളേറ്റൊന്നൊളിക്കുന്നതെങ്ങനെ?

താളം തകർന്നു തെറിച്ച തീവണ്ടിയിൽ
ചൂളംവിളിച്ച കിനാവിൻ കുരുന്നുകൾ
ചോരചുരത്തിക്കിടക്കുന്നു മിണ്ടുവാ-
നാവാതെ ദിക്കുകൾ തേങ്ങിപ്പതുങ്ങുന്നു
ഞാനൊരു നീല മൗനത്തുണികൊണ്ടെന്റെ
വായും വചനവും മൂടിയിരിക്കുന്നു

പാടുവാൻ വയ്യ പകൽകാഴ്ചകൾ നാവി-
ലാണി തറച്ചു കടന്നതാണിന്നലെ
ഓർക്കുവാൻ വയ്യ വിഷംതേച്ച വാക്കുകൾ
തീക്കനലായിപ്പതിച്ചതാണിന്നലെ
ജാലകം വേഗമടക്കട്ടെ ഞാനിനി
നാടകം നീട്ടുവാൻ വയ്യ മുഷിഞ്ഞൊരീ
വേഷവും കൂടി മടുത്തു നിലയ്ക്കാത്ത
വേദന വാറ്റിക്കുടിച്ചിരിക്കുന്നു ഞാൻ
സ്വപ്നം കുടഞ്ഞു കുഴഞ്ഞ കയ്യിൽ സ്നേഹ
പുഷ്പങ്ങളില്ല, നിറംപോയ നാളുകൾ
തുപ്പുന്ന ചോറുകയ്ക്കുന്നു, കബന്ധങ്ങൾ
നൃത്തമാടുന്നു നിലാവിന്റെ വേദിയിൽ

കുറ്റങ്ങളേറ്റു ഞാൻ നിൽക്കുന്നു കോടതി
യിക്കുറിയെന്നെ വധിക്കാൻ വിധിക്കുക
തെറ്റായിരുന്നു ഞാൻ കണ്ടതും കേട്ടതും
ശിക്ഷിക്കുകീമാപ്പുസാക്ഷിയെ മറ്റൊരു
തൃപ്തിയില്ലെന്നെശ്ശമിപ്പിക്കുവാൻ, ശിഷ്ട
ദു:ഖങ്ങൾകണ്ടു നടുങ്ങിനിൽക്കുന്നു ഞാൻ

പാട്ടിൻ തുരുത്തിൽ
ഒറ്റപ്പെട്ടവൾക്ക്
ഒരു വാക്ക്,
നീ കൈകൾ വിരിച്ചു നിന്നീടുക
എന്നെ, യെൻ സങ്കടച്ചിന്തിനെയേറ്റുവാൻ
നിന്റെ ശരീരക്കുരിശൊരുക്കീടുക
കാലം കടലുകടത്തിയിക്രൂശിത-
രൂപം ചുമന്നു കടന്നുപോകുംവരെ
ഞാനുറങ്ങട്ടെ മനസ്സിൽനിന്നെന്നെ നീ
വേദനയോടെയുണർത്താതിരിക്കുക

പെങ്ങള്‍സ്ഥാന്‍, സുനിത പി.പി ചൊല്ലുന്നു.

ദൃശ്യ ആവിഷ്കാരം : സുരേന്ദ്രൻ അടുത്തില
https://www.youtube.com/watch?v=mOM7VlLX2IE&feature=youtu.be&fbclid=IwAR0utRT4yzY4PbFF2WAJlkPSuF0xyfQFSA1ZEM0NcR3LxtGBMC4qRNKa8UQ

Friday, 15 May 2020

മീനുകള്‍


വെള്ളം വെളഞ്ഞു
തുളുമ്പുന്ന കായല്‍ 
വള്ളത്തില്‍ മീനും 
സലോമിയും ഞാനും.

കായലില്‍ മീനുകള്‍ 
ചുംബിക്കയാവാം 
കാണാതെ ഞങ്ങള്‍ 
അതോര്‍ത്തോണ്ടിരുന്നു.

ജീവിക്കുവാനുള്ള 
യുദ്ധപ്പരപ്പില്‍
സ്നേഹം,ഒരു മത്സ്യ-
സങ്കല്‍പ്പമാകാം.

സ്നേഹിക്കുവാനുള്ള 
മോഹച്ചതുപ്പില്‍
ജീവിതം 
ചൂണ്ടയിടുന്നതുമാകാം.

തോണിയടുത്തു
കിഴക്കോട്ടു ഞാനും
നേരേ പടിഞ്ഞാട്ട്
അവളും നടന്നു.

Tuesday, 12 May 2020

കേരള സഞ്ചാരവും മെറ്റീര്‍ കണ്ട കേരളവും


മരിച്ചവരെ കുറിച്ചും അസുഖം ബാധിച്ചവരെ കുറിച്ചും ചിന്തിച്ച് 
വിഷമിച്ചിരിക്കുമ്പോള്‍ കയ്യെത്തും ദൂരത്ത് ആശ്വാസത്തിന്റെ തൂവാലയുമായി എത്തുന്നത് പുസ്തകങ്ങളാണ്. കേരള സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ വീടുകളില്‍ പുസ്തകം എത്തിക്കുന്നുണ്ട്.
വലിയ ഒരു ആശ്വാസ പ്രവര്‍ത്തനമാണത്.മനുഷ്യര്‍ അപ്പം കൊണ്ടു മാത്രമല്ലല്ലോ ജീവിക്കുന്നത്.

ജീവിതത്തിന്റെ തിരക്കുകള്‍ കാരണം പൂര്‍ണ്ണമായി വായിക്കാന്‍ കഴിയാതെ മാറ്റിവച്ചിരുന്ന പേജ് കൂടുതലുള്ള പുസ്തകങ്ങളും ഇപ്പോള്‍ വായിക്കാവുന്നതാണ്. പുനര്‍ വായനയ്ക്കും ഉത്തമമായ സമയമാണിത്. കോവിദന്‍ ഇന്നോ നാളെയോ നാട് വിടുന്ന ലക്ഷണമില്ല. അതിനാല്‍ സാവകാശം വായിക്കാം. 

കുട്ടികളും മദ്ധ്യവയസ്ക്കരും വായിക്കുമ്പോള്‍ ഒരു നോട്ട്ബുക്ക് കൂടി കരുതുന്നത് നല്ലതാണ്. പില്‍ക്കാലത്ത് എപ്പോഴെങ്കിലും ഈ നോട്ട് ബുക്ക് വായിക്കുമ്പോള്‍ പുസ്തകം അപ്പാടെ ഓര്‍മ്മയില്‍ തെളിഞ്ഞു വരും. നല്ല ഒരു അനുഭവമാണത്. മദ്ധ്യവയസ്ക്കരുടെ ഓര്‍മ്മയില്‍ ഒരുപാട് കാര്യങ്ങള്‍ സൂക്ഷിക്കേണ്ടി വരുന്നതിനാല്‍
മറന്നുപോകാനുള്ള സാധ്യത കൂടുതലാണ്. ഓര്‍മ്മയെ തിരിച്ചു പിടിക്കാന്‍ ഈ നോട്ട്ബുക്ക് സഹായിക്കും.

പത്രാധിപപ്രതിഭകളില്‍ അഗ്രഗണ്യനായിരുന്നു കാമ്പിശ്ശേരി കരുണാകരന്‍. ഒരിക്കല്‍ അദ്ദേഹം ആലോചിച്ചത് കേരളത്തെ ഒന്നു അടയാളപ്പെടുത്തുന്നത്  എങ്ങനെയെന്നാണ്.കേരളത്തിന്റെ പ്രാദേശിക ചരിത്രം. മിത്തും സത്യവുമടക്കം ഭാവി തലമുറയ്ക്ക് വേണ്ടി രേഖപ്പെടുത്തണം.

ജനയുഗം പത്രാധിപസമിതി കൂടി ഈ ചിന്തയ്ക്ക് അംഗീകാരം നല്‍കി. പക്ഷേ ആരെഴുതും? അന്ന് കേരളത്തില്‍ തൊള്ളായിരത്തറുപത്തൊന്നു പാഞ്ചായത്തുകള്‍ ഉണ്ടായിരുന്നു. ഓരോ പഞ്ചായത്തില്‍ നിന്നും ഓരോ ആളെ കണ്ടെത്താന്‍ ഒരു ജനകീയ പത്രത്തിന് ബുദ്ധിമുട്ടില്ല. പക്ഷേ സ്വന്തം ഗ്രാമത്തെ കുറിച്ച് ആ ലേഖകന്‍ പൊലിപ്പിച്ചു പറഞ്ഞാല്‍ സത്യം കഷ്ടിയും സങ്കല്‍പ്പം വൃഷ്ടിയുമാകും. അതുപാടില്ല.

അപ്പോഴാണ് കാട്ടാക്കട ദിവാകരന്‍റെ ഒരു കത്ത് കാമ്പിശ്ശേരിക്കു കിട്ടുന്നത്. അദ്ദേഹത്തെ തന്നെ ഏല്‍പ്പിച്ചു. ജനയുഗം വാരികയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പരമ്പര ആയിരുന്നു 'കേരളീയ ഗ്രാമങ്ങളിലൂടെ'.

ജനയുഗം കുറിപ്പുകളെ വിപുലീകരിച്ച് രണ്ടായിരത്തഞ്ചിലാണ് പരിധി പബ്ലിക്കേഷന്‍സ് കേരള സഞ്ചാരം എന്ന ബൃഹദ് ഗ്രന്ഥം 
പ്രസിദ്ധീകരിച്ചത്.തൊള്ളായിരത്തെഴുപത്തഞ്ച് പുറങ്ങളുള്ള ഈ പുസ്തകത്തില്‍ കന്യാകുമാരി മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങളുടെ മിഴിവുറ്റ ചിത്രങ്ങള്‍ അടങ്ങിയിരിക്കുന്നു. കഥകള്‍,ചരിത്രം, വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം ഈ ഗ്രന്ഥത്തിലുണ്ട്. 1964 മുതലുള്ള നാല്‍പ്പതു വര്‍ഷക്കാലമാണ് കാട്ടാക്കട ദിവാകരന്‍ കേരളസഞ്ചാരം നടത്തിയത്.

തിരുവിതാംകൂര്‍ കൊച്ചി രാജ്യങ്ങള്‍ ചേര്‍ന്ന്, പൊതൂശത്രുവില്‍ നിന്നും രക്ഷനേടാനായി അറബിക്കടലോരം മുതല്‍ സഹ്യ പര്‍വതം വരെ  പടുത്തിയര്‍ത്തിയതും ഇന്നില്ലാത്തതുമായ നെടുംകോട്ട, അഞ്ചുതെങ്ങു കോട്ട സജീവമായിരുന്ന കാലം,അവിടെ ജനിച്ച എലീസാ ഡ്രേപ്പര്‍ക്ക് ഇംഗ്ലിഷ് സാഹിത്യത്തിലുള്ള പ്രസക്തി, വര്‍ക്കലയിലെ ജലതുരങ്കത്തിന്റെ പ്രത്യേകതകള്‍,കൊല്ലത്തെ പഴയ പത്രങ്ങളെ കുറിച്ചുള്ള വാര്ത്തകള്‍,ആര്യങ്കാവ് ക്ഷേത്രത്തില്‍ ഭാര്യാസമേതനായി പ്രതിഷ്ഠിക്കപ്പെട്ട ശാസ്താവിന്റെ പാണ്ഡ്യബന്ധം, പ്രേതത്തെ പേടിച്ച് തിരുവിതാംകൂര്‍ രാജാവ് ചങ്ങനാശ്ശേരിയില്‍ നിന്നും വഴിതിരിഞ്ഞു പോകുന്നതിന്റെ വിവരങ്ങള്‍, പെരിയാറിന്റെ സഞ്ചാരപഥം, ഹൈദ്രോസ് കുട്ടി മൂപ്പന്റെ ചരിത്രം, മലമ്പുഴയിലെ പഴയ തടയണയുടെ കഥ, പൊന്നാനിയിലെ പൊതുവിദ്യാലയത്തില്‍ പെണ്‍കുട്ടികളെ ചേര്‍ത്ത വിദ്യ,വയനാട്ടില്‍ ശ്രീകൃഷ്ണന്‍ ശീതജ്വരമെന്ന മലമ്പനി വിതച്ച കഥ, അഞ്ചരക്കണ്ടിയിലെ ബ്രൌണ്‍ സായിപ്പിന്റെ ബക്കിംഗ്ഹാം കൊട്ടാര മാതൃകയിലുള്ള ബംഗ്ലാവ്, കാസര്‍കോട്ടെ എണ്ണം തെറ്റിക്കുന്ന കോട്ടകള്‍,മംഗലാദേവിയെന്ന രാജകുമാരിയുടെ കഥ... അങ്ങനെ സമഗ്രതയുള്ള ഒരു കേരള സഞ്ചാരം.

തെക്കന്‍ കേരളത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് റവ.സാമുവല്‍ മെറ്റീറിന്റെ ഞാന്‍ കണ്ട കേരളം. 1883 ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് എ.എന്‍.സത്യാദാസ് തയ്യാറാക്കിയ ലളിതമായ പരിഭാഷ.

ജാതിവ്യവസ്ഥയും, അയിത്തവും അടിമപ്പണിയും അടക്കമുള്ള അതിന്റെ ക്രൂരമുഖവും അതിശയോക്തിയില്ലാതെ രേഖപ്പെടുത്തിയിരിക്കുന്നു. നരബലിയുടെ നേര്‍ചിത്രങ്ങള്‍, ക്രൂരമര്‍ദ്ദനങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍, മൃഗങ്ങളായിപ്പോലും മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കാതിരുന്ന മതാധിഷ്ഠിത രാജഭരണത്തിന്റെ പ്രതിബിംബങ്ങള്‍, കുട്ടനാട്ടെ കായലില്‍ കണ്ട മുതലകള്‍,ശബരിമലയിലെ താലനാനി എന്ന മലയരായ സമൂഹത്തില്‍ പെട്ട പുരോഹിതന്‍, അയ്യപ്പന്റെ വേട്ടപ്പട്ടികളെ പുലികളാക്കിയ അലങ്കാര സാമര്‍ഥ്യം, കോടതികളിലെ മൌലവി നിയമനം, 1875ലെ കാനേഷുമാരിയുടെ വിശദവിവരങ്ങള്‍, ഭസ്മക്കുളം നികത്തുന്നതിനു മുന്‍പുള്ള പത്മനാഭസ്വാമിക്ഷേത്രത്തിന്‍റേതടക്കം നിരവധി ചിത്രങ്ങള്‍,
അന്നുപയോഗിച്ചിരുന്ന വാദ്യോപകരണങ്ങള്‍,മേത്തന്‍ എന്ന സ്ഥാനപ്പേരിന്റെ പിന്‍കഥ, അന്ധവിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍, ശവശുശ്രൂഷ, ശൈശവ വിവാഹം.... അങ്ങനെ അന്നത്തെ നാടിനെ കൃത്യതയോടെ അടയാളപ്പെടുത്തിയിട്ടുള്ള പുസ്തകം.

മതപ്രചാരകരുടെ സാംസ്കാരികപ്രവര്‍ത്തനത്തിന് മതപ്രചാരണത്തിന്റെതായ ചില ലക്ഷ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.ഈ പുസ്തകത്തില്‍ ആ പക്ഷപാതം തീരെ കുറവാണ്. ദളിതരുടെ ക്രൈസ്തവപ്രവേശം എങ്ങനെ കലാശിച്ചു എന്നറിയാന്‍ പൊയ്കയില്‍ അപ്പച്ചനെ കൂടി വായിച്ചാല്‍ മതിയല്ലോ.

കൊറോണക്കാലം വായനയുടെ കാലം കൂടിയാണ്.ബൃഹദ് ഗ്രന്ഥങ്ങളെ കീഴടക്കാനുള്ള കാലം.

Friday, 8 May 2020

പഴക്കട


രാസലായനിയില്‍ 
കുളിച്ചു മരിച്ച മുന്തിരി 
അമോണിയപ്പഴം 
കുത്തിവയ്പ്പിലൂടെ 
ഗര്‍ഭം ധരിച്ച തക്കാളി 
ദുര്‍മ്മേദസ്സുള്ള പേരക്ക
വെന്തു പഴുത്ത മാമ്പഴം
വിഷം മണക്കുന്ന 
മധുരനാരങ്ങ.
മരണം മധുരതരം

സോളമന്‍

ചിന്തയില്‍ നിന്നും
കയ്യില്‍ നിന്നും
വഴുതിപ്പോയൊരു കവിത

കായലിലോളത്തോളില്‍
കണ്ണുമടച്ചു ചിരിക്കുന്നു

മറ്റൊരു നൈലോണ്‍-
വലയില്‍ പ്പെട്ടതു
പൊട്ടിക്കരയുന്നു

ആരുടെതാണീ കവിത ?

സോളമനപ്പോള്‍ കല്‍പ്പിക്കുന്നു
കവിതേ നീ നിന്‍ സ്വന്തം.












/

Wednesday, 6 May 2020

കവിയോടൊപ്പം പു.ക.സ മലപ്പുറം / കമ്പളത്തിന്റെ കവിത 

https://www.facebook.com/102261777971806/videos/2661744487268991/

Monday, 4 May 2020

കവിയോടൊപ്പം dyfi കോഴിക്കോട്

വാസ്ക്കോ ഡി ഗാമ, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, എം.എന്‍ പാലൂര്‍...

https://www.facebook.com/Dyfinorthbc/videos/538119870088970/UzpfSTEwMDAwMDIyNjc0NzgwMzo0MzAxMDMwNDE5OTE0NDc0/

കവിക്കൊപ്പം ഫിറോസ്‌.

കവിയോടൊപ്പം റഫീന ആരിഫ്

കവിയോടൊപ്പം ബാലസംഘം കണ്ണൂര്‍

കുഞ്ഞുമക്കള്‍ പേടിക്കരുത്. കൊറോണക്കാലം പോകും. തിരുവോണക്കാലം വരും. അതുവരെ നമുക്ക് പാടാം. വരക്കാം.കളിക്കാം. വീട്ടിലിരുന്നു പഠിക്കാം.
ബാലസംഘത്തിന്റെ കണ്ണൂരെ കൂട്ടുകാരുമായി ഒരു കൊച്ചുവര്‍ത്താനം.
-48:05

കവിയോടൊപ്പം യു.ക.സ തൃശൂര്‍

കൊറോണയില്‍ പെട്ടു മരിച്ചവരും വേദനിക്കുന്നവരും എന്റെ സഹോദരങ്ങളാണ് / ശക്തന്‍ തമ്പുരാന്റെ യുക്തിബോധം / കൊറോണാനന്തരം ഭക്തിവ്യവസായം അഭിവൃദ്ധിപ്പെടും / ഇത് തിരിച്ചറിയാനുള്ള കാലം/ വയലാര്‍ എന്ന നാസ്തിക കവി / എന്റെ കവിതയുടെ അവകാശം ജനങ്ങള്‍ക്ക്‌....
-1:05:00

കവിയോടൊപ്പം യു.ക.സ അബുദാബി

പ്രവാസി സഹോദരങ്ങള്‍ക്ക്‌ സ്നേഹപൂര്‍വ്വം

കവിയോടൊപ്പം പു.ക.സ തിരുവനന്തപുരം

എംഗല് സിന്‍റെ കവിത / സ്ക്കൂള്‍ ബാര്‍ / ലങ്ങേര് / പകല്‍ നിലാവ് / മഴപ്പേടി / ഒരു പ്രമേഹ കവിത / ചെറി / നടിയുടെ രാത്രി / ശീതരാത്രി / നഗ്ന കവിതകള്‍..... നാടന്‍ പാട്ട് 
-1:01:43

കവിയോടൊപ്പം aiyf കൊല്ലം

മുണ്ടകപ്പാടത്തെ നാതന്‍ കുഞ്ഞേ
മുണ്ടകന്‍ കൊയ്യുമ്പോള്‍ എവിടിരിക്കും?

കവിയോടൊപ്പം കൂത്തുപറമ്പ്

തേള്‍ക്കുടം


തേള്‍ക്കുടം കാസര്‍കോട്ടെ സി നെറ്റ് ചാനലില്‍ വന്നത്.

https://m.facebook.com/story.php?story_fbid=1166006233742967&id=829270510484070

Saturday, 2 May 2020

തേള്‍ക്കുടത്തെ കുറിച്ച് ഡോ.ഇ.എം.സുരജ


ഒരു പൊൻനാണയംകൊണ്ട് അടിമപ്പെണ്ണ് എന്തു ചെയ്യാനാണ് !
അതുകൊണ്ട് എന്തെങ്കിലും ചെയ്യാനാവുമെന്നു കരുതിയിട്ടാവില്ല, അർദ്ധരാജ്യം മോഹിച്ചിട്ടുമാവില്ല,
അടിമത്തത്തേക്കാൾ ഭേദം കരിന്തേള് കുത്തിച്ചാവുന്നതാണ് എന്നു വിചാരിച്ചിട്ടാവില്ലേ, ആ കുടത്തിൽ അവൾ കൈയ്യിട്ടിട്ടുണ്ടാവുക?
* * *
കുരീപ്പുഴയുടെ 'തേൾക്കുടം' എന്ന കവിത, പഴയൊരു നാടോടിക്കഥയെ ഓർമ്മിപ്പിക്കും. അങ്ങനെയൊരു കഥ ഉണ്ടായിരുന്നോ? മുമ്പുണ്ടായിരുന്നില്ലെങ്കിലും ഇപ്പോഴുണ്ട്; ഇനി ഉണ്ടായിരിക്കുകയും ചെയ്യും.
അധികാരമത്തനായ ഒരു മഹാരാജാവ്‌; അത്രമേൽ മടുത്തിട്ടാവണം, ഒരിക്കലൊരു മത്സരം നടത്താൻ തീരുമാനിച്ചു: കുടത്തിലിട്ടടച്ച ഒരു പൊൻനാണയമെടുക്കണം; ഉഗ്രവിഷമുള്ള ഒരു കരിന്തേളുമുണ്ട് അതിൽ. മത്സരം സ്ത്രീകൾക്കു മാത്രം. സമ്മാനവും നിസ്സാരമല്ല. അർദ്ധദേശം, സ്വതന്ത്രസൗധം, വജ്രഹാരം, വിശിഷ്ടവസ്ത്രം.
തുടികൊട്ടിക്കൊടിയേറ്റി, അരങ്ങു കെട്ടി, പുരുഷാരമിരമ്പിയാർത്തു, മിടുക്കിപ്പെണ്ണുങ്ങളുടെ വരവു കാത്തൂ, തലസ്ഥാനം. ഒപ്പം, ഒരുത്തിയും വരില്ലെന്ന് അടക്കം പറയുകയും ചെയ്തു. കുടത്തിലോ, വാളുയർത്തിയ തേള്, അതിന്റെ പുകക്കോളിൽ നീലിച്ച ആകാശം. അപ്പൊഴാണ് അവൾ വന്നത്: ഒരടിമപ്പെണ്ണ്. കുടത്തിന്മേൽ കൈ വെച്ച് അവൾ ഉറച്ചു നിന്നു. അത്ഭുതമെന്നല്ലേ പറയേണ്ടത്? തേൾ അവളെ കൊത്തിയില്ല. അതിനറിയാം:
'ഇവളുമെൻ ദുർവിധിപോൽ
കുടത്തിന്നുള്ളിൽ
കുടുങ്ങിയോളാണിവളെ
ത്തൊടില്ലെൻ ദാഹം'
ഒരേ ദുർവിധിയുടെ വ്യസ്തങ്ങളായ കുടങ്ങളിൽ കുടുങ്ങിപ്പോയവർ: കരിന്തേളും അടിമപ്പെണ്ണും. അവൾ അടിമ മാത്രമല്ല, പെണ്ണുമാണ്, പെണ്ണുമാത്രമല്ല അടിമയുമാണ്. സ്വതന്ത്രരായിരുന്നാൽ, കുടത്തിലടച്ചവർ ഭയപ്പെടേണ്ടുന്ന കരുത്തുള്ളവർ. നോക്കൂ, അവൾ അനായാസമായി നാണയമെടുക്കുന്നു, ആ പൂവിരലിൽ കരിന്തേൾ മയങ്ങിക്കിടക്കുന്നു.
ഒന്നുമില്ലാത്തവൾ രാജ്ഞിയായി, വസന്തവംശത്തിന്റെ മാതാവായി, അവരുടെ പതാകയിൽ കരിന്തേൾ അശോകചക്രമായി; ശോകമൊഴിക്കുന്ന നിത്യമുദ്രയായി.
* * *
ആ കുടത്തിനകത്ത് കവിതയാണെന്നറിയാം, അതിന്റെ കുത്തുകൊണ്ടാൽ ജീവിതം നീറുമെന്നറിയാം, ഇനി കുത്താതെ കനിഞ്ഞാലും ഒരു പൊൻനാണയം കൊണ്ട് ഒന്നുമാവില്ലെന്നറിയാം, പുതുലോകങ്ങളും അവിടെ യുവനൃപപ്പട്ടങ്ങളുമില്ലെന്നുമറിയാം: എന്നാലും അടിമപ്പെണ്ണിന്റെ ജീവിതം എന്തു ജീവിതമെന്ന് ഉള്ളു ചുട്ട് പിന്നെയും പിന്നെയും തേൾക്കുടത്തിൽ കയ്യിടുന്നവളേ...