ഗാനഗന്ധര്‍വന്റെ ക്ഷേത്രപ്രവേശനം അടക്കം നിരവധികാര്യങ്ങള്‍
ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഈ പംക്തിയില്‍ വിശകലനം
ചെയ്തിട്ടുണ്ട്. എല്ലാം തന്നെ ജാതിമത അന്ധവിശ്വാസ ന്യായീകരണങ്ങളെ നിരസിക്കുന്നതുമായിരുന്നു.
എന്നാലിപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തെ അഭിനന്ദിക്കാനുള്ള ഒരു സന്ദര്‍ഭം ഉണ്ടായിരിക്കുന്നു. അത്, കോവിഡ് എന്ന മഹാരോഗത്തില്‍ നിന്നും മലയാളമക്കളെ രക്ഷപ്പെടുത്തുവാന്‍ കേരള സര്ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനവുമായി ഗുരുവായൂര്‍ ദേവസ്വം സഹകരിക്കുന്നു എന്നതാണു. അഞ്ചു കോടി രൂപയാണ് അവര്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവനചെയ്തത്. ഗുരുവായൂര്‍ ദേവസ്വത്തിന് ഒരു പൂച്ചെണ്ട്.
ഞാന്‍ ഗുരുവായൂരപ്പന്റെ ഭക്തനല്ല. പത്തു പൈസ പോലും ഇന്നുവരെ അവിടെ കാണിക്കയിട്ടിട്ടുമില്ല. എന്നാല്‍ ഞാനടക്കമുള്ള ഗുരുവായൂര്‍ ഭക്തരല്ലാത്തവരുടെ നികുതിപ്പണവും ഗുരുവായൂര്‍ വികസനത്തിനു സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.
അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പന്ത്രണ്ടു കോടിയിലധികം രൂപ.
മേല്‍പ്പാലത്തിന് ഇരുപത്തിനാല് കോടി, പ്രസാദ് അമൃതം പദ്ധതികള്‍ക്ക് അന്‍പതോളം കോടി, കോളജ് സ്റ്റാഫിനുള്ള ശമ്പളം വകയില്‍ കോടികള്‍... അങ്ങനെയൊക്കെയാണ് സര്‍ക്കാരിന്റെ കരുതലുകള്‍. ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപമാണെങ്കില്‍ ശതകോടികളാണ്. സ്ഥിരനിക്ഷേപം ആയിരത്തിമുന്നൂറു കോടിയിലധികമാണ്. ഇതിന്റെ പലിശയില്‍ നിന്നും കുന്നിക്കുരുത്തൂക്കം എടുത്താല്‍ പോലും അഞ്ചു കോടിയില്‍ കൂടുതല്‍ വരും. എന്നിട്ടും ഹൈക്കോടതിയില്‍ കേസിനുപോകാന്‍ ജനസേവകരെന്നു നടിക്കുന്നവരുണ്ടായി. കോടതി ആ വ്യാജ ഗുരുവായൂരപ്പഭക്തി തള്ളുകയും ചെയ്തു.
ചരിതം ചൂണ്ടിക്കാട്ടുന്ന ചില രക്താഭമായ ദൃശ്യങ്ങളുണ്ട്. അതിലൊന്ന് ഗുരുവായൂരില്‍ എല്ലാര്‍ക്കും പ്രവേശിക്കാന്‍ വേണ്ടി കേളപ്പന്‍റെ നേതൃത്വത്തില്‍ നടത്തിയ സത്യാഗ്രഹമാണ്. എ,കെ.ജിയും ടി.എസ്.തിരുമുമ്പും കൂടെയുണ്ടായിരുന്നു. ജാതി പരിഗണിച്ചാല്‍ ഹിന്ദുമതത്തിലെ ശൂദ്രവിഭാഗത്തിലാണ് പി. കൃഷ്ണപിള്ളയുടെ സ്ഥാനം. അദ്ദേഹം പോലും അവിടെവച്ചു അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു.
കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന പവനന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സാംസ്ക്കാരിക പ്രവര്‍ത്തകര്‍ രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിക്കൊണ്ട് ആവശ്യപ്പെട്ടത്, ക്ഷേത്രത്തില്‍ സ്വര്‍ണ്ണം പൂശാന്‍ വിനിയോഗിക്കുന്ന പണത്തില്‍ നിന്നും ഒരംശം വീടില്ലാത്തവര്‍ക്ക് തല ചായ്ക്കാനൊരിടം ഉണ്ടാക്കാനുള്ള ലക്ഷം വീട് പദ്ധതിക്കു നല്കണം എന്നായിരുന്നു. സഖാവ് കൃഷ്ണപിള്ളയോട് പെരുമാറിയത് പോലെ തന്നെയാണ് പവനനോടും സഖാക്കളോടും പെരുമാറിയത്. ക്രൂരമായ ശാരീരിക മര്‍ദ്ദനം.
ചരിത്രത്തിലെ ഈ അനുഭവ പരമ്പരകള്‍ വച്ച് നോക്കുമ്പോള്‍ ഗുരുവായൂരപ്പന്റെ സംരക്ഷകര്‍ എത്രമാറിയിരിക്കുന്നു. തിരിച്ചറിവിന്റെ മന്ദമാരുതന്‍ അവിടെ വീശിത്തുടങ്ങിയിരിക്കുന്നു. ജനങ്ങളില്ലെങ്കില്‍ അപ്പനുമില്ല, അമ്പലവുമില്ല.
പ്രധാനമന്ത്രിവന്നു ത്രാസില്‍ തൂങ്ങി അന്ധവിശ്വാസം സംരക്ഷിച്ച ക്ഷേത്രമാണത്. അന്നടച്ച രസീത് തുകയും ഈ അഞ്ചു കോടിയിലുണ്ടോ? കാണുമായിരിക്കും. പ്രധാനമന്ത്രിയുടെ നേര്‍ച്ചക്കാശും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കോ!
കാശിയിലെ നീര്‍ച്ചാലും കൂടി ചേര്‍ന്നതാണല്ലോ ഗംഗാനദീജലം.
ഗുരുവായൂര്‍ ഭരണസമിതിയുടെ മാതൃകാപരമായ ഈ പ്രവൃത്തി അറിഞ്ഞപ്പോള്‍ ഒരു ചോദ്യം ചോരച്ചുവപ്പായി ഉദിച്ചു വരുന്നുണ്ട്.
സഹസ്രകോടീശ്വരനായ തിരുവനന്തപുരത്തെ പത്മനാഭസ്വാമി പ്രജകളെ രക്ഷിക്കാന്‍ എന്തു സംഭാവന കൊടുത്തു?
No comments:
Post a Comment