Tuesday, 12 May 2020

കേരള സഞ്ചാരവും മെറ്റീര്‍ കണ്ട കേരളവും


മരിച്ചവരെ കുറിച്ചും അസുഖം ബാധിച്ചവരെ കുറിച്ചും ചിന്തിച്ച് 
വിഷമിച്ചിരിക്കുമ്പോള്‍ കയ്യെത്തും ദൂരത്ത് ആശ്വാസത്തിന്റെ തൂവാലയുമായി എത്തുന്നത് പുസ്തകങ്ങളാണ്. കേരള സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ വീടുകളില്‍ പുസ്തകം എത്തിക്കുന്നുണ്ട്.
വലിയ ഒരു ആശ്വാസ പ്രവര്‍ത്തനമാണത്.മനുഷ്യര്‍ അപ്പം കൊണ്ടു മാത്രമല്ലല്ലോ ജീവിക്കുന്നത്.

ജീവിതത്തിന്റെ തിരക്കുകള്‍ കാരണം പൂര്‍ണ്ണമായി വായിക്കാന്‍ കഴിയാതെ മാറ്റിവച്ചിരുന്ന പേജ് കൂടുതലുള്ള പുസ്തകങ്ങളും ഇപ്പോള്‍ വായിക്കാവുന്നതാണ്. പുനര്‍ വായനയ്ക്കും ഉത്തമമായ സമയമാണിത്. കോവിദന്‍ ഇന്നോ നാളെയോ നാട് വിടുന്ന ലക്ഷണമില്ല. അതിനാല്‍ സാവകാശം വായിക്കാം. 

കുട്ടികളും മദ്ധ്യവയസ്ക്കരും വായിക്കുമ്പോള്‍ ഒരു നോട്ട്ബുക്ക് കൂടി കരുതുന്നത് നല്ലതാണ്. പില്‍ക്കാലത്ത് എപ്പോഴെങ്കിലും ഈ നോട്ട് ബുക്ക് വായിക്കുമ്പോള്‍ പുസ്തകം അപ്പാടെ ഓര്‍മ്മയില്‍ തെളിഞ്ഞു വരും. നല്ല ഒരു അനുഭവമാണത്. മദ്ധ്യവയസ്ക്കരുടെ ഓര്‍മ്മയില്‍ ഒരുപാട് കാര്യങ്ങള്‍ സൂക്ഷിക്കേണ്ടി വരുന്നതിനാല്‍
മറന്നുപോകാനുള്ള സാധ്യത കൂടുതലാണ്. ഓര്‍മ്മയെ തിരിച്ചു പിടിക്കാന്‍ ഈ നോട്ട്ബുക്ക് സഹായിക്കും.

പത്രാധിപപ്രതിഭകളില്‍ അഗ്രഗണ്യനായിരുന്നു കാമ്പിശ്ശേരി കരുണാകരന്‍. ഒരിക്കല്‍ അദ്ദേഹം ആലോചിച്ചത് കേരളത്തെ ഒന്നു അടയാളപ്പെടുത്തുന്നത്  എങ്ങനെയെന്നാണ്.കേരളത്തിന്റെ പ്രാദേശിക ചരിത്രം. മിത്തും സത്യവുമടക്കം ഭാവി തലമുറയ്ക്ക് വേണ്ടി രേഖപ്പെടുത്തണം.

ജനയുഗം പത്രാധിപസമിതി കൂടി ഈ ചിന്തയ്ക്ക് അംഗീകാരം നല്‍കി. പക്ഷേ ആരെഴുതും? അന്ന് കേരളത്തില്‍ തൊള്ളായിരത്തറുപത്തൊന്നു പാഞ്ചായത്തുകള്‍ ഉണ്ടായിരുന്നു. ഓരോ പഞ്ചായത്തില്‍ നിന്നും ഓരോ ആളെ കണ്ടെത്താന്‍ ഒരു ജനകീയ പത്രത്തിന് ബുദ്ധിമുട്ടില്ല. പക്ഷേ സ്വന്തം ഗ്രാമത്തെ കുറിച്ച് ആ ലേഖകന്‍ പൊലിപ്പിച്ചു പറഞ്ഞാല്‍ സത്യം കഷ്ടിയും സങ്കല്‍പ്പം വൃഷ്ടിയുമാകും. അതുപാടില്ല.

അപ്പോഴാണ് കാട്ടാക്കട ദിവാകരന്‍റെ ഒരു കത്ത് കാമ്പിശ്ശേരിക്കു കിട്ടുന്നത്. അദ്ദേഹത്തെ തന്നെ ഏല്‍പ്പിച്ചു. ജനയുഗം വാരികയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പരമ്പര ആയിരുന്നു 'കേരളീയ ഗ്രാമങ്ങളിലൂടെ'.

ജനയുഗം കുറിപ്പുകളെ വിപുലീകരിച്ച് രണ്ടായിരത്തഞ്ചിലാണ് പരിധി പബ്ലിക്കേഷന്‍സ് കേരള സഞ്ചാരം എന്ന ബൃഹദ് ഗ്രന്ഥം 
പ്രസിദ്ധീകരിച്ചത്.തൊള്ളായിരത്തെഴുപത്തഞ്ച് പുറങ്ങളുള്ള ഈ പുസ്തകത്തില്‍ കന്യാകുമാരി മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങളുടെ മിഴിവുറ്റ ചിത്രങ്ങള്‍ അടങ്ങിയിരിക്കുന്നു. കഥകള്‍,ചരിത്രം, വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം ഈ ഗ്രന്ഥത്തിലുണ്ട്. 1964 മുതലുള്ള നാല്‍പ്പതു വര്‍ഷക്കാലമാണ് കാട്ടാക്കട ദിവാകരന്‍ കേരളസഞ്ചാരം നടത്തിയത്.

തിരുവിതാംകൂര്‍ കൊച്ചി രാജ്യങ്ങള്‍ ചേര്‍ന്ന്, പൊതൂശത്രുവില്‍ നിന്നും രക്ഷനേടാനായി അറബിക്കടലോരം മുതല്‍ സഹ്യ പര്‍വതം വരെ  പടുത്തിയര്‍ത്തിയതും ഇന്നില്ലാത്തതുമായ നെടുംകോട്ട, അഞ്ചുതെങ്ങു കോട്ട സജീവമായിരുന്ന കാലം,അവിടെ ജനിച്ച എലീസാ ഡ്രേപ്പര്‍ക്ക് ഇംഗ്ലിഷ് സാഹിത്യത്തിലുള്ള പ്രസക്തി, വര്‍ക്കലയിലെ ജലതുരങ്കത്തിന്റെ പ്രത്യേകതകള്‍,കൊല്ലത്തെ പഴയ പത്രങ്ങളെ കുറിച്ചുള്ള വാര്ത്തകള്‍,ആര്യങ്കാവ് ക്ഷേത്രത്തില്‍ ഭാര്യാസമേതനായി പ്രതിഷ്ഠിക്കപ്പെട്ട ശാസ്താവിന്റെ പാണ്ഡ്യബന്ധം, പ്രേതത്തെ പേടിച്ച് തിരുവിതാംകൂര്‍ രാജാവ് ചങ്ങനാശ്ശേരിയില്‍ നിന്നും വഴിതിരിഞ്ഞു പോകുന്നതിന്റെ വിവരങ്ങള്‍, പെരിയാറിന്റെ സഞ്ചാരപഥം, ഹൈദ്രോസ് കുട്ടി മൂപ്പന്റെ ചരിത്രം, മലമ്പുഴയിലെ പഴയ തടയണയുടെ കഥ, പൊന്നാനിയിലെ പൊതുവിദ്യാലയത്തില്‍ പെണ്‍കുട്ടികളെ ചേര്‍ത്ത വിദ്യ,വയനാട്ടില്‍ ശ്രീകൃഷ്ണന്‍ ശീതജ്വരമെന്ന മലമ്പനി വിതച്ച കഥ, അഞ്ചരക്കണ്ടിയിലെ ബ്രൌണ്‍ സായിപ്പിന്റെ ബക്കിംഗ്ഹാം കൊട്ടാര മാതൃകയിലുള്ള ബംഗ്ലാവ്, കാസര്‍കോട്ടെ എണ്ണം തെറ്റിക്കുന്ന കോട്ടകള്‍,മംഗലാദേവിയെന്ന രാജകുമാരിയുടെ കഥ... അങ്ങനെ സമഗ്രതയുള്ള ഒരു കേരള സഞ്ചാരം.

തെക്കന്‍ കേരളത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് റവ.സാമുവല്‍ മെറ്റീറിന്റെ ഞാന്‍ കണ്ട കേരളം. 1883 ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് എ.എന്‍.സത്യാദാസ് തയ്യാറാക്കിയ ലളിതമായ പരിഭാഷ.

ജാതിവ്യവസ്ഥയും, അയിത്തവും അടിമപ്പണിയും അടക്കമുള്ള അതിന്റെ ക്രൂരമുഖവും അതിശയോക്തിയില്ലാതെ രേഖപ്പെടുത്തിയിരിക്കുന്നു. നരബലിയുടെ നേര്‍ചിത്രങ്ങള്‍, ക്രൂരമര്‍ദ്ദനങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍, മൃഗങ്ങളായിപ്പോലും മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കാതിരുന്ന മതാധിഷ്ഠിത രാജഭരണത്തിന്റെ പ്രതിബിംബങ്ങള്‍, കുട്ടനാട്ടെ കായലില്‍ കണ്ട മുതലകള്‍,ശബരിമലയിലെ താലനാനി എന്ന മലയരായ സമൂഹത്തില്‍ പെട്ട പുരോഹിതന്‍, അയ്യപ്പന്റെ വേട്ടപ്പട്ടികളെ പുലികളാക്കിയ അലങ്കാര സാമര്‍ഥ്യം, കോടതികളിലെ മൌലവി നിയമനം, 1875ലെ കാനേഷുമാരിയുടെ വിശദവിവരങ്ങള്‍, ഭസ്മക്കുളം നികത്തുന്നതിനു മുന്‍പുള്ള പത്മനാഭസ്വാമിക്ഷേത്രത്തിന്‍റേതടക്കം നിരവധി ചിത്രങ്ങള്‍,
അന്നുപയോഗിച്ചിരുന്ന വാദ്യോപകരണങ്ങള്‍,മേത്തന്‍ എന്ന സ്ഥാനപ്പേരിന്റെ പിന്‍കഥ, അന്ധവിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍, ശവശുശ്രൂഷ, ശൈശവ വിവാഹം.... അങ്ങനെ അന്നത്തെ നാടിനെ കൃത്യതയോടെ അടയാളപ്പെടുത്തിയിട്ടുള്ള പുസ്തകം.

മതപ്രചാരകരുടെ സാംസ്കാരികപ്രവര്‍ത്തനത്തിന് മതപ്രചാരണത്തിന്റെതായ ചില ലക്ഷ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.ഈ പുസ്തകത്തില്‍ ആ പക്ഷപാതം തീരെ കുറവാണ്. ദളിതരുടെ ക്രൈസ്തവപ്രവേശം എങ്ങനെ കലാശിച്ചു എന്നറിയാന്‍ പൊയ്കയില്‍ അപ്പച്ചനെ കൂടി വായിച്ചാല്‍ മതിയല്ലോ.

കൊറോണക്കാലം വായനയുടെ കാലം കൂടിയാണ്.ബൃഹദ് ഗ്രന്ഥങ്ങളെ കീഴടക്കാനുള്ള കാലം.

1 comment:

  1. കേരള സഞ്ചാരം എന്ന ബൃഹദ് ഗ്രന്ഥം  നമ്മുടെ ചരിത്രങ്ങളുടെ ഒരു തിരിച്ചറിവ് കൂടിയുണ്ടാക്കുന്നു 

    ReplyDelete