Tuesday, 25 May 2021

യുക്തിയും ഭക്തിയും നിഴലിക്കുന്ന നിയമസഭ


നമ്മുടെ സംസ്ഥാനത്തിന്റെ പതിനഞ്ചാം നിയമസഭ നിലവില്‍ വന്നു.മന്ത്രിമാരടക്കം സാമാജികര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റുകഴിഞ്ഞു. വസതിയും വാഹനവും അനുവദിക്കപ്പെട്ടു. കൌതുകമുള്ള ചിലകാര്യങ്ങള്‍ മുന്‍കാലത്തെന്നപോലെ ഇപ്പൊഴും ശ്രദ്ധയില്‍ പെട്ടു.

അതില്‍ ഒന്ന് സത്യപ്രതിജ്ഞ ചെയ്ത ഭാഷയിലെ വൈവിധ്യമാണ്. മലയാളം, തമിഴ്, കന്നഡ, ഇംഗ്ലിഷ് എന്നീ ഭാഷകളിലായിരുന്നു സത്യപ്രതിജ്ഞ. മലയാളവും കന്നഡയും തമിഴും കേരളത്തിന്‍റെ വിവിധദിക്കുകളില്‍ താമസിക്കുന്നവരുടെ മാതൃഭാഷതന്നെയാണ്.എന്നാല്‍ ഇംഗ്ലിഷ് നമ്മുടെ മാതൃഭാഷയല്ല.അത് നമ്മള്‍ പഠിച്ചെടുത്തതും  ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഇനിയും വഴങ്ങിയിട്ടില്ലാത്തതുമായ വൈദേശികഭാഷയാണ്. 

കേരളത്തിലെ ഒരു ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കേരളത്തിലെ ഏതെങ്കിലും  ഭാഷ ഉപയോഗിക്കുന്നതായിരുന്നു ഉചിതം.

അഹിന്ദുക്കളെ നിര്‍ദ്ദേശിക്കാന്‍ സാധ്യതയുള്ളതിനാലായിരിക്കാം  കേന്ദ്ര നിയമം അനുസരിച്ച് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഇനിയില്ലല്ലോ.ഉണ്ടായിരുന്ന കാലത്ത് അവര്‍ പോലും സത്യപ്രതിജ്ഞക്കു ഇംഗ്ലിഷ് ഉപയോഗിച്ചിരുന്നില്ല.

നമ്മുടെ നിയമസഭയില്‍ അമ്പത്തിമൂന്നു പേര്‍ മാത്രമേ പുതുമുഖങ്ങളായിട്ടുള്ളൂ. ബാക്കിയുള്ള ഭൂരിപക്ഷം അംഗങ്ങളും മുന്‍ സഭകളില്‍ ഉണ്ടായിരുന്നവരാണ്.ഇതില്‍ പന്ത്രണ്ടാം പ്രാവശ്യം സത്യപ്രതിജ്ഞ ചെയ്ത അംഗവുമുണ്ട്.പതിമൂന്നാം നിയമസഭയിലെങ്കിലും അദ്ദേഹം ഒഴിവാകുമെന്നു പ്രതീക്ഷിക്കാം.കാരണം പതിമൂന്നു എന്ന സംഖ്യ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒഴിവാക്കപ്പെട്ടിരുന്നല്ലോ.

പതിമൂന്ന് ഒരു ദോഷസംഖ്യയായിട്ടാണ് പലരും കരുതിയിരിക്കുന്നത്. ക്രിസ്തുവും പന്ത്രണ്ടു ശിഷ്യന്മാരും കൂടി പതിമൂന്ന് പേരായിരുന്നല്ലോ. അവരൊന്നിച്ചു കഴിച്ചതാണ് അവസാനത്തെ അത്താഴമെന്ന പേരില്‍ ദുഷ്കീര്‍ത്തി നേടിയിട്ടുള്ളത്. അതിനാലാകാം യൂറോപ്പില്‍ പതിമൂന്ന് ദോഷസംഖ്യയായാണ് കാണുന്നത്. പടിഞ്ഞാറന്‍ ഭ്രമം മൂത്ത് കിഴക്കരുമിപ്പോള്‍ പതിമൂന്നിനെ പടികടത്താന്‍ തുടങ്ങിയിട്ടുണ്ട്.

 യു.ഡി.എഫ് ഭരണകാലത്ത് പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഇല്ലായിരുന്നു. കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് ധനമന്ത്രിയാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. ആരെടുക്കുമെന്ന കാര്യത്തില്‍ ചില കണ്‍ഫ്യൂഷനൊക്കെ ആദ്യമുണ്ടായെങ്കിലും ആ കാര്‍ ഉപയോഗിച്ച ഡോ.തോമസ് ഐസക്ക് മികച്ച ധനമന്ത്രിയായി. കേരളാ ബാങ്ക് തുടങ്ങിയ മികച്ച ഭാവനകള്‍ യാഥാര്‍ഥ്യമാക്കുകയും അഞ്ചു മഹാദുരിതങ്ങളെ നേരിടാനുള്ള ധനം കണ്ടെത്തുകയും ട്രഷറി അടയ്ക്കാതെയും പഞ്ചായത്ത് അംഗങ്ങള്‍ക്കു പോലും ബഡ്ജറ്റ് തയ്യാറാക്കാനുള്ള പരിശീലനം നേരിട്ടു കൊടുത്തും അദ്ദേഹം മാതൃകയായി. പതിമൂന്നാം നമ്പര്‍ കാറുപയോഗിച്ച ഭരണമുന്നണിക്ക് തുടര്‍ഭരണവും കിട്ടി. 

ഇക്കുറി പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിക്കുന്നത് കൃഷിമന്ത്രി പി.പ്രസാദാണ്.കാര്‍ഷിക മേഖലയില്‍ സമാനതയില്ലാത്ത സ്വപ്നം വിതച്ചുകൊണ്ട് ആദ്യദിനങ്ങളില്‍ തന്നെ  പി.പ്രസാദ്  പ്രകാശം ചൊരിഞ്ഞു. പതിമൂന്ന് ഐശ്വര്യത്തിന്‍റെ അടയാളമായും  കരുതാവുന്നതാണ്. .ഇരുപതാം നൂറ്റാണ്ടിലെ പതിമൂന്നാം വര്‍ഷം ആദ്യമാസത്തിലെ പതിമൂന്നാം തീയതി പിറന്ന ഒരാള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുകയും കേരള സാഹിത്യ അക്കാദമി അവാര്ഡ് ജേതാവാവുകയും ചെയ്തിട്ടുണ്ട്. സി.അച്ചുതമേനോന്‍.

മൂന്നു വനിതാമന്ത്രിമാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതിയ ഇടതുപക്ഷ മന്ത്രിസഭ ചരിത്രം സൃഷ്ടിച്ചു. എങ്കിലും ഇപ്പൊഴും പത്തു വനിതാംഗങ്ങള്‍ മാത്രമേ നമ്മുടെ നിയമസഭയിലുള്ളൂ എന്നത് കൂടുതല്‍ അഭിമാനിക്കാന്‍ വക നല്‍കുന്നില്ല.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നേര്‍ പകുതി വനിതകള്‍ക്ക് മാറ്റിവച്ച നാടാണ് കേരളം. അവര്‍ ഭരണമികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.ഇനിയെന്നാണ് നിയമസഭയുടെ പകുതിസീറ്റിലും ഉണ്ണിയാര്‍ച്ചയുടെ പിന്‍ഗാമികള്‍ ഇരിപ്പുറപ്പിക്കുന്നത്!

സത്യപ്രതിജ്ഞാ ചടങ്ങില്‍ യുക്തിബോധവും ഭക്തിമാര്‍ഗ്ഗവും വ്യക്തമായിരുന്നു.എണ്‍പതു പേര്‍ യുക്തിബോധത്തോടെ സഗൌരവം പ്രതിജ്ഞയെടുത്തപ്പോള്‍ നാല്‍പ്പത്തിമൂന്നുപേര്‍ ദൈവനാമത്തിലും പതിമൂന്നു പേര്‍ അള്ളാഹുവിന്റെ നാമത്തിലുമാണ് പ്രതിജ്ഞയെടുത്തത്. നാലു മന്ത്രിമാര്‍ ദൈവനാമത്തിലും ഒരു മന്ത്രി അള്ളാഹുവിന്റെ നാമത്തിലും പ്രതിജ്ഞയെടുത്തു. 

കമ്യൂണിസ്റ്റ് പാര്‍ട്ടികളിലുള്ള മന്ത്രിമാരെ കൂടാതെ എന്‍.സി.പിയുടെ മന്ത്രിയും ദൈവനാമം ഉപേക്ഷിച്ചത് ശ്രദ്ധേയമായി. സി.പി.ഐ(എം)ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഒരു മന്ത്രി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതും ശ്രദ്ധേയമായി.
വടകരനിന്നും യു.ഡി.എഫ് പക്ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.കെ.രമ പ്രതിജ്ഞയ്ക്കു ദൈവനാമം ഉപേക്ഷിച്ചത് ആ ആദരണീയ വനിതയ്ക്ക്  ബാല്യത്തിലേ ലഭിച്ച കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസത്തെ ഓര്‍മ്മിപ്പിച്ചു.

ഭരണ നിര്‍വഹണത്തില്‍ ദൈവത്തിന് ഒരു പങ്കുമില്ല. പാലാരിവട്ടത്ത് പഞ്ചവടിപ്പാലം നിര്‍മ്മിച്ച മന്ത്രിയും മഞ്ചേശ്വരത്ത് സ്വര്‍ണമറവിലുള്ള കേസില്‍ പെട്ടു ജയിലിലായ നിയമസഭാംഗവും ദൈവനാമത്തില്‍ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ഭക്തിയും അന്ധവിശ്വാസവും ഹിന്ദുവേട്ടയെന്ന പ്രചാരണവും മുന്നോട്ടുവച്ച രാഷ്ട്രീയ പ്രസ്ഥാനത്തിനു പ്രധാനമന്ത്രിവന്നു മീനമാസത്തില്‍ ശരണം വിളിച്ചിട്ടുപോലും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള  സന്ദര്‍ഭം കേരളീയര്‍ നല്‍കിയില്ലെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

ദൈവാലയങ്ങളുടെ ഭരണ നിര്‍വഹണത്തില്‍ മനുഷ്യര്‍ക്ക് പലതും ചെയ്യാന്‍ കഴിയും. മനുഷ്യന്റെ കാര്യത്തില്‍ ദൈവത്തിനു ഒന്നും ചെയ്യാന്‍ കഴിയില്ല. അരികിലാക്കപ്പെട്ട ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളും സവര്‍ണപൂജാരിമാര്‍ ഇപ്പൊഴും ചന്ദനം എറിഞ്ഞു കൊടുക്കാറുള്ള ക്ഷേത്രങ്ങളുടെ ഭരണച്ചുമതലയും  ഒറ്റയാളിനെത്തന്നെ ഏല്‍പ്പിച്ചതും നന്നായി.

പ്രതിപക്ഷത്തിന്‍റെ സര്‍ഗ്ഗാത്മകസാന്നിധ്യം നിയമസഭയിലുണ്ടാകണം.കേരളത്തെ ശത്രുവായി കാണുന്ന ഒരു കേന്ദ്രമന്ത്രിയുടെ പാത പിന്‍തുടര്‍ന്നാല്‍ ആ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കേരളത്തിലെ അവസ്ഥതന്നെ ഇന്നത്തെ പ്രതിപക്ഷത്തിനും ഉണ്ടാകും.

ഞങ്ങള്‍ കവികള്‍ സ്വീകരിച്ചിട്ടുള്ളത് മഹാകവി വൈലോപ്പിള്ളിയുടെ സൌവര്‍ണ്ണ പ്രതിപക്ഷം എന്ന ആശയമാണ്. എന്തിനെയും കണ്ണടച്ചു എതിര്‍ക്കുകയെന്നുള്ളതല്ല അതിന്‍റെ പൊരുള്‍.

മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തവരും പാര്‍ട്ടി നേതൃത്വം ഉപേക്ഷിച്ചു മന്ത്രിയായവരും കേരളത്തിലുണ്ട്.കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അദ്ധ്യക്ഷന്മാര്‍  അതുപേക്ഷിച്ച് ഗവര്‍ണര്‍ പദവി സ്വീകരിച്ചിട്ടുമുണ്ട്.ജനങ്ങളുടെ കൂട്ടായ്മയായ പാര്‍ട്ടിയാണോ അധികാരപദവിയാണോ പ്രധാനം എന്നതിന് പാര്‍ട്ടിയെന്ന ഉത്തരമാണ് ഹൃദയപക്ഷ സംസ്ക്കാരത്തിനുള്ളത്. 

അന്ധമായ എതിര്‍പ്പിന്‍റെ ഹാങ്ങോവറിലാണ് പ്രതിപക്ഷം എന്നതിന്‍റെ തെളിവായിരുന്നു സ്പീക്കര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വം. എങ്കിലും  പുതിയ പ്രതിപക്ഷനേതാവ്, സര്‍ക്കാര്‍ വിരുദ്ധ പത്രസമ്മേളനങ്ങള്‍ക്കപ്പുറം യോജിപ്പിന്റെയും വിയോജിപ്പിന്‍റെയും മഹിമ  സാക്ഷാത്ക്കരിക്കുമെന്ന്  പ്രതീക്ഷിക്കാം.

കേരളീയരുടെ കിനാവുകള്‍ സഫലമാക്കുന്നതാവട്ടെ പതിനഞ്ചാം നിയമസഭ. പുതിയ സ്പീക്കറുമായുള്ള ഒരു ചാനല്‍ അഭിമുഖം കണ്ടപ്പോള്‍ ഓര്‍മ്മവന്ന  നഗ്നകവിത ഇങ്ങനെ.
സര്‍
സാര്‍
സാaര്‍
ഇത് 
എല്‍.പി.സ്ക്കൂളോ
സര്‍ക്കാരാപ്പീസോ?
സോറി സര്‍
ഇത് നിയമസഭ. 

Monday, 17 May 2021

ഖേദപൂര്‍വ്വം

 


കപട സ്നേഹിതാ നിന്നോടു ജീവിത
വ്യഥകള് ചൊല്ലി പരാജയപ്പെട്ടു ഞാന്
തെരുവില് വെച്ചു നീ കാണുമ്പൊഴൊക്കെയും
കുശലമെയ്യുന്നു.
മുന്വരിപ്പല്ലിനാല് ചിരി വിരിക്കുന്നു.
കീശയില് കയ്യിട്ടു
കുരുതി ചെയ്യുവാനായുധം തേടുന്നു.
പല നിറങ്ങളില് നിന്റെ മുഖംമൂടി.
പല നിലങ്ങളില് നിന് ഞെരിഞ്ഞില് കൃഷി
മധുരമാകര്ഷകം മന്ദഹാസവും
കരുണ മൂടിയ കണ്കെട്ടു വിദ്യയും
സുഖദമാത്മ പ്രകാശനം,നാടക-
ക്കളരി തോല്ക്കുന്ന ഭാഷയും ഭാവവും.
കപട സ്നേഹിതാ,നിന്നോടു വാസ്തവ-
ക്കവിത ചൊല്ലിപ്പരാജയപ്പെട്ടു ഞാന്
വളരെ നാളായ് കൊതിക്കുന്നു ഞാന്, നാട്ടു-
പുളി മരങ്ങളേ പൂക്കുക,പൂക്കുക
കൊടികള് കായ്ക്കും കവുങ്ങുകള് പൂക്കുക
തൊടികള് ചൂടും കിനാക്കളേ പൂക്കുക.
വിഫലമാകുന്നു വിശ്വാസധാരകള്
പതിയെ നില്ക്കുന്നു പ്രാര്ത്ഥനാഗീതികള്
മുളകള് പൂക്കുന്ന കാലം.
മനസ്സിലും മുനകള് കൊണ്ടു
പഴുക്കുന്ന വേദന.
നിലവിളിക്കുന്നു ഞാന്,തീവ്ര ദുഃഖങ്ങള്
അലറിയെത്തിക്കഴുത്തില് കടിക്കുന്നു.
തടവുപാളയം ജന്മഗൃഹം
മതില്പ്പഴുതിലൂടെ ഞാന്
രക്ഷപ്പെട്ടോടുന്നു.
ഒരു സുഹൃത്തിന്റെ സാന്ത്വനച്ഛായയില്
മുറിവു നീറുന്നൊരെന്നെക്കിടത്തുന്നു.
ഒരു വശം മാത്രമിക്കാഴ്ച,അപ്പൊഴും
അതി രഹസ്യമായ് പൊട്ടിച്ചിരിച്ചു നീ.
കപട സ്നേഹിതാ,നിന് വ്യാജസൌഹൃദ-
ക്കതകില് മുട്ടിപ്പരാജയപ്പെട്ടു ഞാന്.
മറുപുറത്തൊരാള് നില്ക്കുമെല്ലായ്പ്പൊഴും
ഹൃദയഹസ്തങ്ങള് നീട്ടി രക്ഷിക്കുവാന്
മറുപുറം.... ധ്രുവദൂരം,വിരല്ത്തുമ്പി-
നഭയമേകുവാനാവാത്ത കൌതുകം.
പുകമറയ്ക്കു പിന്നാമ്പുറം നിന്നു നീ
നുണയൊഴിച്ചു കൊടുത്തും കുടിച്ചും
പക പതപ്പിക്കയായിരുന്നെപ്പൊഴും
പ്രിയ സഖാവായ് മനസ്സിലാക്കാതെ നീ.
ഒരു വിളിപ്പാടിനപ്പുറം നീയെന്നെ
അവഗണിക്കെ സഹിക്കാന് പഠിച്ചു ഞാന്.
ഒരു നഖപ്പാടിനപ്പുറം നീയെന്നെ
അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാന്
കപട സ്നേഹിതാ,കൌരവാലിംഗന-
ച്ചതിയില് ഞാന് കാരിരുമ്പിന്റെ വിഗ്രഹം.
തുടലിമുള്ക്കാടു തിങ്ങിയ ലൌകിക-
ക്കൊതികള് വിങ്ങുന്ന വേനല്ക്കടല്ക്കരെ
തിരകളെണ്ണി,ച്ചുടുന്ന വിശപ്പുമായ്‌
മണലുതിന്നുന്ന മക്കളെ കണ്ടു ഞാന്
ക്ഷുഭിതനായിട്ടു സഞ്ചരിക്കെ സ്നേഹ-
മൊഴികളൂതി നിറച്ച ബലൂണുമായ്
മിഴികളില് മൃഗാസക്തിയോടെത്തി നീ
നഗരരാഗങ്ങള് വിസ്തരിച്ചീടവേ
കപട സ്നേഹിതാ,നിന്റെ തേന് വാക്കുകള്
കുളിരുപെയ്തെന് രഹസ്യരോമങ്ങളില്
ഒരു മുഖം മാത്രമുള്ള ഞാനും നൂറു
മുഖപടങ്ങള് തന് ജന്മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനിക്ക്
അഴകു തുന്നിയ നിന് പൊള്ളവാക്കുകള്
വഴി നമുക്കു രണ്ട്,ഓര്ക്കുക, ജീവിത-
വ്യഥകള് നീയുമായ് പങ്കു വെയ്ക്കില്ലിനി.
കപട സ്നേഹിതാ,നിന് നാട്യ വൈഭവം
കവിത ചൊല്ലി തിരസ്കരിക്കുന്നു ഞാന് .

Wednesday, 12 May 2021

കുട്ടികളുടെ കൈതച്ചക്കയും സൈക്കിളും എവിടെ?


ഉത്സവം കഴിഞ്ഞുള്ള അമ്പലപ്പറമ്പ് ഒരു കാഴ്ച തന്നെയാണ്. വെടിക്കെട്ടിന്‍റെ അവശിഷ്ടങ്ങളായ കടലാസ്സു കഷണങ്ങള്‍ ഉത്സവപ്പറമ്പില്‍ ഒരു പരവതാനിതന്നെ വിരിച്ചിരിക്കും. അമിട്ടുകുറ്റികള്‍ സ്ഥാപിച്ചിരുന്ന കുഴികള്‍. ചിതറിക്കിടക്കുന്ന സമൃദ്ധമായ പനയോലക്കഷണങ്ങള്‍. ആകാശസഞ്ചാരം കഴിഞ്ഞു വന്ന കടലാസ്സുകുടകള്‍.പൊട്ടിപ്പോയ ബലൂണുകള്‍.ഒഴിഞ്ഞ ഐസ് ക്രീം കപ്പുകള്‍.വളപ്പൊട്ടുകള്‍. ഒറ്റയായിപ്പോയ കുട്ടിച്ചെരിപ്പുകള്‍. ഒഴിഞ്ഞ കടലക്കൂടുകള്‍.
പഴസത്ത് ഒഴിഞ്ഞ വര്‍ണക്കൂടുകള്‍.പൊട്ടാത്ത പടക്കങ്ങള്‍....ഉത്സവം പോലെതന്നെ ഉത്സവപ്പിറ്റേന്നും ഒരു കാഴ്ചതന്നെയാണ്. ഒട്ടും ആഹ്ലാദിപ്പിക്കാത്ത കാഴ്ച.

പൊതു തെരഞ്ഞെടുപ്പുകാലത്ത് വോട്ടെടുപ്പിനുള്ള ബൂത്തായി ഉപയോഗിയ്ക്കുന്ന സ്ക്കൂളുകളുടെയും സ്ഥിതിയിതാണ്. സ്ക്കൂളിലെ കാഴ്ചകള്‍ കുഞ്ഞുമക്കളെ വല്ലാതെ വേദനിപ്പിക്കും.

പി.ടി.എ മീറ്റിങ്ങിനു പോലും സ്ക്കൂളില്‍ കയറാത്ത എല്ലാ രക്ഷകര്‍ത്താക്കളും വോട്ടെടുപ്പ് ദിവസം സ്ക്കൂളിലെത്തും.പോളിംഗ് ഉദ്യോഗസ്ഥരും പോലീസുകാരും പോളിംഗ് ഏജന്റുമാരും ഇടയ്ക്കെത്തുന്ന ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശകരാവുന്ന സ്ഥാനാര്‍ഥികളും സ്ക്കൂള്‍ പരിസരത്തു
തമ്പടിക്കുന്ന രാഷ്ട്രീയക്കാരും..... ശബ്ദരഹിതമായ ഒരു ഉത്സവമാണ് അന്ന് അരങ്ങേറുന്നത്. ചില ബൂത്തുകളില്‍ വെട്ടിക്കെട്ടും ആരവങ്ങളും തുടര്‍ന്ന് നിരോധനാജ്ഞയും ഒക്കെ ഉണ്ടാകും. 

ഞാനടക്കമുള്ള നമ്മുടെ പ്രബുദ്ധ ജനതയ്ക്ക് ഇപ്പോഴും വോട്ടര്‍ പട്ടികയിലെ ക്രമ നമ്പരും തണ്ടപ്പേരും ഒന്നും ഓര്‍മ്മ നില്‍ക്കാത്തതിനാല്‍     പാര്‍ട്ടിക്കാര്‍ തരുന്ന ചിഹ്നസഹിതമുള്ള
ചിറ്റുകളുമായാണ് ബൂത്ത് പ്രവേശനം. ഉദ്യോഗസ്ഥര്‍ക്കും അതെളുപ്പം. സ്ലിപ്പ് നോക്കി  വോട്ടു ചെയ്യിച്ചു കഴിഞ്ഞാല്‍ ഈ സ്ലീപ്പുകള്‍ ഉദ്യോഗസ്ഥരുടെ ഇരിപ്പിടത്തിനടുത്ത് നിക്ഷേപിക്കപ്പെടും. ഇങ്ങനെ കാര്‍ഡ് ബോര്‍ഡ് പെട്ടിയോ  ബക്കറ്റോ കവിഞ്ഞു വീഴുന്ന സ്ലിപ്പുകള്‍ ഇലക്ഷന്‍ മാലിന്യമാണ്.

സിഗരറ്റു കുറ്റികള്‍, മുറുക്കിത്തുപ്പലുകള്‍ അര്‍ദ്ധരാതിയില്‍ ഒന്നു മിനുങ്ങിയിട്ടു വലിച്ചെറിയുന്ന ചെറിയ കുപ്പികള്‍.... എല്ലാം കൂടി ശേഖരിച്ചാല്‍ ഒരു മലയോളം മാലിന്യം. ഇതൊക്കെ ശുദ്ധീകരിക്കാന്‍ നമ്മുടെ വിദ്യാലയങ്ങളില്‍ ജീവനക്കാരുമുണ്ട്.

എന്നാല്‍ ചില നിയമങ്ങള്‍ കരുതലില്ലാതെ നടപ്പാക്കുന്നത് മൂലം 
സ്ക്കൂള്‍ തുറന്നു വരുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വലിയ വിഷമങ്ങള്‍ നമ്മള്‍ കണക്കാക്കാറില്ല.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന നിര്‍ദേശം  അനുസരിച്ചു ഒരു സ്ഥാനാര്‍ഥിയുടെയും  ചിഹ്നങ്ങള്‍ ചുമരുകളിലെങ്ങും വരച്ചു വയ്ക്കരുത്. ബൂത്തിന് പുറത്തെ ഭിത്തിയില്‍ പേരും ചിഹ്നവും എഴുതി ഒട്ടിക്കുകയാണ് വേണ്ടത്.  ചിഹ്നം കാണുന്നത് വോട്ടിങ്
മെഷീനില്‍ മാത്രം. ഈ നിര്‍ദേശം പാലിക്കാനായി ഉദ്യോഗസ്ഥര്‍ സ്കൂള്‍ ചുമരുകളില്‍ വരച്ചു വച്ചിട്ടുള്ള കൈതച്ചക്കയും സൈക്കിളും ആനയും എല്ലാം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ അലങ്കോലപ്പെടുത്തും. 

ഏറ്റവും വേദന കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് അവര്‍ ക്ലാസ്സ് മുറിയില്‍ വരച്ചൊട്ടിച്ചിരുന്ന  ചിത്രങ്ങള്‍ കീറിക്കളയുന്നതാണ്.
ഇത് കീറാതെ സൂക്ഷിച്ചു ഇളക്കി മാറ്റുകയോ മറയ്ക്കുകയോ ചെയ്യാറില്ല.  വോട്ടവകാശം  കിട്ടിയിട്ടില്ലാത്ത പാവം കുഞ്ഞുങ്ങളുടെ കുരുന്നു വിരലുകള്‍ വരച്ചിട്ട ചിത്രങള്‍ 
നശിപ്പിച്ചാലും വേണ്ടില്ല, സ്വാധീനരഹിതമായ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം സംരക്ഷിക്കാനുള്ള  വ്യഗ്രതയിലാണല്ലോ നമ്മള്‍.

കുട്ടികള്‍ക്ക് എളുപ്പം വരയ്ക്കാന്‍ കഴിയുന്ന ഫുട്ബോള്‍, ഐസ് ക്രീം, മൊബൈല്‍ ഫോണ്‍, ആന, ടോര്‍ച്ച്, താമരപ്പൂവ്, നക്ഷത്രം, ക്ലോക്ക്, പുസ്തകം പമ്പരം, മണി ബക്കറ്റ്, കാല്‍ക്കുലേറ്റര്‍ ആപ്പിള്‍,കപ്പ്, ബസ്സ്,സൈക്കിള്‍ ക്രിക്കറ്റ് ബാറ്റ്‌, രണ്ടില,കസേര, ചക്ക ബ്ലാക്ക് ബോര്‍ഡ്   തുടങ്ങിയവയെല്ലാം നമ്മുടെ അനന്തമായ ചിഹ്നശേഖരത്തില്‍ പെടും.  

ഇവയൊക്കെ വരച്ചു ക്ലാസ്സ് മുറിയില്‍ ഒട്ടിക്കുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന സന്തോഷം കീറിക്കളയുന്നവരും അനുഭവിക്കുന്നുണ്ടാകുമോ?

എന്തായാലും ഈ അനഭിലഷണീയ പ്രവര്‍ത്തനത്തിനെതിരെ ഒരു 
കൊച്ചു മിടുക്കി രംഗത്ത് വന്നിരിക്കുന്നു.കൊല്ലം ജില്ലയിലെ പരവൂര്‍ കൂനയില്‍ ഗവ. എല്‍.പി.സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ബി.എസ്.ഗൌരി, ഇതിനെതിരെ ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതിയയച്ചു. 

കമ്മീഷന്‍ പരാതി പരിഗണിച്ചു.  ബൂത്തുകളായി ഉപയോഗിച്ച  സ്ക്കൂളുകള്‍ക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന്നുള്ള പണം ഇലക്ഷന്‍ കമ്മീഷന്‍ നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കയാണ്.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം കേടുപാടുകള്‍ വരുത്തിയെങ്കില്‍ അവരുടെ പക്കല്‍ നിന്നും പണം ഈടാക്കണമെന്നും ഉത്തരവിലുണ്ട്.

ഇതനുസരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍, ബൂത്തായി പ്രവര്‍ത്തിച്ച സ്ക്കൂളുകളില്‍ പരിശോധന നടത്തണം. ഈടാക്കി കിട്ടുന്ന തുക ഉപയോഗിച്ച  നശിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ പുനരാവിഷ്ക്കരിക്കണം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരിങ്ങന്നൂര്‍ ഗവ. യൂ.പി സ്ക്കൂളിലെ ഒരു 
വിദ്യാര്‍ഥി, രാഷ്ട്രപതി കെ.ആര്‍. നാരായണന് ഒരു കത്തയച്ചു. ക്യാന്‍സര്‍ ബാധിച്ചു മരിച്ച അവരുടെ പ്രിയപ്പെട്ട പാട്ടുടീച്ചര്‍ക്ക് 
പകരം ഒരു ടീച്ചറെ നിയമിക്കണം എന്നായിരുന്നു ആവശ്യം. രാഷ്ട്രപതിഭവനില്‍ നിന്നും ആശാവഹമായ മറുപടിയും കിട്ടി.
ആവശ്യം കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് തുണമൂല്‍ തലത്തില്‍ തന്നെ അന്വേഷിച്ചു. പാട്ടു ടീച്ചറെ നിയമിക്കേണ്ടെന്നു തീരുമാനിച്ചു.

അന്ന് ബാലാവകാശ കമ്മീഷന്‍ ഇല്ലായിരുന്നു.ഇപ്പോഴിതാ കുട്ടി കള്‍   അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിജയസാധ്യതയുള്ള
പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.