Tuesday, 25 May 2021

യുക്തിയും ഭക്തിയും നിഴലിക്കുന്ന നിയമസഭ


നമ്മുടെ സംസ്ഥാനത്തിന്റെ പതിനഞ്ചാം നിയമസഭ നിലവില്‍ വന്നു.മന്ത്രിമാരടക്കം സാമാജികര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റുകഴിഞ്ഞു. വസതിയും വാഹനവും അനുവദിക്കപ്പെട്ടു. കൌതുകമുള്ള ചിലകാര്യങ്ങള്‍ മുന്‍കാലത്തെന്നപോലെ ഇപ്പൊഴും ശ്രദ്ധയില്‍ പെട്ടു.

അതില്‍ ഒന്ന് സത്യപ്രതിജ്ഞ ചെയ്ത ഭാഷയിലെ വൈവിധ്യമാണ്. മലയാളം, തമിഴ്, കന്നഡ, ഇംഗ്ലിഷ് എന്നീ ഭാഷകളിലായിരുന്നു സത്യപ്രതിജ്ഞ. മലയാളവും കന്നഡയും തമിഴും കേരളത്തിന്‍റെ വിവിധദിക്കുകളില്‍ താമസിക്കുന്നവരുടെ മാതൃഭാഷതന്നെയാണ്.എന്നാല്‍ ഇംഗ്ലിഷ് നമ്മുടെ മാതൃഭാഷയല്ല.അത് നമ്മള്‍ പഠിച്ചെടുത്തതും  ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഇനിയും വഴങ്ങിയിട്ടില്ലാത്തതുമായ വൈദേശികഭാഷയാണ്. 

കേരളത്തിലെ ഒരു ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കേരളത്തിലെ ഏതെങ്കിലും  ഭാഷ ഉപയോഗിക്കുന്നതായിരുന്നു ഉചിതം.

അഹിന്ദുക്കളെ നിര്‍ദ്ദേശിക്കാന്‍ സാധ്യതയുള്ളതിനാലായിരിക്കാം  കേന്ദ്ര നിയമം അനുസരിച്ച് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഇനിയില്ലല്ലോ.ഉണ്ടായിരുന്ന കാലത്ത് അവര്‍ പോലും സത്യപ്രതിജ്ഞക്കു ഇംഗ്ലിഷ് ഉപയോഗിച്ചിരുന്നില്ല.

നമ്മുടെ നിയമസഭയില്‍ അമ്പത്തിമൂന്നു പേര്‍ മാത്രമേ പുതുമുഖങ്ങളായിട്ടുള്ളൂ. ബാക്കിയുള്ള ഭൂരിപക്ഷം അംഗങ്ങളും മുന്‍ സഭകളില്‍ ഉണ്ടായിരുന്നവരാണ്.ഇതില്‍ പന്ത്രണ്ടാം പ്രാവശ്യം സത്യപ്രതിജ്ഞ ചെയ്ത അംഗവുമുണ്ട്.പതിമൂന്നാം നിയമസഭയിലെങ്കിലും അദ്ദേഹം ഒഴിവാകുമെന്നു പ്രതീക്ഷിക്കാം.കാരണം പതിമൂന്നു എന്ന സംഖ്യ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒഴിവാക്കപ്പെട്ടിരുന്നല്ലോ.

പതിമൂന്ന് ഒരു ദോഷസംഖ്യയായിട്ടാണ് പലരും കരുതിയിരിക്കുന്നത്. ക്രിസ്തുവും പന്ത്രണ്ടു ശിഷ്യന്മാരും കൂടി പതിമൂന്ന് പേരായിരുന്നല്ലോ. അവരൊന്നിച്ചു കഴിച്ചതാണ് അവസാനത്തെ അത്താഴമെന്ന പേരില്‍ ദുഷ്കീര്‍ത്തി നേടിയിട്ടുള്ളത്. അതിനാലാകാം യൂറോപ്പില്‍ പതിമൂന്ന് ദോഷസംഖ്യയായാണ് കാണുന്നത്. പടിഞ്ഞാറന്‍ ഭ്രമം മൂത്ത് കിഴക്കരുമിപ്പോള്‍ പതിമൂന്നിനെ പടികടത്താന്‍ തുടങ്ങിയിട്ടുണ്ട്.

 യു.ഡി.എഫ് ഭരണകാലത്ത് പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഇല്ലായിരുന്നു. കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് ധനമന്ത്രിയാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. ആരെടുക്കുമെന്ന കാര്യത്തില്‍ ചില കണ്‍ഫ്യൂഷനൊക്കെ ആദ്യമുണ്ടായെങ്കിലും ആ കാര്‍ ഉപയോഗിച്ച ഡോ.തോമസ് ഐസക്ക് മികച്ച ധനമന്ത്രിയായി. കേരളാ ബാങ്ക് തുടങ്ങിയ മികച്ച ഭാവനകള്‍ യാഥാര്‍ഥ്യമാക്കുകയും അഞ്ചു മഹാദുരിതങ്ങളെ നേരിടാനുള്ള ധനം കണ്ടെത്തുകയും ട്രഷറി അടയ്ക്കാതെയും പഞ്ചായത്ത് അംഗങ്ങള്‍ക്കു പോലും ബഡ്ജറ്റ് തയ്യാറാക്കാനുള്ള പരിശീലനം നേരിട്ടു കൊടുത്തും അദ്ദേഹം മാതൃകയായി. പതിമൂന്നാം നമ്പര്‍ കാറുപയോഗിച്ച ഭരണമുന്നണിക്ക് തുടര്‍ഭരണവും കിട്ടി. 

ഇക്കുറി പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിക്കുന്നത് കൃഷിമന്ത്രി പി.പ്രസാദാണ്.കാര്‍ഷിക മേഖലയില്‍ സമാനതയില്ലാത്ത സ്വപ്നം വിതച്ചുകൊണ്ട് ആദ്യദിനങ്ങളില്‍ തന്നെ  പി.പ്രസാദ്  പ്രകാശം ചൊരിഞ്ഞു. പതിമൂന്ന് ഐശ്വര്യത്തിന്‍റെ അടയാളമായും  കരുതാവുന്നതാണ്. .ഇരുപതാം നൂറ്റാണ്ടിലെ പതിമൂന്നാം വര്‍ഷം ആദ്യമാസത്തിലെ പതിമൂന്നാം തീയതി പിറന്ന ഒരാള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുകയും കേരള സാഹിത്യ അക്കാദമി അവാര്ഡ് ജേതാവാവുകയും ചെയ്തിട്ടുണ്ട്. സി.അച്ചുതമേനോന്‍.

മൂന്നു വനിതാമന്ത്രിമാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതിയ ഇടതുപക്ഷ മന്ത്രിസഭ ചരിത്രം സൃഷ്ടിച്ചു. എങ്കിലും ഇപ്പൊഴും പത്തു വനിതാംഗങ്ങള്‍ മാത്രമേ നമ്മുടെ നിയമസഭയിലുള്ളൂ എന്നത് കൂടുതല്‍ അഭിമാനിക്കാന്‍ വക നല്‍കുന്നില്ല.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നേര്‍ പകുതി വനിതകള്‍ക്ക് മാറ്റിവച്ച നാടാണ് കേരളം. അവര്‍ ഭരണമികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.ഇനിയെന്നാണ് നിയമസഭയുടെ പകുതിസീറ്റിലും ഉണ്ണിയാര്‍ച്ചയുടെ പിന്‍ഗാമികള്‍ ഇരിപ്പുറപ്പിക്കുന്നത്!

സത്യപ്രതിജ്ഞാ ചടങ്ങില്‍ യുക്തിബോധവും ഭക്തിമാര്‍ഗ്ഗവും വ്യക്തമായിരുന്നു.എണ്‍പതു പേര്‍ യുക്തിബോധത്തോടെ സഗൌരവം പ്രതിജ്ഞയെടുത്തപ്പോള്‍ നാല്‍പ്പത്തിമൂന്നുപേര്‍ ദൈവനാമത്തിലും പതിമൂന്നു പേര്‍ അള്ളാഹുവിന്റെ നാമത്തിലുമാണ് പ്രതിജ്ഞയെടുത്തത്. നാലു മന്ത്രിമാര്‍ ദൈവനാമത്തിലും ഒരു മന്ത്രി അള്ളാഹുവിന്റെ നാമത്തിലും പ്രതിജ്ഞയെടുത്തു. 

കമ്യൂണിസ്റ്റ് പാര്‍ട്ടികളിലുള്ള മന്ത്രിമാരെ കൂടാതെ എന്‍.സി.പിയുടെ മന്ത്രിയും ദൈവനാമം ഉപേക്ഷിച്ചത് ശ്രദ്ധേയമായി. സി.പി.ഐ(എം)ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഒരു മന്ത്രി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതും ശ്രദ്ധേയമായി.
വടകരനിന്നും യു.ഡി.എഫ് പക്ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.കെ.രമ പ്രതിജ്ഞയ്ക്കു ദൈവനാമം ഉപേക്ഷിച്ചത് ആ ആദരണീയ വനിതയ്ക്ക്  ബാല്യത്തിലേ ലഭിച്ച കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസത്തെ ഓര്‍മ്മിപ്പിച്ചു.

ഭരണ നിര്‍വഹണത്തില്‍ ദൈവത്തിന് ഒരു പങ്കുമില്ല. പാലാരിവട്ടത്ത് പഞ്ചവടിപ്പാലം നിര്‍മ്മിച്ച മന്ത്രിയും മഞ്ചേശ്വരത്ത് സ്വര്‍ണമറവിലുള്ള കേസില്‍ പെട്ടു ജയിലിലായ നിയമസഭാംഗവും ദൈവനാമത്തില്‍ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ഭക്തിയും അന്ധവിശ്വാസവും ഹിന്ദുവേട്ടയെന്ന പ്രചാരണവും മുന്നോട്ടുവച്ച രാഷ്ട്രീയ പ്രസ്ഥാനത്തിനു പ്രധാനമന്ത്രിവന്നു മീനമാസത്തില്‍ ശരണം വിളിച്ചിട്ടുപോലും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള  സന്ദര്‍ഭം കേരളീയര്‍ നല്‍കിയില്ലെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

ദൈവാലയങ്ങളുടെ ഭരണ നിര്‍വഹണത്തില്‍ മനുഷ്യര്‍ക്ക് പലതും ചെയ്യാന്‍ കഴിയും. മനുഷ്യന്റെ കാര്യത്തില്‍ ദൈവത്തിനു ഒന്നും ചെയ്യാന്‍ കഴിയില്ല. അരികിലാക്കപ്പെട്ട ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളും സവര്‍ണപൂജാരിമാര്‍ ഇപ്പൊഴും ചന്ദനം എറിഞ്ഞു കൊടുക്കാറുള്ള ക്ഷേത്രങ്ങളുടെ ഭരണച്ചുമതലയും  ഒറ്റയാളിനെത്തന്നെ ഏല്‍പ്പിച്ചതും നന്നായി.

പ്രതിപക്ഷത്തിന്‍റെ സര്‍ഗ്ഗാത്മകസാന്നിധ്യം നിയമസഭയിലുണ്ടാകണം.കേരളത്തെ ശത്രുവായി കാണുന്ന ഒരു കേന്ദ്രമന്ത്രിയുടെ പാത പിന്‍തുടര്‍ന്നാല്‍ ആ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കേരളത്തിലെ അവസ്ഥതന്നെ ഇന്നത്തെ പ്രതിപക്ഷത്തിനും ഉണ്ടാകും.

ഞങ്ങള്‍ കവികള്‍ സ്വീകരിച്ചിട്ടുള്ളത് മഹാകവി വൈലോപ്പിള്ളിയുടെ സൌവര്‍ണ്ണ പ്രതിപക്ഷം എന്ന ആശയമാണ്. എന്തിനെയും കണ്ണടച്ചു എതിര്‍ക്കുകയെന്നുള്ളതല്ല അതിന്‍റെ പൊരുള്‍.

മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തവരും പാര്‍ട്ടി നേതൃത്വം ഉപേക്ഷിച്ചു മന്ത്രിയായവരും കേരളത്തിലുണ്ട്.കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അദ്ധ്യക്ഷന്മാര്‍  അതുപേക്ഷിച്ച് ഗവര്‍ണര്‍ പദവി സ്വീകരിച്ചിട്ടുമുണ്ട്.ജനങ്ങളുടെ കൂട്ടായ്മയായ പാര്‍ട്ടിയാണോ അധികാരപദവിയാണോ പ്രധാനം എന്നതിന് പാര്‍ട്ടിയെന്ന ഉത്തരമാണ് ഹൃദയപക്ഷ സംസ്ക്കാരത്തിനുള്ളത്. 

അന്ധമായ എതിര്‍പ്പിന്‍റെ ഹാങ്ങോവറിലാണ് പ്രതിപക്ഷം എന്നതിന്‍റെ തെളിവായിരുന്നു സ്പീക്കര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വം. എങ്കിലും  പുതിയ പ്രതിപക്ഷനേതാവ്, സര്‍ക്കാര്‍ വിരുദ്ധ പത്രസമ്മേളനങ്ങള്‍ക്കപ്പുറം യോജിപ്പിന്റെയും വിയോജിപ്പിന്‍റെയും മഹിമ  സാക്ഷാത്ക്കരിക്കുമെന്ന്  പ്രതീക്ഷിക്കാം.

കേരളീയരുടെ കിനാവുകള്‍ സഫലമാക്കുന്നതാവട്ടെ പതിനഞ്ചാം നിയമസഭ. പുതിയ സ്പീക്കറുമായുള്ള ഒരു ചാനല്‍ അഭിമുഖം കണ്ടപ്പോള്‍ ഓര്‍മ്മവന്ന  നഗ്നകവിത ഇങ്ങനെ.
സര്‍
സാര്‍
സാaര്‍
ഇത് 
എല്‍.പി.സ്ക്കൂളോ
സര്‍ക്കാരാപ്പീസോ?
സോറി സര്‍
ഇത് നിയമസഭ. 

No comments:

Post a Comment