കേരളത്തിനും ലക്ഷദ്വീപിനും തമ്മില്‍ കിസ്സപറയാന്‍ ഒരു കടലോളം കാര്യങ്ങളുണ്ട്.എറണാകുളത്ത് കോടതിയുള്ള കേരളത്തിന്‍റെ ഒരു ജില്ല പോലെയുള്ള പ്രദേശം.
അവിടെ നിന്നും അഭയാര്‍ഥിപ്രവാഹം ആരംഭിച്ചിരിക്കയാണ്.ഇന്ത്യക്കാ ര്‍ക്ക്,ഇന്ത്യയിലേക്ക് രോഗഭീതികൊണ്ടല്ലാതെ സ്ഥലം വിട്ടുപോകേണ്ടുന്ന അവിശ്വസനീയമായ ദുരവസ്ഥ. സ്വന്തം ജനങ്ങളെ ശത്രുക്കളായി കാണുന്ന ഒരു ഭരണകൂടം സൃഷ്ടിച്ചതാണീ ദുരവസ്ഥ.
ലക്ഷദ്വീപിന്റെയും കേരളത്തിന്‍റെയും മാനസിക ഇഴയടുപ്പം തെളിയിക്കുന്ന കഥയാണ് സഫയുടെയും മാളവികയുടെയും സ്നേഹകഥ.
ലക്ഷദ്വീപില്‍ നിന്നും വിദ്യാഭ്യാസത്തിനായി കേരളത്തിലെത്തിയ അസംഖ്യം വിദ്യാര്‍ഥിനികളില്‍ ഒരുവളാണ് ലൂക്ക്മാനുല്‍ സഫ.മഞ്ചേരിയിലായിരുന്നു വിദ്യാഭ്യാസം. നാടാകെ കോവിഡ് വ്യാപിച്ച നോമ്പുകാലം.സഫയ്ക്ക് നോമ്പ് കുട്ടിക്കാലം മുതലേ പരിചയമുള്ളത്.പുണ്യമാസമെന്നൊന് നും കൊറോണ സൂക്ഷ്മാണുവിനില്ലല്ലോ. കൂടെയുള്ളവരെല്ലാം ഹോസ്റ്റല്‍ വിട്ടു. ലക്ഷദ്വീപിലേക്കുള്ള ഗതാഗതവും ഇല്ലാതായി. വീട്ടിലെത്താന്‍ ഒരു വഴിയുമില്ലാതെ സഫ കുടുങ്ങി.
അപ്പോഴാണ് ഒപ്പം പഠിക്കുന്ന മാളവിക സഫയെ ചേര്‍ത്തുപിടിച്ചത്. വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു.മതേതര കേരളത്തിന്‍റെ മാനുഷികബോധത്തില്‍ അഭിമാനിക്കുന്ന പ്രദീപിന്‍റെയും ബിന്ദു ടീച്ചറുടെയും മകളാണ് മാളവിക.താമസിപ്പിച്ചുവെന്ന് മാത്രമല്ല സഫമോളുടെ വ്രതാനുഷ്ഠാനത്തില്‍ ആ കുടുംബവും ആഹാരമുപേക്ഷിച്ചു പങ്കു ചേര്‍ന്നു.
ലക്ഷദ്വീപിലുണ്ടാകുന്ന ഏത് അസ്വസ്ഥതയും കേരളത്തിന്‍റെ സ്വാസ്ഥ്യം കെടുത്തും. ഇപ്പോള്‍ ആ സ്വാസ്ഥ്യക്കേടിലാണ് ദ്വീപും കേരളവും.
പറഞ്ഞാല്‍ വിശ്വസിക്കുമോ? ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ജനാധിപത്യരാജ്യമെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഭാരതത്തിന്‍റെ ഒരു ഭാഗമായ ദ്വീപില്‍ രണ്ടുമക്കളില്‍ കൂടുതലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലത്രേ!
മീന്‍പിടിക്കാന്‍ പോകുമ്പോള്‍ ബോട്ടില്‍ സര്ക്കാര്‍ പ്രതിനിധിയെയും കൂട്ടണമത്രേ. ബോട്ടുകളില്‍ ക്യാമറ ഘടിപ്പിക്കണമത്രേ!
തെങ്ങിന്‍ ചുവട്ടില്‍ ചൂട്ടോ കൊതുമ്പോ ഓലയോ മച്ചിങ്ങയോ കാണാന്‍ പാടില്ലത്രേ!
ഭരണാധികാരിയുടെ നാടായ ഗുജറാത്തിലില്ലാത്ത മദ്യം ദ്വീപിലൊഴുക്കാമത്രേ!
കടപ്പുറത്ത് വള്ളം കയറ്റി വയ്ക്കാനോ മീനുണക്കാനോ പാടില്ലത്രേ!
സമീപത്തുള്ള ബേപ്പൂരിലേക്ക് ചരക്കുകപ്പല്‍ പോകാന്‍ പാടില്ല.പകരം കര്‍ണ്ണാടകയിലെ മംഗലാപുരത്തെക്കാണ് പോകേണ്ടത്!
സ്ക്കൂള്‍ കുട്ടികള്‍ ഉച്ചഭക്ഷണത്തില്‍ ഇറച്ചിക്കറി കഴിക്കാന്‍ പാടില്ല!
ഇങ്ങനെ ഒരു ജനതയുടെ ജീവിതത്തിനുമേല്‍ അവിശ്വസനീയമാം വിധം ഭരണക്കാരുടെ കൂടനീതികള്‍. മുഹമ്മദ് ബിന്‍ തുഗ്ലക്ക് നൂറുതവണ തോറ്റുപോകുന്ന പരിഷ്ക്കാരങ്ങളാണ് ഇവയെല്ലാം.
ദ്വീപുനിവാസികള്‍ പാവങ്ങളാണ്.കുറ്റം ചെയ്യാത്തവര്‍. വീടുകളെ മതില്‍കെട്ടി മറയ്ക്കാത്തവര്‍.പാമ്പും പട്ടിയും കാക്കയുമില്ലാത്ത നാട്ടില്‍ മീന്‍ പിടിച്ചും തേങ്ങാച്ചമ്മന്തിയരച്ചു കഴിച്ചും ജീവിക്കുന്ന നല്ല മനുഷ്യര്‍. സസ്യഭുക്കുകളുടെ നരമേധാസക്തിയില്ലാതെ ബീഫ് ബിരിയാണി ആഘോഷമാക്കുന്നവര്‍. ദഫ് മുട്ടിയും സബീനപ്പാട്ടും ഡോലിപ്പാട്ടും പാടിയും ജീവിതത്തെ സന്തോഷകരമാക്കുന്നവര്‍.
അവിടേക്കു വന്ന ഭരണാധികാരിയെ ആ പാവങ്ങള്‍ കോല്‍ക്കളിയും പരിചകളിയുമായി സ്വീകരിച്ചു.ഉണങ്ങിയ വാഴയിലയില്‍ പൊതിഞ്ഞ ദ്വീപലുവയും ഇളനീരും സമ്മാനിച്ചു. പിന്നെയാണ് മനുഷ്യവിരുദ്ധമായ ഒരു തിരക്കഥയുമായാണ് ഭരണാധികാരി വന്നതെന്നവര്‍ തിരിച്ചറിയുന്നത്. സൌന്ദര്യവല്‍ക്കരണമെന്നും കീടനശീകരണമെന്നുമൊക്കെ പറഞ്ഞ് തെങ്ങുകള്‍ക്ക് കാവിനിറം പൂശിക്കൊണ്ടായിരുന്നു തുടക്കം.. പൌരത്വ ബില്ലിനെതിരെയുള്ള ബാനറാണ് അദ്ദേഹത്തെ ആദ്യം ചൊടിപ്പിച്ചത്. പിന്നെ ഓരോ നടപടിയും ദ്വീപിലെ സമാധാനവും സംസ്ക്കാരവും തകര്‍ക്കുന്ന രീതിയിലുള്ളതായിരുന്നു
ആടിനെ കൊല്ലാന്‍,ആട് പട്ടിയാണെന്ന് പ്രചരിപ്പിക്കുക.അതേ റ്റുകഴിഞ്ഞാല്‍ പേപ്പട്ടിയാണെന്നു പറയുക.പിന്നെ കാര്യം എളുപ്പമായി. ആടിനെ കൊല്ലുകയും ആടിന്റെ ഉടമസ്ഥയായ പാത്തുമ്മയെ വേദനിപ്പിക്കുകയും ചെയ്യാം.
അതാണിപ്പോള്‍ ലക്ഷദ്വീപില്‍ നടക്കുന്നതു.
ലക്ഷദ്വീപിലെ സഹോദരരേ, നിങ്ങള്‍ ഒറ്റയ്ക്കല്ല. ഞങ്ങള്‍ കൂടെയുണ്ട്. ഞങ്ങള്‍ മാത്രമല്ല, സമാധാനപ്രിയരായ എല്ലാ ഇന്ത്യക്കാരും നിങ്ങളോടൊപ്പമുണ്ട്.
ദ്വീപ് നിവാസികളുടെ ഭരണം അവിടെയുള്ളവര്‍ക്കുതന്നെ കൈമാറിക്കൊണ്ട് അഡ്മിനിസ്ട്രേറ്ററുടെ അധികാരം ഗണ്യമായി കുറയ്ക്കുന്നതിനെ കുറിച്ചു ആലോചിക്കുവാനും സമയമായിട്ടുണ്ട്.
കേരളത്തിന്‍റെ ബഹുമാന്യനായ ഗവര്‍ണ്ണര്‍ മടക്കിവച്ച പുസ്തകമാണോ ലക്ഷദ്വീപിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ തുറന്നു വായിക്കാന്‍ ശ്രമിക്കുന്നത്?
No comments:
Post a Comment