വെളുത്ത കണ്ണും ചാരക്കാലും
പളുങ്കുകൊണ്ടു കുളമ്പും
കറുത്ത വാലും ചെമ്പൻ ചെവിയും
ദിനോസറിൻ തീമൊഴിയും
അടുത്തുചെന്നാ മഞ്ഞക്കുതിര-
പ്പുറത്തുകയറീ മോഹം
കുതിച്ചു പാഞ്ഞു ഗുഹാമുഖത്തേയ്-
ക്കിരമ്പുമെൻ വ്യാമോഹം
വരണ്ടഗംഗകൾ കണ്ടൂ കാറ്റിൻ
വിരണ്ട പാട്ടും കേട്ടു
തളർന്നശീലിൻ ശകലങ്ങള്
തീ കവർന്ന ശാന്തിക്കൂടാരം
നിറഞ്ഞ കണ്ണുകള്
നീറിപ്പുകയും മനസ്സുകൾ
തേൻകുടുക്കയിൽ വിഷങ്ങൾ
വിങ്ങും വിഷമങ്ങള്
ശരങ്ങൾ കീറിയ സത്യങ്ങള്
നിറങ്ങള് മങ്ങിയ സ്വപ്നങ്ങൾ
പദങ്ങള് തെറ്റിയ നൃത്തങ്ങള്
തുരുമ്പു ചൂടിയ ദാഹങ്ങൾ
ചിരങ്ങുചുറ്റിയ ചന്തങ്ങൾ
അണഞ്ഞ കായൽപ്പന്തങ്ങൾ
പിരിഞ്ഞുപോകും പ്രേമങ്ങൾ
ഗുഹാമുഖത്തെ ചിത്രത്തില്
പിടഞ്ഞ മർത്ത്യക്കോലങ്ങൾ
മഞ്ഞക്കുതിര മടിച്ചു നിൽക്കേ വഴി-
മുന്നിലില്ലാഞ്ഞു ഞാൻ മണ്ണിൽനിന്നു
പെണ്ണൊന്നുവന്നെന്റെ കൈപിടിച്ചു
നെഞ്ചോടുചേർത്തു ചിരിച്ചു നിന്നു
വസ്ത്രമില്ലാത്തവൾ
കൺകോണുകൊണ്ടെന്നി-
ലസ്ത്രം തറച്ചവൾ
മദ്യം ചുവയ്ക്കുന്ന സ്വപ്നങ്ങളുള്ളവൾ
കണ്ണുകൊണ്ടും മുലക്കണ്ണുകൊണ്ടും ക്ഷണി-
ച്ചെന്നെഗ്ഗുഹക്കുള്ളിലാക്കുന്നു
നഗ്നശിൽപങ്ങളിൽ സംഭോഗശൃംഗാര-
പദ്യങ്ങള്, ചമ്പുക്കൾ, ഉണ്ണുനീലിക്കുള്ള-
കത്തുകൾ കത്തുന്ന ചന്ദ്രോൽസവക്കാല-
ചർച്ചകൾ, മേദിനീവെണ്ണിലാവിൻ കാലു-
നക്കുന്ന കാവ്യകാരൻമാർ, ചെറുകര-
കുട്ടത്തിയാളുടെ പൊക്കിൾക്കുഴിയിലേ-
ക്കെത്തിനോക്കുന്ന പകർപ്പവകാശികൾ
കാഴ്ചകള് കാഴ്ചകള് മേളംമദിക്കുന്ന-
വേഴ്ചകൾ, തൊട്ടെന്നെ നീ വിളിക്കുന്നുവോ?
ഗാന്ധർവ്വസമ്മേളനം കണ്ട തൊട്ടിലില്
വാത്സ്യായനം കൊത്തിവെച്ചൊരാക്കട്ടിലിൽ
ഉണ്ണിയച്ചിക്കുള്ള വേർപ്പും
മദസ്രവഗന്ധവും ചൂഴ്ന്നു മരിച്ചൊരാമെത്തയിൽ
മാരലേഖാ സ്തനപീഡിതമാം മലർ-
ശീലയിൽ നമ്മൾക്കുമാവർത്തനത്തിന്റെ
കാവ്യം രചിക്കാന് തിടുക്കമാകുന്നുവോ?
ആതിഥേയേ വയ്യ
പിന്നിട്ട പാതയില്
പാതിവളർന്നു മരിച്ച സംഗീതമെൻ
നാഡിയിൽ
പ്രജ്ഞയിൽ
ചോരയിൽ
സംഹാര താണ്ഡവമാടുന്നൂ
വിട്ടയച്ചേക്കുക
പായുന്നു ഞാനീ
ഗുഹാമുഖംവിട്ടെന്റെ
പാതകള് തേടി മറിഞ്ഞുവീഴുന്നുവോ
മഞ്ഞക്കുതിരച്ചവിട്ടുകളേറ്റെന്റെ
കണ്ണുപൊട്ടുന്നുവോ?
കാലൊടിയുന്നുവോ?
No comments:
Post a Comment