Tuesday, 22 June 2021

ജടായുപ്പാറയും ഹരി കട്ടേലും


കെട്ടുകഥയിലേക്ക് ഒരു വിനോദയാത്ര എന്ന നിലയില്‍ ഇപ്പോള്‍ വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞ ഒരിടമാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായുപ്പാറ. 

പ്രമുഖ സിനിമാസംവിധായകനും കലാകാരനുമായ രാജീവ് അഞ്ചല്‍ ഇടതു വലതു സര്‍ക്കാരുകളുടെ സഹകരണത്തോടെ അത്യാകര്‍ഷകമായി, ഭീമാകാരനായ ഒരു പക്ഷിരൂപവും അനുബന്ധകാര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്.ലോകത്തുള്ള  പക്ഷിശില്‍പ്പങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഈ ഒറ്റച്ചിറകുള്ള ശില്‍പ്പം.ഹെലിപ്പാഡും കേബിള്‍ കാറുമടക്കം എല്ലാ സഞ്ചാര സൌകര്യങ്ങളും അവിടെയുണ്ട്. സാഹസികര്‍ക്കു  പടികയറിയോ പാറയില്‍ തൂങ്ങിയോ കയറാനുള്ള സൌകര്യവും ഉണ്ട്.ധാരാളം മരങ്ങള്‍ വച്ചു പിടിപ്പിച്ച്  ഹരിതഭംഗി വരുത്തിയിട്ടുമുണ്ട്.

ലെജന്‍ഡ് ടൂറിസം എന്നു വിളിക്കാവുന്ന ഈ പദ്ധതിക്കു അടിസ്ഥാനമായത് രാമായണകഥ തന്നെയാണ്. ഇന്ത്യയിലും ഇന്തോനേഷ്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും പണ്ടുപുരാതന കാലം മുതലേയുള്ള കഥ. വാത്മീകി മഹര്‍ഷിയോ അതിനുമുന്‍പുണ്ടായിരുന്ന ഏതോ നാട്ടുകവിയോ കെട്ടിയുണ്ടാക്കിയ രാമന്റെയും സീതയുടെയും കഥ. 

ദൈവാവതാരമായ രാമന്റെ ഭാര്യയെ രാവണന്‍ കട്ടു കൊണ്ടുപോകുന്നു. ജടായു എന്ന പക്ഷി യാത്ര തടയുന്നു. രാവണന്‍ ചന്ദ്രഹാസം കൊണ്ട് പക്ഷിയുടെ ചിറകു ഛേദിക്കുന്നു. ഈ കഥ രാജാരവിവര്‍മ്മയടക്കം പല കലാകാരന്മാരേയും പ്രചോദിപ്പിച്ചിട്ടുണ്ട്.

രാമായണകഥയുമായി ബന്ധപ്പെട്ട മുഹൂര്‍ത്തങ്ങള്‍ പലയിടത്തും പ്രചരിച്ചിട്ടുള്ളതുപോലെ ഇവിടെയും ഒരു കഥ രൂപപ്പെട്ടു.അതാണ് ഐതിഹ്യപ്രധാനമായ ജടായുപ്പാറ.

എന്നാല്‍ ചരിത്രവും ഐതിഹ്യവും രണ്ടാണല്ലോ. സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തോളം  അടി ഉയരമുള്ള  ജടായുപ്പാറയുടെയും .ആ പാറ നിലകൊള്ളുന്ന ചടയമംഗലത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ചരിത്രകാരനായ ഹരികട്ടേല്‍. 

കെട്ടുകഥയുടെ ഭക്തിരസത്തില്‍ മുങ്ങി വോട്ടുതട്ടിപ്പിനിരയാകാതിരിക്കാന്‍  ഈ യാഥാര്‍ഥ്യങ്ങള്‍ കൂടി നമ്മള്‍ അറിയേണ്ടതുണ്ട്.

ജടായുപ്പാറയുടെ പഴയ പേര് മേലൂപ്പാറയെന്നായിരുന്നു.
ചടയമംഗലം ജടായുമംഗലം ആയിരുന്നില്ല. ജടായുവില്‍ നിന്നല്ല അതിന്റെ ഉത്ഭവം.ചടയനില്‍ നിന്നോ ചടയയില്‍ നിന്നോ ആണ്.
ചടയമംഗലത്ത് ഉണ്ടായിരുന്നത് ആര്യന്‍മാരല്ല.ദ്രാവിഡരായിരുന്നു.അവര്‍ വൈഷ്ണവരല്ല. ശൈവരായിരുന്നു. ചടയനെന്നാല്‍ ശിവനെന്നാണ് അര്‍ത്ഥം. ചടയമംഗലമെന്ന പേര് പന്ത്രണ്ടാം നൂറ്റാണ്ടിനു മുന്‍പുതന്നെ നിലവിലുണ്ട്.

പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ആയ് കുല രാജാക്കന്മാരില്‍ ഒരാളുടെ പേര് ചടയനെന്നാണ്. ആയ് രാജവംശത്തെ ഓര്‍മ്മിപ്പിക്കുന്ന ആയൂരും സമീപത്തുണ്ട്. അതിനാല്‍ ആ രാജാവിന്‍റെ പേരില്‍ നിന്നും ചടയമംഗലം ഉണ്ടാകാവുന്നതാണ്.ചടയമംഗലത്തു നിന്നും  ഒരു കുതിരയ്ക്ക് അധികം ആയാസമില്ലാതെ  ഓടിയെത്താവുന്ന കൊട്ടാരക്കരയിലുള്ളത് ചടയന്‍ കാവാണ്. ജടായുക്കാവല്ല.
 
ഡോ.എന്‍.ആര്‍.ഗോപിനാഥപിള്ള, ചടയമംഗലത്തിന് ശിവമംഗലം എന്നു അര്‍ത്ഥം കൊടുത്തിട്ടുമുണ്ട്.ഈ പ്രദേശം ഏതെങ്കിലും മിത്തിനെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കില്‍ അത് രാമനെയല്ല.
ശിവനെയാണ്.

രാവണനും ജടായുവും തമ്മിലുള്ള പോരിന് ചടയമംഗലവുമായോ സമീപസ്ഥലമായ പോരേടവുമായോ ഒരു ബന്ധവുമില്ല.രാമായണം കഥയനുസരിച്ച് ദണ്ഡകാരണ്യത്തില്‍ വച്ചോ പരിസരപ്രദേശത്തു വച്ചോ ആണ് രാവണനും ജടായുവുമായുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്.

ജടായു വീണത് തിരുപ്പതിക്കടുത്തുള്ള ലേപാക്ഷിയിലാണെന്ന് അവിടെയുള്ളവര്‍ പറയുന്നു. അവിടെയുമുണ്ട് പാറപ്പുറത്ത് ചിറകു വിരിച്ച് നില്‍ക്കുന്ന പക്ഷി.മറ്റു ചിലര്‍ പറയുന്നതു ഗോദാവരീ തീരത്തുള്ള പഞ്ചവടിക്കടുത്തെവിടെയെങ്കിലും ആയിരിക്കുമെന്നാണ്. അങ്ങനെയെങ്കില്‍ അതിപ്പോള്‍ മഹാരാഷ്ട്രയിലാണ്. 

ഈ സ്ഥലമൊന്നും കേരളത്തിലല്ല. മംഗലം എന്ന പേരിനു ബുദ്ധമതത്തോടും ജൈനമതത്തോടുമാണ് ചാര്‍ച്ച. ഹൈന്ദവതയോടല്ല. പാറകളില്‍ പിളര്‍പ്പുകളും അടയാളങ്ങളുമൊക്കെ കാണുക സ്വാഭാവികം.അതൊക്കെ രാമപാദങ്ങളും ജടായുവിന്റെ കൊക്കടയാളവുമാണെങ്കില്‍ ജടായു വീഴാത്ത പാറക്കെട്ടുണ്ടാവില്ല. ഐതിഹ്യം ആസ്വദിക്കുകയേ ആകാവൂ. ചരിത്രമല്ലല്ലോ.

ഹരി കട്ടേല്‍.പുസ്തകത്തിലെ  നിഗമനങ്ങളില്‍ എത്തുന്നത്, സംഘകാല സാഹിത്യകൃതികളടക്കം പരിശോധിച്ചിട്ടാണ്. പഴമക്കാരുമായി നേരിട്ടുള്ള അന്വേഷണവും ജനകീയാസൂത്രണ കാലത്ത് ചടയമംഗലം പഞ്ചായത്ത് പുറത്തിറക്കിയ ചരിത്രരേഖയും അദ്ദേഹത്തെ സഹായിക്കുന്നുണ്ട്.

അറുപത്തഞ്ച് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് ചടയമംഗലത്തെ പാറ.അതില്‍ ഇരുനൂറ് അടി നീളത്തിലും നൂറ്റിയന്‍പത് അടി വീതിയിലും എഴുപത്തഞ്ചടി ഉയരത്തിലുമാണ് അത്യാകര്‍ഷകമായ ഈ പക്ഷിശില്‍പ്പം നിര്‍മ്മിച്ചിട്ടുള്ളത്. ഇപ്പോഴുള്ള സിമന്‍റിന്‍റെ അപ്രിയത, കാലക്രമേണ പ്രകൃതി പെയിന്‍റടിച്ച് പാറയ്ക്കനുയോജ്യമാക്കുമെന്ന് കരുതാം.

തൊട്ടടുത്തു തന്നെ  ഒരു ശ്രീരാമ ക്ഷേത്രവും ഉണ്ട്. ഇവിടെയുള്ള ശ്രീരാമ പ്രതിമ 1971ല്‍ സ്ഥാപിച്ചതാണെന്നു ഹരി കട്ടേല്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സിമന്റ് പ്രതിമയായിരുന്നു അത്. ഞാനടക്കമുള്ള പലരും അടുത്തുനിന്നതു കണ്ടിട്ടുണ്ട്.  വിനോദസഞ്ചാരികള്‍ കണ്ണെത്താക്കാലത്തോളം പക്ഷിശില്‍പ്പം കാണാന്‍ എത്തുമെന്നുള്ളതിനാല്‍ ഈ ശ്രീരാമ ക്ഷേത്രത്തിന് നല്ല വരുമാനം ഉണ്ടാകാനുള്ള സാധ്യതയും തെളിഞ്ഞു. ചടയമംഗലം ജംഗ്ഷനിലുള്ള ഗാന്ധിപ്രതിമയുമായി ഒരു തരതമ്യം നടത്തിയാല്‍ സമൂഹത്തിലെ ധനിക ദരിദ്ര വ്യത്യാസവും മനസ്സിലാക്കാം.

റവന്യൂ ഭൂമിയിലുള്ള  ജടായുപ്പാറയിലെ വിനോദസഞ്ചാരകേന്ദ്രം 
രാജീവ് അഞ്ചലിന് ബി ഓ.ടി വ്യവസ്ഥയിലാണ് നല്‍കിയിട്ടുള്ളത്. മുപ്പതു വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹം ആ വസ്തുവകകളെല്ലാം സര്‍ക്കാരിന് മടക്കിക്കൊടുക്കണം. ശ്രീരാമ ക്ഷേത്രമുണ്ടാക്കിയ സ്ഥലമോ? 

ജടായു വെട്ടേറ്റു വീണ പ്രസിദ്ധമായ കെട്ടുകഥ കൂടാതെ മറ്റൊരു കഥ കൂടി ആ പ്രദേശത്തുണ്ട്. ഹരി കട്ടേല്‍ അതും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. പറയ സമൂഹത്തില്‍ പെട്ട ഒരു ചടയന്‍, പാറയില്‍ ചാരിയിരുന്നു മരിച്ചെന്നും ആ പാറ ചടയപ്പാറ എന്നു വിളിക്കപ്പെട്ടുവെന്നുമാണ് ആ കഥ. പാക്കനാരുടെ മക്കള്‍ ഐതിഹ്യത്തില്‍ നിന്നൊക്കെ എന്നേ ഔട്ടായിപ്പോയി!

മലയാളത്തിന്റെ പ്രിയകവി ഓ.എന്‍.വിയുടെ ജടായുസ്മൃതിയും ശില്‍പ്പം രൂപകല്‍പ്പന ചെയ്ത കലാകാരന്റെയും ബന്ധുക്കളുടെയും പ്രധാന  സഹായികളുടെയും വിവരങ്ങളും   ഭാവി തലമുറ അവിടെ വായിക്കും.. എന്നാല്‍ ഈ സന്തോഷങ്ങളോടൊപ്പം  പാറയുടെ ചരിത്രം  അവര്‍  വായിക്കില്ല. ഹരി കട്ടേലിന്റെ ചരിത്രഗവേഷണ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ആ ചരിത്രവും ചുരുക്കിയെഴുതി വച്ചെങ്കിലേ പൂര്‍ണ്ണത ലഭിക്കുകയുള്ളൂ.

ചടയപ്പാറയുമായി ബന്ധപ്പെട്ടു നിരവധി അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ട്. അതിലൊന്ന് ഇല്ലാതാക്കിയ കഥ രാജീവ് അഞ്ചല്‍ തന്നെ ഒരിക്കല്‍ സഫാരി ചാനലിലൂടെ പറഞ്ഞത് ഓര്‍ക്കുന്നു. പാറയുടെ മുകളില്‍ രാത്രികഴിക്കാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചു. രാജീവ് തന്നെ അവരോടൊപ്പം രാത്രിയിലവിടെ കിടന്നുറങ്ങുകയും രാവിലെ ഉന്മേഷവാനായി ഉണരുകയും ചെയ്തു. അവിടെ രാത്രി കിടന്നാല്‍ ഏതോ അദൃശ്യശക്തിവന്ന് തൂക്കിയെടുത്തെറിയുമെന്ന അന്ധവിശ്വാസമാണ് അതോടെ ഇല്ലാതായത്. ഇപ്പോഴവിടെ ഇരുപത്തിനാല് മണിക്കൂറും മനുഷ്യരുണ്ട്.

കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ ചരിത്രമാണ് ഹരി കട്ടേല്‍ പുസ്തകരൂപത്തിലാക്കിയിട്ടുള്ളത്.സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചിട്ടുള്ള ഈ വിലപ്പെട്ട ഗ്രന്ഥത്തില്‍  നാല്‍പ്പത്തഞ്ചിലധികം സ്ഥലചരിത്രങ്ങളാണുള്ളത്.
ജ്ഞാനഭാഷ മലയാളത്തിലാക്കുന്നതിനെ കുറിച്ചു ഓര്‍ത്തു വിയര്‍ക്കുന്നവര്‍ ഈ പുസ്തകം ശ്രദ്ധിയ്ക്കണം. ചരിതരചനയ്ക്ക് ആവശ്യമായ നിരവധി സാങ്കേതിക പദങ്ങള്‍ ഹരി ഈ പുസ്തകത്തില്‍ അനായാസം ഉപയോഗിച്ചിട്ടുണ്ട്.

മടിയന്‍ മല ചുമക്കുമെന്ന ചൊല്ല് ചരിത്രത്തെ സംബന്ധിച്ചു ശരിയാണ്. മടിയന്‍ വര്‍ത്തമാനകാലവും ക്ലേശിച്ചു മല ചുമക്കുന്നത് ഭാവികാലവും ആയിരിയ്ക്കും. വര്‍ത്തമാനകാലത്ത് നമ്മള്‍ രേഖപ്പെടുത്താത്തതോ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതോ ആയ കാര്യങ്ങള്‍ കണ്ടെത്താനും  നേരെയാക്കാനും  ഭാവിയിലെ ചരിത്രകാരന് വളരെ ക്ലേശിക്കേണ്ടി വരും.

1 comment:

  1. ഹരി കട്ടേലിന്റെ ചരിത്രഗവേഷണ ഗ്രന്ഥത്തിനെ നന്നായി പരിചയപ്പെടുത്തിയിരിക്കുന്നു ...

    ReplyDelete