Tuesday, 21 December 2021

മത തീവ്രവാദ രാഷ്ട്രീയത്തിന്‍റെ ഇരകള്‍


ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരിക്കയാണ്. മത തീവ്രവാദ രാഷ്ട്രീയത്തിന്‍റെ ഇരകളെന്നോ വിതച്ച വിഷവിത്തിന്‍റെ വിളവെടൂപ്പെന്നോ പറഞ്ഞ് ആരും ആ അരും കൊലകളെ അവഗണിക്കുന്നില്ല. ദു:ഖിക്കുകയാണ്. നഷ്ടപ്പെട്ടത് രണ്ടു കേരളമക്കളെയാണ്.അവര്‍ പ്രതിനിധീകരിച്ച രാഷ്ട്രീയധാരകളുടെ പ്രകോപനങ്ങളെ അവഗണിച്ചുകൊണ്ടു തന്നെ ദു:ഖിക്കുകയാണ്. ദു:ഖത്തിന്റെ മുള്‍ത്തകിടിയില്‍ നിന്നുകൊണ്ട് ആ ഹീനകൃത്യങ്ങളിലെ ആപല്‍ സൂചനകള്‍ തിരിച്ചറിയുകയാണ്.

കൊലയും പകയും പകരക്കൊലയും ഇനിയും അരങ്ങേറാനുള്ള സാധ്യതകളെ കേരളം അതീവഗൌരവത്തോടെ കാണേണ്ടതുണ്ട്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പകരം വിനാശകരമായ അറ്റോമിക് എനര്‍ജി അടങ്ങുന്ന മത തീവ്രവാദത്തെ കൂട്ടുപിടിക്കുന്നത് തന്നെയാണ് പ്രശ്നം.

മതതീവ്രവാദം മുളച്ചു വരുന്നത് മത മൌലികവാദത്തില്‍ നിന്നാണ്.കേവല മതവിശ്വാസമല്ല മത മൌലികവാദം.അത് അവനവന്റെ മതം മാത്രം ശരിയെന്ന വാദമാണ്.ഒരേ രക്തഗ്രൂപ്പില്‍ പെട്ടവര്‍ എല്ലാ മതങ്ങളിലും ഉണ്ട് എന്ന തിരിച്ചറിവിനപ്പുറം നമ്മുടെ രക്തം മാത്രം ശുദ്ധം എന്നു കരുതുന്നിടത്ത് മൌലികവാദം പുഷ്പിക്കുന്നു. യഥാര്‍ത്ഥ രക്തം ആവശ്യമായി വരുന്ന ആശുപത്രിക്കിടക്കയില്‍ ഈ ആര്യ അനാര്യശുദ്ധരക്തവാദമൊന്നും പരിഗണിക്കപ്പെടുകയില്ലെന്നത് വേറെ കാര്യം.

മതവുമായി രാഷ്ട്രീയത്തെ ബന്ധിപ്പിച്ചാല്‍ അതിവേഗം അധികാരത്തിന്റെ അപ്പശാലയില്‍ എത്താമെന്ന കുത്സിത കണ്ടുപിടുത്തമാണ് ഇത്തരം രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഉത്ഭവകാരണം. അവര്‍  ആയുധം താഴെ വയ്ക്കുകയും സമാധാനത്തിന്‍റെ സ്നേഹപ്രതലത്തിലേക്ക് വരികയും ചെയ്യണം.

ഏതെങ്കിലും ഒരു മതത്തെ ഊതിവീര്‍പ്പിക്കുകയും മറ്റ് മതങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന പ്രസംഗങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രോത്സാഹിപ്പിക്കരുത്. മതാഭിമാനത്തില്‍ ഊന്നിയുള്ള ആയുധപരിശീലനവും പഠന പരിപാടികളും  നിര്‍ബ്ബന്ധമായും ഒഴിവാക്കണം.

മതത്തെക്കുറിച്ചും അതിന്‍റെ സാന്നിധ്യം ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ഒരു ചിന്ത ഉണ്ടാകുന്നത് നല്ലതാണ്.മനുഷ്യനെ വിഭാഗീകരിച്ച് അപമാനിക്കുകയല്ലാതെ ഒരു ഗുണവും മതം മനുഷ്യരാശിക്ക് നല്‍കുന്നില്ല. പൌരോഹിത്യത്തിന്റെ ജീവനോപാധിയായി മാറുകമാത്രമേ മതം ചെയ്യുന്നുള്ളൂ. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യസമൂഹത്തെ ഇരുട്ടിലാഴ്ത്തിയിട്ടുള്ളതും ശാസ്ത്രത്തിന്‍റെ പ്രകാശനാളങ്ങളെ ഊതിക്കെടുത്താന്‍ ശ്രമിച്ചിട്ടുള്ളതും മതമാണ്.
ഇത് മനസ്സിലാക്കുവാന്‍ ഗലീലിയോയുടെ കാലം വരെയൊന്നും പോകേണ്ടതില്ല.കോവിഡ് പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കാത്തവരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികള്‍ ആണെന്നതു ശ്രദ്ധിച്ചാല്‍ മാത്രം മതി.

ഭൂരിപക്ഷ മതത്തിന്റെ കയ്യിലും ന്യൂനപക്ഷ മതത്തിന്റെ കയ്യിലും ആയുധം കിട്ടിയാല്‍ അവര്‍ ഹലാല്‍ മനുഷ്യമാംസം വില്‍പ്പനയ്ക്ക് വയ്ക്കുമെന്ന കാര്യം ഉറപ്പാണ്. ഭൂരിപക്ഷമതത്തിന്റെ കയ്യിലാണ് ആയുധമെങ്കില്‍ മനുഷ്യമാംസ ഭോജനശാലകളുടെ പെരുങ്കളിയാട്ടമായിരിക്കും ഉണ്ടാവുക.ജര്‍മ്മനിയും അഫ്ഗാനിസ്ഥാനും ആയുധവും അധികാരവുമണിഞ്ഞ ഭൂരിപക്ഷ മത തീവ്രവാദത്തിന്‍റെ രക്തം പുരണ്ട ഉദാഹരണങ്ങളാണല്ലോ. 

ഇനി,സാമുദായിക ചിത്രം തന്നെ പരിശോധിച്ചാലോ? പിന്നാക്ക സമുദായക്കാര്‍ക്കെതിരെ അവരെ തന്നെ അണിനിരത്തുവാന്‍ മത തീവ്രവാദപ്പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. പിന്നാക്ക വിഭാഗത്തിന്‍റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം കൊലപാതകത്തിലൂടെയല്ലല്ലോ സാക്ഷാത്ക്കരിക്കേണ്ടത്.

മതം ലേബലായി കൊണ്ടുനടക്കുന്നതും അവിടെ തീരെ ഇല്ലാത്തതുമായ സ്നേഹമെന്ന ഉല്‍കൃഷ്ട വികാരമാണ് മനുഷ്യനാവശ്യം.അവിടെ പിഞ്ചുകുട്ടികള്‍ അടക്കമുള്ള കുടുംബങ്ങളെ അനാഥമാക്കുന്ന മതതീവ്രവാദ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവുകയില്ല. പ്രണയം തളിര്‍ക്കുന്നത് മതാതീതമായ താഴ്വരകളിലാണ്. അവിടെയാണ് സ്നേഹത്തിന്‍റെ നീലത്തടാകമുള്ളത്.

സ്പര്‍ദ്ധ ആളിക്കത്തിക്കാന്‍ സെക്കുലര്‍ പ്രസംഗങ്ങള്‍ക്ക് സാധിക്കുകയില്ല. ഏതെങ്കിലും ഒരു മതത്തെ മഹത്വവല്‍ക്കരിച്ചുകൊണ്ട് നടത്തുന്ന വാക് ധോരണികള്‍ക്ക് അത് സാധിക്കുകതന്നെ ചെയ്യും.കാസര്‍കോട്ടെ പിഞ്ചുബാലന്‍റെ കൊലയാളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത മതതീവ്രവാദ പ്രസംഗങ്ങളുടെ ശബ്ദകങ്ങള്‍ അതാണല്ലോ തെളിയിച്ചത്. വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള ആവേശപ്രകടനങ്ങളും അപകടകരമാണ്.

മതമല്ല, ജീവിതമാണ് പ്രധാനമെന്ന തിരിച്ചറിവിലേക്ക് നമ്മള്‍ എത്തേണ്ടിയിരിക്കുന്നു.

കേരളം മലയാളിയുടെ മാതൃഭൂമിയാണ്. നവോഥാനനായകന്‍മാര്‍ ഉഴുതുമറിച്ചതിനാല്‍ ഭ്രാന്താലയമെന്ന ബഹുമതിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടവരാണ് നമ്മള്‍.തിരിച്ചു പോക്കിനൊരുങ്ങരുത്.
പ്രാകൃതകാലത്തേക്ക് കേരളീയരെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് മതതീവ്രവാദികളും അവരുടെ രാഷ്ട്രീയ സംഹിതകളും നടത്തുന്നത്. സ്നേഹരാഹിത്യത്തിന്‍റെ അടയാളമായ നരബലികള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

No comments:

Post a Comment