കുട്ടികളെ തോളിലേറ്റി മനുഷ്യസ്നേഹയാത്ര.
------------------------------ ------------------------------ -------------
കുട്ടികളുടെ മനസ്സ് സ്നേഹത്തിന്‍റെ കരിക്കിന്‍വെള്ളം നിറയ്ക്കാനുള്ള പളുങ്കുപാത്രമാണ്. അവിടെ ജാതിമതങ്ങളുടെയും മറ്റു മൂഢധാരണകളുടെയും കാരമുള്ളുകള്‍ നിറയ്ക്കരുത്.
മനുഷ്യസ്നേഹികളായ തൊഴിലാളികളുടെ ഉജ്വലസമരങ്ങള്‍ക്ക് വേദിയായതിലൂടെ കേരളചരിത്രത്തില്‍ ഇടംനേടിയ തൃശൂരിലെ അന്തിക്കാട്ടാണ് മാതാപിതാക്കള്‍ പിഞ്ചുമക്കളെ തോളിലേറ്റി പ്രകടനം നടത്തിയത്. പരിസ്ഥിതി ദിനത്തിലായിരുന്നു ഈ മാനവസ്നേഹയാത്ര. കുഞ്ഞുങ്ങളെ മതതീവ്രവാദികള്‍ ആശയപരമായി ദുരുപയോഗം ചെയ്യുന്ന കാലമായതിനാല്‍ ബാലവേദിയുടെ ഈ സവിശേഷയാത്ര സംസ്ഥാനവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. മാതൃഭൂമി ദിനപത്രം കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ഫോട്ടോസഹിതം ഈ യാത്ര സ്റ്റേറ്റ് പേജില്‍ പ്രസിദ്ധീകരിച്ചു. മുന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറും സഖാക്കള്‍ കെ.പി.ദേവദത്തയും ഷീലാ വിജയകുമാറും കുഞ്ഞുങ്ങളെ പൂക്കളും ഫലവൃക്ഷത്തൈകളും നല്കി അഭിവാദ്യം ചെയ്തു.
കുഞ്ഞിലേ തന്നെ ജാതിമത അന്ധവിശ്വാസങ്ങളുടെ വിത്തുകള്‍ വിഷവൃക്ഷങ്ങളായി വളരുമെന്നോര്‍ക്കാതെ ബാലമനസ്സുകളില്‍ ചെലുത്തുന്നത് പുണ്യം തരുന്ന പ്രവര്‍ത്തിയാണെന്ന് പല രക്ഷകര്‍ത്താക്കളും ധരിച്ചിട്ടുണ്ട്.കുട്ടികളില്‍ ജാതിയും മതവും അശാസ്ത്രീയതയുമൊന്നും അടിച്ചേല്‍പ്പിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കില്ല.
കുട്ടികളുടെ ചിന്തകളില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വസന്തശോഭയോടെ നിലനില്‍ക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ മാത്രമേ സ്നേഹചാരുതയുള്ള ഒരു സമൂഹം രൂപപ്പെട്ടുവരികയുള്ളൂ.
മതവിരോധം വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ കുഞ്ഞുങ്ങളെക്കൊണ്ട് വിളിപ്പിക്കുന്നതിനു പകരം സ്നേഹത്തിന്‍റെ അടയാളവാക്യങ്ങള്‍ പലതും മുഴക്കാനുണ്ടല്ലോ.
അതില്‍ പ്രധാനപ്പെട്ടത് ഞങ്ങളിലില്ലാ ഹൈന്ദവ രക്തം,ഞങ്ങളിലില്ലാ ക്രൈസ്തവരക്തം, ഞങ്ങളിലില്ലാ ഇസ്ലാം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം എന്ന മതാതീതമനുഷ്യഗീതമാണ്. മൌലാന ഹസ്രത് മൊഹാനിയുടെ ഇങ്കിലാബ് സിന്ദാബാദ് പോലെ ഈ വരികളും ഇന്ന് കേരളത്തില്‍ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഈ മുദ്രക്കവിത നെഞ്ചില്‍ കൈവച്ച് ചൊല്ലാന്‍ ലേശം ധൈര്യവും പ്രണയബോധവും ആവശ്യമാണ്.
1968 ലെ മിശ്രവിവാഹ സംഘത്തിന്‍റെ സമ്മേളനത്തിനായി
വി.കെ പവിത്രന്‍ എഴുതിയതാണ് ആ ഇരുപതുവരിക്കവിത.
ഇരുശരീരങ്ങളിലെ ചോര ഒന്നായിത്തീരണമെന്നും സിരയും സിരയും തമ്മില്‍ ഇണങ്ങണമെന്നും മനുഷ്യത്വം തുടിക്കുന്നത് നാഡിമിടിപ്പിലൂടെ അറിയണമെന്നും ജാതിമതങ്ങളെന്നപോലെ സ്വന്തം ഭാഷമാത്രമാണ് മികച്ചതെന്നും മറ്റുഭാഷകള്‍ മോശമാണെന്നുമുള്ള ധാരണയും മാറണമെന്നും ഈ കവിതയില്‍ പവിത്രകവി പറയുന്നുണ്ട്.
മതരക്തത്തെ തള്ളിക്കളയുകയും മനുഷ്യരക്തത്തെ അഭിവാദ്യം ചെയ്യുകയുമാണ് കവിതയില്‍. ഈ ഒരു സമീപനം ഇന്ന് ഇന്ത്യയില്‍ അത്യാവശ്യമാണ്. ഇസ്ലാം മതസ്ഥാപകനെ ആക്ഷേപിച്ചതിന് ഇന്ത്യയിലെ സ്ഥാനപതികളെ വിളിച്ചുവരുത്തി അറേബ്യന്‍ രാജ്യങ്ങള്‍ അപ്രിയം അറിയിച്ചിരിക്കയാണ്. ഹിന്ദുമത വിദ്വേഷ മുദ്രാവാക്യം എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞിനെക്കൊണ്ട് വിളിപ്പിച്ചതിന് കോടതി നടപടികളും ഉണ്ടായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അന്യമതസ്ഥരുടെ വിശ്വാസത്തെ ആക്ഷേപിക്കുന്നതിന്‍റെ അപകടം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
അവിശ്വാസികള്‍ അന്യമതസ്ഥരുടെ വിശ്വാസത്തെ ആക്ഷേപിക്കുകയല്ല, അപഗ്രഥനം ചെയ്യുകയാണ് പതിവ്. പ്രപഞ്ചോല്‍പ്പത്തിയെയും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആവിര്‍ഭാവത്തെയും സംബന്ധിച്ച് മതങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വിചിത്രഭാവനകളെ ഉപേക്ഷിക്കുകയും ആ സ്ഥാനത്ത് ശാസ്ത്രത്തെ കുടിയിരുത്തുകയുമാണ് ചെയ്യുന്നത്.
കുഞ്ചന്‍ നമ്പ്യാര്‍, ചങ്ങമ്പുഴ, വയലാര്‍, ഓ വി വിജയന്‍, വി.കെ.എന്‍ തുടങ്ങിയ മലയാളസാഹിത്യത്തിലെ മഹദ് വ്യക്തികള്‍ മതാപഗ്രഥനത്തിന് നര്‍മ്മത്തിന്‍റെ വഴി സ്വീകരിച്ചിട്ടുണ്ട്. അവയൊക്കെ മലയാളികള്‍ നെഞ്ചേറ്റിയിട്ടുമുണ്ട്. മതവിദ്വേഷത്തില്‍ നിന്നും മനുഷ്യസ്നേഹത്തിലേക്കുള്ള വഴിയാണ് അവര്‍ കാട്ടിയത്. വി.കെ.പവിത്രന്റെ കവിതയില്‍ നര്‍മ്മലായനി ഉപയോഗിക്കാതെതന്നെ മനുഷ്യസ്നേഹത്തിന്‍റെ പവിത്രത പ്രകാശിപ്പിക്കുന്നു.
മതബോധമാണ് മനുഷ്യസമൂഹത്തിന്റെ അടിത്തറയെങ്കില്‍ അവിടെ മതതീവ്രവാദത്തിന് കരമടച്ച രസീതുള്ള ഒരു തുണ്ടു ഭൂമിയെങ്കിലും ഉണ്ടായിരിക്കും. ദിവസങ്ങള്‍ക്കു മുന്‍പ് സുവര്‍ണ്ണക്ഷേത്രത്തില്‍ മുഴങ്ങിയ ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും ഭിന്ദ്രന്‍ വാലയ്ക്കുള്ള അഭിവാദ്യവും അതാണ് തെളിയിക്കുന്നത്.
കുട്ടികളെ തോളിലേറ്റി മതാതീതമനുഷ്യസ്നേഹത്തിന്‍റെ മുദ്രാഗീതങ്ങള്‍ ആലപിച്ചു നടത്തിയ സ്നേഹയാത്ര കേരളത്തിന് മാതൃകയാണ്. അതിനായി അന്താരാഷ്ട്ര പരിസ്ഥിതിദിനം തെരഞ്ഞെടുത്തതും ഉചിതമായി. കുഞ്ഞുങ്ങളുടെ റാലികള്‍ ഇനി മതവിശേഷ ദിവസങ്ങളില്‍ നിന്ന് കേരളപ്പിറവി ദിനം പോലെയുള്ള വിശിഷ്ടദിവസങ്ങളിലേക്ക് മാറുന്നത് ഉചിതമായിരിക്കും.
No comments:
Post a Comment