Monday 16 January 2023

സാറാ അബൂബേക്കറും ഡോ.ആര്‍.ഇ.ആഷറും

 സാറാ അബൂബേക്കറും ഡോ.ആര്‍.ഇ.ആഷറും

---------------------------------------------------------------------------
കേരളത്തിനുണ്ടായ രണ്ടു പ്രധാന നഷ്ടങ്ങളാണ് സാറാ അബൂബേക്കറിന്റെയും പ്രൊഫ.ആര്‍.ഇ.ആഷറിന്റെയും മരണം.
ഒരാള്‍ കേരളത്തില്‍ ജനിച്ച് കന്നഡഭാഷയെ സ്നേഹിച്ചു. ആ അയല്‍മൊഴിയില്‍ മരണമില്ലാത്ത പുസ്തകങ്ങളെഴുതി.സാറാ അബൂബേക്കര്‍.

ആഷറാകട്ടെ യൂറോപ്പില്‍ ജനിച്ച് മലയാളത്തെ സ്നേഹിച്ചു. മലയാളത്തിലെ എണ്ണം പറഞ്ഞ കൃതികള്‍ ഇംഗ്ലീഷിലാക്കി.മലയാളം ഡോ.റൊണാള്‍ഡ് ഇ.ആഷറെന്ന സാഹിത്യാസ്വാദകനെ ഏറെ ബഹുമാനിച്ചു. മലയാളത്തോട് കാട്ടിയ അസാധാരണമായ സ്നേഹത്തിന് പ്രതിഫലമായി കേരള സാഹിത്യ അക്കാദമി സ്വര്‍ണ്ണമെഡല്‍ നല്കി ബഹുമാനിച്ചു.

വിവാഹാനന്തരമാണ് സാറാ കന്നഡ ഭാഷയില്‍ അന്വേഷണങ്ങള്‍ നടത്തിയത്. ഹിന്ദു വര്‍ഗീയവാദികളുടെ വെടിയേറ്റുമരിച്ച ഗൌരി ലങ്കേഷിന്റെ പിതാവ് പി.ലങ്കേഷ് നടത്തിയിരുന്ന  ലങ്കേഷ് പത്രികയിലാണ് ചന്ദ്രഗിരിയ തീരദള്ളിയെന്ന പ്രസിദ്ധ നോവല്‍ അച്ചടിച്ചു വന്നത്. മതാതീത സംസ്ക്കാരത്തെയും മനുഷ്യത്വത്തെയും വാരിപ്പുണര്‍ന്ന പ്രസിദ്ധീകരണമായിരുന്നു അത്.. ചന്ദ്രഗിരിയുടെ തീരമെന്ന സാറയുടെ കഥയും മനുഷ്യപക്ഷത്തു നിന്നുകൊണ്ടു മതവിചാരണ നടത്തുന്നതായിരുന്നു. മുത്തലാഖിന് ഇരയായി കുടുംബജീവിതം നഷ്ടപ്പെട്ട ഒരു പാവം പെണ്‍കുട്ടി പള്ളിക്കുളത്തില്‍ ചാടിമരിക്കുന്നത് ചിത്രീകരിച്ചതിലൂടെ യാഥാസ്ഥികരുടെ മതബോധത്തെ സാറാ ഞെട്ടിച്ചു. ഈ പുസ്തകം മലയാളപ്പെടുത്തിയത് സി.രാഘവന്‍ ആയിരുന്നു. അദ്ദേഹം സുപ്രധാനമായൊരു മാറ്റം പുസ്തകത്തിലെ പ്രമേയത്തില്‍ വരുത്തി. ആത്മഹത്യ ചന്ദ്രഗിരിപ്പുഴയിലാക്കി. ഇത് പരിഭാഷകന്‍റെ അധൈര്യം മൂലം ഉണ്ടായതാണെന്ന് കാസര്‍കോട്ടെ കവി രവീന്ദ്രന്‍ പാടിയും മറ്റും അഭിപ്രായപ്പെട്ടിരുന്നു.

ചന്ദ്രഗിരിയുടെ തീരത്തെന്ന നോവലിന്‍റെ പിറവിയെ കുറിച്ച് സാറാ അബൂബേക്കര്‍ അനുസ്മരിച്ചിട്ടുണ്ട്. അതിങ്ങനെയാണ് "കഥാപാത്രം സത്യമല്ല.എന്നാല്‍ കഥ സത്യമാണ്.ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് ആ സംഭവം അറിഞ്ഞത്.അവള്‍ക്കെന്‍റെ പ്രായമായിരുന്നു."

തന്നെക്കൂടി സിനിമയ്ക്കു കൊണ്ടുപോകുന്നില്ലെങ്കില്‍ നിങ്ങളും സിനിമയ്ക്കു പോകരുതെന്നു ഭര്‍ത്താവിനോട് ശഠിച്ച സാറ പുരോഗമന നിലപാടുകളുടെ പേരില്‍ പുട്ടൂരില്‍ വച്ച് ആക്രമിക്കപ്പെട്ടു. ഈ സംഭവത്തില്‍ കേസ് കൊടുത്തു വിജയിക്കുകയായിരുന്നു സാറാ അബൂബേക്കര്‍.

പന്ത്രണ്ടു നോവലുകളും കുറെ ചെറുകഥകളും യാത്രാവിവരണവും സാറ എഴുതിയിട്ടുണ്ട്.മാധവിക്കുട്ടിയുടെയും പി.കെ.ബാലകൃഷ്ണന്റെയും ബി.എം.സുഹറയുടെയും കൃതികള്‍ സാറ കന്നഡയിലേക്ക് മൊഴിമാറ്റി. വീട്ടിലിരിക്കേണ്ടി വരുന്ന സ്ത്രീകളുടെ എക്കാലത്തെയും സ്വകാര്യ സുഹൃത്ത് റേഡിയോ ആണല്ലോ. റേഡിയോ പ്രോഗ്രാമുകള്‍ സ്ഥിരമായി കേട്ടിരുന്ന സാറ നിരവധി റേഡിയോ നാടകങ്ങളുമെഴുതി .കര്‍ണ്ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ പുരോഗമനവാദിയായ സാറാ അബൂബേക്കറിന് ലഭിച്ചിട്ടുണ്ട്. കേരളത്തിന്‍റെ അഭിമാനഭാജനമായ ഈ വീരപുത്രി മതഭയം ഇല്ലാതെ മനുഷ്യത്വത്തിന് വേണ്ടി എക്കാലവും വാദിച്ചു.

വിവര്‍ത്തനത്തിനു വഴങ്ങാത്ത മലയാളത്തിന്റെ ഓമനവാക്കുകള്‍ക്കായി പുതിയ വാക്കുകള്‍ പോലും സൃഷ്ടിച്ചാണ് പ്രൊഫ.ആഷര്‍ ബേപ്പൂര്‍ സുല്‍ത്താന്‍റെ കൃതികള്‍ ആംഗലപ്പെടുത്തിയത്. ബഷീറിന്‍റെ വീട്ടില്‍ പലവട്ടം വന്നു താമസിച്ചും കുഴിയാനകളെ നേരില്‍ കണ്ടുമൊക്കെയാണ് ആഷര്‍ ആ കൃതികളിലിറങ്ങിയത്. തണുത്തുറഞ്ഞ ഇംഗ്ലണ്ടില്‍ ജനിച്ചു വളര്‍ന്ന ആഷറിന് ആനയും കുഴിയാനയും അട്ടയും കുളയട്ടയും സുപരിചിതമായിരുന്നില്ല. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പോലെ അപരിചിതവാക്കുകളുടെ അന്വേഷകനായി മാറുകയായിരുന്നു ആഷര്‍. കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ബഷീര്‍ ചെയര്‍ ആരംഭിച്ചപ്പോള്‍ പ്രഥമമേധാവിയായതും ആഷറായിരുന്നു. തകഴിയുടെ തോട്ടിയുടെ മകനും ആഷര്‍ ആംഗലപ്പെടുത്തിയിട്ടുണ്ട്. 

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലും മറ്റും മലയാള സാഹിത്യത്തെ കുറിച്ചെഴുതിയതും ഡോ.ആഷര്‍ ആയിരുന്നു.
സാറാ  അബൂബേക്കറിന്റെയും ഡോ.ആര്‍.ഇ.ആഷറിന്റെയും വേര്‍പാടില്‍ കേരളത്തിനുള്ള ദു:ഖം അഗാധമാണ്.

No comments:

Post a Comment