Sunday 1 January 2023

കേരളകവിതയില്‍ പെണ്‍പടയുടെ മുന്നേറ്റം

 കേരളകവിതയില്‍ പെണ്‍പടയുടെ മുന്നേറ്റം 

-----------------------------------------------------------------------

രണ്ടായിരത്തി ഇരുപത്തിരണ്ടിലെ കേരളകവിത പെണ്ണെഴുത്തിനാല്‍ സമ്പന്നമായിരുന്നു. എഴുത്തമ്മയില്ലാത്ത മലയാള കാവ്യചരിത്രത്തെ പുതിയ എഴുത്തുകാരികള്‍ സ്ഫോടനാത്മകമായ രചനകളിലൂടെ തിരസ്ക്കരിച്ചു. അഭിമാനകരമായ കാവ്യമുന്നേറ്റമാണ് സംഭവിച്ചത്.

ചരിത്രം സ്ത്രീവിരുദ്ധമാണ്. ദളിത് സമൂഹത്തെ അക്ഷരങ്ങളില്‍ നിന്നും അകറ്റി നിറുത്തിയിരുന്നത് പോലെ സ്ത്രീ സമൂഹത്തെയും അകറ്റി നിറുത്തി. അക്ഷരവും കലാപ്രകടനങ്ങളും അവര്‍ക്ക് നിരോധിച്ചു. നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ശേഷവും ഈ നിലപാട് തുടര്‍ന്നു. ഹൃദയത്തിലെ കവിതയെ തുറന്നുവിടാന്‍ ഇപ്പോള്‍ സഹായിച്ചത് നവമാധ്യമങ്ങളാണ്. കവിതയെഴുതിയാല്‍ സ്വന്തം വീട്ടിലെ പുരുഷാധിപത്യം സ്ത്രീരൂപം പോലുമണിഞ്ഞു നിറയൊഴിക്കുമെന്നതിനാല്‍ എഴുത്തുകാരികള്‍ മൊബൈല്‍ ഫോണിന്‍റെ സഹായത്തോടെ ഗറില്ലകളായി.അവരുടെ ചിന്തകളും കിനാവുകളും അക്ഷരവല്‍ക്കരിക്കുകയും ഒറ്റ ക്ലിക്കില്‍ ഭൂഖണ്ഡങ്ങളെ അപ്രസക്തമാക്കി പരസ്യപ്പെടുകയും ചെയ്തു. സരസ്വതീദേവിയല്ല, സോഷ്യല്‍ മീഡിയയാണ് പെണ്ണെഴുത്തിനെ അനുഗ്രഹിച്ചത്.

2022 ജനുവരിയില്‍ ഒറ്റ ദിവസംകൊണ്ട് നാനൂറ്റിയെഴുപത്തിയേഴു പേര്‍ വായിച്ച കവിതയാണ് എസ്.പാര്‍വതിയുടെ പെണ്ണി റങ്ങിപ്പോകുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിലേക്ക് കിലുകിലെ കവിയാനായി  ഇറങ്ങിപ്പോകുന്നതായിരുന്നു കവിതയുടെ പ്രമേയം.

ഫെബ്രുവരിയില്‍ ഒറ്റ ദിവസം കൊണ്ട് നാനൂറ്ററുപതില്‍ പരം പേര്‍ വായിച്ച കവിത ലതാ ഉണ്ണിത്താന്‍റെ ജാരന്റെ ചുംബനം ആയിരുന്നു. തെറ്റാണെന്നറിഞ്ഞു ചെയ്യുന്ന തെറ്റിനെ കിതപ്പോടെ ചുംബിച്ചു കൂമ്പിപ്പോയ കണ്ണുകള്‍ ഈ കവിതയില്‍ രതിസ്വാതന്ത്ര്യത്തിന്റെ പതാക പാറിപ്പിക്കുന്നു.  

മാര്‍ച്ചില്‍ മുന്നൂറ്ററുപത്തഞ്ചിലധികം വായനക്കാര്‍ ചേര്‍ത്തുപിടിച്ചകവിത ചിത്രകാരി കൂടിയായ ശ്രീദേവി മധുവിന്റെ തുന്നല്‍ക്കാരിയായിരുന്നു. നിറനൂലുകള്‍ സൂചിയില്‍ കൊരുത്ത് പീതനിറമാര്‍ന്ന പകലില്‍ നൃത്തം വയ്ക്കുന്ന സ്ത്രീയാണ് കവിതയുടെ കേന്ദ്രം.

ഏപ്രിലില്‍ മുന്നൂറ്റെണ്‍പതില്‍ പരം വായനക്കാര്‍ ഒറ്റ ദിവസം  കൊണ്ടു സ്വീകരിച്ച കവിത സി.സി.പൂര്‍ണ്ണിമയുടെ കണിവെള്ളരിയാണ്. കണിവെള്ളരി പോലുള്ള രണ്ടമ്മിഞ്ഞ റൌക്കയില്‍ നിന്നും പുറത്തേക്ക് ചാടിച്ച് മീന്‍ വെട്ടാന്‍ കുന്തിച്ചിരുന്ന അമ്മമ്മയെ ഈ കവിത അടയാളപ്പെടുത്തി.

മേയില്‍ ഒറ്റ ദിവസം കൊണ്ട് നാനൂറ്റിമുപ്പതിലധികം വായനക്കാരെ സ്വാധീനിച്ചത് ചിത്രകാരി കൂടിയായ പ്രസന്ന പാര്‍വതിയുടെ മേഘമെന്ന ചെറുകവിതയാണ്. സ്വന്തം സംഭരണിയിലേക്ക് വെള്ളം വീഴ്ത്താനായി അയലത്തുകാരന്റെ വീടിന് മുകളിലെ ആകാശം വാങ്ങി മേഘം നട്ടു വളര്‍ത്തുന്നതായിരുന്നു കവിതയുടെ പ്രമേയം.

ജൂണില്‍ എണ്ണൂറ്ററുപതില്‍ പരം വായനക്കാരെ ആകര്‍ഷിച്ച കവിതയാണ് റുബീന മന്‍സൂറിന്‍റെ മൂത്തമകള്‍. താഴെയുള്ളവര്‍ പിറക്കുന്നതോടെ അനാഥയായിപ്പോകുന്ന മൂത്തമകളെയാണ് റുബീന കാവ്യവല്‍ക്കരിച്ചത്. പ്രധാനപ്പെട്ട ഒരു മനശാസ്ത്ര വിഷയമായിരുന്നു അത്.

ജൂലൈയില്‍ ഏറെ വായനക്കാരെ ആകര്‍ഷിച്ചത് നീതു സി.സുബ്രഹ്മണ്യന്‍റെ കറുത്തകുട്ടിയായിരുന്നു.ക്ളാസ്സില്‍ കരഞ്ഞു നില്‍ക്കുന്ന കറുത്തകുട്ടിയുടെ ഹൃദയഭേദകമായ ചിത്രം ആ കവിതയിലുണ്ടായിരുന്നു. ഇരുപത്തിനാല് മണിക്കൂറിനകം അഞ്ഞൂറ്റി ഇരുപതിലേറെ വായനക്കാരാണ് കറുത്ത കുട്ടിയെ ചേര്‍ത്തുപിടിച്ചത്.

ഓഗസ്റ്റില്‍ കെ. അനാമികയുടെ പച്ച ഏറെ ശ്രദ്ധിക്കപ്പെട്ടു.പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി ഉമ്മയെയോര്‍ത്തു കരയുന്ന അക്ഷരചിത്രം ഈ കവിതയെ ശ്രദ്ധേയമാക്കി. നാനൂറിലധികം മലയാളികള്‍ ഓണ്‍ ലൈനില്‍ ഈ കവിത വായിച്ചു.

സെപ്തംബറില്‍ ആതിര മുരളീധരന്റെ മ്യാവൂ എന്ന കവിത തൊള്ളായിരത്തോളം വായനക്കാരെ കൊണ്ട് ലൈക്ക് ബട്ടണ്‍ അമര്‍ത്തിച്ചു. ഭര്‍ത്താവും ഭാര്യയും പൂച്ചയും ചേര്‍ന്ന് സ്ത്രീയുടെ ആത്മാഭിമാനത്തിന്‍റെ ചിത്രം വരയ്ക്കുകയാണ് ഈ കവിതയില്‍.

ഒക്ടോബറില്‍ ജലജ പ്രസാദിന്‍റെ, ടീച്ചറിപ്പോള്‍ കുട്ടികളെക്കാള്‍ ചെറുതാണെന്ന കവിത അറുന്നൂറ്റിരുപത്തഞ്ചിലധികം വായനക്കാരെ ആകര്‍ഷിച്ചു. ഫാത്തിമ അഹല്യയും ഫസല്‍ കൃഷ്ണയും ആ പേരുകളിലൂടെ സൃഷ്ടിക്കുന്ന നിഷ്ക്കളങ്കമായ മാനുഷികബോധം ഈ കവിതയെ ശ്രദ്ധേയമാക്കി.

നവംബറില്‍ പുഷ്പഹരിദാസിന്റെ അന്തിക്കള്ള് നാനൂറ്റി എഴുപത്തിലധികം വായനക്കാരെ ആകര്‍ഷിച്ചു. ഭൂമി ഉരുണ്ടതാണെന്നും കറങ്ങുമെന്നും ജാന്വേടത്തി വിശ്വസിക്കാനിടയായ ജീവിതാനുഭവങ്ങളാണ് ഈ കവിതയെ വ്യത്യസ്ഥമാക്കിയത്.പെണ്ണെഴുത്തിന് കള്ളും പ്രമേയമാകാമെന്ന് ഈ കവിത ഉറപ്പിച്ച് പറഞ്ഞു.

ഡിസംബറില്‍ വി.കെ.ഷാഹിനയുടെ വാക്കെന്ന കവിതയാണ് കൂടുതല്‍ വായനക്കാരുടെ ശ്രദ്ധയിലെത്തിയത്. നാനൂറോളം വായനക്കാര്‍ വാക്ക് ആസ്വാദ്യകരമെന്ന് രേഖപ്പെടുത്തി. മുസ്ലിമിനെ കുറിച്ചു പറഞ്ഞപ്പോള്‍ വായപൊത്തുകയും ഹിന്ദുവിനെ കുറിച്ചു പറഞ്ഞപ്പോള്‍ നാടുകടത്തുകയും  മനുഷ്യനെക്കുറിച്ച് പറഞ്ഞപ്പോള്‍ മൃഗശാലയില്‍ അടയ്ക്കപ്പെടുകയും ചെയ്ത വാക്കാണ് കവിതയിലെ താരം.

ഈ കുറിപ്പില്‍ പറഞ്ഞിട്ടുള്ള എല്ലാ കവിതകളും ഫേസ്ബുക്കിലെ ഇന്ന് വായിച്ച കവിതയെന്ന പംക്തിയിലും അതേ പേരുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലുമുണ്ട്. അതേ പോയവര്‍ഷം കേരളകവിതയില്‍ പെണ്ണെഴുത്തിന്റെ പടയോട്ടമായിരുന്നു. അഭിമാനകരമായ മുന്നേറ്റം.

2022ല്‍ തന്നെയാണ് ഒരു മത സംഘടന ഒറ്റ സ്ത്രീയെ പോലും പ്രവേശിപ്പിക്കാത്ത കവിയരങ്ങ് നടത്തിയത്.  സ്ത്രീ കൂടി ചേര്‍ന്നതാണ് മനുഷ്യസമൂഹമെന്ന തിരിച്ചറിവ് മതങ്ങള്‍ക്ക് എന്നാണുണ്ടാവുക!
- കുരീപ്പുഴശ്രീകുമാര്‍


No comments:

Post a Comment