വിനേഷ് ഫോഗട്ടിനെ ആരാണ് വെയിലത്ത് നിറുത്തിയത്?
------------------------------
പാരീസ് ഒളിമ്പിക്സിന്റെ ആരവം അവസാനിച്ചപ്പോൾ അഭിമാനിയായ ഓരോ ഭാരതീയന്റെയും
ഹൃദയത്തിൽ നിന്നുയർന്ന ചോദ്യമാണിത്. വിനേഷ് ഫോഗട്ടിനെ ആരാണ് റിംഗിന് വെളിയിൽ നിറുത്തിയത്? അഭിമാനികളായ ഭാരതീയരിൽ ഭാരതത്തിന്റെ ഭരണകർത്താക്കളോ ഇന്ത്യൻ ഒളിമ്പിക്സ് സംഘടനയുടെ ഭാരവാഹികളോ ഭാരതീയ ഗുസ്തിസംഘടനയുടെ ഭാരവാഹികളോ
ഓട്ടുമെഡലുകൾ ക്ലാവുപിടിക്കാതിരിക്കാൻ പുളിയും ചാരവുമായി പാരീസ് വിടുന്ന താരങ്ങളോ ഇല്ലായെന്നത് ദുഃഖകരമാണ് .
വേദനയുടെ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട ജീവിതമാണ് ഫോഗട്ടിന്റേത്. പഞ്ചാബ്, ഹരിയാന പ്രദേശത്തുള്ളവർക്ക് മൽപ്പിടുത്തം ഒഴിച്ചുകൂടാൻ കഴിയാത്ത വിനോദമാണ്.ഒരു പ്രാദേശിക ഗുസ്തിമത്സരത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയത്തിലിറങ്ങിയ ഒരാൾ, ഭാരതത്തിന്റെ പ്രഥമപൗരൻ വരെയായിട്ടുണ്ട്. അടുത്തകാലത്ത് ഇന്ത്യകണ്ട ഏറ്റവും വലിയ സമരമായിരുന്നല്ലോ കർഷക സമരം. അവർ സമരത്തിനിടയ്ക്ക് വിനോദത്തിനായി നടത്തിയിരുന്നത് ഗുസ്തിയാണ്.
ഗാമസിംഗ്, ഷാങ്കിസിങ്, ഇമാംബക്സ് തുടങ്ങിയ എണ്ണം പറഞ്ഞ ഫയൽമാന്മാർ പഞ്ചാബിന്റെ സംഭാവനയാണ്.കൊല്ലത്തുകാരൻ പോളച്ചിറ രാമചന്ദ്രനെ തോൽപ്പിക്കുകയും പിന്നീട് പോളച്ചിറയാൽ തോൽപ്പിക്കപ്പെടുകയും ചെയ്ത ഇമാംബക്സ്, കൊല്ലത്തെ പഴമക്കാരുടെ ഇതിഹാസ കഥാപാത്രമാണ്. ഗുസ്തിക്കാർക്ക് പ്രിയപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ഒരു
ഫയൽവാൻ ഹോട്ടൽ തന്നെ കൊല്ലത്ത് ഉണ്ടായി. അതൊക്കെ ഗുസ്തിയുടെ പുഷ്ക്കരകാലം. ഇന്ത്യൻ ഗുസ്തിയിൽ പഞ്ചാബിന്റെ സംഭാവനകൾ വളരെ വലുതാണെങ്കിലും അവർ വനിതകളെ മല്പിടുത്തതിന് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഫോഹട്ടിനെ പരിശീലിപ്പിച്ചപ്പോൾ ആ കുടുംബത്തിന് നിരവധി ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ഫോഗട്ടിന്റെ ബാല്യകാലത്തുതന്നെ അവരുടെ പിതാവ് വീട്ടിനു മുന്നിൽ വച്ച് വെടിയേറ്റ് മരിച്ചു. ഇത്തരം സാമൂഹ്യപ്രതിബന്ധങ്ങളെ നേരിട്ടാണ് ഫോഗട്ട് ഒന്നാം നിരയിലെത്തിയത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ വച്ച് നടന്ന മത്സരങ്ങളിൽ അവർ രാജ്യത്തിന് വേണ്ടി മെഡലുകൾ വാരിക്കൂട്ടി.
ഇന്ത്യൻ ഗുസ്തിക്കാരികളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അവരിൽ ചിലർ ഭാരതീയ ഗുസ്തിസംഘടനയുടെ ഭാരവാഹികളാൽ അപമാനിക്കപ്പെട്ടപ്പോഴാണ്. ലൈംഗികാതിക്രമം വരെയുണ്ടായി. ഗുസ്തിക്കാരികളാണെങ്കിലും അവർക്ക് ചെറുത്തുനിൽക്കാനൊന്നും സാധിച്ചില്ല. അപമാനിതരായ അവർ സമരത്തിനിറങ്ങുകയായിരുന്നല്ലോ. സാക്ഷി മാലിക്കിന്റെയും മറ്റും നേതൃത്വത്തിൽ ഉണ്ടായ ആ സമരത്തിലെ പ്രധാനകണ്ണിയായിരുന്നല്ലോ ഫോഗട്ട്. ബൂട്ടൂരിവയ്ക്കുകയും മെഡലുകൾ നദിയിലെറിയുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ആ സമരം ഗുസ്തിപ്രേമികൾ അല്ലാത്തവരെപ്പോലും വിഷമിപ്പിച്ചു. കര്ഷകസമരത്തിലെന്ന പോലെ ഈ സമരത്തിനോടൊപ്പവും ആത്മാർത്ഥതയുള്ള ഭാരതീയർ നിലയുറപ്പിച്ചു. പക്ഷെ ഇന്ത്യൻ ഭരണകക്ഷിയുടെ ഓമനയായ ഗുസ്തിസംഘടനാ ഭാരവാഹിയെ ഭരണകൂടം രക്ഷിക്കുകയാണുണ്ടായത്.
എന്തായാലും പ്രതികൂലാവസ്ഥകളെ മറികടന്നു അവർ പാരീസിലെത്തി.പങ്കെടുത്ത മത്സരങ്ങളിൽ നക്ഷത്രശോഭവിടർത്തി. ഒടുവിൽ നൂറുഗ്രാം ഭാരം കൂടി എന്ന കാരണത്താൽ ഫോഗട്ട് റിങ്ങിനു പുറത്തേക്ക് മാറ്റി നിർത്തപ്പെട്ടു. അവസാന ദിവസമെങ്കിലും ഒരു തീരുമാനം ഉണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിച്ചു. വെള്ളിയോ സ്വർണ്ണമോ നേടി ഭാരതത്തിന്റെ മൂവർണ്ണക്കൊടി പാറിക്കുന്ന ഈ സഹോദരിയെ കാണാൻ നമ്മൾ രാത്രിയെ പകലാക്കി കാത്തിരുന്നു. ഒന്നും ഉണ്ടായില്ല. പൂരം കഴിഞ്ഞു. പൊടിയുടെ പൂരവും കഴിയാറായി. അമേരിക്കൻ ദേശീയഗാനം പാടി ലാത്തിരി കത്തിച്ചു.
നമ്മുടെ സംശയങ്ങൾ അവശേഷിക്കുകയാണ്. കായികതാരങ്ങൾക്ക് കൃത്യമായ ഭാരം നിലനിർത്താൻ വേണ്ട ആഹാരം നൽകാൻ പ്രത്യേകം ആളുകളുണ്ട്. ഫോഗട്ട് മത്സരത്തിന്റെ തലേന്ന് രാത്രിയിൽ പോലും കഠിന പരിശീലനത്തിൽ ആയിരുന്നു. ഒളിമ്പിക്സിൽ ക്ഷണിക്കപ്പെട്ടിട്ടില്ലാത്ത ചില കേമന്മാരുടെ സാന്നിധ്യവും അവിടെയുണ്ടായി. ഉത്തേജകമരുന്നുപയോഗിച്ചു എന്ന ആരോപണമൊന്നും ഈ കായികതാരത്തിനു മേൽ ഇല്ല. അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷൻ നൂറു ഗ്രാമിൽ കൂടുതൽ ഭാരം കണ്ടെത്തിയ താരങ്ങൾക്ക് ഇളവ് കൊടുത്തിട്ടുണ്ട്. ഈ ഇന്ത്യക്കാരിക്ക് അത് കിട്ടാഞ്ഞതെന്തുകൊണ്ട്?
ഗുസ്തിതാരങ്ങൾ ഡൽഹിയിൽ നടത്തിയ സമരവും കണ്ണുനീരും കണ്ടവർക്ക് സംശയങ്ങൾ വർധിക്കുകയാണ്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിന് അനുകൂലമായ ഒരു നീക്കം നടത്താഞ്ഞത് എന്തുകൊണ്ട്? എന്തെങ്കിലും ഗൂഡാലോചനകളോ ഇടപെടലുകളോ ഇതിൽ ഉണ്ടായിട്ടുണ്ടോ? സഹതാരത്തിന്റെ വൈഷമ്യത്തിൽ ഒരു മുഖഭാവം കൊണ്ടെങ്കിലും മറ്റു കായികതാരങ്ങൾ പ്രതികരിക്കാഞ്ഞതെന്തുകൊണ്ട്? സ്പോർട്സ് ആർബിട്രേഷൻ കോടതിയുടെ തീരുമാനം വൈകുന്നത് എന്തുകൊണ്ട്? ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട് എന്താണ്? ഒരു ഉത്സാഹമില്ലായ്മ പ്രകടമാകുന്നത് എന്തുകൊണ്ട്?
വിനേഷ് ഫോഹട്ടിന്റെ നിരാശ മനസ്സാക്ഷിയുള്ള മുഴുവൻ ഭാരതീയരുടെയും ദുഃഖമാണ് ഭാരതസർക്കാർ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരുണ്ടെന്നു തെളിഞ്ഞാൽ അവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും വേണം. ഫോഗട്ടും സംഘവും ദില്ലിയിൽ നടത്തിയ സമരത്തോടുള്ള സർക്കാർ സമീപനം ഓർത്താൽ അഭിമാനികളായ ഭാരതീയർക്ക് എന്ത് പ്രതീക്ഷിക്കാനാണ്!
Monday, 2 September 2024
വിനേഷ് ഫോഗട്ടിനെ ആരാണ് വെയിലത്ത് നിറുത്തിയത്?
Subscribe to:
Post Comments (Atom)
No comments:
Post a Comment