Sunday, 17 February 2013

ചെര്‍ഗീസ്



വൈതരണിക്കരയില്‍
വൈകുന്നേരത്തൊരു നാളില്‍
രണ്ടു സഖാക്കള്‍ ആശ്ലേഷിച്ചത് 
കണ്ടതു മിന്നല്‍ പെണ്‍കൊടികള്‍

ചില്ലു തറച്ച ശരീരം തമ്മില്‍ 
കല്ലിനു ജീവന്‍ വച്ചതുപോലെ
പുണരുമ്പോള്‍ 
നരകമരങ്ങള്‍ പൊടുന്നനെ പൂത്തൂ
തിരികളില്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞു
നിലവിളിയുജ്ജ്വല സിംഫണിയായി
ഫണികള്‍മലര്‍ക്കൂമ്പായി

ചുമലില്‍ തട്ടിയൊരാള്‍ പറയുന്നു
തിരുനെല്ലിയിലൊരു പകല്‍ ഞാന്‍ വന്നു
പെരുമനെയോര്‍ത്തു കലങ്ങിയ മിഴികള്‍
നിരവധി കണ്ടു.
കദനാദ്രികളില്‍
സിരയായൊഴുകിയ ചുടു കണ്ണീരിന്‍
കവിതകള്‍ കേട്ടു.
കിനാവും നാവും
പ്രണയിച്ചെഴുതിയ വയലും വെയിലും
ഒരുമിച്ചങ്ങനെ ചോന്നതറിഞ്ഞു.

വിരലില്‍ സ്പര്ശിച്ചപരന്‍ ചൊല്ലി
അരികിലിരുന്നു ബൊളീവിയയില്‍ ഞാന്‍
മലകളിറങ്ങി യിരമ്പി വരുമ്പോള്‍
പണിയരെയനവധി കണ്ടു
കണ്ണില്‍ കൊടിയും തുടിയും
തുരുതുരെയുടയും ഉടലും
തുടലും വെടിയൊച്ചകളും
പടയുമറിഞ്ഞു നിറഞ്ഞു
ജീവിതസമരത്തിന്‍
മഴയാണ്ടു നനഞ്ഞു.

രണ്ടു സഖാക്കളുമപ്രത്യക്ഷം
കണ്ടതു പിന്നൊരു കിരണം മാത്രം.

ഒറ്റ മനസ്സൊരു ദേഹം
ചൊല്ലിയതൊറ്റ മൊഴി
ഒരു സാക്ഷ്യം രക്തം.

4 comments:

  1. എത്ര മനോഹരം.


    കവി ഇതൊന്ന് ചൊല്ലിത്തന്നിരുന്നെങ്കില്‍

    ReplyDelete
  2. ക്ഷമിക്കൂ അജിത്‌. എനിക്ക് ആ സാങ്കേതികവിദ്യ ഇനി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  3. ഇനിയെത്ര ചെര്‍ഗീസുമാര്‍ ഉദിച്ചു മറയാനിരിക്കുന്നു!നന്മയുദിച്ചുമറഞ്ഞാലേ നന്ദികേടിന്റെ ഇരമ്പം കണ്ടറിയാനാകൂ...

    ReplyDelete
  4. ഈ നിരീക്ഷണത്തിനു നന്ദി രമേഷ്‌..

    ReplyDelete